Entertainment News

‘അണലി’ വെബ് സീരീസിന് വിലക്ക്; നിർമാതാക്കളുടെ വാദങ്ങൾ തള്ളി കോടതി

കൂടത്തായി കേസിന്റെ വിചാരണ തീരുന്നത് വരെ സീരീസിന്റെ റിലീസോ സംപ്രേഷണമോ നടത്താൻ പാടില്ലന്ന് കോടതിയുടെ ഉത്തരവ്

Entertainment Desk

കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ജീവിതവുമായി സാമ്യമുള്ള 'അണലി' വെബ് സീരീസിന് വിലക്ക്. കേസിന്റെ വിചാരണ തീരുംവരെയാണ് വെബ് സീരീസിന്റെ റിലീസിനും പ്രചാരണത്തിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സീരീസ് വന്നാൽ കൂടത്തായി കേസിന്റെ വിചാരണയെ ബാധിക്കുമെന്ന മുഖ്യപ്രതി ജോളിയമ്മ ജോസഫ് (ജോളി) നൽകിയ ഹർജിയിലാണ് ഉത്തരവ്. താമരശേരി, കോടഞ്ചേരി സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്നത് വരെ സീരീസ് പുറത്തുവിടരുതെന്ന് കോടതി നിർദേശിച്ചു.

സീരീസ് സംപ്രേഷണം ചെയ്താൽ അത് വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുസമൂഹത്തിൽ തനിക്കെതിരായ വിധി എഴുത്തിന് ഇടയാക്കുമെന്നുമുള്ള ജോളിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സീരീസിൽ നിഖില വിമലും ലിയോണ ലിഷോയ്യിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നേരത്തെ മുൻസിഫ് കോടതി അനുവദിച്ച ഇടക്കാല സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിയോ ഹോട്ട്സ്റ്റാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നായിരുന്നു നിർമാതാക്കളുടെ വാദം. തുടർന്ന് വിഷയം വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതി മുൻസിഫ് കോടതിയോട് നിർദേശിക്കുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി അന്തിമ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മുൻസിഫ് കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.

കേന്ദ്ര കഥാപാത്രത്തിന് വേറെ പേരാണ് നൽകിയിരിക്കുന്നതെങ്കിലും സംഭവവികാസങ്ങളും പശ്ചാത്തലവും തന്റെ ജീവിതവുമായി കൃത്യമായ സാമ്യമുള്ളതാണെന്ന് ജോളി കോടതിയിൽ വാദിച്ചു. കുറ്റം തെളിയുന്നതുവരെ ഏതൊരു വ്യക്തിക്കും നിരപരാധിയാണെന്ന് അവകാശപ്പെടാൻ നിയമപരമായി അവകാശമുണ്ട്. വിചാരണ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് സ്വകാര്യതയെയും അന്തസിനെയും നീതിയുക്തമായ വിചാരണയ്ക്കുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ സീരീസ് തികച്ചും സാങ്കൽപ്പിക സൃഷ്ടിയാണെന്നും ആവശ്യമായ ഡിസ്ക്ലെയിമറുകൾ ഉൾപ്പെടുത്തുമെന്നുമായിരുന്നു നിർമാതാക്കളുടെ നിലപാട്. കൂടത്തായി കേസിന്റെ വിവരങ്ങൾ നേരത്തെ തന്നെ പരസ്യമായിട്ടുള്ളതാണെന്നും ടീസർ ഉടനടി പിൻവലിച്ചതിനാൽ ഹർജിക്കാരി സീരീസ് മുഴുവനായി കണ്ടിട്ടില്ലെന്നും അവർ വാദിച്ചു. ഐടി ചട്ടപ്രകാരമുള്ള അപ്പീൽ സംവിധാനം ഉപയോഗിക്കാതെയാണ് സിവിൽ കോടതിയെ സമീപിച്ചതെന്നും നിർമാതാക്കൾ ആരോപിച്ചു

കേസുമായി ബന്ധപ്പെട്ട വാർത്തകളും പ്രൊമോഷൻ മെറ്റീരിയലുകളും പരിശോധിച്ചതിൽ നിന്ന് കേന്ദ്ര കഥാപാത്രത്തിന് ജോളിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. വിചാരണ തീരുന്നതുവരെ പ്രതിക്ക് നിരപരാധിത്വ അനുമാനത്തിനുള്ള അവകാശണ്ടെന്നും ഈ സമയത്ത് ഇത്തരമൊരു പ്രചരണം നടക്കുന്നത് നികത്താനാകാത്ത നഷ്ടമുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് നിലനിൽക്കുന്ന സമയത്ത് സീരീസിന്റെ റിലീസോ സംപ്രേഷണമോ നടത്താൻ പാടില്ല. കൂടാതെ ടീസർ, ട്രെയിലർ, പോസ്റ്ററുകൾ, മറ്റ് പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ അപ്‌ലോഡ് ചെയ്യാനോ പങ്കുവെക്കാനോ അനുവാദമില്ല. സിവിൽ കേസ് അന്തിമമായി തീർപ്പാക്കുകയോ ക്രിമിനൽ കേസിന്റെ വിചാരണ പൂർത്തിയാകുകയോ ചെയ്യുന്നത് വരെ ഈ സ്റ്റേ ഉത്തരവ് തുടരും.

2002 മുതൽ 2019 വരെയുള്ള കാലയളവിൽ കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് പേർ സമാന സാഹചര്യങ്ങളിൽ മരിച്ച സംഭവമാണ് കേസിന് ആസ്പദം. ഭക്ഷണത്തിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരണങ്ങൾ സംഭവിച്ചതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം വിപുലമാക്കിയത്. 2019 ഒക്ടോബറിൽ അറസ്റ്റിലായ ജോളി നിലവിൽ കോഴിക്കോട് വനിതാ ജയിലിലാണ്.

The Ernakulam Additional Munsiff Court has barred the release and promotion of the web series Anali, reportedly based on the Koodathayi serial murder case, until the related criminal trials are completed. The order came on a petition filed by Jolly Joseph, who argued that the series could prejudice the trial and affect her right to the presumption of innocence.