Environment

കടിയേൽക്കുന്നവരുടെ എണ്ണം വരുംകാലങ്ങളിൽ കൂടും, മനുഷ്യർക്കു വലിയ ഭീഷണിയായി പാമ്പുകളുടെ ആവാസവ്യവസ്ഥയിലെ മാറ്റം; കാരണം കണ്ടെത്തി ഗവേഷകർ

പാമ്പുകടിയേറ്റ് ലോകത്ത് ശരാശരി 1,38,000 പേരാണ് എല്ലാവർഷവും മരിക്കുന്നത്

Madism Desk

കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനയുണ്ടായ മാസങ്ങളാണ് കടന്നുപോയത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസങ്ങളിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ, പാമ്പുകളെ വ്യാപകമായി കാണുന്ന സ്ഥിതിയുണ്ടായി. എന്തായിരിക്കും ഇതിനു കാരണം? ചൂട് വർധിക്കുന്നത് ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനം പോലുളള ഉത്തരം ഏറെക്കുറെ നമുക്ക് മുന്നിലുണ്ടെങ്കിലും അതിനൊരു കൃത്യമായ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആഗോളതാപനമടക്കമുള്ള കാരണങ്ങളാൽ പാമ്പുകൾ ആവാസ വ്യവസ്ഥ മാറ്റുന്നതു ക്രമാതീതമായി വർധിച്ചുവെന്നും വരുംകാലങ്ങളിൽ ഇത് അനിയന്ത്രിതമായി കൂടാമെന്നുമാണ് സമീപകാല പഠനം പറയുന്നത്.

ഭൂമിയിൽ ചൂട് കൂടുന്നതാണ് പാമ്പുകൾ മാളം വിട്ടിറങ്ങുന്നതിന് പ്രധാനകാരണം. ഇതുകാരണം കേരളത്തിൽ ഉൾപ്പെടെ, ലോകത്തെമ്പാടും പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. പാമ്പുകടിയേറ്റ് എല്ലാവർഷവും ശരാശരി 1,38,000 പേരാണ് ആഗോളതലത്തിൽ മരിക്കുന്നത്.

ആഗോളതാപനവും ലോകത്തുണ്ടാവുന്ന മാറ്റങ്ങളുമൊക്കെ മിക്ക ജീവിവർഗങ്ങളുടെയും ആവാസവ്യവസ്ഥയിൽ ഇടിവ് സംഭവിക്കാൻ കാരണമാകും. പാമ്പിന്റെയും കൊതുകിന്റെയും എണ്ണത്തിൽ വൻ വർധനവുണ്ടാക്കുമെന്ന് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഏറ്റവും അപകടകാരികളായ പാമ്പുകളുടെ എണ്ണം ഗണ്യമായി വർധിച്ചേക്കുമെന്നു മാത്രമല്ല, അവ മുമ്പ് കണ്ടിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് കോടിക്കണക്കിനു മനുഷ്യരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ചൂട് കൂടുന്നതിലൂടെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് പാമ്പുകൾ തന്നെയാണെന്നാണ് പഠനം പറയുന്നത്. ആഫ്രിക്കയിലെ പഫ് ആഡറുകൾ, ആമസോണിലെ കോറൽ പാമ്പുകൾ, പാപുവ ന്യൂ ഗിനിയയിലെ ഓസ്ട്രേലിയയിലെയും കോപ്പർഹെഡുകൾ ഉൾപ്പെടെ നിരവധി ഇനങ്ങൾ, ചൂട് കൂടുന്നതും വനങ്ങൾ, ചതുപ്പുനിലങ്ങൾ, പുൽപ്രദേശങ്ങൾ എന്നിവ റാഞ്ചുകളായും നഗരങ്ങളായും ഏകവിള കൃഷിയിടങ്ങളായും മാറുന്നതും മൂലം വലിയ വെല്ലുവിളി നേരിടും. ചില ഇനങ്ങൾ വംശനാശ ഭീഷണിയിലേക്കു പോലും നീങ്ങാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഡേറ്റബേസുകൾ, സിറ്റിസൺ സയൻസ് പ്ലാറ്റ്ഫോമുകൾ, മ്യൂസിയം രേഖകൾ, ശാസ്ത്രീയ പഠനങ്ങൾ, വിദഗ്ധരുടെ നിരീക്ഷണങ്ങൾ എന്നിവ ഉപയോഗിച്ച്, ഗവേഷകർ, വൈദ്യശാസ്ത്രപരമായി പ്രാധാന്യമുള്ള 508 പാമ്പിനങ്ങളുടെ വ്യാപ്തി ഒരു ചതുരശ്ര കിലോമീറ്റർ വരെ കൃത്യതയോടെ മാപ്പ് ചെയ്തു. തുടർന്ന്, 2050ലും 2090ലും ഉയരുന്ന താപനില മനുഷ്യജനസംഖ്യയുമായുള്ള ഇവയുടെ സമ്പർക്കത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി.

വർഷാവർഷം ഏകദേശം 40 ലക്ഷം ആളുകൾക്ക് പാമ്പുകടിയേൽക്കുന്നുണ്ടെന്നാണ് പിഎൽഒഎസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കൽ ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. ഇതിൽ ഭൂരിഭാഗവും സംഭവിക്കുന്നത് തെക്കേ എഷ്യയിലും.

ഇവയിൽ കൂടുതലും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. ബഹുഭൂരിപക്ഷവും സർപ്പദംശനങ്ങളും അപകടകരമല്ല, പക്ഷേ പ്രതിവർഷം 1,38,000 മരണവും 4,00,000 വൈകല്യങ്ങളും ഉണ്ടാകുന്നു. ഇതിൽ പകുതിയും ദക്ഷിണേഷ്യയിലാണ്.

വർഷങ്ങൾക്കുള്ളിൽ, ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ജീവിവർഗങ്ങൾ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നും അതുവഴി, ഇത്തരം പ്രശ്നങ്ങൾ മുമ്പ് നേരിട്ടിട്ടില്ലാത്ത ആളുകളുമായി അവ സമ്പർക്കത്തിലാകുമെന്നും മെൽബോൺ സർവകലാശാലയിലെ പ്രൊഫസറും പഠനറിപ്പോർട്ടിന്റെ രചയിതാക്കളിലൊരാളുമായ ഡേവിഡ് വില്യംസ് പറയുന്നു.

ചില പാമ്പുകൾ പുതിയ പ്രദേശങ്ങളിലേക്ക് മാറാനാണ് സാധ്യത. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പ് എന്ന് അറിയപ്പെടുന്ന ബ്ലാക്ക് മാമ്പ കെനിയയുടെ തീരപ്രദേശങ്ങളിൽനിന്നും എത്യോപ്യയുടെ, എറിട്രിയ, കോംഗോ, ജിബൌട്ടി എന്നിവിടങ്ങളിലെ പല ഭാഗങ്ങളിൽ നിന്നും പിന്മാറാൻ സാധ്യതയുണ്ട്. അതേസമയം ദക്ഷിണാഫ്രിക്ക, നൈജീരിയ, എന്നിവിടങ്ങളിലേക്ക് ഇവ വ്യാപിച്ചേക്കും. ചില രാജ്യങ്ങളിൽ കൃഷിയിടങ്ങളിലോ ജലസ്രോതസുകൾക്കരികിലോ മനുഷ്യരെ ഇവ ആക്രമിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റിടങ്ങളിൽ കളിസ്ഥലങ്ങൾക്കരികിലോ ഓട്ടപ്പാതകളിലോ ഇവയെ കാണേണ്ടി വരാമെന്നും അടുത്ത തവണ ജോഗിംഗിന് പോകുമ്പോൾ പോലും ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകാമെന്നുമാണ് അദ്ദേഹം തമാശയായി ചൂണ്ടിക്കാട്ടുന്നത്.

പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, ഏത് പ്രദേശത്തെ ആളുകളെയാണ് പാമ്പുകൾ ഏറ്റവുമധികം ബാധിക്കുകയെന്ന് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ശാസ്ത്രജ്ഞർ. റിപ്പോർട്ട് കൂടുതൽ ആന്റെിവെനം വാങ്ങി സൂക്ഷിക്കാനും ആരോഗ്യസംവിധാനങ്ങൾ കാര്യക്ഷമമാക്കാനും രാജ്യങ്ങൾക്കൊരു പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ.

English Summary:

A recent study says that the global snake population has increased and could rise uncontrollably in the coming years. On average, around 138,000 people die globally every year due to snakebites. The study report also points out that global warming and other changes occurring across the world could lead to a massive increase in the populations of snakes and mosquitoes.