20ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട വനിത- ആ റെക്കോർഡുള്ളത് ലോകയുവത്വത്തെ ത്രസിപ്പിച്ച, വിശ്വസുന്ദരി മെർലിൻ മൺറോയുടെ പേരിലാണ്.
മെർലിന്റെ നൂറാം ജന്മദിനമാണിന്ന്. ശ്രദ്ധ നേടാനായി ഏവരും മത്സരിക്കുന്ന ലോകത്തും, മെർലിൻ മൺറോയുടെ സ്വാധീനവും പാരമ്പര്യവും തലയുയർത്തി തന്നെ നിൽക്കുന്നുണ്ടെങ്കിൽ അതിനർഥം നമ്മളുൾപ്പെടുന്ന ആരാധകവൃന്ദത്തെ സ്വാധീനിക്കാൻ തക്കവണ്ണം ചിലത് അവശേഷിപ്പിച്ചാണ് മെർലിൻ വിടവാങ്ങിയത് എന്നതാണ്.
1926 ജൂൺ ഒന്ന് ലോസ് ആഞ്ചൽസിലായിരുന്നു മെർലിൻ മൺറോയുടെ ജനനം. നോർമ ജീൻ മോർടെൻസൺ എന്നായിരുന്നു പേര്. അനാഥാലയങ്ങളിലും ദത്തെടുക്കൽ കേന്ദ്രങ്ങളിലുമായാണ് കുഞ്ഞു നോർമ ബാല്യം ചിലവഴിച്ചത്. അനാഥത്വവും ഒറ്റപ്പെടലും അസഹനീയമായി തോന്നിയത് കൊണ്ടാവാം, 16ാം വയസ്സിൽ, അയൽക്കാരനായ ജിം ഡോഗർട്ടി എന്ന 21കാരനെ നോർമ വിവാഹം കഴിച്ചു. ഈ ബന്ധം തുടരവേയാണ് മോഡലിംഗിലേക്ക് നോർമ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. യുദ്ധസമയമായിരുന്നു ഇത്.
വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും യുദ്ധം രൂക്ഷമായി. അപ്പോഴേക്കും ജിം മർച്ചന്റ് മറൈൻസിൽ ചേർന്നു. പരിശീലനത്തിനായി അദ്ദേഹത്തെ കാറ്റലിന ദ്വീപിലേക്ക് അയച്ചപ്പോൾ നോർമയും കൂടെപ്പോയി. 1944-ലെ വസന്തകാലത്ത് ജിമിനെ പസഫിക് മേഖലയിലേക്ക് നിയോഗിച്ചു. തുടർന്ന് ദീർഘകാലത്തേക്ക് ജിം വീട്ടിലേക്ക് എത്തിയില്ല.
ഭർത്താവ് അകലെയായതോടെ പതിനേഴുകാരിയായ നോർമ ജീൻ ജിമിന്റെ അമ്മയോടൊപ്പം താമസിക്കാൻ പോയി. അമ്മായിയമ്മ ഒരു വിമാനനിർമാണശാലയായ റേഡിയോ പ്ലെയിനിൽ ജോലി ചെയ്തിരുന്നതിനാൽ, പാരച്യൂട്ടുകൾ മടക്കിയും പരിശോധിച്ചും ജോലി ചെയ്യാനുള്ള അവസരം നോർമയ്ക്കും ലഭിച്ചു.
ആ ശരത്കാലത്തിലെ ഒരു ദിവസം—പിന്നീട് മെർലിൻ മൺറോയുടെ ജീവിതത്തിലെ ഏറ്റവും നിർണായക ദിവസങ്ങളിലൊന്നായി മാറിയ ദിവസം—സൈനിക ഫോട്ടോഗ്രാഫറായ ഡേവിഡ് കോനോവർ അവിടെയെത്തി. അമേരിക്കൻ ഫാക്ടറികളിൽ ജോലി ചെയ്യുന്ന സുന്ദരികളായ യുവതികളുടെ ചിത്രങ്ങൾ എടുത്ത് സൈനികരുടെ ആത്മവിശ്വാസം ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
അസംബ്ലി ലൈനിൽ ജോലി ചെയ്യുന്നതിനിടെ കോനോവറിന്റെ ശ്രദ്ധ നോർമ ജീനിലേക്കു തിരിഞ്ഞു. പോസ് ചെയ്യാൻ ആവശ്യപ്പെട്ട് അദ്ദേഹം ചില ചിത്രങ്ങൾ പകർത്തി. ചിത്രങ്ങൾ കണ്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. നോർമ ജീനും ക്യാമറ ലെൻസും തമ്മിൽ ഒരു പ്രത്യേക ബന്ധം രൂപപ്പെട്ടതുപോലെയായിരുന്നു അത്. പിന്നീട് ലോകം മുഴുവൻ തിരിച്ചറിഞ്ഞ ഒരു സത്യം ആദ്യം മനസ്സിലാക്കിയത് കോനോവറായിരുന്നു—ക്യാമറ നോർമ ജീനിനെ സ്നേഹിക്കുന്നു.
അവളുടെ സാധ്യതകളിൽ ആവേശഭരിതനായ കോനോവർ വീണ്ടും അവളെ ഫോട്ടോഷൂട്ടിന് ക്ഷണിച്ചു. പിന്നാലെ, തന്റെ അർധ സഹോദരിയായ ബീബി ഗോഡാർഡിന് എഴുതിയ കത്തിൽ നോർമ ജീൻ ഇങ്ങനെ കുറിച്ചു: 'മോഡലിംഗ് രംഗത്തേക്ക് കടക്കണമെങ്കിൽ പുതിയ വസ്ത്രങ്ങൾ വാങ്ങണമെന്ന് അദ്ദേഹം ഉപദേശിച്ചു. എനിക്ക് സഹായകമാകുന്ന നിരവധി ബന്ധങ്ങൾ തനിക്കുണ്ടെന്നും പറഞ്ഞു'.
കോനോവർ നോർമ ജീനിന്റെ ചിത്രങ്ങൾ തുടർച്ചയായി എടുത്തു. അവൾക്കായി ഒരു പ്രൊഫഷണൽ പോർട്ട്ഫോളിയോ തന്നെ അദ്ദേഹം തയ്യാറാക്കി. വാഗ്ദാനം പാലിച്ച അദ്ദേഹം, അവൾ തയ്യാറായെന്ന് തോന്നിയപ്പോൾ മോഡലിംഗ് ഏജന്റായ എമ്മലൈൻ സ്നൈവ്ലിന് അവളെ പരിചയപ്പെടുത്തി.
ബ്ലൂ ബുക്ക് മോഡലിംഗ് ഏജൻസിയിൽ സ്നൈവ്ലി പത്തൊൻപതുകാരിയായ നോർമ ജീനെ വിലയിരുത്തി. ആ കാലത്ത് മോഡലിംഗ് എന്നാൽ ശരീരപ്രദർശനം എന്നതായിരുന്നു രീതി. എന്നാൽ അവളിൽ ലൈംഗിക ആകർഷണത്തിന്റെ ഒരു പ്രതീതിയും അവർക്ക് തോന്നിയില്ല. തിളക്കവും സൗമ്യവുമായ മുഖഭാവമുള്ള ഒരു കൊച്ചു പെൺകുട്ടി എന്നാണ് അവർ അവളെ വിശേഷിപ്പിച്ചത്.
അയൽവീട്ടിലെ പെൺകുട്ടി എന്ന തരത്തിലായിരുന്നു അവളുടെ ഇമേജ്. കവർ ഗേൾസിന്റെ ചിത്രങ്ങൾ നോക്കി 'അവർ എത്ര സുന്ദരികളാണ്' എന്ന് നോർമ പറഞ്ഞപ്പോൾ, 'ഒരു ദിവസം ഈ പെൺകുട്ടിയും ഒരു മാഗസിൻ കവറിൽ പ്രത്യക്ഷപ്പെടുമെന്ന് മനസ്സിൽ ചിന്തിച്ചതായി സ്നൈവ്ലി പിന്നീട് കുറിച്ചിട്ടുണ്ട്.
കൂടുതൽ അവസരങ്ങൾ ലഭിക്കാൻ മുടി നേരെയാക്കി സ്വർണ്ണനിറമാക്കണമെന്ന് സ്നൈവ്ലി നോർമയെ ഉപദേശിച്ചു. അഭിനയം മാത്രം മനസ്സിൽ കണ്ട നോർമ അതൊക്കെയും അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. അങ്ങനെ, ബ്ലോണ്ട് മുടിയും തിളക്കമുള്ള കണ്ണുകളും തുടിക്കുന്ന കവിളുകളുമായി നോർമ മോഡലിംഗ് രംഗത്തേക്ക് കാലെടുത്ത് വെച്ചു.
പ്രൊഫഷണലുകൾ അവളുടെ സൗന്ദര്യത്തെ മൂല്യമുള്ള കഴിവായി കാണാൻ തുടങ്ങിയതോടെ ആവേശഭരിതയായ നോർമ ഭർത്താവായ ഡോഹർട്ടിക്ക് കത്തെഴുതി, മോഡലിംഗിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചു. അവൾക്ക് അത് ഇഷ്ടമാണെങ്കിൽ എനിക്ക് പ്രശ്നമില്ലെന്നായിരുന്നു മറുപടിയെങ്കിലും പോകെ പോകെ ജിമ്മിന് നോർമ മോഡൽ ആകുന്നതിനോട് താല്പര്യമില്ലാതാവുകയും ഇവർ പിന്നീട് വിവാഹബന്ധം വേർപെടുത്തുകയും ചെയ്യുകയായിരുന്നു.
പിന്നീട് സ്നൈവ്ലിയുടെ സഹായത്തോടെ തന്നെ പല വൻകിട ഫോട്ടോഗ്രാഫർമാർക്കൊപ്പവും ചേർന്ന് നോർമയ്ക്ക് പ്രവർത്തിക്കാനായി. അത്തരത്തിൽ, സ്നൈവ്ലി നോർമ ജീനെ പരിചയപ്പെടുത്തിയ ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു ലാസ്‌ലോ വിലിംഗർ. അയാൾക്ക് അവൾ മികച്ച ഒരു മോഡലായിരുന്നു. ഏകദേശം നൂറോളം മാഗസിൻ കവറുകളിൽ വിലിംഗർ അവളെ അവതരിപ്പിച്ചു.
1946ൽ നോർമ 20th സെഞ്ച്വറി ഫോക്സ് വൻകിട സ്റ്റുഡിയോയുമായി തന്ർറെ ആദ്യ ചിത്രത്തിന് കരാറൊപ്പിട്ടു. അതിന് മുമ്പേ നോർമ എന്ന തന്റെ പേര് അവൾ ഉപേക്ഷിച്ചിരുന്നു. 1947ൽ റിലീസ് ചെയ്ത ഡേഞ്ചറസ് ഇയേഴ്സ് എന്ന ചിത്രത്തോടെ, നോർമ ജീൻ മെർലിൻ മൺറോ ആയി. പക്ഷേ മെർലിൻ മുഖ്യധാരയിലേക്ക് ശ്രദ്ധിക്കപ്പെട്ടത് 1953ൽ നയാഗ്ര എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് 1955ൽ പുറത്തിറങ്ങിയ ദി സെവൻ ഇയർ ഇച്ച് എന്ന ചിത്രത്തിലൂടെ ലോകത്തിന്റെ വിവാദനായികാ പദവിയിലേക്ക്... ആ വർഷം തന്നെ മെർലിൻ മൺറോ പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനിയും മെർലിൻ തുടങ്ങി.
ടെലിവിഷൻ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന ആ അമ്പതുകളുടെ നിറവിൽ, സ്വപ്നസദൃശമായ ലോകപ്രശസ്തിയുടെ കൊടുമുടിയിൽ മെർലിൻ തന്റെ സ്ഥാനമുറപ്പിച്ചിരുന്നു. ചാർളി ചാപ്ലിൻ മുതൽ ആർതർ മില്ലർ വരെ മെർലിന്ർറെ മോഹവലയത്തിൽ മയങ്ങി. അനേകം പ്രണയബന്ധങ്ങളും അതിലേറെ പ്രണയനൈരാശ്യങ്ങളും യൌവത്തിന്ർറെ തീക്ഷ്ണതയിൽ മെർലിനെ കടന്നുപോയി. പക്ഷേ ആ താരശോഭ മങ്ങാൻ അധികനാൾ വേണ്ടിവന്നില്ല.
മുപ്പതുകളുടെ മധ്യത്തിൽ ഉറങ്ങാൻ പോലും മയക്കുമരുന്ന് വേണ്ട രീതിയിലേക്ക് മെർലിനെത്തി. പിന്നീട് 1962 ഓഗസ്റ്റ് അഞ്ചാം തീയതി, ദുരൂഹസാഹചര്യത്തിൽ അപ്രതീക്ഷിതമരണവും. ബ്രെന്റ് വൂഡിലെ മെർലിന്റെ ബംഗ്ലാവിൽ പൂർണ നഗ്നയായി കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മെർലിന്ർറെ മൃതദേഹം കണ്ടെത്തുന്നത്. ഒരു കയ്യിൽ ടെലിഫോൺ റിസീവറുമുണ്ടായിരുന്നു.
ആത്മഹത്യയെന്ന് വരുത്തിത്തീർത്തെങ്കിലും മെർലിനെ ആരോ കൊലപ്പെടുത്തിയതാണ് എന്നതിന് പല തെളിവുകളും അന്നാ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. പക്ഷേ അത് ആത്മഹത്യയായി തന്നെ മുദ്രകുത്തപ്പെട്ടു.
മെർലിന്റെ പ്രണയ ബന്ധങ്ങളിൽ ഏറ്റവും വിവാദമായതും, കരിയർ തകർച്ചയ്ക്കും മരണത്തിനും വരെ വഴി വച്ചതും അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ എഫ്. കെന്നഡിയുമായും, അദ്ദേഹത്തിന്റെ സഹോദരൻ ബോബി എന്നറിയപ്പെട്ടിരുന്ന അറ്റോണി ജനറൽ റോബർട്ട് കെന്നഡിയുമായുമുണ്ടായിരുന്ന ബന്ധമായിരുന്നു. ഇവരുമായുള്ള മെർലിന്റെ പ്രണയകഥകൾ പത്രങ്ങളിൽ അച്ചടിച്ചു വന്നതോടെ വിഷയം കൂടുതൽ വഷളായി.
പിന്നാലെ, തന്നെ ഒഴിവാക്കിയാൽ ഉള്ള രഹസ്യങ്ങൾ മുഴുവനും പത്രസമ്മേളനം നടത്തി ഈ ലോകത്തോട് വിളിച്ചു പറയും എന്ന മെർലിന്റെ ഭീഷണിയുമെത്തുന്നു. ഒരുപക്ഷേ അന്ന് ആ പത്രസമ്മേളനം നടന്നിരുന്നുവെങ്കിൽ, മെർലിൻ വിളിച്ചു പറയുമായിരുന്നത് കെന്നഡി സഹോദരന്മാരുമായുള്ള പ്രണയ ബന്ധത്തിന്റെ കഥകൾ മാത്രമായിരുന്നിരിക്കില്ല, അന്നത്തെ അമേരിക്കൻ ഗവൺമെന്റിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാമായിരുന്ന രാഷ്ട്രീയ രഹസ്യങ്ങൾ കൂടിയായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
English Summary: The most photographed woman of the 20th century — that record belongs to the legendary beauty who captivated generations across the world, Marilyn Monroe. Today marks the 100th anniversary of her birth. Even in a world where everyone is competing for attention, Marilyn Monroe’s influence and legacy continue to stand tall. That enduring presence is proof that she left behind something powerful enough to inspire and captivate millions of admirers, even long after her passing.