Entertainment Special

8 മണിക്കൂർ ഷിഫ്റ്റ്: ബോളിവുഡിൽ പുതിയ പോര്! ദീപികയുടെ ഡിമാൻഡ് ന്യായമോ? സിനിമയിലെ ലാഭനഷ്ടങ്ങൾ ഇങ്ങനെ..

സിനിമയുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ വിമർശനങ്ങൾ നിലനിൽക്കുന്നു

Entertainment Desk

2001-ൽ ബോളിവുഡിന് വ്യവസായ പദവി ലഭിച്ചെങ്കിലും, അതിന്റെ പ്രായോഗിക ഗുണഫലങ്ങൾ ഇന്നും താഴെത്തട്ടിലുള്ള തൊഴിലാളികൾക്ക് അന്യമാണ്. ആയിരക്കണക്കിന് കലാകാരന്മാരുടെ വേതനവും ജോലി സാഹചര്യങ്ങളും ഇന്നും അനിശ്ചിതത്വത്തിൽ തുടരുന്നു. എട്ട് മണിക്കൂർ ജോലി സമയം എന്ന ദീപിക പദുകോണിന്റെ ആവശ്യം മറ്റ് പ്രൊഫഷണൽ മേഖലകളിലെ സ്വാഭാവികമായ മാനദണ്ഡം മാത്രമാണ്. 'ക്രിയേറ്റീവ് ജോലികൾക്ക് സമയക്രമം ബാധകമല്ല' എന്ന വാദം ഹോളിവുഡ് പോലുള്ള ആധുനിക സിനിമാ വ്യവസായങ്ങൾ തിരുത്തിക്കുറിച്ചു കഴിഞ്ഞു. ഏതൊരു വ്യവസായത്തിന്റെയും സുസ്ഥിരമായ വളർച്ചയ്ക്ക് കൃത്യമായ നിയമങ്ങളും തൊഴിൽ സുരക്ഷയും അനിവാര്യമാണ്

ഇത്തരത്തിൽ സിനിമാ മേഖലയിലെ അനിയന്ത്രിത സാഹചര്യങ്ങളെ വീണ്ടും ചർച്ചയിലേക്കു കൊണ്ടുവരാൻ ദീപികയ്ക്ക് സാധിച്ചു. ഏറെകാലമായി അസംഘടിതമായി തുടരുന്ന മേഖലകളിൽ കാണുന്ന പ്രശ്നങ്ങളുടെ പ്രതിഫലനമാണ് ഇവിടെ സംഭവിച്ചത്.

സിനിമാ സെറ്റുകളിലെ ജോലി സമയത്തെക്കുറിച്ചുള്ള ആഗോള വിമർശനങ്ങൾ കേവലം സാങ്കേതികമായ തർക്കങ്ങളല്ല, മറിച്ച് സിനിമാ വ്യവസായം ഗൗരവത്തോടെ അഭിസംബോധന ചെയ്യേണ്ട മൗലികമായ പ്രതിസന്ധിയാണ്. ബോളിവുഡിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സിനിമാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. എട്ട് മണിക്കൂർ ഷിഫ്റ്റ് എന്നത് കേവലം ഒരു ധാർമ്മിക ആവശ്യകതയല്ല; മറിച്ച് സിനിമയുടെ ഭാവി നിലനിൽപ്പിനും തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാക്കുന്നതിനും അത്യന്താപേക്ഷിതമായ ഒരു ഘടനയാണ്.

വൈവിധ്യമാർന്ന ബജറ്റുകളിലും പ്രമേയങ്ങളിലും സിനിമകൾ പിറന്നിരുന്ന കാലം മാറി, ആഗോള സിനിമാ വിപണി ഇന്ന് വമ്പൻ 'ടെന്റ്-പോൾ' (Tent-pole) പ്രൊഡക്ഷനുകളുടെ പിടിയിലാണ്. കോടികൾ മുടക്കി നിർമ്മിക്കുന്ന ഇത്തരം സിനിമകൾക്ക് ലാഭമുണ്ടാക്കാൻ കൂടുതൽ സ്ക്രീനുകളും ദീർഘകാല പ്രദർശനവും അനിവാര്യമാണ്. ഇതിന്റെ സ്വാഭാവിക പ്രത്യാഘാതം അനുഭവിക്കുന്നത് ഇടത്തരം-ചെറു ബജറ്റ് സിനിമകളാണ്; അവയുടെ പ്രദർശന അവസരങ്ങൾ ഗണ്യമായി ചുരുങ്ങുന്നു. ഫലത്തിൽ, പുതുമയാർന്ന പ്രമേയങ്ങളുമായി എത്തുന്ന യുവ സംവിധായകർക്കും പരീക്ഷണാത്മക സിനിമകൾക്കും തിയേറ്ററുകളിൽ ഇടം കണ്ടെത്തുക എന്നത് ഇന്ന് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു

ഈ സാമ്പത്തിക കേന്ദ്രീകരണം ഒരു സൈക്കിൾ പോലെയാണ് പ്രവർത്തിക്കുന്നത്. വലിയ നിക്ഷേപങ്ങൾ സംഭവിക്കുന്നതിലൂടെ പല സിനിമകളും താരകേന്ദ്രിതമാകുയാണ്. ബോക്സ് ഓഫീസിലെ അനിശ്ചിതത്വം കുറയ്ക്കാൻ 'ബ്രാൻഡ് വാല്യൂ' ഉള്ള താരങ്ങൾ ആവശ്യമായി വരുന്നു. ഇതോടെ ‘വലിയ സിനിമകൾക്ക് വലിയ താരങ്ങൾ, വലിയ താരങ്ങൾക്ക് ഉയർന്ന പ്രതിഫലം’ എന്ന വികാസം സംഭവിക്കുന്നു. ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ചെലവ് നിയന്ത്രിക്കാൻ സമ്മർദ്ദം കൂടുകയും, കൂടുതൽ ആളുകളും കുറഞ്ഞ പ്രതിഫലത്തിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടിയും വരാൻ നിർബന്ധിതരാകുകയും ചെയ്യുന്നു എന്ന പ്രതിലോമകരമായ സ്ഥിതിവിശേഷമാണ്.

നിർഭാഗ്യവശാൽ പലപ്പോഴും ഇതിനെല്ലാം ഇരകളാവുന്നത് സ്ത്രീകളാണ്. ചിത്രത്തിൽ അഭിനയിക്കുന്ന നായകന് പലപ്പോഴും അവരുടെ മാർക്കറ്റിന്റെ അടിസ്ഥാനത്തിൽ മുൻപോട്ട് വെക്കുന്ന എല്ലാ നിബന്ധനകളും പാലിക്കപ്പെട്ട് അസൗകര്യങ്ങളുണ്ടാവാതെ പ്രവർത്തിക്കാനും അഭിനയിക്കാനും സാധിക്കും. നേരെ മറിച്ച് ഈ വിഷയത്തിൽ അഭിനേത്രികൾക്ക് പ്രകടമായ വിവേചനവും നേരിടേണ്ടി വരുന്നു.

ഇത്തരത്തിൽ സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ്, കൽക്കി 2 എന്നീ ചിത്രങ്ങളിൽ നിന്ന് ദീപിക പിന്മാറിയതോടെയായിരുന്നു ബോളിവുഡിൽ ജോലിസമയത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. വിഷയത്തിൽ ദീപിക ഉന്നയിച്ച 8 മണിക്കൂർ ജോലി സമയത്തെ തള്ളിയതോടെ ദീപിക പ്രതികരിച്ചത് 'താനൊരു സ്ത്രീയായതുകൊണ്ടാണ് എട്ടു മണിക്കൂർ ഷിഫ്റ്റ് വലിയൊരു വാർത്തയാക്കി മാറ്റിയതെന്നും, ഇന്ത്യൻ സിനിമയിലെ പല സൂപ്പർ സ്റ്റാറുകളും വർഷങ്ങളായി പാലിക്കുന്നത് എട്ടു മണിക്കൂർ മാത്രം ജോലി ചെയ്യുന്നതെന്നും, അവരിൽ പലരും തിങ്കൾ മുതൽ വെള്ളി വരെ മാത്രമാണ് ഷൂട്ടിന് എത്തുന്നതെന്നും പക്ഷെ ഒരിക്കലും ഇതൊന്നും വലിയ ചർച്ചയായിട്ടില്ല. താനൊരു സ്ത്രീയായതിനാൽ തന്റെ ആവശ്യം മുന്നോട്ടുവെച്ചപ്പോൾ അത് 'അഹങ്കാരമായി' ചിത്രീകരിക്കപ്പെട്ടുവെന്നുമായിരുന്നു.

എത്രയൊക്കെ പുരോഗമനം പ്രാപിച്ചിട്ടും സ്ത്രീ പുരുഷ വ്യത്യാസം എല്ലാ മേഖലയിലും പാരമ്പര്യമായി തുടരുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ദീപിക ചൂണ്ടി കാണിച്ചത്.

English Summary: Deepika Padukone’s call for eight-hour workdays has reignited debates on poor working conditions, gender bias, and the dominance of big-budget, star-driven films in the Indian film industry.