Entertainment News

മില്യൺ കാഴ്ചക്കാർ, ട്രെൻഡായി 'പ്രേംപാറ്റ' ട്രെയിലർ

ട്രെയിലർ യൂട്യൂബിൽ വൺ മില്യൺ കാഴ്ചകൾ പിന്നിട്ടു. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രം ആമിർ പള്ളിക്കലാണ് സംവിധാനം ചെയ്യുന്നത്

Entertainment Desk

റിലീസിന് മുന്നോടിയായി തന്നെ ശ്രദ്ധ നേടി ജോമോൻ ജ്യോതിർ നായകനാകുന്ന 'പ്രേംപാറ്റ'. ചിത്രത്തിന്റെ ട്രെയിലർ വൺ മില്യൺ കാഴ്ചകൾ പിന്നിട്ടു. ക്യാമ്പസ് ജീവിതവും പ്രണയവും സൗഹൃദവും തമാശകളും കോർത്തിണക്കിയെത്തുന്ന ട്രെയ്‌ലർ സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്. ചിത്രം നവംബർ 27ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിന്റെ കഥ ഒരു കോളേജ് എൻ.എസ്.എസ് ക്യാമ്പിനെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ക്യാമ്പിനിടയിലെ സൗഹൃദങ്ങളും പ്രണയവും രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. യുവതലമുറയുടെ ജീവിതവും അവരുടെ ബന്ധങ്ങളും ആഘോഷങ്ങളും അവതരിപ്പിക്കുന്ന ഒരു ഫുൾ യൂത്ത് റൊമാന്റിക് എന്റർടെയ്‌നറായാണ് 'പ്രേംപാറ്റ' ഒരുങ്ങുന്നത്. ട്രെയ്‌ലറിലെ രംഗങ്ങളിലും ക്യാമ്പസ് അന്തരീക്ഷത്തിനും പ്രണയത്തിനും തമാശകൾക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

'ആയിഷ', 'ഇഡി: എക്സ്ട്രാ ഡീസന്റ്' എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എഴുത്തുകാരൻ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജോമോൻ ജ്യോതിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മലയാള സിനിമയിലെ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ നിരവധി ഇൻഫ്ലുവൻസർമാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നാൽപ്പതോളം പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി, ബിബിൻ പെരുമ്പള്ളി, ജുനൈസ് വി.പി., സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ്, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമാ താരങ്ങൾക്കും ഡിജിറ്റൽ കണ്ടന്റ് മേഖലയിൽ സജീവമായവർക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് താരനിര ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലറിന് ലഭിച്ച ഒരു മില്യൺ കാഴ്ചകൾക്ക് പിന്നാലെ ചിത്രം തിയറ്ററുകളിലെത്താനുള്ള കാത്തിരിപ്പിലാണ് അണിയറപ്രവർത്തകർ. നവംബർ 27 മുതൽ കേരളത്തിലെ തിയറ്ററുകളിൽ 'പ്രേംപാറ്റ' പ്രദർശനം ആരംഭിക്കും.

The trailer of Jomon Jyothir’s upcoming Malayalam film Premapetta has crossed one million views on YouTube. Directed by Aamir Pallikkal, the campus romantic entertainer revolves around friendship, love and fun during a college NSS camp. Featuring a mix of established actors and newcomers, the film releases on November 27.