അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ എവർഗ്രീൻ റൊമാന്റിക് ചിത്രം 'പ്രേമ'ത്തിൽനിന്നു ഒഴിവാക്കപ്പെട്ട തന്റെ സീനുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സിജു വിൽസൺ. ഒത്തിരി വിഷമം തോന്നിയെങ്കിലും അൽഫോൺസ് തന്നോട് അത് തുറന്നുപറഞ്ഞിരുന്നവെന്നും പുതിയ ചിത്രമായ 'ഡോസി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സിജും പറഞ്ഞു.
''ഞങ്ങളുടെയെല്ലാം പ്രതീക്ഷകളെ അട്ടിമറിച്ച് വലിയ ജനസ്വീകാര്യത ലഭിച്ച ചിത്രമാണ് 'പ്രേമം'. ചിത്രത്തിൽ ഞാൻ ചെയ്തത് 'ജോജോ' എന്ന കഥാപത്രത്തിനും ഒരു പ്രേമമുണ്ടായിരുന്നു. പക്ഷെ എഡിറ്റിങ് ടേബിളിൽ എത്തിയതോടെ പല സീനുകളും ഒഴിവാക്കപ്പെടുകയായിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത് ജോർജ് നടത്തിവരുന്ന കഫെയിലിരിക്കുന്ന ഒരു വിദേശ പെൺകുട്ടിയുമായി ജോജോ മൊബൈൽ നമ്പർ കൈമാറുന്നതും ഇരുവരും തമ്മിലുള്ള ചെറിയ റൊമാൻസുമെല്ലാം ഉണ്ടായിരുന്നു,'' സിജു പറഞ്ഞു.
ചിത്രത്തിന്റെ ഇപ്പോൾ കാണുന്ന കോപ്പിക്ക് തന്നെ നല്ല ദെെർഘ്യമുണ്ട്. അത്തരം പ്രശ്നങ്ങൾ ഉള്ളതിനാലാണ് എന്റെ പ്രണയ രംഗങ്ങൾ ഉൾപ്പെടെ പല രംഗങ്ങളും ചിത്രത്തിൽനിന്ന് ഒഴിവാക്കേണ്ടി വന്നത്. ചിത്രത്തിൽ പ്രാധാന്യമർഹിക്കുന്നത് ജോർജിന്റെ ജീവിതത്തിനും പ്രണയത്തിനുമായതിനാൽ തന്നെ, സിനിമ എന്താണോ സംസാരിക്കുന്നത് എന്നതിൽ അൽഫോൺസ് എന്ന എഡിറ്റർക്കും കൃത്യമായ ധാരണയുണ്ടായിരുന്നു.
സീനുകൾ കട്ട് ചെയ്തതിൽ സ്വാഭാവികമായും അന്ന് വിഷമം ഉണ്ടായിരുന്നു. അൽഫോൺസിനും നല്ല പ്രയാസമുണ്ടായിരുന്നു. 'എടാ നിന്റെ സീനുകൾ പലതും എഡിറ്റിങ്ങിൽ ഒഴിവാക്കേണ്ടി വന്നു' എന്ന് എന്നോട് പറയുമ്പോഴും അവനിൽ ആ പ്രയാസം ഞാൻ കണ്ടിരുന്നു. 'ജോജോ' അടക്കമുള്ള പല കഥാപാത്രങ്ങൾക്കും അതിന്റെതായ രീതിയിലുള്ള സ്വീകാര്യത ലഭിച്ചതിനാൽ ഇന്ന് തനിക്കതിൽ വലിയ വിഷമമില്ലെന്നും സിജു പറഞ്ഞു.
English Summary: Actor Siju Wilson revealed that several of his scenes, including a small romantic track of his character Jojo, were removed during the editing of Premam directed by Alphonse Puthren. Though he initially felt disappointed, he later understood the creative decision, as the film focused on George’s journey