തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ് എംകെ സ്റ്റാലിന്റെ ഡിഎംകെ. കലൈഞ്ജർ കരുണാനിധിയുടെ മകന് രാഷ്ട്രീയ തന്ത്രജ്ഞത എത്രത്തോളം വഴങ്ങുമെന്ന് കാണിക്കുന്ന കരു നീക്കങ്ങളാണ് വനിതാ സംവരണ ബില്ലിൻറെ കാര്യത്തിൽ പ്രകടമായത്. വാക്കുകൊണ്ടും ചടുലമായ നീക്കങ്ങൾക്കൊണ്ടും സ്റ്റാലിൻ തീർത്ത പത്മവ്യൂഹം ഭേദിക്കാനാകാതെ പോയവരിൽ ബിജെപിയും പ്രധാനമന്ത്രിയുംവരെ വരും.
വനിതാ സംവരണ ബില്ലിനെതിരായ പ്രക്ഷോഭത്തിരയിലൂടെ സ്റ്റാലിനും സംഘവും തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടാക്കിയ ബിജെപി വിരുദ്ധ വികാരം ചെറുതല്ല. ബിൽ പരാജയപ്പെട്ടാൽ തെക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീകളെ കൂടെനിർത്താമെന്ന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിൻറെ മുനയൊടിക്കാൻ സ്റ്റാലിന് സാധിച്ചുവെന്നതാണ് പ്രധാന കാര്യം. വനിതാ ബില്ലിനെയല്ല മണ്ഡലപുനക്രമീകരണത്തെയാണ് ചെറുക്കുന്നതെന്ന കൃത്യമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഡിഎംകെയ്ക്കും സ്റ്റാലിനും കഴിഞ്ഞു. വനിതാ ബിൽ പരസ്യമായി കത്തിച്ച് സ്റ്റാലിൻ ഉയർത്തിയ കരിങ്കൊടി കൈമാറിയത് വലിയൊരു സന്ദേശമായിരുന്നു. കറുപ്പണിഞ്ഞ് ലോക്സഭയിലെത്തിയ ഡിഎംകെ പ്രതിനിധികൾ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി. തമിഴ് മണ്ണിൽ ഡിഎംകെയുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കാൻ ഈ പ്രതിഷേധ പരമ്പര സഹായിച്ചുവെന്ന് നിസംശ്ശയം പറയാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രശംസ കൂടി ആയപ്പോൾ അങ്കത്തട്ടിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കാൻ സ്റ്റാലിന് കഴിഞ്ഞതായാണ് വിലയിരുത്തൽ.
ദ്രാവിഡ സംസ്കാരത്തെയും തമിഴ് ജനതയെയും ഒന്നിച്ചുനിർത്താൻ ഇനി എഐഡിഎംകെയ്ക്ക് സാധിക്കില്ലെന്ന സന്ദേശവും ഇതോടൊപ്പം ചർച്ചയാവുന്നുണ്ട്. ബില്ലിനെതിരെ കാര്യമായൊന്നും സംസാരിക്കാതിരുന്ന വിജയ്‌യുടെ ടിവികെയും ഫലത്തിൽ പ്രതിരോധത്തിലായി.
പരാജയപ്പെടുമെന്ന ബോധ്യത്തോടെയാണ് മോദി സർക്കാർ വനിതാ സംവരണ ബില്ലുമായി രംഗത്തു വന്നത്. പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ ഈ ബില്ലിന് കഴിയുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ ബിജെപി വിരുദ്ധ ചേരിക്ക് കിട്ടിയ വജ്രായുധമായി ബില്ലിനെ മാറ്റിയെഴുതാൻ സ്റ്റാലിനായത് രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷായെപ്പോലും അമ്പരിപ്പിച്ച മാസ്റ്റർ സ്ട്രോക്കായി മാറി. ബിൽ പരാജയപ്പെടുത്തിയ ശേഷം സ്റ്റാലിൻ പങ്കുവെച്ച വാക്കുകൾ കൃത്യമായ രാഷ്ട്രീയ സൂചനയോടു കൂടിയ ശരങ്ങളായിരുന്നു.
സ്റ്റാലിൻ പറഞ്ഞത്:
മണ്ഡല പുനർനിർണ്ണയം എന്നത് പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദമുണ്ടാകേണ്ടത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്, മറിച്ച് അതിന്റെ തുലനാവസ്ഥ തകർക്കുകയല്ല. പെരിയാർ നയിച്ച, അണ്ണാദുരൈ പ്രചോദനമായ, കലൈഞ്ജർ കരുത്തു പകർന്ന തമിഴ്‌നാട് എന്നും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. തെക്ക് ഒന്നിച്ച് നിന്ന് ശബ്ദമുയർത്തി. ജനാധിപത്യം വിജയിച്ചു, മണ്ഡല പുനർനിർണയം തെക്കൻ സംസ്ഥാനങ്ങളുടെ (തമിഴ്‌നാട്, കേരളം, ആന്ധ്ര, തെലങ്കാന, കർണാടക) ലോക്‌സഭാ സീറ്റുകൾ കുറയ്ക്കും.
ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭൂമികയിൽ നിന്ന് ബിജെപി ഇല്ലാതാക്കുമെന്നാണ് ഡിഎംകെ വാദിക്കുന്നത്. സീറ്റ് വർദ്ധിപ്പിക്കാതെ, നിലവിലെ 543 സീറ്റുകളിൽ തന്നെ ഉടൻ 33 ശതമാനം സംവരണം നടപ്പാക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ ബില്ലിൻറെ പേരിൽ രാജ്യത്തോടും വനികളോടും പ്രധാനമന്ത്രി മാപ്പു പറയും മുന്നെ തന്നെ തമിഴ്ജനതയുടെ പ്രത്യേകിച്ച് വനിതകളുടെ മനസിൽ കൂടുകെട്ടാൻ ഡിഎംകെയ്ക്ക് സാധിച്ചതിൻറെ പ്രതിഫലനമായാണ് സ്റ്റാലിനെയും ഉദയനിധിയെയും നേരിട്ട് കടന്നാക്രമിച്ചുള്ള അമിത് ഷായെപ്പോലെയുള്ള നേതാക്കളുടെ രംഗപ്രവേശനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
English Summary: M. K. Stalin and the Dravida Munnetra Kazhagam used the Women’s Reservation Bill as a political strategy, strengthening their position in Tamil Nadu politics while countering the Bharatiya Janata Party’s narrative. The move also highlighted concerns over delimitation and representation of southern states.