കഥാപത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ കാണിക്കുന്ന വൈവിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. അടുത്തയിടെ ഇറങ്ങിയ തമിഴ് ചിത്രമാ 'യൂത്തി'ലെ അച്ഛനായുള്ള സുരാജിന്റെ പ്രകടനത്തെ കുറിച്ച് പരാമർശിച്ചുള്ള ചോദ്യത്തിനായിരുന്നു സുരാജിന്റെ മറുപടി.
'നിങ്ങള്‍ ഞങ്ങളെ വളരെയാധികം രസിപ്പിക്കുകയാണ്. ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന നടനാണ് നിങ്ങൾ. ഏത് കഥാപാത്രം ആണെങ്കിലും നിങ്ങൾ ആ കഥാപാത്രമായി മാറുന്ന അത്ഭുതമാണ് സ്‌ക്രീനിൽ നിങ്ങൾ ചെയുന്നത്. ഹാസ്യത്തിൽ നിന്ന് തുടങ്ങി ദേശീയ പുരസ്‌കാരം നേടുന്നതിലേക്ക് വരെ നിങ്ങൾ എത്തിയിരിക്കുകയാണ്. ഇത് എങ്ങനെ സാധ്യമാകുന്നു' എന്നായിരുന്നു ചോദ്യം.
സുരാജ് നൽകിയ മറുപടി:
സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളാണ് എനിക്കുള്ളത്. മാസാമാസം അവരുടെ സ്‌കൂള്‍ ഫീസ് അടയ്ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏത് കഥാപാത്രവും ഞാൻ ചെയ്യും. എന്നെ സംബന്ധിച്ച് എല്ലാ കഥാപാത്രങ്ങളും ശ്രമകരമായത് തന്നെയാണ്. സംവിധായകന്‍ പറഞ്ഞു തരുന്നത് എന്റെ കഴിവിൽ നിന്നുകൊണ്ട് അതേ മീറ്ററില്‍ തിരിച്ചു നല്‍കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
യുവനടൻ കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 'യൂത്ത്'. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ചിത്രം സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയയാണ്. പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കെന്നിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. യൂത്തിന് ശേഷം ധനുഷിനൊപ്പം അഭിനയിക്കുന്ന കര, ജയിലര്‍ 2 തുടങ്ങിയ ചിത്രങ്ങളാണ് സുരാജിന്‍റേതായി തമിഴില്‍ റിലീസ് കാത്തിരിക്കുന്നത്.
English Summary: Actor Suraj Venjaramoodu says he is ready to take up any role as a father of three school-going children, highlighting the practical realities behind his versatile career choices.