Entertainment News

'പരസ്പരം കഠിനമായ വേദനയുടെ പാളികൾ നീക്കി, സ്നേഹത്തിന്റെ മൃദുവായ ചർമ്മ പടലത്തിലേക്ക് എത്തിയവരാണ് അവർ' ഇർഫാൻ ഖാന്റെ ഓർമ്മകൾ പങ്കുവെച്ച് മകൻ

അര്‍ബുദരോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നപ്പോഴും ഭാര്യ സുതപ സിക്തറിനെ പരിചരിക്കുന്ന ഇർഫാൻ ഖാന്റെ ചിത്രമാണ് ബാബിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചത്

Entertainment Desk

ചില മനുഷ്യർ ഭൂമിയിൽ നിന്നും മറഞ്ഞാലും അവരുടെ ഓർമ ചിത്രങ്ങളിലൂടെയും അവരുപയോഗിച്ചിരുന്ന വസ്തുക്കളിലൂടെയും ആ സാന്നിധ്യം എന്നും നിലനിൽക്കും. നാം സ്നേഹിക്കുന്നവരെ മറവിയുടെ കുത്തൊഴുക്കിൽ ഉപേക്ഷിച്ചു കളയാൻ സാധിച്ചെന്ന് വരില്ല. അഭിനയകലയിലെ ഇതിഹാസ പ്രകടനത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് അഭിമാന താരകമായി മാറിയ ഇർഫാൻ ഖാൻ വിടപറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും, അദ്ദേഹത്തിന്റെ പഴയ കാല ചിത്രങ്ങളും വീഡിയോകളും മറ്റും മകൻ ബാബിൽ ഖാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ബാബിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇർഫാൻ ഖാനെ സ്നേഹിക്കുന്ന ആരാധകരെ നൊമ്പരപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ ജീവനെടുത്ത അര്‍ബുദരോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നപ്പോഴും ഭാര്യ സുതപ സിക്തറിനെ പരിചരിക്കുന്ന ചിത്രമാണ് ബാബിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

ബാബിലിന്റെ കുറിപ്പ്:

ബാബ കാൻസറിന്റെ ഏറ്റവും അസഹ്യമായ ഘട്ടത്തിൽ വേദനയുമായി പോരാട്ടം തുടരുന്നതിനിടയിൽ, അദ്ദേഹത്തിന്റെ പരിചരണവും ആശുപത്രി കാര്യങ്ങളും മറ്റുമായുള്ള ഓട്ടങ്ങൾക്കിടയിൽ കാലിൽ ആണിരോഗം ബാധിച്ചിരുന്നു. സ്വന്തം വേദന മറന്ന് ബാബയ്ക്കായി ഓടുകയായിരുന്നു അമ്മയുടെ കാലിലെ ആണികൾ തലയിൽ ഒരു ഫോൺ കെട്ടി വെളിച്ചമാക്കി, സൂക്ഷ്മമായി ബാബ നീക്കം ചെയ്യുമായിരുന്നു. ഒരാൾ മറ്റൊരാളുടെ വേദനയെ പകുത്ത് ഏറ്റുവാങ്ങുന്ന ആ നിമിഷങ്ങളിൽ, അവർ പരസ്പരം കഠിനമായ വേദനയുടെ പാളികൾ നീക്കി, സ്നേഹത്തിന്റെ മൃദുവായ ചർമ്മ പടലത്തിലേക്ക് എത്തുകയായിരുന്നു.

ഏറെ കാലത്തെ ചികിത്സയ്ക്കും പോരാട്ടത്തിനുമൊടുവിൽ 2020 ഏപ്രിൽ 29 നായിരുന്നു ഇര്‍ഫാൻ വിട പറഞ്ഞത്. മുപ്പതു വർഷക്കാലം ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന ഇര്‍ഫാന്‍ ഖാന്‍, ബോളിവുഡിന് പുറമെ ഹോളിവുഡിലും കഴിവ് തെളിയിച്ച പ്രതിഭയാണ്. 1988ൽ പുറത്തിറങ്ങിയ 'സലാം ബോംബെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇർഫാൻ ഓസ്കര്‍ ചിത്രങ്ങളായ സ്ലം ഡോഗ് മില്യണയർ, ലൈ ഓഫ് പൈ, അമെെസിംങ് സ്‌പൈഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2011 ചിത്രം 'പാൻസിങ്'-ലെ അഭിനയത്തിന് ദേശീയ പുരസ്‌കാരത്തിന് അർഹനായി. 'ലഞ്ച് ബോക്സ്‌' സിനിമയിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്‌കാരത്തിന് നാമ നിർദേശം ചെയ്യപ്പെട്ടു. കൂടാതെ കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനക്ക് 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

English Summary: Irrfan Khan’s son Babil Khan shared an emotional memory of his parents during Irrfan’s battle with cancer. He recalled how Irrfan lovingly cared for his wife despite his own pain, highlighting a deeply moving story of love and resilience.