Entertainment News

''ഖുർ ആൻ വചനങ്ങൾ പതിച്ച പെൻഡന്റ് ധരിച്ചതിന് പരസ്യമായി മാപ്പ് പറയണം''; കരീന കപൂറിന് വക്കീൽ നോട്ടീസ്

ദീപാവലി ചിത്രങ്ങളിൽ 30 കാരറ്റ് മരതക പെൻഡന്റ് ധരിച്ചതിനെതിരെ കോൺഗ്രസ് നേതാവ് അബ്ബാസ് ഹഫീസ്. ചിത്രങ്ങൾ നീക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം.

Entertainment Desk

ഖുർ ആൻ വചനം ആലേഖനം ചെയ്ത രാജകീയ പെൻഡന്റ് ധരിച്ച് ദീപാവലി ചിത്രങ്ങൾ പങ്കുവെച്ചതിന് കരീന കപൂർ ഖാന് വക്കീൽ നോട്ടീസ്. ഖുർ ആനിലെ ആയത്തുൽ കുർസി ആലേഖനം ചെയ്ത 30 കാരറ്റ് മരതക പെൻഡന്റ് ധരിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെതിരെയാണ് കോൺഗ്രസ് നേതാവും ദേശീയ മാധ്യമ കോർഡിനേറ്ററുമായ അബ്ബാസ് ഹഫീസ് വക്കിൽ നോട്ടീസ് അയച്ചത്. കരീനയുടെ സ്റ്റൈലിസ്റ്റ് റിയ കപൂറിനും നവംബർ 11-ന് അയച്ച നോട്ടീസിൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കരീന പങ്കുവെച്ച ചിത്രങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. ഡിസൈനർ പുനിത് ബലാന ഒരുക്കിയ ബീജ് നിറത്തിലുള്ള കഫ്താനും അതിനോട് ചേരുന്ന തലപ്പാവുമായിരുന്നു കരീനയുടെ വേഷം. ഇതിനൊപ്പമാണ് ആയത്തുൽ കുർസി ആലേഖനം ചെയ്ത മരതക പെൻഡന്റും ധരിച്ചത്. ഖുർ ആനിലെ അൽ ബഖറ സൂറത്തിലെ 255-ാം വചനമാണ് ആയത്തുൽ കുർസി.

കരീനയുടെ ലുക്ക് സ്റ്റൈൽ ചെയ്ത റിയ കപൂറാണ് ആഭരണത്തിന്റെ ചരിത്രം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. ഭോപ്പാലിലെ പഴയ രാജകുടുംബത്തിന്റെ 200 വർഷം പഴക്കമുള്ള പൈതൃക ആഭരണമാണിതെന്നായിരുന്നു റിയയുടെ കുറിപ്പ്. ഭോപ്പാലിലെ നവാബിന്റെയും ബീഗത്തിന്റെയും കൈവശമുണ്ടായിരുന്ന ആഭരണങ്ങളാണ് കരീന ധരിച്ചതെന്നും അവർ വ്യക്തമാക്കി. സൈഫിന്റെ കുടുംബത്തിലൂടെ കരീനയ്ക്ക് ലഭിച്ച പൈതൃക സ്വത്തുക്കളിൽ ഒന്നാണിതെന്നും റിയ കുറിച്ചിരുന്നു.

സൈഫ് അലി ഖാന്റെ കുടുംബവുമായാണ് ആഭരണത്തിന്റെ രാജകുടുംബ ബന്ധം. ഭോപ്പാലിലെ അവസാന ഭരണാധികാരിയായിരുന്ന ഹമീദുള്ള ഖാന്റെ മകൾ സാജിദ സുൽത്താനാണ് സൈഫിന്റെ അച്ഛന്റെ അമ്മ. അവർ ഇഫ്തിഖാർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിച്ചു. ഇവരുടെ മകനാണ് സൈഫിന്റെ പിതാവായ മൻസൂർ അലി ഖാൻ പട്ടൗഡി. കുടുംബത്തിലൂടെ കൈമാറി വന്ന ആഭരണം പിന്നീട് സൈഫിലേക്കും അവിടെനിന്ന് കരീനയിലേക്കും എത്തിയതായാണ് വിവരം.

എന്നാൽ, കരീനയുടെ വസ്ത്രധാരണത്തെയോ മറ്റ് ആഭരണങ്ങളെയോ അല്ല താൻ ചോദ്യം ചെയ്യുന്നതെന്ന് അബ്ബാസ് ഹഫീസ് വക്കിൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഖുർ ആൻ വചനം ആലേഖനം ചെയ്ത ആഭരണം പൊതുവേദിയിലും സോഷ്യൽ മീഡിയയിലും അവതരിപ്പിക്കുമ്പോൾ അതിന്റെ മതപരമായ പവിത്രതയ്ക്ക് അനുയോജ്യമായ ആദരവ് പുലർത്തണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു. ചിത്രങ്ങളിലെ വസ്ത്രധാരണവും അവതരണരീതിയും അത്തരത്തിലുള്ള ആദരവ് പ്രകടിപ്പിക്കുന്നില്ലെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം.

ഖുർ ആൻ വചനങ്ങൾ ആഭരണങ്ങളായി ധരിക്കുന്നതിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വചനങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നും അവയ്ക്ക് അനാദരവ് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ചില പണ്ഡിതർ നിർദേശിക്കുന്നതായും പറയുന്നു.

ഭോപ്പാലിലെ പഴയ രാജകുടുംബത്തിലെ ബീഗങ്ങൾ പിന്തുടർന്നിരുന്ന പർദാ സമ്പ്രദായത്തെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുടുംബവുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ആഭരണം അവതരിപ്പിക്കുമ്പോൾ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നാണ് ഹഫീസിന്റെ നിലപാട്.

ആഭരണത്തിന്റെ അവതരണരീതി മുസ്ലിം സമുദായത്തിലെ ചിലർക്കും ഭോപ്പാൽ നാട്ടുരാജ്യവുമായി ചരിത്രപരവും സാംസ്കാരികവുമായ ബന്ധമുള്ളവർക്കും വേദനയും ആശങ്കയും ഉണ്ടാക്കിയെന്നാണ് നോട്ടീസിൽ പറയുന്നത്. കരീനയുടെയും റിയയുടെയും നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും നീക്കം ചെയ്യുക, പരസ്യമായി മാപ്പ് പറയുക, ഭാവിയിൽ ഖുർ ആൻ വചനത്തിന്റെ മതപരമായ പവിത്രതയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ അത് അവതരിപ്പിക്കില്ലെന്ന് ഉറപ്പുനൽകുക എന്നിവയാണ് ആവശ്യങ്ങൾ.

അതേസമയം, ഈ വക്കിൽ നോട്ടീസ് താൻ വ്യക്തിപരമായാണ് അയച്ചതെന്നും കോൺഗ്രസ് പാർട്ടിയുടെ പേരിലല്ലെന്നും അബ്ബാസ് ഹഫീസ് വ്യക്തമാക്കിയിട്ടുണ്ട്. കരീനയുടെ വ്യക്തിസ്വാതന്ത്ര്യത്തെയോ വസ്ത്രധാരണത്തെയോ ചോദ്യം ചെയ്യുന്നതല്ല തന്റെ നടപടിയെന്നും ഖുർ ആൻ വചനത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമാണ് എതിർപ്പെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഈ വിഷയത്തെ പറ്റി ഇതുവരെ കരീന പ്രതികരിച്ചിട്ടില്ല.

Kareena Kapoor Khan has received a legal notice from Congress leader Abbas Hafeez over wearing a 30-carat emerald pendant inscribed with Ayat-ul-Kursi in Diwali photographs. The notice also names her stylist Rhea Kapoor and demands removal of the posts, a public apology and an assurance against similar presentations.