Explainer

അണയാത്ത തർക്കവും കത്താത്ത വിളക്കും: വിജയ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ദീപത്തൂൺ വിവാദം; സുപ്രീംകോടതിയുടെ നടപടിക്ക് പിന്നിലെ നൂറ്റാണ്ടിന്റെ ചരിത്രം

കാർത്തിക വിളക്ക് ദിവസമായ നവംബർ 24ന് വിവാദമായ ദീപത്തൂണിൽ വിളക്ക് തെളിയിക്കാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്

Madism Desk

തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പരങ്കുണ്ഡ്രം മലനിരകൾ വീണ്ടും ദേശീയ ശ്രദ്ധയുടെയും നിയമപോരാട്ടത്തിന്റെയും കേന്ദ്രബിന്ദുവാകുകയാണ്. കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ സി ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാരിനെതിരെ സുപ്രീംകോടതി അസാധാരണമായ കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് കടന്നത്.

ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കം പതിനഞ്ച് ഉന്നത ഉദ്യോഗസ്ഥർക്കും ക്ഷേത്ര ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ച പരമോന്നത കോടതി, തിരുപ്പരങ്കുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോർഡിനെ സസ്‌പെൻഡ് ചെയ്യുകയും മലനിരയുടെയും ക്ഷേത്രത്തിന്റെയും സുരക്ഷാ ചുമതല കേന്ദ്രസേനയായ സിആർപിഎഫിനെ ഏൽപ്പിക്കുകയും ചെയ്തു.

നവംബർ 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലംഘിച്ച്, കാർത്തിക വിളക്ക് ദിവസമായ നവംബർ 24ന് വിവാദമായ ദീപത്തൂണിൽ വിളക്ക് തെളിയിക്കാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച്, ശനിയാഴ്ചയായ നവംബർ ഇരുപത്തിയെട്ടിന് തന്നെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന് കർശന നിർദേശം നൽകി. ഇതിന് മേൽനോട്ടം വഹിക്കാനായി വിരമിച്ച ജഡ്ജിമാരായ വൈദ്യനാഥൻ, പാർത്ഥിബൻ എന്നിവരെ റിസീവർമാരായി നിയമിച്ചിരിക്കുകയാണ്.

തമിഴ്‌നാട് പൊലീസിന് കോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, ക്ഷേത്രത്തിലെയും സമീപത്തെ ദർഗയിലെയും വിശ്വാസികൾക്ക് സമാധാനപരമായി ആരാധന നടത്താനുള്ള സാഹചര്യം സിആർപിഎഫ് ഉറപ്പാക്കണമെന്നും നിർദേശിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ പതിനഞ്ച് പേർക്കും നോട്ടീസ് നേരിട്ട് കൈമാറി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്താണ് തിരുപ്പരങ്കുണ്ഡ്രം ദീപത്തൂൺ തർക്കം?

തലമുറകളായി സമാധാനപരമായി ആഘോഷിച്ചിരുന്ന കാർത്തിക ദീപം എങ്ങനെയാണ് രണ്ട് മുഖ്യമന്ത്രിമാരുടെയും ജഡ്ജിമാരുടെയും പുരാവസ്തു ​ഗവേഷകരുടെയും ആറായിരത്തോളം പൊലീസുകാരുടെയും ഇടപെടൽ വേണ്ടിവരുന്ന വലിയ രാഷ്ട്രീയ-നിയമ പ്രതിസന്ധിയായി മാറിയത് എന്നറിയാൻ തിരുപ്പരങ്കുണ്ഡ്രം മലയുടെ ഭൂമിശാസ്ത്രം പരിശോധിക്കേണ്ടതുണ്ട്. മുരുകന്റെ ആറ് പ്രധാന ആവാസകേന്ദ്രങ്ങളിൽ ഒന്നായ അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഈ മലയുടെ അടിവാരത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് മുകളിലായി മലഞ്ചെരിവിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തോട് ചേർന്ന ദീപമണ്ഡപത്തിലാണ് വർഷങ്ങളായി കാർത്തിക ദീപം തെളിയിച്ചുവരുന്നത്. താഴെയുള്ള പ്രധാന പ്രതിഷ്ഠയായ മൂലവരുടെ നേർമുകളിലായാണ് ഈ ദീപമണ്ഡപം സ്ഥിതി ചെയ്യുന്നതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വാദം.

മലയുടെ മറ്റൊരു ഭാ​ഗത്താണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ദർ​ഗ സ്ഥിതി ചെയ്യുന്നത്. നെല്ലിത്തോപ്പ് വഴിയുള്ള പാതയിലൂടെയാണ് ഇവിടേക്ക് എത്തുന്നത്. ജൈന ശിലാശയ്യകളും തമിഴ്-ബ്രാഹ്മി ലിഖിതങ്ങളും നിറഞ്ഞ ചരിത്രപ്രാധാന്യമുള്ള മേഖല കൂടിയാണിത്. ഈ ​ദർ​ഗയിൽ നിന്ന് ഏകദേശം അൻപത് മീറ്റർ മാത്രം അകലെയുള്ള ഒരു കൽത്തൂണിലാണ് ഒരു രണ്ടാം ദീപം കൂടി തെളിയിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകളും ഹർജിക്കാരും രംഗത്തെത്തിയത്. ഈ കൽത്തൂണിനെ ദീപത്തൂൺ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തേതിന് സമാനമായി ഈ വർഷവും നവംബർ ഇരുപത്തിനാലിന് വൈകിട്ട് ആറ് മണിക്ക് ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രം ദീപം തെളിഞ്ഞപ്പോൾ ദർഗയ്ക്ക് സമീപമുള്ള ഈ തൂൺ ഇരുട്ടിൽ തന്നെ തുടർന്നു.

പുരാതന ദീപസ്തംഭമോ അതോ ബ്രിട്ടീഷ് സർവേ തൂണോ?

വിവാദമായ ഈ കൽത്തൂണിന്റെ യഥാർത്ഥ ചരിത്രത്തെക്കുറിച്ച് തമിഴ്നാട് സർക്കാർ അടുത്തിടെ പുറത്തുവിട്ട അഞ്ച് വാല്യങ്ങളുള്ള സർവേ റിപ്പോർട്ട് തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് നൽകുന്നത്. 1802ൽ ചെന്നൈയിലെ സെന്റ് തോമസ് മൗണ്ടിൽ നിന്ന് ബ്രിട്ടീഷുകാർ ആരംഭിച്ച ​ഗ്രേറ്റ് ട്രി​ഗണോമെട്രിക്കൽ സർവേയുടെ ഭാ​ഗമായി സ്ഥാപിച്ച ഏകദേശം നൂറ്റിത്തൊണ്ണൂറ്റിരണ്ട് സർവേ കേന്ദ്രങ്ങൾ കണ്ടെത്താൻ രണ്ടായിരത്തി ഇരുപത്തിയഞ്ച് ഡിസംബറിൽ സംസ്ഥാന റവന്യൂ വകുപ്പ് ഉത്തരവിട്ടിരുന്നു.

പഴയ വില്ലേജ് മാപ്പുകളും രേഖകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് സർവേ ആൻഡ് സെറ്റിൽമെന്റ് വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ബ്രിട്ടീഷ് രേഖകളിൽ സിക്കന്ദർമല എന്ന് രേഖപ്പെടുത്തിയിട്ടുള്ള തിരുപ്പരങ്കുണ്ഡ്രം കുന്നിൽ നിന്ന് മധുര മീനാക്ഷി അമ്മൻ ക്ഷേത്രം അടക്കമുള്ള മറ്റ് അടയാളങ്ങളിലേക്കുള്ള കോണളവുകൾ പഴയ സർവേ രേഖകളുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സംഘം കണ്ടെത്തി.

മാത്രമല്ല, ഈ കല്ലിൽ നടുവിൽ കുത്തുള്ള വൃത്തത്തിന്റെ രൂപത്തിലുള്ള ബ്രിട്ടീഷ് സർവേ സ്റ്റേഷൻ അടയാളവും പതിഞ്ഞിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്തിയാറ് ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ കണ്ടെത്തിയ നാനൂറ്റി എൺപത്തിനാല് സർവേ കേന്ദ്രങ്ങളിൽ രണ്ടാം നിര കേന്ദ്രമായിട്ടാണ് തിരുപ്പരങ്കുണ്ഡ്രം തൂണിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ദർഗയ്ക്ക് താഴെയായി ലിഖിതങ്ങളുള്ള മറ്റൊരു ദീപത്തൂൺ ഉണ്ടെന്നും സംസ്ഥാന സർക്കാരിന്റെ ഭൂപടം ചൂണ്ടിക്കാട്ടുന്നു.

ഈ തർക്കത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ഒരു നൂറ്റാണ്ട് മുൻപുള്ള ഭൂമി തർക്കത്തിലേക്കാണ്. 1915-16 കാലഘട്ടത്തിൽ നെല്ലിത്തോപ്പിൽ ഒരു മണ്ഡപം നിർമിക്കാൻ മലയിൽ നിന്ന് കല്ല് പൊട്ടിക്കാൻ ദർഗാ ഭാരവാഹികൾ ശ്രമിച്ചതിനെ ക്ഷേത്രം എതിർത്തതോടെയാണ് നിയമപോരാട്ടത്തിന് തുടക്കമാകുന്നത്. ഇരു സമുദായങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു വിശ്രമകേന്ദ്രം നിർമിക്കാൻ അന്നത്തെ ബ്രിട്ടീഷ് കളക്ടർ ജി എഫ് പാഡിസൺ നിർദേശിക്കുകയും ദർഗാ ഭാരവാഹികൾ അത് അംഗീകരിക്കുകയും ചെയ്തെങ്കിലും ക്ഷേത്രം കോടതിയെ സമീപിക്കുകയായിരുന്നു.

ഒടുവിൽ ലണ്ടനിലെ പ്രിവി കൗൺസിൽ വരെ എത്തിയ കേസിൽ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്നിൽ നിർണായക വിധിയുണ്ടായി. നെല്ലിത്തോപ്പ്, പള്ളി നിൽക്കുന്ന സ്ഥലം, കൊടിമരം, അവിടേക്കുള്ള പടവുകൾ എന്നിവ ഒഴികെയുള്ള മലയുടെ ബാക്കി ഭാഗം ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന മധുര കീഴ്ക്കോടതിയുടെ കണ്ടെത്തൽ പ്രിവി കൗൺസിൽ ശരിവെച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം ഇരുപക്ഷവും തങ്ങളുടെ വാദങ്ങൾക്ക് ആധാരമാക്കുന്നത് ഇതേ ഉത്തരവിനെയാണ്. മലയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് ക്ഷേത്രപക്ഷം വാദിക്കുമ്പോൾ, വിവാദ തൂണിലേക്കുള്ള വഴി ദർഗയിലൂടെയാണെന്നും ഉടമസ്ഥതയും വഴിയവകാശവും സിവിൽ കോടതിയിലൂടെ തീർപ്പാക്കേണ്ടതാണെന്നുമാണ് വഖഫ് ബോർഡിന്റെ നിലപാട്.

തൊണ്ണൂറുകളിലാണ് ദീപം തെളിയിക്കൽ ഒരു സംഘടിത പ്രക്ഷോഭമായി മാറിയത്. ഉച്ചിപ്പിള്ളയാർ മണ്ഡപമാണ് പതിവ് സ്ഥലമെന്ന് അംഗീകരിച്ച 1996-ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്, ഭാവിയിൽ മതിയായ അനുമതികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും മറ്റൊരു സ്ഥലം പരിഗണിക്കാൻ ക്ഷേത്രഭരണകൂടത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നു. ഈ പരാമർശമാണ് ഹർജിക്കാർ പിന്നീട് ആയുധമാക്കിയത്. എന്നാൽ കൃത്യമായ ആചാരത്തെളിവില്ലാതെ പുതിയ കീഴ്‌വഴക്കങ്ങൾ തുടങ്ങരുതെന്ന രണ്ടായിരത്തി പതിനേഴിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിനെയാണ് സംസ്ഥാന സർക്കാർ എക്കാലവും ആശ്രയിച്ചത്.

സ്റ്റാലിനിൽ നിന്ന് വിജയ്‌യിലേക്ക്

2025 ഡിസംബർ ഒന്നിന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ പുറപ്പെടുവിച്ച ഉത്തരവാണ് തർക്കത്തെ ആളിക്കത്തിച്ചത്. പഴയ വിധിയുടെ അടിസ്ഥാനത്തിൽ വിവാദ തൂൺ ക്ഷേത്രഭൂമിയിലാണെന്ന് നിരീക്ഷിച്ച അദ്ദേഹം അവിടെയും വിളക്ക് തെളിയിക്കാൻ നിർദേശിച്ചു. ക്ഷേത്രഭരണകൂടം അത് നടപ്പാക്കാതിരുന്നതോടെ ഹർജിക്കാരനും മറ്റ് പത്ത് പേർക്കും സിഐഎസ്എഫ് അകമ്പടിയോടെ മലകയറാൻ അദ്ദേഹം അനുമതി നൽകി. എന്നാൽ തമിഴ്‌നാട് പൊലീസ് വഴി തടഞ്ഞതോടെ ഹിന്ദു മുന്നണി പ്രവർത്തകരുമായി സംഘർഷമുണ്ടാവുകയും കല്ലേറിൽ ആറ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നാലും സംസ്ഥാനത്തിന്റെ നിലപാടിൽ ഉറച്ചുനിൽക്കാനാണ് അന്നത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നത്. പിന്നീട് 2026 ജനുവരിയിൽ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

അധികാരമാറ്റത്തിന് ശേഷം മുഖ്യമന്ത്രിയായ തമിഴക വെട്രി കഴകം നേതാവ് സി. ജോസഫ് വിജയ്‌യുടെ മുന്നിൽ ഇതേ പ്രതിസന്ധി എത്തിയത് കൂടുതൽ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലാണ്. 228 അംഗ നിയമസഭയിൽ നൂറ്റിയെട്ട് സീറ്റുകളുമായി ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്ന വിജയ്‌യ്ക്ക് കോൺഗ്രസ്, മുസ്ലീം ലീഗ്, വി സി കെ, സിപിഐ, സിപിഎം എന്നീ കക്ഷികളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. പതിവ് സ്ഥലത്ത് മാത്രം ദീപം തെളിയിച്ചാൽ മതിയെന്ന നിലപാടിലാണ് ഇടതുപക്ഷവും വിസികെയും, മതസൗഹാർദം സംരക്ഷിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. ദർഗയ്ക്ക് സമീപം രണ്ടാമതൊരു വിളക്ക് തെളിയിക്കാൻ കൂട്ടുനിന്നാൽ സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമാകുമെന്ന രാഷ്ട്രീയ യാഥാർത്ഥ്യമാണ് വിജയ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.

ഉത്തരവ് ലംഘിച്ചത് ആര്? കോടതിയിൽ പരസ്പരവിരുദ്ധ വാദങ്ങൾ

ഈ വർഷത്തെ ഉത്സവത്തിന് മാത്രമായി ഒരു തവണ ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കണമെന്നായിരുന്നു നവംബർ ഇരുപതിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഉടമസ്ഥാവകാശവും ആചാരങ്ങളും പിന്നീട് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേത്രഭരണകൂടം നിർദേശിക്കുന്ന ചെറിയൊരു സംഘത്തിന് സൗകര്യം ഒരുക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട് നൽകിയ പുനഃപരിശോധനാ ഹർജിയിൽ സ്റ്റേ ലഭിക്കാതിരുന്നിട്ടും, ഭരണഘടനയുടെ നൂറ്റിനാൽപ്പത്തിനാലാം അനുച്ഛേദം പ്രകാരം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചിട്ടും നവംബർ ഇരുപത്തിനാലിന് വിളക്ക് തെളിഞ്ഞില്ല. പ്രതിഷേധവുമായെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അടക്കമുള്ള നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കുകയും ചെയ്തു.

ഉത്തരവ് നടപ്പാക്കാത്തതിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ മധുര കളക്ടർ നിഷാന്ത് കൃഷ്ണ, താൻ പലതവണ യോഗങ്ങൾ വിളിക്കുകയും കത്തുകൾ അയക്കുകയും ചെയ്തിട്ടും വിളക്ക് തെളിയിക്കേണ്ടവരുടെ പേരുകൾ ക്ഷേത്രഭരണകൂടം കൈമാറിയില്ലെന്നാണ് ബോധിപ്പിച്ചത്. രാത്രി എട്ടരയോടെ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചതെന്നും, ആഗമശാസ്ത്രങ്ങളും ചരിത്രപരമായ തുടർച്ചയും പൂജാരിമാരായ സ്ഥാനികരുടെ അഭിപ്രായവും കണക്കിലെടുത്ത് പതിവ് സ്ഥലത്ത് തന്നെ ദീപം തെളിയിക്കാൻ ട്രസ്റ്റികൾ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും കളക്ടർ അറിയിച്ചു. എന്നാൽ തങ്ങളോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നാല് സ്ഥാനികരും വ്യക്തമാക്കിയതായും, നേരത്തെ എടുത്ത തീരുമാനത്തിന് ന്യായീകരണം ചമയ്ക്കാൻ സർക്കാരും ട്രസ്റ്റികളും അവസാന നിമിഷം ഉണ്ടാക്കിയ പ്രമേയമാണിതെന്നും ഹിന്ദു ഹർജിക്കാർ തിരിച്ചടിച്ചു.

ഈ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് സംസ്ഥാന ഭരണകൂടത്തെയും പൊലീസിനെയും പൂർണമായി മാറ്റിനിർത്തിക്കൊണ്ട്, റിസീവർമാരുടെയും സിആർപിഎഫിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിൽ നവംബർ ഇരുപത്തിയെട്ടിന് ദീപം തെളിയിക്കാൻ സുപ്രീംകോടതി കല്പിച്ചിരിക്കുന്നത്. നിയമപോരാട്ടവും രാഷ്ട്രീയ ബലാബലവും കൊടുമ്പിരിക്കൊള്ളുമ്പോഴും, തീർത്ഥാടകരെയും വിവാഹങ്ങളെയും ആശ്രയിച്ച് ഉപജീവനം നടത്തുന്ന തിരുപ്പരങ്കുന്റം അടിവാരത്തെ സാധാരണക്കാർക്ക് ഇത്തരം സംഘർഷങ്ങൾ സമ്മാനിക്കുന്നത് പൊലീസ് വലയവും ഭീതിയും തൊഴിൽ നഷ്ടവും മാത്രമാണ്. സിആർപിഎഫ് കാവലിൽ ശനിയാഴ്ച ദീപത്തൂണിൽ നാളം തെളിയുമ്പോഴും, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഭൂമിതർക്കത്തിന്റെയും ആചാരാവകാശത്തിന്റെയും അന്തിമ വിധി ഇനിയും സുപ്രീംകോടതിയുടെ പരിഗണനയിൽ ശേഷിക്കുകയാണ്.

The Supreme Court has issued contempt notices to 15 top Tamil Nadu officials, including the Chief Secretary and DGP, after the Vijay-led government failed to implement its order to light the Karthigai Deepam at the disputed Deepathoon stone pillar on Madurai's Thiruparankundram hill. Suspending the temple's board of trustees, the court appointed two retired judges as receivers and handed over the hill's security to the CRPF to ensure the lamp is lit on November 28. The century-old dispute pits temple ownership claims backed by a 1931 Privy Council decree against a recent state survey identifying the stone as a colonial-era British survey marker near the Sikandar Badusha Dargah, creating a complex political crisis for Chief Minister Vijay's minority government.