Entertainment News

'ധുരന്ധറും' 'പുഷ്പ'യും ചേർന്നതാണോ 'ഒ.എം'?; ട്രെയിലർ കഥയുടെ വലിയ ഭാഗം വെളിപ്പെടുത്തിയോ?

ചന്ദനക്കടത്ത് വ്യാപകമായ രണ്ട് ക്ഷേത്രനഗരങ്ങൾക്കിടയിലാണ് സിനിമയുടെ കഥ നടക്കുന്നത്.

Entertainment Desk

ചന്ദനക്കടത്ത്, ചാരപ്രവർത്തനം, രാഷ്ട്രീയം, വ്യക്തിജീവിതത്തിലെ നഷ്ടങ്ങൾ എന്നിവ പ്രമേയമാക്കുന്ന 'O.M' ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആദിത്യ ധറിന്റെ 'ധുരന്ധർ', സുകുമാറിന്റെ 'പുഷ്പ' എന്നീ ചിത്രങ്ങളുമായി ഈ സിനിമയെ താരതമ്യം ചെയ്യുന്നവരും ഏറെയാണ്.

തിരുമലയിൽ ഉച്ചഭാഷിണികളിലൂടെ സുപ്രഭാതം കേൾക്കുന്നതോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. 'ഇവയിൽ ചിലത് യഥാർഥത്തിൽ സംഭവിച്ചതാണ്' എന്ന ഡിസ്ക്ലെയിമറും തുടക്കത്തിൽ കാണാം. ചന്ദനക്കടത്ത് വ്യാപകമായ രണ്ട് ക്ഷേത്രനഗരങ്ങൾക്കിടയിലാണ് സിനിമയുടെ കഥ നടക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഇന്റലിജൻസ് യൂണിറ്റ് രൂപീകരിക്കുന്നതും അതിന്റെ ഭാഗമാകുന്ന ധനുഷിന്റെ കഥാപാത്രവുമാണ് ട്രെയിലറിലെ പ്രധാന ഘടകങ്ങൾ.

ഡി-402 എന്ന കോഡിലാണ് ധനുഷിന്റെ കഥാപാത്രം യൂണിറ്റിൽ പ്രവർത്തിക്കുന്നത്. ജോലിയുടെ സ്വഭാവം കാരണം സ്വന്തം വ്യക്തിജീവിതം പോലും രഹസ്യമായി സൂക്ഷിക്കേണ്ടി വരുന്ന സാഹചര്യം കഥാപാത്രത്തിന്റെ കുടുംബബന്ധങ്ങളെയും ബാധിക്കുന്നുണ്ട്. ധനുഷിന്റെ ഭാര്യയായി ശ്രീലീലയും ചിത്രത്തിലുണ്ട്. ഭർത്താവിന്റെ ജോലിയെക്കുറിച്ച് മറ്റാർക്കും അറിയാൻ കഴിയാത്തതും മകനെക്കുറിച്ച് പോലും പരസ്യമായി സംസാരിക്കാനാകാത്തതും ശ്രീലീലയുടെ കഥാപാത്രത്തെ അസ്വസ്ഥയാക്കുന്നതായി ട്രെയിലറിൽ കാണിക്കുന്നു.

മമ്മൂട്ടിയുടെ കഥാപാത്രമായ റെഡ് ഹിൽസ് കാർത്തികേയൻ എന്നറിയപ്പെടുന്ന ബർമ കാർത്തികേയന്റെ രംഗപ്രവേശവും ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കള്ളക്കടത്തും രാഷ്ട്രീയവും നിയന്ത്രിക്കുന്ന ശക്തനായ വ്യക്തിയായാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസറുദ്ദീൻ ഷായും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. സായ് പല്ലവിയാണ് എഎസ്പി നിത്യ റെഡ്ഡിയായി അഭിനയിക്കുന്നത്.

കള്ളക്കടത്ത് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ധനുഷിന്റെ കഥാപാത്രം സംഘത്തിനുള്ളിൽ നുഴഞ്ഞുകയറുന്നതോടെയാണ് കഥയുടെ സംഘർഷം വർധിക്കുന്നത്. സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ നിത്യ റെഡ്ഡി ഓപ്പറേഷൻ മോൾ അഥവാ ''ഒ.എം'' ആരംഭിക്കുന്നതോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. എന്നാൽ ചിത്രത്തിലെ പ്രധാന സംഭവവികാസങ്ങളിൽ വലിയൊരു ഭാഗം ട്രെയിലറിലൂടെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.

ചന്ദനക്കടത്തും കുറ്റകൃത്യങ്ങളിലേക്ക് ഒരാളെ നയിക്കുന്ന സാഹചര്യങ്ങളുമാണ് 'പുഷ്പ'യുമായുള്ള താരതമ്യത്തിന് പ്രധാന കാരണം. അതേസമയം, രാഷ്ട്രീയക്കാരനും കുറ്റകൃത്യങ്ങളുടെ തലവനുമായ ഒരാളുടെ സംഘത്തിൽ രഹസ്യമായി കടന്നുചെന്ന് വിവരങ്ങൾ ശേഖരിക്കുന്ന ധനുഷിന്റെ കഥാപാത്രം 'ധുരന്ധറി'നെയും ഓർമിപ്പിക്കുന്നു. ഈ സാമ്യങ്ങൾക്കിടയിലും രാജ്കുമാർ പെരിയസാമി തന്റെ കഥയെ എങ്ങനെ വ്യത്യസ്തമാക്കുമെന്നാണ് ഇനി അറിയേണ്ടത്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോഴും 'പുഷ്പ'യുമായുള്ള സാമ്യം ചർച്ചയായിരുന്നു. ജൂണിൽ നടന്ന ഒരു പരിപാടിയിൽ ഇതേക്കുറിച്ച് പ്രതികരിച്ച രാജ്കുമാർ പെരിയസാമി, "നിങ്ങൾ കണ്ടത് ഒരു ആമുഖ ദൃശ്യം മാത്രമാണ്. ആ സിനിമയുമായി 'OM'ന് യാതൊരു ബന്ധവുമില്ല" എന്ന് വ്യക്തമാക്കിയിരുന്നു. രജിനികാന്തിന്റെ 'ജയിലർ 2', സൂര്യയുടെ 'സീൻ' എന്നീ ചിത്രങ്ങളുമായുള്ള റിലീസ് ക്ലാഷ് ഒഴിവാക്കുന്നതിനായി 'OM'ന്റെ റിലീസ് നേരത്തെ രണ്ട് തവണ മാറ്റിവെച്ചിരുന്നു.

'രംഗൂൺ' (2017), 'അമരൻ' (2024) എന്നീ ചിത്രങ്ങൾക്ക് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'OM'. വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ഇന്ദ്രൻസ്, സഞ്ജയ് സ്വരൂപ്, രേണു ദേശായി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Dhanush, Mammootty and Sai Pallavi star in Rajkumar Periasamy’s upcoming film OM. Its three-minute trailer has sparked comparisons with Pushpa and Dhurandhar due to its themes of red sandalwood smuggling, espionage and politics. While the trailer reveals key plot elements, viewers are questioning whether it gives away too much.