India

തമിഴ്‌നാട്ടിലും ബംഗാളിലും പോളിങ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്, കറുത്ത കുതിര ആരാകും?

കനത്ത സുരക്ഷയ്ക്കും ശക്തമായ മത്സരത്തിനുമിടയിൽ ഉച്ചവരെ 55-62 ശതമാനം പോളിങാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്

Madism Desk

തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ എവിടെയും അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യ മണിക്കൂറുകളിൽ തന്നെ 17-18 ശതമാനം പോളിങ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് തമിഴ്‌നാട്ടിൽ 17.69 ശതമാനവും പശ്ചിമബംഗാളിൽ 18.76 ശതമാനവും വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങിയത് മുതൽ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ഡി.എം.കെ സഖ്യവും എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടത്തിന് പുറമെ, നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ), സീമാന്റെ നാം തമിഴർ കക്ഷി എന്നിവരുടെ സാന്നിധ്യം ഇത്തവണത്തെ മത്സരത്തെ പ്രവചനാതീതമാക്കിയിട്ടുണ്ട്. 5.73 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് നാലായിരത്തിലധികം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

ടിവികെ നേതാവ് വിജയ് ഇത്തവണ തമിഴ്നാട്ടിലെ കറുത്ത കുതിരയാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ശക്തമായ ബിജെപി വിരുദ്ധ വികാരം സംസ്ഥാനത്ത് സ്റ്റാലിന് രണ്ടാമൂഴം നല്‍കുമെന്നാണ് ഡിഎംകെയുടെ വിശ്വാസം. ഡിഎംകെയ്ക്ക് തന്നെയാണ് ഇത്തവണ പ്രീ സർവ്വേകള്‍ മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

പശ്ചിമബംഗാളിൽ ആദ്യഘട്ടത്തിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബംഗാളിൽ, നന്ദിഗ്രാം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മണ്ഡലങ്ങൾ ഇന്നാണ് പോളിങ് ബൂത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് നടപടികൾക്കിടയിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ടത്തോടെയാകും ബംഗാളിലെ വോട്ടെടുപ്പ് പൂർത്തിയാകുക.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു സംസ്ഥാനങ്ങളിലും കർശനമായ പരിശോധനകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് 599 കോടി രൂപയും ബംഗാളിൽ നിന്ന് 472 കോടി രൂപയും ഉൾപ്പെടെ ഏകദേശം ആയിരം കോടിയിലധികം രൂപയുടെ അനധികൃത പണവും മദ്യവും മറ്റ് ലഹരിവസ്തുക്കളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായി തുടരുകയാണ്. ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകൾ പുറത്തുവരുന്നതോടെ പോളിങ് ശതമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ഭാവിയും ദേശീയ രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളും നിശ്ചയിക്കുന്നതിൽ ഇന്നത്തെ ജനവിധി നിർണ്ണായകമാകും.

English Summary: Voting is underway in Tamil Nadu and West Bengal assembly elections with strong early turnout. By 9 AM, Tamil Nadu recorded 17.69% polling and West Bengal 18.76%, reflecting high voter enthusiasm. The elections are crucial in shaping regional and national political dynamics.