Explainer

ദക്ഷിണേഷ്യയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; കാരണങ്ങളും പ്രത്യാഘാതങ്ങളും

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ താപനില സാധാരണയേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. ചിലയിടങ്ങളില്‍ ഇത് 45-50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരിക്കുന്നു

Madism Desk

ദക്ഷിണേഷ്യയില്‍ റെക്കോര്‍ഡ് വേഗത്തില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗം അന്തരീക്ഷ താപനിലയെ അപകടകരമായ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഭൂപ്രദേശ മേഖലയിലൊന്നിന്റെ അതിജീവനത്തെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ താപനില സാധാരണയേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. ചിലയിടങ്ങളില്‍ ഇത് 45-50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരിക്കുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ ചൊവ്വാഴ്ച മാത്രം ഉഷ്ണതരംഗം മൂലം പത്തോളം പേര്‍ മരിച്ചതായാണ് വിവരം. ഇന്ത്യയിലും സമാനമായ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍ക്കാലത്ത് ദക്ഷിണേഷ്യയില്‍ ചൂട് കൂടുന്നത് പതിവാണെങ്കിലും ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും വ്യാപനവും അഭൂതപൂര്‍വമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് ഈ തീവ്രമായ മാറ്റങ്ങള്‍ക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഉഷ്ണതരംഗത്തിന് കാരണമെന്ത്?

ഇന്ത്യയില്‍ അസാധാരണമാംവിധം തീവ്രമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നതെന്ന് ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ ഗവേഷണ വിഭാഗം ഡയറക്ടര്‍ അഞ്ജല്‍ പ്രകാശ് പറഞ്ഞു. 'ഉയര്‍ന്ന അന്തരീക്ഷമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ ചൂടുള്ള വായു ഉപരിതലത്തില്‍ ഒരു താഴികക്കുടത്തില്‍ എന്നപോലെ കുടുങ്ങിക്കിടക്കുന്നു. ഇത് വായു മുകളിലേക്ക് ഉയരുന്നതിനും തണുക്കുന്നതിനും തടസ്സമാകുന്നു', പ്രകാശ് വിശദീകരിച്ചു. ഇത്തരത്തില്‍ താഴ്ന്നിരിക്കുന്ന വായു സങ്കോചിക്കുകയും ചൂടാവുകയും മേഘങ്ങളെ തടയുകയും ചെയ്യുന്നു. ഇത് സൂര്യപ്രകാശം നേരിട്ട് പതിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. കൂടാതെ ദുര്‍ബലമായ വേനല്‍മഴയും എല്‍ നിനോ പ്രതിഭാസവും ചൂട് കുറയുന്നതിനെ തടയുന്ന ഘടകങ്ങളാണ്.

പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാള്‍ കൂടുമ്പോഴാണ് 'എല്‍ നിനോ' പ്രതിഭാസം ഉണ്ടാകുന്നത്. ഇതിന് വിപരീതമായി, 'ലാ നിന' ആഗോള താപനില കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ ഉണ്ടായേക്കാമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യൂഎംഒ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം എല്‍ നിനോയുടെ ആഘാതം വര്‍ദ്ധിപ്പിക്കുമെന്നും ഡബ്ല്യുഎംഒ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങള്‍ ഏതെല്ലാം?

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പടിഞ്ഞാറന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗമുണ്ടാകും. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാലയന്‍ താഴ്‌വരകള്‍, കിഴക്കന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ദിവസം ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. മഹാരാഷ്ട്രയിലെ അകോള, അമരാവതി തുടങ്ങിയ നഗരങ്ങളില്‍ 46.9 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തില്‍ ലോകത്തിലെ ഏറ്റവും ചൂടേറിയ 90 നഗരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലായിരുന്നു.

പാകിസ്ഥാനിലും സ്ഥിതി അതീവ ഗുരുതരമാണ്. കറാച്ചിയില്‍ ഈ തിങ്കളാഴ്ച താപനില 44 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇത് 2018-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സിന്ധ് പ്രവിശ്യയിലെ ജാക്കബാബാദ്, സുക്കൂര്‍ തുടങ്ങിയ നഗരങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലും ഫരീദ്പൂര്‍, രാജ്ഷാഹി, പബ്‌ന എന്നീ അയല്‍ ജില്ലകളിലും ഏപ്രില്‍ പകുതി മുതല്‍ അവസാനം വരെ കടുത്ത ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ഏപ്രിലില്‍ ബംഗ്ലാദേശില്‍ 24 ദിവസം ഉഷ്ണതരംഗം അനുഭവപ്പെട്ടു. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില നിലയായിരുന്നു ആ വര്‍ഷം രേഖപ്പെടുത്തിയത്.

ഉഷ്ണതരംഗം ജനങ്ങളെ എങ്ങനെ ബാധിക്കുന്നു?

കടുത്ത ചൂട് ജനങ്ങളെ പലതരത്തില്‍ ബാധിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആഘാതം എല്ലാവരിലും ഒരുപോലെയല്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ മിത്തല്‍ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കാര്‍ത്തികേയ ഭട്ടോട്ടിയ പറയുന്നു. 'ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള ശേഷിയെ ചൂട് തകര്‍ക്കുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വൃക്കരോഗങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയ്ക്കും പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ വഷളാകാനും കാരണമാകുന്നു', അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരിലാണ് അപകടസാധ്യത കൂടുതല്‍.

ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. ഇന്ത്യയിലെ ഏകദേശം 38 കോടിയോളം തൊഴിലാളികള്‍ പുറത്ത് ജോലി ചെയ്യുന്നവരാണ്. ചൂട് കാരണം ജോലി ചെയ്യാന്‍ കഴിയാത്തത് ഇവരുടെ വരുമാനത്തെയും ജീവിതത്തെയും ബാധിക്കുന്നു.

സര്‍ക്കാരുകളുടെ പ്രതികരണം

ഇന്ത്യയുടെ 'ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍' മികച്ചതാണെങ്കിലും അവ പലപ്പോഴും പാവപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് വിമര്‍ശനമുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഇത്തരം സംരക്ഷണ സംവിധാനങ്ങള്‍ക്ക് പുറത്താണ്. നഗരസൂത്രണം, പാര്‍പ്പിടം, തൊഴില്‍ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് വിദഗ്ധര്‍ പറയുന്നു.

പാകിസ്ഥാനില്‍ ഉഷ്ണതരംഗത്തിന്റെ പ്രത്യാഘാതമായി ഉണ്ടായ മരണസംഖ്യയും കണക്കുകളും കൃത്യമായി പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കാലാവസ്ഥാ വിദഗ്ധനായ ഫഹദ് സയീദ് ആവശ്യപ്പെട്ടു. മരണസംഖ്യയും ആഘാതവും കുറച്ചുകാണിക്കുന്നത് പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കില്ലെന്നും അന്താരാഷ്ട്ര കാലാവസ്ഥാ സഹായം ലഭിക്കാന്‍ കൃത്യമായ ഡാറ്റ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ചൂട് കൂടുമോ?

വരും ദശകങ്ങളില്‍ ദക്ഷിണേഷ്യയില്‍ ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്നു. വായു മലിനീകരണവും ജലസേചനവും ഇന്ത്യയില്‍ താല്‍ക്കാലികമായി താപനില കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ ഇവയുടെ സ്വാധീനം കുറയുന്നത് ചൂട് അതിവേഗം വര്‍ദ്ധിക്കാന്‍ കാരണമാകും. എന്നിരുന്നാലും ശരിയായ ആസൂത്രണം, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, മെച്ചപ്പെട്ട പ്രതിരോധ നടപടികള്‍ എന്നിവയിലൂടെ ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

English Summary: A record-breaking heatwave is sweeping across South Asia, pushing temperatures in countries like India, Pakistan, and Bangladesh to dangerous levels of 45–50°C and disrupting the lives of millions. Experts say the extreme heat is driven mainly by human-caused climate change, along with high atmospheric pressure, weak pre-monsoon rains, and the possible return of the El Nino weather pattern.