കഴിഞ്ഞ ദിവസം പുറത്തുവന്ന ആറാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്-6) യില്‍ നിന്നു സുപ്രധാന വിവരങ്ങള്‍ ഒഴിവാക്കിയെന്ന് വിമര്‍ശനം. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ 'ശുദ്ധമായ പാചകവാതക ലഭ്യത, തുറസ്സായ സ്ഥലങ്ങള്‍ മലമൂത്രവിസര്‍ജ്ജന മുക്തമാക്കല്‍' എന്നിവയുടെ പുതിയ വിവരങ്ങളാണ് സര്‍വെയില്‍ നിന്നും ഒഴിവാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് (ഐഐപിഎസ്) ആണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സര്‍വേയായ എന്‍എഫ്എച്ച്എസ് സംഘടിപ്പിക്കുന്നത്. ആറാമത് സര്‍വേ 2023-24 ലും, അഞ്ചാമത് സര്‍വേ 2019-21 കാലഘട്ടത്തിലുമാണ് നടത്തിയത്.
ഒഴിവാക്കപ്പെട്ട സുപ്രധാന സൂചകങ്ങള്‍
രാജ്യത്തെ 40 ശതമാനത്തിലധികം വീടുകളില്‍ ശുദ്ധമായ പാചക വാതകം ലഭ്യമല്ലെന്ന് അഞ്ചാമത് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ദരിദ്രരായ സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷനുകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 'പ്രധാനമന്ത്രി ഉജ്ജ്വല യോജന' പദ്ധതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ കണക്ക്. അതുപോലെ, 'സ്വച്ഛ് ഭാരത് മിഷന്‍' ലക്ഷ്യമിട്ടതുപോലെ ഇന്ത്യ ഇതുവരെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന മുക്ത രാജ്യമായിട്ടില്ല എന്നും സര്‍വേ ചൂണ്ടിക്കാണിച്ചിരുന്നു.
എന്‍എഫ്എച്ച്എസ്-5 പുറത്തുവന്നതിന് തൊട്ടുപിന്നാലെ അന്നത്തെ ഐഐപിഎസ് ഡയറക്ടര്‍ കെഎസ് ജെയിംസിന് അദ്ദേഹത്തിന്റെ പദവി നഷ്ടമായിരുന്നു. ഇതിനുപുറമെ, ജനനസമയത്തെ ലിംഗാനുപാതം, ശിശുമരണ നിരക്ക്, കുട്ടികളുടെ മരണനിരക്ക് എന്നിവയും എന്‍എഫ്എച്ച്എസ്-6 ല്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് വിവരങ്ങളും സര്‍ക്കാരിന്റെ മറ്റ് വിവരശേഖരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മറ്റ് ആരോഗ്യ സര്‍വേകളില്‍ നിന്നുള്ള കണക്കുകളുമായി എന്‍എഫ്എച്ച്എസിലെ കണക്കുകള്‍ക്ക് നേരിയ വ്യത്യാസങ്ങളുമുണ്ട്.
വിളര്‍ച്ചയുടെ വ്യാപനം സംബന്ധിച്ച സൂചകവും ഇത്തവണത്തെ സര്‍വേയില്‍ ഇല്ല. മുന്‍ സര്‍വേയില്‍ വിളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് വലിയ വാര്‍ത്തയായിരുന്നു. നിലവില്‍ ഐഐപിഎസ് ഉപയോഗിച്ച രീതിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു രീതിയിലൂടെ അനീമിയയുടെ വ്യാപ്തി അളക്കാന്‍ സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ തയ്യാറെടുക്കുകയാണ്.
സര്‍വേയിലെ മറ്റു വിവരങ്ങള്‍
രാജ്യത്തെ മൂന്നില്‍ ഒരു സ്ത്രീയും നാലില്‍ ഒരു പുരുഷനും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, രാജ്യത്തെ മുതിര്‍ന്ന പുരുഷന്മാരില്‍ അഞ്ചില്‍ ഒരാള്‍ വീതം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടും പ്രമേഹത്തോടും പോരാടുകയാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 715 ജില്ലകളിലെ 6.79 ലക്ഷം വീടുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പൊണ്ണത്തടിയും പോഷകാഹാരക്കുറവും ഒരുപോലെയാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള സ്ത്രീകളുടെ അനുപാതം കഴിഞ്ഞ സര്‍വേയില്‍ 24 ശതമാനം ആയിരുന്നത് പുതിയ സര്‍വേയില്‍ 30.7 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാര്‍ക്കിടയില്‍ ഇത് 22.9 ശതമാനത്തില്‍ നിന്ന് 27.3 ശതമാനമായി വര്‍ദ്ധിച്ചു. അതേസമയം, സ്ത്രീകളിലെ പോഷകാഹാരക്കുറവ് 19.7 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറഞ്ഞപ്പോള്‍, ഭാരക്കുറവുള്ള പുരുഷന്മാരുടെ നിരക്ക് 16.2% ല്‍ നിന്ന് 19.7% ആയി ഉയര്‍ന്നു.
മുലയൂട്ടല്‍ രീതികള്‍
കുട്ടികളുടെ ദീര്‍ഘകാല രോഗപ്രതിരോധ ശേഷിക്കും പോഷണത്തിനും അത്യന്താപേക്ഷിതമായ 'ആദ്യത്തെ ആറുമാസത്തെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍' ശീലത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. മുന്‍ സര്‍വേകളില്‍ ഇതില്‍ വര്‍ദ്ധനവുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ പോഷണം, ദീര്‍ഘകാല പ്രതിരോധശേഷി, ശരിയായ ജലാംശം എന്നിവ ഉറപ്പാക്കാന്‍ ആറുമാസത്തെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ പ്രധാനമാണ്.
പ്രസവിച്ച് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടാന്‍ ആരംഭിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ആറുമാസം വരെയുള്ള സമ്പൂര്‍ണ്ണ മുലയൂട്ടലില്‍ കുറവ് വന്നിട്ടുണ്ട്. ആറു മാസത്തിനു ശേഷം കുട്ടിക്ക് അമ്മയുടെ പാലിനൊപ്പം അര്‍ദ്ധ-ഖര ഭക്ഷണങ്ങളും നല്‍കേണ്ടതുണ്ട്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 6 മുതല്‍ 23 മാസം വരെയുള്ള കുട്ടികളില്‍ വെറും 15.3% പേര്‍ക്ക് മാത്രമാണ് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കൃത്യമായ അളവില്‍ അര്‍ദ്ധ-ഖര ആഹാരം ലഭിക്കുന്നത്. ഇത് ഭാവിയില്‍ കുട്ടികളില്‍ പോഷകാഹാരക്കുറവിനും രോഗപ്രതിരോധശേഷി ഇല്ലായ്മയ്ക്കും കാരണമാകും.
അതേസമയം, സ്ത്രീകളില്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ (വന്ധ്യംകരണ ശസ്ത്രക്രിയകള്‍, ഗുളികകള്‍, കോണ്ടം തുടങ്ങിയവ) ഉപയോഗത്തിലും ഇത്തവണ കുറവ് വന്നിട്ടുണ്ട്. ഇതില്‍ത്തന്നെ പുരുഷ വന്ധ്യംകരണത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് സ്ത്രീ വന്ധ്യംകരണത്തിന്റെ നിരക്ക്. ഇത് കുടുംബസൂത്രണത്തിന്റെ ഭാരം സ്ത്രീകളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ്
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കുടുംബങ്ങളുടെ എണ്ണം 41 ശതമാനത്തില്‍ നിന്നും 60.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് കൂടിയിട്ടും, രോഗികള്‍ സ്വന്തം കൈയില്‍ നിന്നും ചെലവാക്കേണ്ടി വരുന്ന തുകയില്‍ വലിയ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് റിപ്പോര്‍ട്ട് പ്രകാരം മൊത്തം ആരോഗ്യച്ചെലവിന്റെ 43.4 ശതമാനവും രോഗികള്‍ സ്വന്തം കൈയില്‍ നിന്നാണ് നല്‍കുന്നത്. മുന്‍ വര്‍ഷം ഇത് 39.4% ആയിരുന്നു.
ഇന്‍ഷുറന്‍സ് സാധാരണയായി ആശുപത്രിയില്‍ അഡ്മിറ്റ് ആകുമ്പോഴുള്ള ചെലവുകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ഒ.പി ചികിത്സകള്‍ക്കാണ്. ഇത് ഇന്‍ഷുറന്‍സ് പരിധിയില്‍ വരാത്തതാണ് സ്വന്തം കൈയില്‍ നിന്നുള്ള ചെലവ് കൂടാന്‍ കാരണം.
മാതൃ-ശിശു ആരോഗ്യം
ഗര്‍ഭകാലത്ത് ചുരുങ്ങിയത് നാല് തവണയെങ്കിലും ആരോഗ്യപരിശോധന നടത്തുന്ന സ്ത്രീകളുടെ നിരക്ക് 58.5 ശതമാനത്തില്‍ നിന്നും 65.2 ശതമാനമായി ഉയര്‍ന്നു. എങ്കിലും മൂന്നിലൊന്ന് ഗര്‍ഭിണികള്‍ക്കും ഇപ്പോഴും ഈ പരിശോധനകള്‍ പൂര്‍ണ്ണമായി ലഭിക്കുന്നില്ല. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടുകളില്‍ വരുന്ന കുറവ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രി പ്രസവങ്ങളുടെ നിരക്ക് 88.6 ശതമാനത്തില്‍ നിന്നും 90 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ നിരക്ക് 54.1 ശതമാനമാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് 16.9% മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ നിരക്കില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അസമില്‍ ഇത് 81.4 ശതമാനമാണെങ്കില്‍ ബിഹാറില്‍ 49.3 ശതമാനവും ഉത്തര്‍പ്രദേശില്‍ 47.3 ശതമാനവുമാണ്. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 39% സിസേറിയന്‍ നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ അത് 42.5% മാത്രമാണ്.
English Summary: India’s sixth National Family Health Survey (NFHS-6) has drawn criticism for excluding several important indicators that were included in previous rounds, including access to clean cooking fuel, open defecation, anemia prevalence, infant mortality, child mortality, and sex ratio at birth. Critics argue that the omission limits assessment of major government welfare schemes such as the Pradhan Mantri Ujjwala Yojana and Swachh Bharat Mission.