India

'അതെന്റെ ചോളൻ', ഇന്ത്യൻ നേവിക്കെതിരെ നിയമ നടപടിയുമായി ശിൽപ്പി

ചെന്നൈയിലെ നാവികസേന ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ പൊളിച്ചുനീക്കി, തന്റെ കൈവശം ഏൽപ്പിക്കണമെന്നാണ് ശിൽപ്പി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

Madism Desk

തന്റെ ശിൽപ്പം ഇന്ത്യൻ നാവികസേന അനുമതിയില്ലാതെ പകർത്തി ഉപയോഗിച്ചെന്ന ആരോപണവുമായി ശിൽപ്പി കോടതിയിൽ. താൻ നിർമിച്ച ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ശിൽപ്പം അനുമതിയില്ലാതെ പകർത്തി ഉപയോഗിച്ചെന്ന് ആരോപിച്ച് അശോക് ബാലകൃഷ്ണനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ചെന്നൈയിലെ നാവികസേന ആസ്ഥാനത്ത് സ്ഥാപിച്ച 20 അടി ഉയരമുള്ള രാജേന്ദ്ര ചോളൻ പ്രതിമ തന്റെ സൃഷ്ടിയുടെ പകർപ്പാണെന്നാണ് ഹർജിക്കാരന്റെ ആരോപണം. നാവികസേനയുടെ നടപടി പകർപ്പവകാശ ലംഘനമാണെന്നാണ് ശിൽപ്പി ആരോപിച്ചിരിക്കുന്നത്.

പകർപ്പവകാശ ലംഘനം, വിശ്വാസവഞ്ചന, ധാർമിക അവകാശങ്ങളുടെ ലംഘനം, അന്യായ നേട്ടം എന്നിവ ആരോപിച്ചാണ് ശിൽപ്പി ഹൈക്കോടതിയെ സമീപിച്ചത്. ചെന്നൈയിലെ നാവികസേന ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ നീക്കം ചെയ്യണമെന്നും ഇത്തരത്തിലുള്ള പകർപ്പുകൾ നിർമിക്കുന്നത് ഇനിയെങ്കിലും തടയണമെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഹർജി പരിഗണിച്ച ജസ്റ്റിസ് കുമരേഷ് ബാബു, ശിൽപ്പത്തിന്റെ കൂടുതൽ പകർപ്പുകൾ നിർമിക്കുന്നതു വിലക്കിയിട്ടുണ്ട്. അതേസമയം, അശോക് ബാലകൃഷ്ണന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിനോടും മറ്റ് എതിർകക്ഷികളോടും കോടതി വിശദീകരണം തേടി. എന്നാൽ, ചെന്നൈയിലെ നാവികസേനത്തെ രാജേന്ദ്ര ചോളന്റെ പ്രതിമ നീക്കം ചെയ്യാനോ മറച്ചുവെക്കാനോ കോടതി ഉത്തരവിട്ടിട്ടില്ല.

അശോക് ബാലകൃഷ്ണന്റെ ഹർജി പ്രകാരം, ആദ്യം രാജേന്ദ്ര ചോളന്റെ ഒരു ചെറിയ ശിൽപ്പം നിർമിക്കാൻ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. പിന്നീട് 10 അടിയും 20 അടിയും ഉയരമുള്ള ശിൽപ്പങ്ങൾ നിർമിക്കുന്നതിനുള്ള നിർദേശങ്ങളും ചെലവ് കണക്കും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, 10 അടി ഉയരമുള്ള ശിൽപ്പത്തിന് ഏകദേശം 8.79 ലക്ഷം രൂപയുടെ ചെലവ് കണക്കും 20 അടിയുടെ പ്രതിമയ്ക്കുള്ള പ്രത്യേക എസ്റ്റിമേറ്റും താൻ സമർപ്പിച്ചതായി ബാലകൃഷ്ണൻ കോടതിയെ അറിയിച്ചു.

എന്നാൽ, തന്റെ ചെറിയ ശിൽപ്പത്തിന്റെ ചിത്രങ്ങൾ നാവികസേന മറ്റു രണ്ട് സ്വകാര്യ ശിൽപ്പികൾക്കു കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ വലിയ പ്രതിമ നിർമിക്കാൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തെന്നാണ് ഹർജിയിലെ ആരോപണം. പ്രതികളായ സ്വകാര്യ ശിൽപ്പികൾ അശോക് ബാലകൃഷ്ണന്റെ ശിൽപം പകർത്തി, അതിന്റെ മോൾഡുകൾ നിർമിച്ചെന്നും ഹർജിയിൽ പറയുന്നുണ്ട്. ഈ വാദം തെളിയിക്കാൻ, പ്രതിമയുടെ നിർമാണ ദൃശ്യങ്ങൾ ഉൾപ്പെടുത്തി പ്രതികൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച വീഡിയോകളും അശോക് ബാലകൃഷ്ണൻ കോടതിയിൽ ഹാജരാക്കി.

"എന്റെ ശിൽപ്പത്തിന്റെ പകർപ്പവകാശം ലംഘിച്ച്, പ്രതിമ സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചു എന്നതല്ല എന്റെ ഏക പരാതി. എന്റെ സൃഷ്ടിയുടെ മോൾഡുകൾ നിർമിക്കാൻ മറ്റു ശിൽപികളെ പ്രോത്സാഹിപ്പിച്ചതാണ് കൂടുതൽ ഗുരുതരമായ വിഷയം. ഇനി അവർക്ക് രാജ്യത്തുടനീളം നൂറുകണക്കിനു പ്രതിമകൾ നിർമിക്കാനാകും. അതോടെ എന്റെ സൃഷ്ടിയുടെ പ്രത്യേകതയും മൂല്യവും പൂർണമായും ഇല്ലാതാകും," എന്നാണ് അശോക് ബാലകൃഷ്ണനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ബാലകൃഷ്ണന്റെ ശിൽപ്പം പുനർനിർമിക്കുകയോ പകർത്തുകയോ അതിൽ മാറ്റം വരുത്തുകയോ ചെയ്യുന്നതിൽനിന്ന് എതിർകക്ഷികളെ പിന്തിരിപ്പിക്കണം എന്നും, ചെന്നൈയിലെ നാവികസേന ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ പൊളിച്ചുനീക്കി അത് തന്റെ കൈവശം ഏൽപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രതിമ നിർമിക്കാൻ ഉപയോഗിച്ച എല്ലാ മോൾഡുകളും കാസ്റ്റുകളും ഡിസൈൻ രേഖകളും ഡിജിറ്റൽ ഫയലുകളും കോടതിയിൽ ഏൽപ്പിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിമയുടെ നിർമാണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും സ്വകാര്യ ശിൽപ്പികൾ ഇതിലൂടെ നേടിയ ലാഭത്തിന്റെ കണക്കുകൾ സമർപ്പിക്കാൻ നിർദേശിക്കണമെന്നും അശോക് ബാലകൃഷ്ണൻ കോടതിയോട് അഭ്യർഥിച്ചു. എന്നാൽ നിലവിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ നീക്കം ചെയ്യുക, നഷ്ടപരിഹാരം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ഇടക്കാല നടപടിയായി, നാവികസേന ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ ചാക്കുകൊണ്ട് മൂടിവെക്കാമെന്ന നിർദേശവും അശോക് ബാലകൃഷ്ണൻ കോടതിയിൽ മുന്നോട്ടുവച്ചു. എന്നാൽ, അത് രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാകാൻ പാടില്ലേ? എന്ന ചോദ്യമായിരുന്നു കോടതി തിരിച്ചു ചോദിച്ചത്. ഇതിന് മറുപടിയായി, തന്റെ സൃഷ്ടിയെ താൻ സങ്കല്പിച്ച രീതിയിൽ പുനരാവിഷ്കരിക്കാൻ എതിർകക്ഷികൾ പരാജയപ്പെട്ടതിനാൽ തന്റെ ധാർമിക അവകാശങ്ങളും ലംഘിക്കപ്പെട്ടതായി ബാലകൃഷ്ണൻ വാദിച്ചു.

"രാജേന്ദ്ര ചോളൻ ഇന്ത്യയിലെ ആദ്യ നാവിക സാമ്രാട്ടായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്. എന്റെ ശിൽപത്തിൽ അദ്ദേഹത്തെ മഹത്വവും പ്രൗഢിയുമുള്ള രാജാവായാണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അവർ പ്രതിമയെ കൂടുതൽ കീഴടങ്ങിയ ഭാവത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്" എന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

Artist Ashok Balakrishnan has moved the Madras High Court alleging the Indian Navy copied his Rajendra Chola sculpture for a 20-foot statue at its Chennai headquarters. He seeks removal of the statue, ₹15 lakh compensation, and an injunction against further reproductions, claiming copyright and moral rights violations.