'ദളപതി' വിളികൾ ഇനി മുഴങ്ങില്ല; വെള്ളിത്തിരയിലെ അവസാന കട്ട്

'ജനനായക'നിൽ നിന്ന് ജനഹൃദയങ്ങളിലേക്ക്, വിജയ് എന്ന പോരാളി ക്യാമറയോട് വിടപറയുമ്പോൾ!
'ദളപതി' വിളികൾ ഇനി മുഴങ്ങില്ല; വെള്ളിത്തിരയിലെ അവസാന കട്ട്
Published on

തമിഴ് സിനിമയുടെ അവസാന സൂപ്പർതാരങ്ങളിൽ ഒരാളായ ദളപതി വിജയ്, അഭിനയജീവിതത്തിന് വിടപറഞ്ഞിരിക്കുകയാണ്. ജനനായകൻ എന്ന തന്റെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സ് അവസാനിച്ച് വിജയ് യുടെ സിനിമാ യാത്രയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, തിയേറ്ററുകളിൽ ഉയർന്നത് വെറും കൈയടികളല്ലായിരുന്നു, ഒരു കാലഘട്ടത്തോട് വിടപറയുന്ന ആരാധകരുടെ വിതുമ്പലുകളും കണ്ണീരും കൂടിയായിരുന്നു.

ഒരു തലമുറയുടെ വികാരങ്ങളും ആഘോഷങ്ങളും നിർവചിച്ച നായകന്റെ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത വാക്കുകളിൽ വിവരിക്കാനാവാത്തതാണ്. എന്തുകൊണ്ടാണ് വിജയ്‌യുടെ പടിയിറക്കം ഇത്രയധികം ആളുകളെ വൈകാരികരാക്കിയത്? ഈ അപൂർവ സിനിമാ യാത്രയെയും ആരാധകരുടെ മനസ്സിൽ പതിഞ്ഞ ആ വിടവാങ്ങലിനേയും കുറിച്ചുള്ള വിശകലനം താഴെ വായിക്കാം.

പലർക്കും വിജയ് ഒരു നടൻ മാത്രമായിരുന്നില്ല, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന ഒരു വികാരമായിരുന്നു. സ്കൂൾ വിട്ടെത്തുന്ന കുട്ടികൾ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾ അനുകരിച്ചും, യുവാക്കൾ മാസ് ഡയലോഗുകൾ ആവേശത്തോടെ ഏറ്റുപറഞ്ഞും വളർന്നു. കുടുംബപ്രേക്ഷകർക്ക് അദ്ദേഹം സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ പ്രിയപ്പെട്ടവനായി. അതുകൊണ്ടുതന്നെ വിജയിയുടെ പടിയിറക്കം ഒരു സിനിമാതാരത്തിന്റെ വിരമിക്കൽ മാത്രമായി കാണാൻ കഴിയില്ല. വർഷങ്ങളായി ജീവിതത്തിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് യാത്രപറയുമ്പോൾ ഉണ്ടാകുന്ന ശൂന്യതയാണ് ഇന്ന് നിരവധി ആരാധകർ അനുഭവിക്കുന്നത്. അതുകൊണ്ടാണ് ജനനായകൻ അവസാനിച്ചപ്പോൾ പല തിയേറ്ററുകളിലും കൈയടികൾക്കൊപ്പം കണ്ണീരും നിറഞ്ഞത്.

'ദളപതി' വിളികൾ ഇനി മുഴങ്ങില്ല; വെള്ളിത്തിരയിലെ അവസാന കട്ട്
ബോക്സ് ഓഫീസ് കളക്ഷനല്ല സിനിമയുടെ മാനദണ്ഡം; 'ജനനായകൻ' ചർച്ചകളിൽ നിലപാട് വ്യക്തമാക്കി എച്ച് വിനോദ്

എന്നാൽ ഇന്ന് കാണുന്ന ഈ വലുപ്പം വിജയ് എളുപ്പത്തിൽ നേടിയെടുത്തതല്ല. പരാജയങ്ങളുടെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്ന കാലവും അദ്ദേഹത്തിന്റെ കരിയറിലുണ്ടായിരുന്നു. തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങളും കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും അദ്ദേഹത്തെ വേട്ടയാടി. "വിജയ് എന്ന നടന്റെ കാലം കഴിഞ്ഞു, ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണ്" എന്ന് സിനിമാലോകം തന്നെ വിധിയെഴുതിയ നിമിഷങ്ങൾ പോലും ഉണ്ടായിരുന്നു. എന്നാൽ ഓരോ തവണയും കൂടുതൽ ശക്തമായി തിരിച്ചെത്തി ആ പ്രവചനങ്ങളെയെല്ലാം അദ്ദേഹം തെറ്റിച്ചാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്.

എന്നാൽ ആ വീഴ്ചകളിലാണ് യഥാർഥ പോരാളിയായ വിജയ് ജനിച്ചത്. ഓരോ പരാജയത്തിനും പിന്നാലെ അതിനേക്കാൾ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. ഇൻഡസ്ട്രി ഹിറ്റുകളിലൂടെ വിമർശകരെക്കൊണ്ട് തന്നെ കൈയടിപ്പിച്ചു. പരാജയങ്ങളെ പാഠങ്ങളാക്കി മാറ്റി ഓരോ തവണയും കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഫീനിക്സ് പക്ഷിയായി മാറി വിജയ്. അതേ തോൽവികളും അതിശയിപ്പിക്കുന്ന തിരിച്ചുവരവുകളുമാണ് ഒരു നടനെ ദശലക്ഷക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട 'ദളപതി'യാക്കി മാറ്റിയത്.

'ദളപതി' വിളികൾ ഇനി മുഴങ്ങില്ല; വെള്ളിത്തിരയിലെ അവസാന കട്ട്
പള്ളിച്ചട്ടമ്പിയിലെ 'ബലാത്സംഗ കോമഡി': ഡിജോ ജോസ് ആന്റണിക്ക് സംഭവിച്ചതെന്ത്?

ദളപതി വിജയ്‌യുടെ വിടവാങ്ങലോടെ തെന്നിന്ത്യൻ തിയേറ്ററുകളിലെ ഒരു വലിയ ആഘോഷകാലത്തിനാണ് തിരശ്ശീല വീഴുന്നത്. ഇനി ഒരിക്കലും ആവർത്തിക്കാനാകാത്ത നിരവധി സിനിമാനിമിഷങ്ങളാണ് അദ്ദേഹത്തിനൊപ്പം ഓർമ്മകളായി മാറുകയാണ്. ശ്വാസമടക്കിപ്പിടിപ്പിക്കുന്ന ഇന്റർവെൽ ബ്ലോക്കുകളും, അതിനെത്തുടർന്നുള്ള ആവേശം നിറച്ച ബിജിഎമ്മുകളും, തിയേറ്ററുകളെ വിറപ്പിച്ച എൻട്രി സീനുകളും, മാസ് ഡയലോഗുകളും, ഇനി പഴയ അതേ അനുഭവം സമ്മാനിക്കില്ല. ഒരു നായകന്റെ പടിയിറക്കം മാത്രമല്ല അത്, ഒരു തലമുറ ആഘോഷിച്ച സിനിമാ സംസ്കാരത്തിന്റെ അവസാന അധ്യായം കൂടിയാണ്.

പാലഭിഷേകങ്ങളും കൂറ്റൻ കട്ടൗട്ടുകളും വാദ്യമേളങ്ങളും കൊണ്ട് തിയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കി മാറ്റിയ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആഘോഷങ്ങൾ ഇനി ഓർമ്മകൾ മാത്രം. അതിലുപരി, സ്ക്രീനിൽ 'തളപതി' എന്ന പേര് തെളിയുന്ന നിമിഷം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച കാതടപ്പിക്കുന്ന അലർച്ചകളും വിസിലടികളും ഇനി മുഴങ്ങില്ല എന്ന യാഥാർഥ്യമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആരാധകാഘോഷങ്ങളിൽ ഒന്നിന്റെ അവസാനമാണ് വിജയ്‌യുടെ വിരമിക്കൽ.

ലൈറ്റുകളുടെയും ക്യാമറകളുടെയും ലോകത്തുനിന്നുള്ള വിജയിയുടെ പടിയിറക്കം സിനിമയോടുള്ള മടുപ്പുകൊണ്ടല്ല. തന്റെ പൊതുജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്കുള്ള ബോധപൂർവമായ ഒരു ചുവടുവെപ്പാണ് അത്. വെള്ളിത്തിരയിൽ നേടിയ ജനപ്രീതിയെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള കരുത്താക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സിനിമ എന്ന വേദിയിൽ നിന്ന് രാഷ്ട്രീയത്തിന്റെ യാഥാർഥ്യങ്ങളിലേക്കുള്ള ഈ യാത്രയിൽ, ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും നിറവേറ്റുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇനി വിജയ്‌യെ കാത്തിരിക്കുന്നത്.

വിജയ് എന്ന നടൻ ഇനി ക്യാമറയ്ക്ക് മുന്നിൽ ഇല്ലായിരിക്കാം. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ അദ്ദേഹം പണിതുയർത്തിയ സിംഹാസനത്തിന് ഒരിക്കലും ഇളക്കം സംഭവിക്കില്ല. കാലം എത്ര മുന്നോട്ടുപോയാലും, പുതിയ സൂപ്പർതാരങ്ങൾ എത്ര വന്നാലും, വിജയ് എന്ന പ്രതിഭ സൃഷ്ടിച്ച ആ സ്ഥാനം എന്നും അതുപോലെ നിലനിൽക്കും. പരാജയങ്ങളിൽ ഒരിക്കലും തളരാതെ വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റ പോരാട്ടവീര്യത്തിനും, ഒരു തലമുറയുടെ ബാല്യവും യൗവനവും ഓർമകളും നിറച്ച എണ്ണമറ്റ സിനിമകൾക്കും, തിയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയ അനശ്വര നിമിഷങ്ങൾക്കും ആ വലിയ കലാകാരനോട് ഓരോ സിനിമാപ്രേമിക്കും നന്ദിയുണ്ട്.

'ദളപതി' വിളികൾ ഇനി മുഴങ്ങില്ല; വെള്ളിത്തിരയിലെ അവസാന കട്ട്
'ജനനായകൻ' പാതിവഴിയിൽ; എ സർട്ടിഫിക്കറ്റ് ചിത്രത്തിന് കുട്ടികളുമായി എത്തിയതോടെ ചെന്നൈയിൽ ഷോ റദ്ദാക്കി

വെള്ളിത്തിരയിൽ ദളപതി ഇനി പ്രത്യക്ഷപ്പെടില്ലായിരിക്കാം. എന്നാൽ ഓരോ തവണയും അദ്ദേഹത്തിന്റെ പഴയ സിനിമകൾ വീണ്ടും സ്ക്രീനിൽ കാണുമ്പോൾ, ഒരുകാലത്ത് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച അതേ കൈയടികളും അതേ വിസിലുകളും അതേ ആവേശവും ആരാധകരുടെ ഓർമകളിൽ വീണ്ടും തെളിയും. സ്നേഹത്തോടെ, അഭിമാനത്തോടെ, കണ്ണീരോടെ, ഞങ്ങളുടെ സ്വന്തം ദളപതി വിജയ്‌ക്ക്.

Madism Digital
madismdigital.com