Entertainment News

'മിഥുനം' ക്ലൈമാക്സിലെ മോഹൻലാലിന്റെ ഡയലോഗ്; അന്നും ഇന്നും എതിർപ്പുണ്ടെന്ന് ഉർവശി

സേതുമാധവന്റെ ഡയലോഗിനോടുള്ള വിയോജിപ്പിനെക്കുറിച്ചും ക്ലൈമാക്സ് ചിത്രീകരണ സമയത്ത് പ്രിയദർശനോടും ശ്രീനിവാസനോടും ചോദിച്ച കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി.

Entertainment Desk

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ 1993-ൽ പുറത്തിറങ്ങിയ 'മിഥുനം' സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള തന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് നടി ഉർവശി. ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ക്ലൈമാക്സിൽ സംസാരിക്കുന്ന ഡയലോഗിനോട് അന്നും ഇന്നും തനിക്ക് എതിർപ്പുണ്ടെന്നാണ് ഉർവശി വ്യക്തമാക്കിയത്. പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ക്ലൈമാക്സ് രംഗത്തിൽ മോഹൻലാൽ പറയുന്ന ചില ഡയലോഗുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പ്രതികരണം. ഭർത്താവ് എന്നതിലുപരി താനൊരു സഹോദരനും മകനും സുഹൃത്തുമാണെന്നും, കാമുകനായോ ഭർത്താവായോ മാത്രം ജീവിക്കാൻ കഴിയില്ലെന്നുമുള്ള സേതുമാധവന്റെ സംഭാഷണം ഒരു സ്ത്രീയോട് പറയാൻ പാടില്ലാത്തതാണെന്ന് ഉർവശി പറഞ്ഞു. സ്വന്തം വീടും ജീവിതവും ഉപേക്ഷിച്ച് മറ്റൊരു കുടുംബത്തിലേക്ക് എത്തുന്ന സ്ത്രീയും സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പെട്ടെന്ന് പുതിയ അന്തരീക്ഷവുമായി അഡ്ജസ്റ്റ് ചെയ്യുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സ്ത്രീയോട് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് ഉർവശി വ്യക്തമാക്കി. ഇത് വലിയ വിയോജിപ്പല്ലെന്നും ഏതൊരു സ്ത്രീക്കും സ്വാഭാവികമായി തോന്നുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ഈ വിഷയത്തിൽ സ്ക്രിപ്റ്റ് എഴുതിയ ശ്രീനിവാസനോടും സംവിധായകൻ പ്രിയദർശനോടും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പുരുഷൻമാർ പറയുന്നതുപോലെ സ്ത്രീകൾക്കും ഇത്തരം കാര്യങ്ങൾ തിരിച്ചുപറയാൻ അവകാശമില്ലേ എന്ന് അന്ന് താൻ ചോദിച്ചിരുന്നതായും, അന്ന് ഉന്നയിച്ച ആ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി മാറിയതെന്നും ഉർവശി പറഞ്ഞു.

ശ്രീനിവാസൻ തിരക്കഥയെഴുതിയ 'മിഥുനം' മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ, ഉർവശിയുടെ സുലോചന എന്നീ കഥാപാത്രങ്ങൾക്കൊപ്പം ഇന്നസെന്റ്, ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. എന്നാൽ അടുത്തകാലത്തായി സിനിമയിലെ സേതുമാധവന്റെ ചില നിലപാടുകൾ സ്ത്രീവിരുദ്ധമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചുള്ള സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉർവശി രംഗത്തെത്തിയത്.

Urvashi has revealed that she still disagrees with a dialogue delivered by Mohanlal’s character Sethumadhavan in the climax of Mithunam. She said she had raised the same concern with director Priyadarshan and writer Sreenivasan during the film’s shoot.