യു.എസ്- ഇറാൻ യുദ്ധം തുടങ്ങിയതിൽ പിന്നെ രണ്ട് തരത്തിലാണ് ഇറാൻ യു.എസിനെ നേരിടുന്നത്. ഒന്ന് യുദ്ധക്കളത്തിലും മറ്റൊന്ന് സോഷ്യൽമീഡിയയിലും. യു.എസിനെ പരിഹസിക്കാനോ കുറ്റപ്പെടുത്താനോ കിട്ടുന്ന ഒരവസരവും ഇറാൻ പാഴാക്കാറില്ല. ലീഗോ കഥാപാത്രങ്ങളുമായി ഡോണൾഡ് ട്രംപിനെയും പീറ്റ് ഹെഗ്സെതിനെയും ചിത്രീകരിച്ച് റാപ് ഗാനങ്ങളിൽ ഇറാൻ ട്രോളിയത് അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാനാവില്ല.
ഇപ്പോഴിതാ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ആണ് ഇറാൻ്റെ വേട്ടമൃഗം. ഇന്ത്യയിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ ഭാര്യയ്ക്കൊപ്പം തിങ്കളാഴ്ച താജ്മഹൽ സന്ദർശിച്ചിരുന്നു. ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച്, ലോകത്തിലെ പ്രണയസ്മാരകങ്ങളിൽ ഒന്ന് എന്ന് കുറിക്കുകയും ചെയ്തു.
ഇതാണ് ഇത്തവണ ഇറാൻ ആയുധമാക്കിയത്. റൂബിയോയുടെ ഫോട്ടോ റീപോസ്റ്റ് ചെയ്ത്, താജ്മഹലിന്റെ ചരിത്രമറിയുമെങ്കിൽ അദ്ദേഹം ഈ ഫോട്ടോ പോസ്റ്റ് ചെയ്യുകയില്ലായിരുന്നു എന്ന് ഇറാൻ കോൺസുലേറ്റ് തുറന്നടിച്ചു. താജ്മഹലിന്റെ ചരിത്രപരമായ ഇറാനിയൻ വേരുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ കോൺസുലേറ്റ് നയനന്ത്രപരിഹാസം ഉന്നയിച്ചത്. ഒരു വശത്ത്, ഇറാനിയൻ സംസ്കാരത്തെയും നാഗരികതയെയും തകർക്കാൻ ശ്രമിക്കുന്ന യു.എസ് ഭരണകൂടം മറുവശത്ത് പേർഷ്യൻ സംസ്കാരത്തിന്റെ പ്രതീകമായ താജ്മഹൽ ആസ്വദിക്കുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു ഇറാൻ.
പ്രിയപത്നി മുംതാസിന്റെ ഓർമയ്ക്കായാണ് മുഗൾ ചക്രവർത്തി ഷാജഹാൻ താജ്മഹൽ നിർമിച്ചത്. മുംതാസിന്റെ കുടുംബവേരുകൾ പേർഷ്യയിലാണ് (ഇറാന്റെ പഴയ പേര്). പേർഷ്യയിലെ ഒരു മുന്തിയ പ്രഭുകുടുംബമായിരുന്നു മുംതാസിന്റെത്. അക്ബറിന്റെ സഭയിൽ അംഗമായി 1577ലാണ് മുംതാസിന്റെ മുത്തച്ഛൻ മിർസ ഘിയാസ് ബെഗ് 1577ൽ ഇന്ത്യയിലേക്ക് കുടിയേറുന്നത്.
മുംതാസിന്റെ പേർഷ്യൻ ബന്ധം കൂടാതെയും പേർഷ്യൻ സംസ്കാരവുമായി താജ്മഹലിന് ബന്ധമുണ്ട്. ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ മകുടോദ്ദാഹരണമായാണ് താജ്മഹൽ കണക്കാക്കപ്പെടുന്നത്. താജ്മഹലിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലോകപ്രശസ്ത വാസ്തുശിൽപി ഉസ്താദ് അഹമ്മദ് ലഹോരി പേർഷ്യക്കാരൻ ആയിരുന്നു. ഇതല്ലാതെ, നിർമാണത്തൊഴിലാളികളിലും പേർഷ്യക്കാർ കൂടുതലായി ഉണ്ടായിരുന്നു.
താജ്മഹലിന്റെ മകുടമടക്കമുള്ള ഡിസൈനുകൾ പേർഷ്യൻ വാസ്തുവിദ്യയുടെ പ്രത്യേകതയാണ്. മാത്രമല്ല, താജ്മഹലിന്ർറെ മാർബിൾ ഭിത്തികളിൽ ഖുറാൻ വാചകങ്ങളും കൊത്തിവച്ചിരിക്കുന്നു. ഇറാനിലെ ഷിറാസിൽ നിന്നുള്ള കാലിഗ്രാഫർ അബ്ദുൾ ഹഖാണ് ഇത് ഭംഗിയായി ഭിത്തിയിൽ വരച്ചത്. ഇതിന് 'അമാനത്ത് ഖാൻ' എന്ന പദവി നൽകി ഷാജഹാൻ ആദരിക്കുകയും ചെയ്തിരുന്നു.
താജ്മഹലിന്റെ ഭംഗിയേറിയ പൂന്തോട്ടം പേർഷ്യൻ സംസ്കാരത്തിന്റെ മറ്റൊരു ഉദ്ദാഹരണമാണ്. നാല് വഴിയിലേക്ക് തിരിയുന്ന നടപ്പാതകളോട് കൂടിയ പൂന്തോട്ടം സ്വർഗത്തിലെ നാല് അരുവികളെ പ്രതിനിധാനം ചെയ്യുന്നു.
ഇനി, താജ്മഹലിൽ മാത്രമല്ല ഇറാൻ റൂബിയോയെ പരിഹസിച്ചിരിക്കുന്നത്. റൂബിയോ ഇന്ത്യയിലെത്തിയപ്പോൾ ഇട്ട ആദ്യ പോസ്റ്റിലും ഇറാൻ കോൺസിലേറ്റിന്റെ പരിഹാസമുണ്ടായിരുന്നു. സഭ്യത പഠിക്കാൻ പറ്റിയ ഇടമാണെന്നും കുറച്ച് പഠിച്ചിട്ട് പോകൂ എന്നുമായിരുന്നു അന്ന് മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റിന്റെ പരിഹാസം.
English Summary: Since the outbreak of the U.S.-Iran conflict, Iran has been taking on the United States on two fronts — on the battlefield and across social media. It rarely misses an opportunity to mock or criticise the U.S. Many still remember Iran's viral rap videos that trolled Donald Trump and Pete Hegseth using Lego-style characters. Now, U.S. Secretary of State Marco Rubio has become Iran's latest target.