സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നത് പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ, സൂര്യാഘാതം (Heatstroke) ഉൾപ്പെടെയുള്ള ഉഷ്ണകാല രോഗങ്ങൾക്കെതിരെ ആരോഗ്യ വിദഗ്ധർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വേനൽച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കൃത്യമായ മുൻകരുതലുകൾ അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ തടയുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി ആരോഗ്യവകുപ്പ്.
നിർജ്ജലീകരണം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന അവസ്ഥ
അമിതമായ ചൂട് കാരണം ശരീരത്തിൽ നിന്നുള്ള ജലനഷ്ടം വർധിക്കുന്നത് നിർജ്ജലീകരണത്തിന് ഇടയാക്കുന്നു. വിയർപ്പിലൂടെ മാത്രമല്ല, നേരിട്ടുള്ള ബാഷ്പീകരണം വഴിയും ജലം നഷ്ടപ്പെടുന്നു. ഇത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാര സംവിധാനത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നത് മൂത്രത്തിൽ അണുബാധയ്ക്ക് സാധ്യത ഉയർത്തുകയും തലച്ചോറിന്റെ പ്രവർത്തനവും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ദിവസവും കുറഞ്ഞത് രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നിർബന്ധമാണെന്നും, മദ്യം, കാപ്പി, ചായ, കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. പകരം പഴങ്ങളും പഴച്ചാറുകളും ഉൾപ്പെടുത്തുന്നതാണ് ഉചിതം.
ചൂടുകുരു: സാധാരണയെങ്കിലും ശ്രദ്ധിക്കേണ്ട അവസ്ഥ
വെയിൽക്കാലത്ത് ശരീരത്തിൽ ചെറിയ കുരുക്കൾ രൂപപ്പെടുന്നത് ചൂടുകുരുവോ വെപ്പോ എന്നറിയപ്പെടുന്നു. വിയർപ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് വലിയ ആരോഗ്യപ്രശ്നമല്ലെങ്കിലും അസ്വസ്ഥത ഉണ്ടാക്കാം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും, ദിവസത്തിൽ രണ്ടുതവണ തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്താൽ ഈ പ്രശ്നം സ്വാഭാവികമായി മാറും.
സൂര്യാഘാതം: ഏറ്റവും ഗുരുതരമായ ഭീഷണി
ചൂട് മൂലമുള്ള പ്രശ്നങ്ങളിൽ ഏറ്റവും അപകടകാരിയായത് സൂര്യാഘാതമാണ്. ഇതിൽ സാധാരണയായി കാണുന്ന സൂര്യാതപം ചർമ്മത്തെ ബാധിക്കുന്നതാണ്. അധികസമയം വെയിലേറ്റ ഭാഗങ്ങളിൽ തൊലിയിൽ നീറ്റൽ, കുരുക്കൾ, തുടർന്ന് തൊലി പൊളിഞ്ഞുപോകൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. അൾട്രാവയലറ്റ് കിരണങ്ങളാണ് ഇതിന് പ്രധാന കാരണം.
ഗുരുതരമായ സൂര്യാഘാതത്തെ (Heatstroke) പ്രധാനമായും രണ്ടു വിഭാഗങ്ങളായി തരംതിരിക്കാം. ഇതിൽ ആദ്യത്തെ വിഭാഗം ദിവസങ്ങൾ എടുത്താണ് ശരീരത്തെ ബാധിക്കുന്നത്. ഇത് പ്രായമായവരിലും പ്രായപൂർത്തിയായവരിലുമാണ് സാധാരണയായി കണ്ടുവരുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കാതെ ദീർഘനേരം ചൂടേറിയ അന്തരീക്ഷത്തിൽ തുടരുന്നതാണ് ഇതിന് പ്രധാന കാരണം. തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ഭയാനകമായ വശം. അസാധാരണമായ പെരുമാറ്റം, കടുത്ത ആശയക്കുഴപ്പം, സ്ഥലകാല ബോധം നഷ്ടപ്പെടുക എന്നിവ മുതൽ അപസ്മാര ലക്ഷണങ്ങൾക്കും ഗാഢമായ അബോധാവസ്ഥയ്ക്കും (Coma) ഇത് കാരണമായേക്കാം.
മറ്റൊരു വിഭാഗം സൂര്യാഘാതം, ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത വ്യക്തികൾ അമിത ചൂടിൽ കഠിനാധ്വാനം ചെയ്യുന്നതിനാൽ ഉണ്ടാകുന്നതാണ്. ഈ സാഹചര്യത്തിൽ പേശികളിലെ പ്രോട്ടീനുകൾ വിഘടിച്ച് വൃക്കകളിൽ അടിഞ്ഞുകൂടുകയും, വൃക്കസ്തംഭനം പോലുള്ള ഗുരുതര പ്രശ്നങ്ങൾക്കും ഇടയാക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തിൽ ശരീരം വിയർപ്പിൽ നനഞ്ഞിരിക്കാനാണ് സാധ്യത.
മുന്നറിയിപ്പ് ലക്ഷണങ്ങൾ
സൂര്യാഘാതത്തിന് മുൻപ് ചില ലക്ഷണങ്ങൾ പ്രകടമാകും. വിളർച്ച തോന്നുന്ന ചര്‍മ്മം, ക്ഷീണം, ഓക്കാനം, തലകറക്കം, അസാധാരണമായ വിയർപ്പ്, ഉയർന്ന ഹൃദയമിടിപ്പ്, വേഗതയേറിയ ശ്വാസം, പേശികളുടെ കോച്ചിപ്പിടുത്തം തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അടിയന്തര ചികിത്സ അനിവാര്യമാണ്
ചില സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടേണ്ടതുണ്ട്. ശരീരം വിയർപ്പില്ലാതെ ചൂടും വരണ്ടതുമായിരിക്കുകയോ, ബോധക്ഷയം, സ്ഥലകാലബോധം നഷ്ടപ്പെടൽ, ശക്തമായ തലവേദന, ഛർദ്ദി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്താൽ വൈകാതെ ചികിത്സ ലഭ്യമാക്കണം. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മുന്നറിയിപ്പ്.
ആദ്യശുശ്രൂഷ: ജീവൻ രക്ഷിക്കാൻ നിർണായകം
സൂര്യാഘാതമേറ്റ വ്യക്തിയെ ഉടൻതന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റണം. ശരീരത്തിലെ വസ്ത്രങ്ങൾ അഴിച്ച്, വായയിലും മൂക്കിലും ഉള്ള തടസ്സങ്ങൾ നീക്കണം. തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടർച്ചയായി തണുപ്പിക്കണം. വെള്ളത്തിൽ മുക്കിയ തുണിയാൽ പൊതിയുകയോ, ഐസ് കട്ടകൾ കക്ഷത്തിലും തുടയിടുക്കിലും വയ്ക്കുകയോ ചെയ്യാം. ഫാൻ ഉപയോഗിച്ച് ശരീരം തണുപ്പിക്കുകയും കൈകാലുകൾ തിരുമ്മുകയും ചെയ്യുന്നത് സഹായകരമാണ്. ഇതിന് പിന്നാലെ രോഗിയെ വേഗത്തിൽ ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
പ്രതിരോധം: ലളിതമായ ശീലങ്ങൾ ജീവൻ രക്ഷിക്കും
ചൂട് മൂലമുള്ള അസുഖങ്ങൾ ഒഴിവാക്കാൻ പ്രതിരോധ മാർഗങ്ങൾ അനിവാര്യമാണ്. ദിവസേന മതിയായ വെള്ളം കുടിക്കുക, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുക, ചായയും കാപ്പിയും കുറയ്ക്കുക എന്നിവ പ്രധാനമാണ്. കൃത്രിമ ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും മാംസാഹാരം നിയന്ത്രിക്കുകയും ചെയ്യണം.
അതോടൊപ്പം, രാവിലെ പതിനൊന്ന് മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നേരിട്ട് വെയിലേറ്റുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുകയും, നൈലോൺ, പോളിസ്റ്റർ വസ്ത്രങ്ങൾ ഒഴിവാക്കി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം. കുട്ടികളെയും പ്രായമായവരെയും പ്രത്യേക ശ്രദ്ധയിൽപ്പെടുത്തുകയും, പനി അല്ലെങ്കിൽ ക്ഷീണം തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
English Summary : Health experts warn of rising heat-related illnesses in Kerala, including sunstroke. Symptoms like dizziness, excessive sweating, and breathing difficulty should not be ignored. Proper hydration, early detection, and timely treatment are crucial