Entertainment News

എം.ടിയും പത്മരാജനും പിന്നെ ആ മഴയും; ഉണ്ണിമേനോൻ ഓർത്തെടുക്കുന്ന ക്ലാരയുടെ വിശേഷങ്ങൾ

മഴ എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ് അത്കൊണ്ട് തന്നെയാണ് ക്ലാരയെ മഴയുമായി ബന്ധിച്ച് പദ്മരാജൻ കഥ പറഞ്ഞെന്നും ഉണ്ണി മേനോൻ

Athira Thookkaav

മലയാളിയുടെ പ്രണയസങ്കൽപ്പങ്ങളെ മഴ നനയിച്ച 'തൂവാനത്തുമ്പികൾ' വീണ്ടും ചർച്ചയാവുകയാണ്. ഗന്ധർവ്വൻ പത്മരാജൻ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് ആധാരമായ കാരിക്കത്ത് ഉണ്ണിമേനോനും, ആ വേഷം ജീവിച്ചുതീർത്ത മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകമാണ് ആരാധകരിലുണ്ടാക്കിയിരിക്കുന്നത്. 'ആരാണീ ക്ലാര?' എന്ന ലാലിന്റെ ചോദ്യത്തിന് ഉണ്ണിമേനോൻ നൽകിയ മറുപടി കേവലം ഒരു സിനിമയ്ക്കപ്പുറം പച്ചയായ ജീവിതത്തിന്റെ വിങ്ങലായി മാറുന്നു. വെള്ളിത്തിരയിലെ ജയകൃഷ്ണനും യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണനും ഒന്നിച്ചിരുന്നപ്പോൾ അവിടെ മഴയായി പെയ്തിറങ്ങിയത് ക്ലാരയുടെ മായാത്ത ഓർമ്മകളായിരുന്നു.

മോഹൻലാലിന്റെ ചോദ്യം : ചിത്രത്തിലെ നായികാ കഥാപത്രമായ ക്ലാരയോട് ആളുകൾക്കുള്ള അഭിനിവേശം വളരെ വലുതാണ്. ആരാണീ ക്ലാര?

ഉണ്ണി മേനോന്റെ മറുപടി:

അങ്ങനെ സംഭവിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിൽ നൂറ് ശതമാനവും സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ് ക്ലാര. കാരണം എന്റെ ജീവിതവും വളർച്ചയുടെ കാലഘട്ടവുമെല്ലാം തന്നെ അത്തരത്തിൽ സ്വാധീനം ചെലുത്തുന്നവയായിരുന്നു. ക്ലാരയുമായി ബന്ധപ്പെടുത്തി സിനിമയിൽ കാണിക്കുന്ന മഴയ്ക്കും എന്റെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എനിക്ക് മഴ വളരെ ഇഷ്ടമാണ്. എനിക്ക് മാത്രമല്ല പദ്മരാജനും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തിനും മഴ ഏറെ പ്രിയപ്പെട്ടതായിരുന്നു. കയ്യിൽ കുടയുണ്ടായിരുന്നിട്ടും ത്യശൂരിലെ തേക്കിൻകാട് മൈതാനിയിലൂടെ ഞങ്ങളൊരുമിച്ച് മഴ നനഞ്ഞു നടന്നിട്ടുണ്ട്. എംടി വാസുദേവൻ നായരുടെ നിങ്ങൾ അഭിനയിച്ച 'രംഗം' എന്ന ചിത്രം കൊണ്ടുണ്ടായ കോരിത്തരിപ്പിൽ കരാമയിലൂടെ ഞാൻ മഴ നനഞ്ഞു നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് പറഞ്ഞ് ഞാൻ ഒരിക്കൽ എംടിയ്ക്ക് കത്തെഴുതിയിരുന്നു. മഴ അത്രത്തോളാമെന്റെ ഉള്ളിലുണ്ട്. അതുകൊണ്ട് തന്നെയാണ് പദ്മരാജൻ ക്ലാരയ്ക്ക് മഴയുടെ പശ്ചാത്തലം നൽകിയത്. ഇനിയൊരിക്കൽ കൂടെ ക്ലാരയെ കാണണമോ എന്നാരെങ്കിലും ചോദിച്ചാൽ ഞാൻ വേണ്ട എന്നെ മറുപടി നൽകുകയുള്ളൂ. കാരണം ജരാനരകൾ ബാധിച്ച ക്ലാരയെ എനിക്ക് കാണണ്ട. ക്ലാര ഒരു മിത്ത് പോലെ അവശേഷിക്കട്ടെ.

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. ഒരിക്കൽ പ്രേക്ഷകർ തള്ളിപ്പറയുകയും പിന്നീട് അവരുടെ മനസുകളിൽ ഇടംനേടി വീണ്ടും ജീവിക്കുകയും ചെയ്യന്ന സിനിമകൾക്ക് മികച്ച ഉദാഹരണമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ 'ഉദകപ്പോള'യെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി പത്മരാജൻ ചിത്രത്തിൽ സംയോജിപ്പിച്ചിരിക്കുകയാണ്.

English Summary: Mohanlal met Karikkath Unnimenon, the real-life inspiration behind Jayakrishnan from Thoovanathumbikal. During their conversation, Unnimenon reflected on Clara as a possible real-life figure shaped by his experiences, and how rain—an important element in his life and Padmarajan’s storytelling—became central to the character.