ബിഹാറിൽ മദ്യനിരോധനമേർപ്പെടുത്തിയിട്ട് 10 വർഷമാകുന്നു. പക്ഷേ ബിഹാറുകാർക്ക് ഫിറ്റാവാൻ മദ്യം തന്നെ വേണം എന്നൊന്നുമില്ല. കഫ് സിറപ്പിലും ലഹരി കണ്ടെത്തുന്ന ജനതയാണവിടെ.
അടുത്തിടെ നടത്തിയ ഒരു സർവേയിൽ, കഫ് സിറപ്പിന് അടിമയാകുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം ബിഹാറിൽ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്ർറലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ 7,500 കുപ്പിയോളം കഫ് സിറപ്പ് പട്നയിലെ രാജേന്ദ്രനഗർ ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
മദ്യനിരോധനം പരസ്യമായ മദ്യദുരുപയോഗം കുറച്ചെങ്കിലും, പകരം ഒപിയം അടങ്ങിയ ലഹരിവസ്തുക്കളുടെ അനധികൃത വിപണി വളർച്ച ബിഹാറിനെ പിടികൂടിയിരിക്കുകയാണ്. ഇതോടെ പൊലീസ്, ആശുപത്രികൾ, ലഹരിവിമുക്തി കേന്ദ്രങ്ങൾ എന്നിവയ്ക്ക് കൂടുതൽ സമ്മർദ്ദവും നേരിടേണ്ടിവരികയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
കോഡീൻ എന്ന പദാർഥമടങ്ങിയ കഫ് സിറപ്പുകളാണ് ബിഹാറിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. കറുപ്പ് ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതോ രാസപരമായി നിർമിക്കുന്നതോ ആയ വേദനസംഹാരിയായ മരുന്നാണിവ.
പ്രധാനമായും ചുമക്കുള്ള മരുന്നായാണ് കോഡീൻ ഉപയോഗിക്കുന്നത്. തലച്ചോറിലെ ചുമ നിയന്ത്രണ കേന്ദ്രത്തിന്റെ പ്രവർത്തനം കുറച്ചുകൊണ്ടാണ് ഇത് ചുമ ശമിപ്പിക്കുക. ശ്വാസകോശ അണുബാധകൾക്കും ബ്രോങ്കൈറ്റിസ് പോലുള്ള ദീർഘകാല രോഗങ്ങൾക്കും ഇത് സാധാരണയായി നിർദേശിക്കപ്പെടുന്നു. എന്നാൽ സാധാരണ ജലദോഷത്തിന് നൽകുന്ന ആദ്യഘട്ട ചികിത്സാ മരുന്നല്ല ഇത്.
മുതിർന്നവർക്കുള്ള ഡോസ് 4-6 മണിക്കൂറിൽ 10-20എംജി ആണ്. ഇത് ദിവസം 120 എംജി വരെയാകാം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാധാരണ കോഡീൻ കഫ് സിറപ്പുകൾ നൽകാറില്ല. അനുവദനീയമായ അളവിൽ കഴിച്ചാൽ പോലും പരിണിതഫലങ്ങൾ ഉണ്ടാകും എന്നതിനാലാണിത്. അമിതമായ ഉപയോഗം കിഡ്നി തകരാറിനും മാനസികനില തെറ്റുന്നതിനും കാരണമാവുകയും ചെയ്യുന്നു.
2016ലാണ് ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തുന്നത്. അക്രമങ്ങൾ, റോഡപകടങ്ങൾ, സാമൂഹിക വിപത്തുകള്‍ എന്നിവ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മദ്യനിരോധനം, ലഹരി ഉപയോഗം പൂർണമായി ഇല്ലാതാക്കിയില്ല എന്ന് മാത്രമല്ല, പുതിയ തരത്തിലുള്ള ലഹരി അടിമത്തങ്ങൾക്ക് അത് വഴിയൊരുക്കുകയും ചെയ്തു.
നിരോധനത്തിന് പിന്നാലെ മദ്യപാനികള്‍ കറുപ്പ്, കഞ്ചാവ്, എന്നീ ലഹരികളിലേക്ക് തിരിഞ്ഞു. കൂടെ, മരുന്നുകടകളിൽ സുലഭമായ കോഡീൻ കഫ് സിറപ്പുകളിലേക്കും. ബോട്ടിലിന് 100-200 രൂപയ്ക്ക് ഇവ കടകളിൽ ലഭ്യമാണ്. മദ്യത്തിന് പകരം ആളുകൾ കൂടുതലായി വാങ്ങാനെത്തിയതോടെ ഇവയ്ക്ക് ഡിമാൻഡ് കൂടുകയും ചെയ്തു. ഇത് മറ്റൊരു പ്രശ്നമായി മാറി.
അനധികൃതമായി, അനുവദനീയമായ അളവിൽ ബിഹാറിലേക്ക് കഫ് സിറപ്പൊഴുകി. 2016ൽ നിയമവിരുദ്ധമായി 30,000 കുപ്പി കഫ് സിറപ്പ് പിടിച്ചെടുത്തപ്പോൾ 2024ൽ ഇത് 1.17 ലക്ഷം ബോട്ടിലുകളായി ഉയർന്നു.
മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ ഉൾപ്പെടെയുള്ള കർശന നിയമങ്ങളും ശിക്ഷകളും നിലവിലുണ്ടെങ്കിലും, കോഡീൻ സിറപ്പിന്റെ കരിഞ്ചന്ത ഇപ്പോഴും സജീവമാണ്. അടുത്തിടെ ആന്റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് (ANTF) നടത്തിയ റെയ്ഡുകളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കോഡീൻ സിറപ്പ് ശേഖരങ്ങൾ പിടിച്ചെടുത്തിരുന്നു. പട്‌നയിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ഈ അനധികൃത ശേഖരങ്ങൾ പലപ്പോഴും സംസ്ഥാനാന്തര കടത്ത് ശൃംഖലകളുടെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ.
English Summary: It has been ten years since Bihar imposed prohibition. But for many in the state, alcohol is not the only way to get intoxicated. Even cough syrup has become a source of addiction. A recent survey found a rising number of teenagers and young adults in Bihar becoming dependent on cough syrups. In a major crackdown, the Directorate of Revenue Intelligence (DRI) seized around 7,500 bottles of cough syrup from Rajendra Nagar Terminal railway station in Patna.