Entertainment Special

Patriot Movie Review: താരഗിമ്മിക്കുകൾക്കു മാത്രമായുള്ള സിനിമയല്ല, പെർഫക്ഷൻ അവകാശപ്പെടാനുമില്ല; സാങ്കേതികത്തികവിൽ പിടിച്ചുനിന്ന 'പേട്രിയറ്റ്'

Patriot Movie Review: മനുഷ്യന്റെ സ്വകാര്യതയ്ക്കു മേൽ ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന കടന്നുകയറ്റവും അതിനെതിരായ 'വിമത' പോരാട്ടവുമാണ് 'പേട്രിയറ്റ്' പറയുന്നത്

Milan George

Patriot Movie Review: 18 വർഷത്തിനുശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമ്പോൾ അത് താരഗിമ്മിക്കുകൾക്കു വേണ്ടി മാത്രം പടച്ചുവിട്ട സിനിമയല്ലെന്ന് ആശ്വസിക്കാം. അപ്പോഴും മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങളും സൂപ്പർനടൻമാരും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കു കിട്ടേണ്ട 'ആത്മനിർവൃതി'യിലേക്കു 'പേട്രിയറ്റ്' എത്തിയിട്ടുമില്ല. അപ്പോഴും സമീപകാലത്ത്, അല്ലെങ്കിൽ മലയാളത്തിൽ വളരെ ചുരുക്കമായി കാണുന്ന തരത്തിലുള്ള 'ടെക്‌നിക്കൽ പെർഫക്ഷൻ' മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റി'നു അവകാശപ്പെടാനുമുണ്ട്.

Patriot

മനുഷ്യന്റെ സ്വകാര്യതയ്ക്കു മേൽ ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന കടന്നുകയറ്റവും അതിനെതിരായ 'വിമത' പോരാട്ടവുമാണ് പേട്രിയറ്റിന്റെ പ്ലോട്ട്. വളരെ ഗൗരവമുള്ള ഒരു വിഷയത്തെ അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ അവതരിപ്പിക്കാൻ മഹേഷ് നാരായണനു സാധിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി ജെ.പി.സുന്ദരം, മകൻ ശക്തി സുന്ദരം എന്നിവർ അധികാരമുപയോഗിച്ച് രാജ്യത്തെ സാധാരണക്കാരായ മനുഷ്യരുടെ സ്വകാര്യവിവരങ്ങളെ കച്ചവടച്ചരക്കാക്കുകയും ശാസ്ത്ര ഉപദേഷ്ടാവായിരുന്ന ഡോ. ഡാനിയേൽ ജെയിംസ് അതിനെതിരെ ഒറ്റയാൾ പോരാട്ടം നയിക്കുകയും അതിനിടയിലുണ്ടാകുന്ന നാടകീയ സംഭവങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ. ഡാനിയേൽ ജെയിംസ് എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടിയെത്തുന്നു.

സിനിമയുടെ ആദ്യ പകുതിയിൽ പ്രേക്ഷകരെ പ്ലോട്ടിലേക്ക് എത്തിക്കുന്നതിലും കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിപ്പിക്കുന്നതിലും തിരക്കഥയും സംവിധാനവും വിജയിച്ചിരിക്കുന്നു. ഇന്റർവെൽ ബ്ലോക്ക് സിനിമയെ 'ഹൈ മൊമന്റി'ലേക്ക് എത്തിക്കുന്നുണ്ട്. പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ഇന്റർവെലിനു മുൻപുള്ള 10 മിനിറ്റ് സൃഷ്ടിക്കുന്നത്.

Patriot Stars with Director

രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ഡാനിയേൽ ജെയിംസിന്റെ മിഷനിലേക്ക് സഹായിക്കാനെത്തുന്ന കേണൽ റഹീം നായിക് എന്ന സുഹൃത്ത് കഥാപാത്രമായി മോഹൻലാലിനെ കാണാം. രണ്ട് സൂപ്പർതാരങ്ങൾ ഒന്നിക്കുമ്പോൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമാറ്റിക് എക്‌സ്പീരിയൻസ് അതിശയോക്തി ഇല്ലാതെ സംവിധായകൻ നൽകുന്നുമുണ്ട്.

എന്നാൽ രണ്ടാം പകുതി മുന്നോട്ടു പോകും തോറും സിനിമയുടെ ഒഴുക്കിന്റെ ചടുലതയും വേഗവും നഷ്ടപ്പെടുന്നു. പിന്നീട് ഒരു മീഡിയോകോർ എക്‌സ്പീരിയൻസിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സിനിമ അവസാനിക്കുമ്പോൾ 'കൂടുതൽ നന്നാക്കാമായിരുന്നു' എന്നൊരു തോന്നൽ പ്രേക്ഷകർക്കു തോന്നിയേക്കാം. രണ്ടാം പകുതിയിൽ തിരക്കഥ ട്രിം ചെയ്യുകയും അവതരണത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും ചെയ്തിരുന്നെങ്കിൽ 'പേട്രിയറ്റ്' വളരെ മികച്ച സിനിമാറ്റിക് എക്‌സ്പീരിയൻസും മലയാളത്തിനു 'പാൻ ഇന്ത്യൻ' സിനിമയായി അവതരിപ്പിക്കാനും കഴിയുമായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ സിനിമയുടെ നട്ടെല്ലാണ്. ഒരിടത്ത് പോലും ആ കഥാപാത്രങ്ങളുടെ സംഗമം കച്ചവട താൽപ്പര്യത്തെ മുൻനിർത്തിയാണെന്ന് തോന്നിപ്പിക്കുന്നില്ല. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സറിൻ ഷിഹാബ് അവതരിപ്പിച്ച കഥാപാത്രം സിനിമയിൽ വളരെ പ്രാധാന്യമുള്ളതും മികച്ചതുമാണ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ കൂടുതൽ കൺവിൻസിങ് ആയതും മികച്ച പ്രകടനമായി തോന്നിയതും ഈ കഥാപാത്രത്തെയാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി എന്നിവരുടെ കഥാപാത്രങ്ങളും മോശമാക്കിയിട്ടില്ല.

സാങ്കേതികമായി വളരെ മികവ് പുലർത്തുന്നുണ്ട് 'പേട്രിയറ്റ്'. അതിൽ എടുത്തുപറയേണ്ടത് സുഷിൻ ശ്യാമിന്റെ സംഗീതവും മനുഷ് നന്ദന്റെ ക്യാമറയുമാണ്. മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽനിന്ന് ടെക്‌നിക്കൽ ക്വാളിറ്റിയിൽ 'കോംപ്രമൈസ്' ചെയ്യാതെ വന്ന ചുരുക്കം സിനിമകളിൽ പേട്രിയറ്റിനും സ്ഥാനമുണ്ട്.

ലാസ്റ്റ് വേർഡിക്ട്: ശരാശരിക്കു മുകളിൽ നിൽക്കുന്ന തിരക്കഥയും സംവിധാനവും. ഈ പോരായ്മകളെ ഒരുപരിധി വരെ മറികടക്കുന്ന സാങ്കേതികത്തികവ്. തിയറ്റർ എക്‌സ്പീരിയൻ ഡിമാൻഡ് ചെയ്യുന്നുണ്ട് മഹേഷ് നാരായണന്റെ 'പേട്രിയറ്റ്'.

English Summary: Patriot directed by Mahesh Narayanan is a technically strong political thriller exploring privacy invasion by governments and corporates. While the film avoids unnecessary superstar gimmicks and features impactful performances by Mammootty and Mohanlal, the second half slightly loses pace despite maintaining cinematic quality.