Entertainment News

ആര് വിളിക്കുന്നു, എവിടെ നിന്ന് വരുന്നു? സിനിമാക്കാരുടെ ഓരോ നീക്കവും അറിയും, പാപ്പരാസികൾ ചില്ലറക്കാരല്ല!

വെബ്‌സൈറ്റുകൾക്കോ മാഗസിനുകൾക്കോ വേണ്ടി ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തിയിരുന്നതിൽ നിന്ന് തുടങ്ങിയ ഒന്നാണ് ഇന്ന് അതിവേഗം വളരുന്ന ഒരു 'കണ്ടന്റ് ഇക്കോണമി'യായി മാറിയിരിക്കുന്നത്

Entertainment Desk

ജിമ്മിൽ പോയി വരുന്ന സിനിമാതാരങ്ങൾ, കഫേയിൽ ചിൽ ചെയ്യുന്ന സംവിധായകർ എന്നിങ്ങനെ പാപ്പരാസികളുടെ കണ്ണുടക്കാത്ത കാര്യങ്ങളില്ല. നമുക്ക് മുന്നിലിത് ചിലപ്പോൾ പത്ത് സെക്കൻഡ് നേരത്തെ ഒരു റീൽ ഒക്കെയായിട്ടാവും എത്തുക. എന്നാൽ പാപ്പരാസികളെ സംബന്ധിച്ചിടത്തോളം അവരുടെ മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പും കൊടും ബ്ലോക്കിനെ വെട്ടിച്ചെത്തുന്ന ബൈക്ക് റൈഡുകളും ഓവർനൈറ്റ് ഷിഫ്റ്റും ഒക്കെയാണത്.

പാപ്പരാസികളെങ്ങനെ ഇങ്ങനെ കൃത്യമായി സെലിബ്രിറ്റികളെ ഒപ്പിയെടുക്കുന്നു, അവരുടെ ടൈം ഷെഡ്യൂൾ അറിയുന്നു എന്നൊക്കെ സംശയം തോന്നിയിട്ടില്ലേ. അതിന് പിന്നിൽ അവരുടെ ഡെഡിക്കേഷനും ആത്മാർഥതയും ആണെന്ന് സമ്മതിക്കാതെ വയ്യ. സെലിബ്രിറ്റികളുടെ ക്യാൻഡിഡ് നിമിഷങ്ങൾക്ക് പിന്നിൽ, ടിപ്പുകൾ, ലൊക്കേഷനുകൾ, കോൺടാക്റ്റുകൾ, ടീമുകൾ, ശമ്പളം, പെയ്ഡ് പ്രൊമോഷനുകൾ, ചിലപ്പോൾ ശ്രദ്ധയോടെ ചർച്ച ചെയ്ത് ഉറപ്പിച്ച ബൌണ്ടറികൾ എന്നിവ അടങ്ങിയ തികച്ചും സംഘടിതമായ ഒരു സംവിധാനമുണ്ട്.

ഇൻസ്റ്റഗ്രാമിന്റെ പ്രചാരത്തോടെ വലിയ ലാഭം കൊയ്യുന്ന ബിസിനസ് ആയി മാറിയിരിക്കുകയാണിപ്പോൾ പാപ്പരാസികൾ. വെബ്‌സൈറ്റുകൾക്കോ മാഗസിനുകൾക്കോ വേണ്ടി ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തിയിരുന്നതിൽ നിന്ന് തുടങ്ങിയ ഒന്നാണ് ഇന്ന് അതിവേഗം വളരുന്ന ഒരു 'കണ്ടന്റ് ഇക്കോണമി'യായി മാറിയിരിക്കുന്നത്. വെറും മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ, ദശലക്ഷക്കണക്കിന് സ്‌ക്രീനുകളിലേക്ക് പടരുകയും, ഒരു സെലിബ്രിറ്റിയുടെ എയർപോർട്ട് ലുക്ക് പ്രധാന വാർത്തയാവുകയും, യാദൃച്ഛികമെന്ന് തോന്നിക്കുന്ന ജിം എക്സിറ്റ് നിമിഷങ്ങൾ വൈറൽ റീലുകളായി മാറുകയും ചെയ്യുന്നു.

ആരാണ് യഥാർഥത്തിൽ പാപ്പരാസികൾ? ഇന്ത്യ ടുഡേ നടത്തിയ ഒരു സർവേയിൽ പാപ്പരാസികൾ ആരെന്നും അവരുടെ ജോലി എങ്ങനെയെന്നും വ്യക്തമാക്കുന്നുണ്ട്. സെലിബ്രിറ്റികളെ എങ്ങനെയാണ് ട്രാക്ക് ചെയ്യുന്നതെന്നും അവരിൽ ചിലർ വെളിപ്പെടുത്തുന്നു. ആ റിപ്പോർട്ട് ഇങ്ങനെ:

മുംബൈയിൽ നിന്നുള്ള വിശാൽ എന്ന പാപ്പരാസി റിപ്പോർട്ടറുടെ അനുഭവം.

ഇപ്പോഴൊക്കെ എല്ലാ സെലിബ്രിറ്റികൾക്കും സ്വന്തമായി പിആർ ടീമുണ്ട്. താരങ്ങൾ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഇവർ ഞങ്ങൾക്ക് മെസേജ് അയയ്ക്കും. ഏത് സ്ഥലത്ത് എപ്പോഴെത്തും എന്ന് കൃത്യമായി അറിയിക്കും. എന്നാൽ ഈ മെസേജിന് വേണ്ടി മാത്രം കാത്തിരുന്നാൽ സമയനഷ്ടം മാത്രമാവും ഉണ്ടാവുക. സെലിബ്രിറ്റികൾ സ്ഥിരമായി സന്ദർശിക്കുന്ന, നഗരങ്ങളിലെ പ്രധാന ഇടങ്ങൾ നിരീക്ഷിക്കുക എന്നത് ഒരു പ്രധാന ജോലിയാണ്. കഫേകൾ, മാളുകൾ, ജിം എന്നിവിടങ്ങളെല്ലാം എപ്പോഴും നമ്മുടെ റഡാറിലുണ്ടാവും.

വലിയ നഗരങ്ങളിൽ ഓരോ പ്രധാന സ്ഥലത്തേക്കും ഓരോ ആളുകളെ അയയ്ക്കുന്നതാണ് രീതി. ഓരോരുത്തർക്കും സ്പോട്ടുകൾ വീതിച്ച് നൽകിയിട്ടുണ്ടാകും. ഏത് സെലിബ്രിറ്റിയാണ് ജിമ്മുകളിൽ സ്ഥിരമെത്തുക, ഏത് വണ്ടിയാണ് ഓരോ താരത്തിന്റേതും എന്നൊക്കെ നമുക്ക് കൃത്യമായി അറിവുണ്ടാകും.

താരങ്ങളുടെ വീട്ടിൽ വണ്ടിയുണ്ടോ എന്ന് നോക്കുന്നതും പ്രധാനപ്പെട്ട ജോലിയാണ്. വണ്ടി മുറ്റത്തില്ലെങ്കിൽ ആദ്യം പോവുക അവരുടെ പ്രിയപ്പെട്ട കഫേയിലേക്കോവും. അല്ലെങ്കിൽ അവർ പോകാൻ സാധ്യത കൂടുതലുള്ള ഇടങ്ങൾ. എപ്പോഴും ഞങ്ങളെ അറിയിച്ചിട്ടൊന്നുമാവില്ല ഇവർ പുറത്തിറങ്ങുക. പക്ഷേ കാർ നമ്പർ മനഃപാഠമായതിനാൽ ഒരു കാർ പുറത്തുകണ്ടാൽ അതാരുടേതെന്ന് നമുക്കറിയാം.

ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് നമ്മൾ പരിധി വയ്ക്കാറുണ്ട്. താരങ്ങളുടെ ഡ്രെസ് ഏത് ബ്രാൻഡാണ്, ഹെയർസ്റ്റൈൽ എങ്ങനെ എന്നിവയൊക്കെ വ്യക്തമാകുന്ന ഫോട്ടോകളും വീഡിയോകളുമാണ് കാര്യമായി റീച്ച് ആവുക. പക്ഷേ ഇത് എപ്പോഴും പ്രായോഗികമല്ല. ഉദ്ദാഹരണത്തിന്, കരിഷ്മ കപൂർ, ടെലിവിഷൻ താരം മാഹിറ ശർമ തുടങ്ങിയവരൊക്കെ ഇങ്ങനെ സൂം ഇൻ ചെയ്ത ക്യാമറ ചിത്രീകരണത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് നമ്മൾ മാനിക്കണം.

ഇനി വീഡിയോസ് എടുക്കുന്നതിനും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. ക്യാമറ സെറ്റ് ചെയ്ത് നമ്മൾ മണിക്കൂറുകളായി കാത്തിരിക്കുകയാവും. പക്ഷേ ഒരു മൂന്ന് സെക്കൻഡ് നേരത്തേക്ക് മാത്രം ലുക്ക് തന്നിട്ട് ചില സെലിബ്രിറ്റികൾ പോകും. ഇവർ വിളിച്ചിട്ടാവും നാം പോവുക. പക്ഷേ നമ്മുടെ സമയവും എഫർട്ടും ഒന്നും വിലവയ്ക്കാതെ, ഇവർ അവഗണിക്കും. തങ്ങൾ വിളിച്ചിട്ടാണ് പാപ്പരാസി വന്നത് എന്ന് കാഴ്ചക്കാരെ അറിയിക്കാതിരിക്കാനുള്ള ശ്രമമാണത്. ഒരുകാലത്ത് വലിയ സ്റ്റാറുകൾക്കായിരുന്നു ഈ സമീപനം. ഇന്ന് പക്ഷേ യുവതാരങ്ങൾ വരെ ഈ മാതൃക ഏറ്റുപിടിച്ചിട്ടുണ്ട്. പാപ്പരാസികളെ അവഗണിക്കുന്നതും അവരോട് കയർക്കുന്നതുമായ വീഡിയോകൾ നന്നായി പെർഫോം ചെയ്യുന്നത് കണ്ടിട്ടാകാം ഇത്. അതവരുടെ പ്രശസ്തിക്കും ഗുണം ചെയ്യുമല്ലോ.

പക്ഷേ പല മുതിർന്ന നടന്‍മാരും നമ്മളോട് നല്ല രീതിയിൽ സഹകരിക്കാറുമുണ്ട്. സൽമാൻ ഖാനൊക്കെ നമ്മൾ ആവശ്യപ്പെടുന്ന അത്രയും തവണ പോസ് ചെയ്തുതരാറുണ്ട്. നമ്മളോട് വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യും.

വൈറൽ ഭയാനി, മാനവ് മംഗ്ലാനി, യോഗൻ ഷാ, വരീന്ദർ ചൗള, വൂംപ്ല, ഫിലിമി ഗ്യാൻ, ഇൻസ്റ്റന്റ് ബോളിവുഡ് തുടങ്ങി നിലവിൽ പ്രശസ്തമായ പ്ലാറ്റ്‌ഫോമുകൾക്കും സ്ഥാപനങ്ങൾക്കും കീഴിലാണ് മിക്ക പാപ്പരാസികളും ഫോട്ടോഗ്രാഫർമാരും പ്രവർത്തിക്കുന്നതെന്ന് വിശാൽ പറയുന്നു. ചിലർ ഇത്തരം സ്ഥാപനങ്ങളുടെ ഭാഗമായി ജോലി ചെയ്യുമ്പോൾ, മറ്റു ചിലർ സ്വതന്ത്രമായോ അല്ലെങ്കിൽ ഇവരുമായി കരാർ ബന്ധങ്ങളിലോ പ്രവർത്തിക്കുന്നു.

ഇത്തരം വൻകിട പ്ലാറ്റ്‌ഫോമുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നവർക്ക് ഒരു നിശ്ചിത പ്രതിമാസ ശമ്പളം ലഭിക്കാറുണ്ടെന്ന് വിശാലും മറ്റുള്ളവരും വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഇൻസ്റ്റാഗ്രാം പ്രൊമോഷനുകൾ, ബ്രാൻഡ് പങ്കാളിത്തങ്ങൾ, പിആർ ഏജൻസികൾ എന്നിവ വഴി അധിക വരുമാനവും ലഭിക്കുന്നു.

സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാപ്പരാസികളുമായി പെട്ടെന്ന് ബന്ധപ്പെടുത്തി ചിന്തിക്കാത്ത മറ്റൊരു പ്രധാന വരുമാന മാർഗ്ഗം കൂടിയുണ്ട്: സിനിമാ പ്രൊമോഷനുകൾ.

ധർമ്മ പ്രൊഡക്ഷൻസ്, ടി-സീരീസ്, യാഷ് രാജ് ഫിലിംസ് തുടങ്ങിയ സിനിമാ നിർമ്മാണ കമ്പനികളും സ്‌പൈസ് പോലുള്ള പിആർ ഏജൻസികളും സിനിമകളുടെ പോസ്റ്ററുകൾ, ട്രെയിലറുകൾ, പാട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രചാരണ കണ്ടന്റുകൾക്കായി പണം നൽകുന്നുണ്ടെന്നാണ് വിശാൽ പറയുന്നത്.

അതുകൊണ്ട് തന്നെ, ഒരു ജിമ്മിന് പുറത്ത് കാത്തുനിൽക്കുന്ന ഫോട്ടോഗ്രാഫറുടെ വരുമാനം അവർ പകർത്തി വിൽക്കുന്ന ചിത്രങ്ങളിലോ വീഡിയോകളിലോ മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ പ്രൊമോഷനുകളും എന്റർടൈൻമെന്റ് മാർക്കറ്റിംഗും അടങ്ങുന്ന വലിയൊരു സാമ്പത്തിക ശൃംഖല തന്നെ ഇതിന് പിന്നിലുണ്ട്.

എന്നാൽ ഇത് പൂർണ്ണമായും സുരക്ഷിതമോ സുഖകരമോ ആയ ഒരു തൊഴിലല്ല.

സ്വതന്ത്രനായി പ്രവർത്തിക്കാൻ തുടങ്ങുന്നതിന് മുൻപ് താൻ എട്ട് വർഷത്തോളം മാനവ് മംഗ്ലാനിക്കൊപ്പം ജോലി ചെയ്തിരുന്നതായി വിശാൽ പറയുന്നു. വർഷങ്ങളായി വൈറൽ ഭയാനിക്കൊപ്പം ജോലി ചെയ്തിരുന്ന എട്ട് പേരെ അടുത്തിടെ പിരിച്ചുവിട്ടതായും അദ്ദേഹം വിശാൽ കൂട്ടിച്ചേർക്കുന്നുണ്ട്.

"ഇൻസ്റ്റാഗ്രാം പ്രൊമോഷനുകൾ കൊണ്ട് മാത്രം ഒരു ജീവിതച്ചെലവ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല, കൂടാതെ വിശ്വസനീയമായ പശ്ചാത്തലമോ വലിയ സ്ഥാപനങ്ങളുടെ പിന്തുണയോ ഇല്ലാത്ത പാപരാസികളെ പിആർ ഏജൻസികൾ പരിഗണിക്കാറുമില്ല," വിശാൽ ചൂണ്ടിക്കാട്ടുന്നു.

There is hardly anything that escapes the paparazzi’s watch—from film stars stepping out of the gym to directors chilling at cafés. For us, it may arrive as a 10-second reel, but for the paparazzi, it involves hours of waiting, bike rides through heavy traffic and even overnight shifts.

Have you ever wondered how paparazzi manage to capture celebrities so precisely and know their schedules so well? You have to admit that their dedication and commitment play a major role. Behind those candid celebrity moments lies a highly organised system involving tips, locations, contacts, teams, salaries, paid promotions and, at times, carefully negotiated boundaries.