Ground Reports

കേരളത്തിലെ സ്പാ വ്യവസായം: കെട്ടറ്റ നിയമങ്ങളും നിയന്ത്രണമില്ലാത്ത വളര്‍ച്ചയും

ഒരു സ്പായ്ക്ക് വേണ്ട പ്രധാന അനുമതി ഏതാണ്? തദ്ദേശ സ്ഥാപനത്തിന്റെ വ്യാപാര ലൈസന്‍സ് ആണോ? ആയുര്‍വേദ ചികിത്സ നല്‍കുന്ന സ്ഥാപനമാണെങ്കില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍ വേണോ? ടൂറിസം വകുപ്പിന്റെ അംഗീകാരം വേണോ? പൊലീസ് ക്ലിയറന്‍സ് ആവശ്യമുണ്ടോ?

Jamsheena Mullappatt

കേരളത്തില്‍ വേഗത്തില്‍ വളരുന്ന പ്രധാന സേവനമേഖലകളിലൊന്നാണ് വെല്‍നസ്, സ്പാ, മസാജ് രംഗം. ആയുര്‍വേദ ചികിത്സകള്‍ക്കും തെറാപ്പികള്‍ക്കുമായി രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, സ്റ്റാന്‍ഡ് എലോണ്‍ സ്പാകള്‍, മസാജ് സെന്ററുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വലിയൊരു ബിസിനസ് ശൃംഖല ഇന്ന് സംസ്ഥാനത്ത് സജീവമാണ്. കോടികളുടെ വാര്‍ഷിക വിറ്റുവരവ് നടക്കുന്ന മേഖലയായി ഇത് മാറിയെങ്കിലും, കേരളത്തില്‍ ആകെ എത്ര സ്പാകളും വെല്‍നസ് സെന്ററുകളും മാസേജ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നോ ഇവയുടെ കൃത്യമായ സാമ്പത്തിക പങ്കാളിത്തം എത്രയാണെന്നോ വ്യക്തമാക്കുന്ന സമഗ്രമായ ഒരു ഏകീകൃത ഡാറ്റാബേസ് നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ വ്യത്യസ്ത നിയമങ്ങള്‍ക്കും അനുമതികള്‍ക്കും കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ മേഖലയെ കൃത്യമായി നിയന്ത്രിക്കാനുതകുന്ന ഒരു ഏകീകൃത നിയമനിര്‍മ്മാണത്തിന്റെ കുറവ് ഇവിടെ പ്രകടമാണ്. ലൈസന്‍സിങ് നടപടികളിലെയും മേല്‍നോട്ടത്തിലെയും ഈ വ്യക്തതയില്ലായ്മയും ഏകീകൃത ഡാറ്റയുടെ അഭാവവും വിപുലമായ സാധ്യതകളുള്ള ഈ മേഖലയുടെ സുതാര്യവും ഘടനാപരവുമായ മുന്നേറ്റത്തിന് വെല്ലുവിളിയുയര്‍ത്തുകയും അനധികൃത സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് വളമാവുകയും ചെയ്യുന്നുണ്ട്.

കേരളത്തിലെ മൊത്തം വെല്‍നസ്, സ്പാ ഇക്കോണമിയുടെ യഥാര്‍ത്ഥ വലുപ്പം എത്രയാണെന്ന് നിര്‍ണയിക്കാനുള്ള ഡാറ്റ നമ്മുക്ക് ലഭ്യമല്ല. ആകെ ലഭ്യമായിട്ടുള്ളത് അംഗീകൃത ആയുര്‍വേദ വെല്‍നസ് മേഖലയിലെ സാമ്പത്തിക കണക്കുകളാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരളയുടെ കണക്കുകള്‍ പ്രകാരം 2025ല്‍ 15,000 കോടി രൂപയാണ് അംഗീകൃത ആയുര്‍വേദ വെല്‍നസ് മേഖലയുടെ വരുമാനം.

ആയുര്‍വേദിക് സ്പാ, ഡേ സ്പാ, റിസോര്‍ട്ട്/ഹോട്ടല്‍ സ്പാ, മെഡിക്കല്‍ സ്പാ, ഡെസ്റ്റിനേഷന്‍ സ്പാ, ബ്യൂട്ടിപാര്‍ലര്‍ സ്പാ തുടങ്ങി പലവിധ രൂപത്തില്‍ സംസ്ഥാനത്ത് അനധികൃത സ്പാ, വെല്‍നസ്, മസാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തായ്, സ്വീഡിഷ്, ബാലിനീസ്/ജാവനീസ്, ഹോട്ട് സ്റ്റോണ്‍ മസാജുകള്‍ തുടങ്ങി കാര്‍ഡിയോ, യോഗ ട്രെയിനിങ്ങുകള്‍ വരെ ഇത്തരം സ്പാകള്‍ വാഗാനം ചെയ്യുന്നുണ്ട്. കൂടാതെ 'ആയുര്‍വേദ' എന്ന ഏറ്റവും വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡ് നെയിമും പല അനധികൃത സ്ഥാപനങ്ങളും ബിസിനസ് നടത്താന്‍ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിലെ മൊത്തം വെല്‍നസ്, സ്പാ ഇക്കോണമിയുടെ യഥാര്‍ത്ഥ വലുപ്പം എത്രയാണെന്ന് നിര്‍ണയിക്കാനുള്ള ഡാറ്റ നമ്മുക്ക് ലഭ്യമല്ല. ആകെ ലഭ്യമായിട്ടുള്ളത് അംഗീകൃത ആയുര്‍വേദ വെല്‍നസ് മേഖലയിലെ സാമ്പത്തിക കണക്കുകളാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരളയുടെ കണക്കുകള്‍ പ്രകാരം 2025ല്‍ 15,000 കോടി രൂപയാണ് അംഗീകൃത ആയുര്‍വേദ വെല്‍നസ് മേഖലയുടെ വരുമാനം. 2031-ഓടെ ഇത് 60,000 കോടി രൂപയിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് കേരളത്തിലെ സ്പാ, മസാജ് വ്യവസായത്തിന്റെ മൊത്തം വരുമാനമല്ലിത്. മറിച്ച്, ആയുര്‍വേദ ചികിത്സ, അനുബന്ധ തെറാപ്പികള്‍, ചികിത്സയുമായി ബന്ധപ്പെട്ട താമസം എന്നിവയുള്‍പ്പെടുന്ന വിശാലമായ അംഗീകൃത ആയുര്‍വേദിക് ടൂറിസം മേഖലയുടെ ആകെ വരുമാനമാണിത്.

കേരളത്തിലെ പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചെറിയ ടൗണുകളില്‍ പോലും സ്പാ, മസാജ് സെന്റര്‍, വെല്‍നസ് സെന്റര്‍, ആയുര്‍വേദിക് സ്പാ എന്നീ പേരുകളിലുള്ള സ്ഥാപനങ്ങളുടെ എണ്ണം കുറച്ചുകാലമായി ക്രമാതീതമായി ഉയരുകയാണ്. ഇത്തരം സ്ഥാപനങ്ങള്‍ സ്പ, വെല്‍നെസ് സെന്റര്‍, മസാജ് സെന്റര്‍, ബ്യൂട്ടി പാര്‍ലര്‍, സലൂണ്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍, 'സ്പ' എന്ന പേരില്‍ മാത്രം എല്ലാ സ്ഥാപനങ്ങളെയും ഒരേ കാറ്റഗറിയില്‍ രേഖപ്പെടുത്തുന്ന ഒരു ഏകീകൃത വര്‍ഗ്ഗീകരണ സംവിധാനം തദ്ദേശ തലത്തിലും ലഭ്യമല്ല.

ഒരു സ്പായ്ക്ക് വേണ്ട പ്രധാന അനുമതി ഏതാണ്? തദ്ദേശ സ്ഥാപനത്തിന്റെ വ്യാപാര ലൈസന്‍സ് ആണോ? ആയുര്‍വേദ ചികിത്സ നല്‍കുന്ന സ്ഥാപനമാണെങ്കില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍ വേണോ? ടൂറിസം വകുപ്പിന്റെ അംഗീകാരം വേണോ? പൊലീസ് ക്ലിയറന്‍സ് ആവശ്യമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തന സ്വഭാവമനുസരിച്ച് വ്യത്യസ്ത ഉത്തരങ്ങളാണ് ലഭിക്കുക.

കേരളത്തിലെ സ്പാ വ്യവസായത്തിന്റെ സങ്കീര്‍ണമായ പാതയിലൂടെയാണ് ഈ അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം സഞ്ചരിക്കുന്നത്.

കേരളത്തില്‍ എത്ര സ്പാകള്‍ ഉണ്ട്?

ഏറ്റവും ലളിതമായി തോന്നുന്ന ഈ ചോദ്യത്തിന് പോലും സംസ്ഥാനതലത്തില്‍ ഒരു ഔദ്യോഗിക സംഖ്യ ലഭ്യമല്ല. എന്നാല്‍, ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള 50 ആയുര്‍വേദ സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു ഡാറ്റാബേസ് എന്ന നിലയില്‍ ലഭ്യമായ സംഖ്യ ഇത് മാത്രമാണ്. സാധാരണയായി ഒരു സ്പാ അല്ലെങ്കില്‍ മസാജ് പാര്‍ലര്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക വ്യാപാര ലൈസന്‍സ് നല്‍കുന്നത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍). 'സിറ്റിസണ്‍ പോര്‍ട്ടല്‍' വഴിയും 'കെ-സ്മാര്‍ട്ട്' വഴിയുമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ലൈസന്‍സിനായി അപേക്ഷിക്കേണ്ടത്. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ സ്പാ/മസാജ്/വേല്‍നസ് സെന്റര്‍ വ്യാപാര ലൈസന്‍സുകളുടെ സംസ്ഥാനതല ഏകീകൃത പൊതു ഡാറ്റാബേസ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല.

തദ്ദേശ സ്ഥാപനത്തിന്റെ ബിസിനസ് ലൈസന്‍സ് ലഭിച്ചതുകൊണ്ട് മാത്രം ഒരു സ്പായുടെ നിയമപരമായ എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാകുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. കാരണം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ബിസിനസ് ലൈസന്‍സിന് പുറമെ മറ്റ് നിരവധി സര്‍ക്കാര്‍ സംവിധാനങ്ങളുടെ മേല്‍നോട്ടവും അനുമതികളും ഈ മേഖലയ്ക്ക് ആവശ്യമാണ്. സ്പായുടെ തരം, സ്ഥാപനം ചികിത്സ നല്‍കുന്നുണ്ടോ, ജീവനക്കാര്‍ എത്രയാണ്, കെട്ടിടത്തിന്റെ വലുപ്പം, ഹോട്ടലിന്റെ ഭാഗമാണോ, ജിമ്മിന്റെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ടൂറിസം വകുപ്പ്, കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ (ആരോഗ്യ വകുപ്പ്), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഷോപ്സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്ട്രേഷന്‍ (നിയമ വകുപ്പ്), മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ്, ജിഎസ്ടി വകുപ്പ് എന്നീ വകുപ്പുകളുടെ അനുമതിയും കൂടാതെ പൊലീസ് ക്ലിയറന്‍സ് നേടുകയും വേണം. അതുകൊണ്ട് തന്നെ സ്പാ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഭരണപരമായി ഒരേ വിഭാഗത്തില്‍ വരണമെന്നില്ല.

തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നതനുസരിച്ച് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷവും ഗ്രാമപഞ്ചായത്തുകളില്‍ ഒരു വര്‍ഷവുമാണ്. കാലവധി കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കി സ്ഥാപനം നടത്താം. പക്ഷെ, ഈ ലൈസന്‍സ് കൊണ്ടുമാത്രം ഒരു സ്ഥാപനം അംഗീകൃത സെന്ററോ ആയുര്‍വേദ ചികിത്സാ കേന്ദ്രമോ ആകുന്നില്ല. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളില്‍ പെടുന്ന സ്ഥാപനങ്ങളെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമം, 2018 ആണ് നിയന്ത്രിക്കുന്നത്. സംസ്ഥാനതലത്തില്‍ 'കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സും' ജില്ലാതലത്തില്‍ 'ഡിസ്ട്രിക്റ്റ് രജിസ്റ്ററിംഗ് അതോറിറ്റി'യുമാണ് ഇതിന് ചുമതലപ്പെട്ടിരിക്കുന്നത്.

ഇവിടെയും സങ്കീര്‍ണ്ണമായ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്, 'സ്പാ' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എത്രയെണ്ണം യഥാര്‍ത്ഥത്തില്‍ തെറാപ്പി/ചികിത്സാ സേവനങ്ങള്‍ നല്‍കുന്നുണ്ട്? അവയില്‍ എത്രയെണ്ണം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്? എല്ലാ സ്പാകളും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റുകള്‍ ആകണമെന്നില്ലെങ്കിലും ആയുര്‍വേദ ചികിത്സയോ മറ്റ് കായ കല്‍പ്പ ചികിത്സകളോ നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വ്യക്തമായി വരുന്നുണ്ട്.

ഒരു സ്ഥാപനത്തിന്റെ തദ്ദേശ വ്യാപാര ലൈസന്‍സില്‍ നിന്ന് അവിടെ നല്‍കുന്ന സേവനം ചികിത്സയാണോ വെറും മസാജാണോ എന്നോ, യോഗ്യതയുള്ള തെറാപ്പിസ്റ്റുകളോ ഡോക്ടര്‍മാരോ ഉണ്ടോ എന്നോ അറിയാന്‍ കഴിയില്ല. ഇത് അറിയാന്‍ ടൂറിസം, ആയുഷ്, ആരോഗ്യ വകുപ്പുകളുടെ വിവരങ്ങള്‍ പ്രത്യേകം പരിശോധിക്കേണ്ടി വരുന്നു. ഇവ തമ്മില്‍ ബന്ധിപ്പിച്ച ഒരു ഏകീകൃത രജിസ്റ്റര്‍ ഉള്ളതായി ലഭ്യമായ വിവരങ്ങളില്‍ കാണുന്നില്ല

കേരള ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ആയുര്‍വേദവും വെല്‍നസ് ടൂറിസവും. അതിനാല്‍ ഈ മേഖലയുടെ ഗുണനിലവാരവും സുരക്ഷയും അന്താരാഷ്ട്ര തലത്തില്‍ ഉറപ്പാക്കുന്നതിനായി ടൂറിസം വകുപ്പ് ആയുര്‍വേദ കേന്ദ്രങ്ങള്‍ക്ക് പ്രത്യേകം ക്ലാസിഫിക്കേഷന്‍ നല്‍കി വരുന്നുണ്ട്. ആയുര്‍ ഡയമണ്ട്, ആയുര്‍ ഗോള്‍ഡ്, ആയുര്‍ സില്‍വര്‍ എന്നിവയാണ് അവ. ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള 50 വെല്‍നസ് സെന്ററുകള്‍ ഈ മൂന്നു കാറ്റഗറിയില്‍ വരുന്നവയാണ്. എന്നാല്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഈ വര്‍ഗീകരണം ഒരു സ്ഥാപനം നടത്താനുള്ള പ്രാദേശിക ബിസിനസ് ലൈസന്‍സിന് പകരമാകുന്നില്ല. ഇത്തരം ടൂറിസം അക്രഡിറ്റേഷന്‍ ഉള്ള കേന്ദ്രങ്ങള്‍ പോലും തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ലൈസന്‍സുകള്‍ പ്രത്യേകമായി നേടിയിരിക്കണം.

ഈ 50 സ്പാ, വെല്‍നസ് സെന്ററുകള്‍ കേരളത്തില്‍ അംഗീകാരമുള്ള ആകെ സ്പാകള്‍ അല്ല. അപ്പോള്‍ ഒരു സ്പാ എങ്ങനെയാണ് നിയമപരമായി തിരിച്ചറിയുക? ഉദാഹരണത്തിന് ഒരു സ്ഥാപനത്തിന്റെ ബോര്‍ഡില്‍ സ്പാ എന്ന് എഴുതിയിരിക്കാം, എന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ ബ്യൂട്ടി പാര്‍ലര്‍/മസാജ് സെന്റര്‍ / വെല്‍നസ് സെന്റര്‍/ മറ്റു സേവനങ്ങള്‍ തുടങ്ങിയ രീതിയില്‍ ആയിരിക്കും വ്യാപാര ലൈസന്‍സ് ഉണ്ടായിരിക്കുക. ആ സ്ഥാപനം ആയുര്‍വേദ ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ അതിനു ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്‍ ലൈസന്‍സ് കൂടി വേണം. അതിനാല്‍ പുറത്തുനിന്ന് നോക്കുമ്പോള്‍ സ്പാ എന്ന് തോന്നുന്ന എല്ലാ സ്ഥാപനങ്ങളും ഒരേ നിയമപരമായ കാറ്റഗറിയില്‍ വരണമെന്നില്ല.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു സ്ഥാപനത്തിന്റെ തദ്ദേശ വ്യാപാര ലൈസന്‍സില്‍ നിന്ന് അവിടെ നല്‍കുന്ന സേവനം ചികിത്സയാണോ വെറും മസാജാണോ എന്നോ, യോഗ്യതയുള്ള തെറാപ്പിസ്റ്റുകളോ ഡോക്ടര്‍മാരോ ഉണ്ടോ എന്നോ അറിയാന്‍ കഴിയില്ല. ഇത് അറിയാന്‍ ടൂറിസം, ആയുഷ്, ആരോഗ്യ വകുപ്പുകളുടെ വിവരങ്ങള്‍ പ്രത്യേകം പരിശോധിക്കേണ്ടി വരുന്നു. ഇവ തമ്മില്‍ ബന്ധിപ്പിച്ച ഒരു ഏകീകൃത രജിസ്റ്റര്‍ ഉള്ളതായി ലഭ്യമായ വിവരങ്ങളില്‍ കാണുന്നില്ല.

ആരോഗ്യ-ശുചിത്വ വ്യവസ്ഥകള്‍

കേരളത്തിലെ 'പൊതുജനാരോഗ്യ നിയമം' അനുസരിച്ച് മസാജ് പാര്‍ലറുകള്‍ക്കും സ്പാകള്‍ക്കും കര്‍ശനമായ ആരോഗ്യ-ശുചിത്വ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ചികിത്സാ മുറികളുടെയും ബാത്ത്റൂമുകളുടെയും നിര്‍ദ്ദിഷ്ട അളവുകള്‍, കുടിവെള്ള ലഭ്യതയും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ ക്വാളിഫൈഡ് ട്രെയിനര്‍മാരുടെ/മാസ്സര്‍മാരുടെ ലഭ്യത, എണ്ണകളും മറ്റ് ഉല്‍പ്പന്നങ്ങളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വീണ്ടും ഉപയോഗിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍, ലൈസന്‍സ് നമ്പര്‍, പ്രവര്‍ത്തന സമയം, നല്‍കുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവ വ്യക്തമായി പ്രദര്‍ശിപ്പിക്കല്‍, സ്ഥാപനം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കല്‍ തുടങ്ങിയവയാണ് ആ വ്യവസ്ഥകള്‍. അതായത്, വെറുമൊരു വ്യാപാര ലൈസന്‍സിന് അപ്പുറം പൊതുജനാരോഗ്യവും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട കടുത്ത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഈ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

നിയമപരമായി ഒരു സ്പാ പ്രവര്‍ത്തിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്ത്/നഗരസഭ) ലൈസന്‍സ്, ആരോഗ്യ വകുപ്പിന്റെ അനുമതി, പൊലീസ്, അഗ്നിരക്ഷാസേനകളുടെ എതിര്‍പ്പില്ലാരേഖ എന്നിവ അത്യാവശ്യമാണ്. സ്ഥാപനം ഏകാംഗ ഉടമസ്ഥതയിലോ പാര്‍ട്ണര്‍ഷിപ്പിലോ അല്ലെങ്കില്‍ കമ്പനിയായോ രജിസ്റ്റര്‍ ചെയ്യണം. വാര്‍ഷിക വിറ്റുവരവ് നിശ്ചിതപരിധിയില്‍ കൂടുതലാണെങ്കില്‍ ജി.എസ്.ടി രജിസ്ട്രേഷനെടുക്കണം. സ്പാകളിലും മസാജ് സെന്ററുകളിലും ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകള്‍ക്ക് ആയുഷ് വകുപ്പ് അംഗീകരിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം, വൃത്തിയുള്ള അന്തരീക്ഷം, സ്ത്രീ-പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേകം സൗകര്യം എന്നിവയും ഉറപ്പാക്കണം. സി.സി.ടി.വി ക്യാമറകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കണം, എന്നാല്‍ ചികിത്സാമുറികളില്‍ പാടില്ല. സ്ത്രീ-പുരുഷന്മാര്‍ക്ക് പ്രത്യേകം സംവിധാനങ്ങളും ശൗചാലയങ്ങളും ഉണ്ടായിരിക്കണം. സ്പാ ഉടമയ്ക്കും അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് ആവശ്യമാണ്. ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരിക്കണം. ചുരുക്കത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചേ കേരളത്തില്‍ സ്പാ/ വെല്‍നസ്/ മസാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കാനാവൂ.

2024 ജനുവരിയില്‍ കൊച്ചിയില്‍ 79 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത 16 സ്പാകള്‍ അടപ്പിച്ചു. വയനാട്ടില്‍ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, അമ്പലവയല്‍, പുല്‍പ്പള്ളി, മാനന്തവാടി തുടങ്ങിയ മേഖലകളിലെ 37 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി

നിയമത്തിലെ പഴുതുകള്‍

2026 സെപ്റ്റംബര്‍ 23-ലെ കേരള ഹൈക്കോടതിയുടെ ഒരു വിധിന്യായം, നിലവിലുള്ള സ്പാ ലൈസന്‍സിങ് സംവിധാനത്തിലെ പ്രധാനപ്പെട്ടൊരു പ്രായോഗിക പഴുതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കൊച്ചിയില്‍ ആയുര്‍വേദ സ്പാ എന്ന മറവില്‍ വേശ്യാലയം നടത്തിയെന്ന ആരോപണത്തിലുള്ള ഒരു കേസിലാണ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഈ വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന്‍ രേഖകളില്‍, ഒരു ക്വാളിഫൈഡ് തെറാപ്പിസ്റ്റിന്റെ ലൈസന്‍സ് മുന്‍നിര്‍ത്തിയാണ് മോക്ഷ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും ആ ലൈസന്‍സ് പ്രതികള്‍ക്ക് കൈമാറിയിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഈ തെളിവുകള്‍ പ്രതികളുടെ കുറ്റം പൂര്‍ണ്ണമായി തെളിയിക്കാന്‍ പര്യാപ്തമാണോ എന്നത് ഹൈക്കോടതിക്ക് ഈ ഘട്ടത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ലെന്നും ഇത് വിചാരണ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു. ഈ കേസ് വ്യക്തമാക്കുന്ന പ്രധാന പ്രശ്നം, സ്പാ ലൈസന്‍സിങ് പരിശോധനകളില്‍ ലൈസന്‍സ് ഉടമ ആര്? സ്ഥാപനം യഥാര്‍ത്ഥത്തില്‍ നടത്തുന്നത് ആര്? ഏത് കെട്ടിടത്തിലാണ്, സ്ഥലത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്? തെറാപ്പിസ്റ്റ് അവിടെ വേതനമുള്ള ജീവനക്കാരനാണോ അതോ വെറും ഒരു പേര് മാത്രമാണോ നല്‍കിയിട്ടുള്ളത് എന്നതെല്ലാമാണ്.

ലൈസന്‍സ് ഉടമയുടെ പേരില്‍ മാത്രം രേഖകള്‍ പരിശോധിച്ചാല്‍, യഥാര്‍ത്ഥത്തില്‍ സ്ഥാപനം നടത്തുന്നവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും എന്നതാണ് ഇത്തരം കേസുകളിലെ പ്രധാന പഴുത്. ഈ വിധി, സ്പാ ലൈസന്‍സിങ് സംവിധാനം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്നു. കൂടാതെ, ഇത്തരം കേസുകളില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍, ലൈസന്‍സ് രേഖകള്‍ മാത്രം പരിശോധിക്കാതെ, യഥാര്‍ത്ഥ ഉടമസ്ഥാവകാശവും പ്രവര്‍ത്തനവും കൃത്യമായി അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യവും ഈ വിധി ഊന്നിപ്പറയുന്നു.

വിധിക്കാധാരമായ ഈ കേസ് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. ഈ മാസം കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 'ഡിലൈറ്റ് ആയുര്‍വേദിക് സ്പാ' അടച്ചുപൂട്ടുകയും എറണാകുളത്ത് നാലോളം സ്പാകള്‍ നടത്തുന്ന ഒന്നാം പ്രതി ശ്രീരാജിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സമാനമായി തിരൂര്‍ തൃക്കണ്ടിയൂരില്‍ സ്പായുടെ മറവില്‍ രാസലഹരി നല്‍കി പെണ്‍വാണിഭം നടത്തിയതിന് ശരത് പ്രസാദ് എന്ന നടത്തിപ്പുകാരന്‍ പൊലീസിന്റെ പിടിയിലായി. കൂടാതെ സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള 'സ്പര്‍ശന്‍ വെല്‍നസ് സ്പാ' ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടപ്പിച്ചു. ഇതിനുപിന്നാലെ തിരുവല്ലയില്‍ അക്രമ സംഭവവുമായും ബലാത്സംഗവുമായും ബന്ധപ്പെട്ട് ഒരു ആയുര്‍വേദ സ്പാ അടച്ചുപൂട്ടുകയുണ്ടായി.

നിയമലംഘനങ്ങളുടെ കുത്തൊഴുക്ക്

സംസ്ഥാനത്തുടനീളം വിവിധ ജില്ലകളില്‍ പൊലീസും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന പരിശോധനകളില്‍ വന്‍തോതിലുള്ള ലൈസന്‍സ് ലംഘനങ്ങളാണ് പുറത്തുവന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിശോധിച്ച 137 സ്പാ/ മസാജ് സ്ഥാപനങ്ങളില്‍ 17 എണ്ണത്തിന് ലൈസന്‍സ് ഇല്ലെന്നും ഏഴെണ്ണത്തിന് സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രി ലൈസന്‍സ് മാത്രമായിരുന്നുവെന്നും കണ്ടെത്തി. 2025 ജൂണില്‍ കോഴിക്കോട് പേരാമ്പ്രയിലെ 'ആയുഷ് ആയുര്‍വേദിക് സ്പേസ്' എന്ന സ്ഥാപനത്തില്‍ അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തുകയും അനാശാസ്യ തടയല്‍ നിയമപ്രകാരം ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊച്ചി തൈക്കൂടത്ത് സ്പായ്ക്ക് വേണ്ട യാതൊരു ഉപകരണങ്ങളുമില്ലാതെ പ്രവര്‍ത്തിച്ച 'പുനര്‍ജനി ആയുര്‍വേദിക് സ്പാ'യില്‍ മരട് പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2024 ജനുവരിയില്‍ കൊച്ചിയില്‍ 79 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത 16 സ്പാകള്‍ അടപ്പിച്ചു. വയനാട്ടില്‍ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, അമ്പലവയല്‍, പുല്‍പ്പള്ളി, മാനന്തവാടി തുടങ്ങിയ മേഖലകളിലെ 37 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. ഈ സംഭവങ്ങള്‍ വിരലിലെണ്ണാവുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

സ്പാ മേഖലയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങളും പൂര്‍ണ്ണമായി തടയുന്നതിനായി സംസ്ഥാനതലത്തില്‍ തത്സമയം വിവരങ്ങള്‍ ലഭ്യമാകുന്ന ഒരു ഏകീകൃത രജിസ്ട്രി അടിയന്തരമായി രൂപീകരിക്കേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണ്

കേരളത്തിലെ സ്പാ മേഖലയിലെ പ്രധാന പ്രശ്നം നിയമങ്ങളുടെ പൂര്‍ണ്ണമായ അഭാവമെന്നതിലുപരി, ബാധകമായ നിയന്ത്രണ സംവിധാനങ്ങള്‍ വിവിധ വകുപ്പുകളില്‍ വിഭജിക്കപ്പെട്ടതാണ്. അതായത് ഒരു സ്ഥാപനത്തെ സംബന്ധിച്ച വ്യത്യസ്ത വിവരങ്ങള്‍; വ്യാപാര ലൈസന്‍സ്, ക്ലിനിക്കല്‍ രജിസ്ട്രേഷന്‍, ജീവനക്കാരുടെ യോഗ്യത, ടൂറിസം വര്‍ഗീകരണം തുടങ്ങിയവ വിവിധ വകുപ്പുകളുടെ സംവിധാനങ്ങള്‍ക്കിടയില്‍ എത്രത്തോളം തത്സമയം പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്നത് വ്യക്തമല്ല. ഒരു സ്പാ അല്ലെങ്കില്‍ മസാജ് സെന്ററിനെതിരെ പൊലീസ് നടപടി ഉണ്ടായാല്‍ അതിന്റെ വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും റെഗുലേറ്ററി അധികാരികള്‍ക്കും എത്ര വേഗത്തില്‍ കൈമാറുന്നു, അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച തുടര്‍നടപടി എത്ര വേഗത്തില്‍ നടക്കുന്നു തുടങ്ങിയവ പരിശോധിക്കേണ്ട വിഷയങ്ങളാണ്.

ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ ഔദ്യോഗിക സ്റ്റേറ്റ് രജിസ്റ്റര്‍ നിലവിലുണ്ടെങ്കിലും സ്പാ എന്ന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ആണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ ഒരു ഏകീകൃത സ്റ്റേറ്റ് വൈഡ് സ്പാ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്റ്ററിനെ കേരളത്തിലെ എല്ലാ സ്പാകളുടെയും കണക്കായി കാണാനും കഴിയില്ല, കാരണം എല്ലാ സ്പാകളും ക്ലിനിക്കല്‍ സ്ഥാപനങ്ങളും ആയിരിക്കണമെന്നില്ല. അതിനാല്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെടുത്തി ഉയര്‍ത്തേണ്ട പ്രധാന ചോദ്യം 'ഇവിടെ നിയമങ്ങളുണ്ടോ?' എന്നതിലുപരി, 'ഒരു സ്ഥാപനത്തെക്കുറിച്ചുള്ള വിവിധ വകുപ്പുകളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പരിശോധന, നടപ്പാക്കല്‍ വിവരങ്ങള്‍ പരസ്പരം എത്രത്തോളം ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്.

സ്പാ മേഖലയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങളും പൂര്‍ണ്ണമായി തടയുന്നതിനായി സംസ്ഥാനതലത്തില്‍ തത്സമയം വിവരങ്ങള്‍ ലഭ്യമാകുന്ന ഒരു ഏകീകൃത രജിസ്ട്രി അടിയന്തരമായി രൂപീകരിക്കേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണ്. കൂടാതെ, നിലവിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ തമ്മില്‍ ഡാറ്റാ വിനിമയം സാധ്യമാക്കുന്ന 'ഡാറ്റാ ഇന്ററോപ്പറബിലിറ്റി' (ഡാറ്റയുടെ പരസ്പര പ്രവര്‍ത്തനക്ഷമത) വര്‍ദ്ധിപ്പിക്കേണ്ടതുമുണ്ട്. ഒരു സ്ഥാപനത്തിനെതിരെ പൊലീസോ മറ്റു ലൈസന്‍സിങ് അതോറിറ്റികളോ സ്വീകരിക്കുന്ന നടപടികള്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് യാതൊരു കാലതാമസവുമില്ലാതെ തത്സമയം കൈമാറ്റം ചെയ്യുന്നതിനായുള്ള കൃത്യമായ ഏകോപന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും ഈ മേഖലയുടെ സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണ്.

(തുടരും)

Kerala’s rapidly expanding spa and wellness industry faces growing concerns over fragmented regulation, inadequate monitoring and the absence of a unified database of operating establishments. Despite the sector’s significant economic potential, there is no comprehensive state-level public record documenting the total number of spas, massage centres and wellness facilities in Kerala.