Entertainment News

കാത്തിരിക്കൂ, കാണാം; 'പള്ളിച്ചട്ടമ്പി'യിലെ പൃഥ്വിരാജിന്റെ കാമിയോ വേഷത്തെ കുറിച്ച് നിഷേധിക്കാതെ ടൊവിനോ തോമസ്

'ലോക'യിലെ തന്റെ കഥാപാത്രത്തിന്റെ വരവുണ്ടായത് പോലൊരു കൗതുകം ഇവിടെയുമിരുന്നോട്ടെ എന്നുമദ്ദേഹം കൂട്ടിച്ചേർത്തു

Madism Desk

'പള്ളിച്ചട്ടമ്പി'യിൽ പൃഥ്വിരാജിന്റെ കാമിയോ വേഷത്തെക്കുറിച്ച് സസ്പെന്‍സ് നിലനിർത്തി ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. പ്രേഷകരുടെ ആകാക്ഷയെ നശിപ്പിക്കാൻ താല്പര്യമില്ലെന്നും നടൻ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ടൊവിനോ പ്രതികരിച്ചത്.

ടൊവിനോ തോമസിന്റെ വാക്കുകൾ:

സിനിമയുമായി ബന്ധപ്പെട്ട ഒരു സസ്‌പെൻസും ഞാൻ പറയില്ല. പള്ളിച്ചട്ടമ്പിയിൽ പൃഥ്വിരാജ് ഉണ്ടെന്ന ചർച്ചകളൊന്നും നിഷേധിക്കുന്നുമില്ല, അംഗീകരിക്കുന്നുമില്ല. അത് സംബന്ധിച്ച് നിലവിൽ നിരവധി കിംവദന്തികൾ പരക്കുന്നുണ്ട്. മൂടി വെക്കാൻ പാകത്തിന് എന്തെങ്കിലും ഉണ്ടായിട്ടല്ല. പക്ഷെ, എന്തെങ്കിലും തുറന്ന് പറയുന്നതിലൂടെ പ്രേക്ഷകരുടെ ആകാംക്ഷ ഇല്ലാതായി പോകും. 'ലോക'യിലെ തന്റെ കഥാപാത്രത്തിന്റെ വരവുണ്ടായത് പോലൊരു കൗതുകം ഇവിടെയുമിരുന്നോട്ടെ എന്നുമദ്ദേഹം കൂട്ടിച്ചേർത്തു.

വിഷു റിലീസായി എത്തുന്ന 'പള്ളിച്ചട്ടമ്പി' 1950-60 കാലഘട്ടം പശ്ചാത്തലമാകുന്ന പീരീഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്നിവയുടെ ബാനറില്‍ നൗഫല്‍, ബ്രിജീഷ്, ചാണക്യ, ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. തമിഴ് ചിത്രമായ 'ഡ്രാഗണി'ലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ടൊവിനോയുടെ നായികയായി എത്തുന്നത്.

സാങ്കേതിക മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സഹനിര്‍മ്മാതാക്കളായി മേഘശ്യാമും തന്‍സീറും പ്രവര്‍ത്തിക്കുന്നു. കോസ്റ്റ്യൂംസ് മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് റഷീദ് അഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു. അലക്‌സ് ഇ കുര്യന്‍ ലൈന്‍ പ്രൊഡ്യൂസറായും രാജേഷ് മേനോന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.

English Summary: Tovino Thomas said he will not reveal any suspense about Pallichattambi, neither confirming nor denying rumors about Prithviraj Sukumaran’s presence. He emphasized keeping audience curiosity intact as the film gears up for a Vishu release.