International

ലെബനനും ഇസ്രായേലും നിരീക്ഷിക്കാം, സമുദ്രനിരപ്പിൽനിന്ന് 717 മീറ്റർ ഉയരം; തന്ത്രപ്രധാനമായ ബ്യൂഫോ കോട്ട പിടിച്ചെടുത്ത് ഇസ്രായേൽ

2000ൽ അധിനിവേശം അവസാനിപ്പിച്ച് പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള ബ്യൂഫോ കോട്ട ഇസ്രായേൽ ലക്ഷ്യമിടുന്നത്

Madism Desk

ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ലെബനന്റെ തന്ത്രപ്രധാന മേഖലകളിലേക്ക് കടന്നുകയറുകയാണ് ഇസ്രായേൽ. ചരിത്രപ്രസിദ്ധമായ ബ്യൂഫോ കോട്ട സൈന്യം പിടിച്ചെടുത്തു. 2000ൽ അധിനിവേശം അവസാനിപ്പിച്ച് പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള ബ്യൂഫോ കോട്ട ഇസ്രായേൽ ലക്ഷ്യമിടുന്നത്.

മധ്യകാലഘട്ടത്തിലെ തന്ത്രപ്രധാന കോട്ടയാണ് ലെബനന് ബ്യൂഫോ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 717 മീറ്റർ ഉയരത്തിൽ പാറക്കെട്ടുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ തെക്കൻ ലെബനന്റെ വലിയൊരു ഭാഗവും വടക്കൻ ഇസ്രായേലും കോട്ടയിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കും.

തെക്കൻ ലെബനനിലെ നബത്തിയെ ഗവർണറേറ്റിൽ ലിറ്റാനി നദിയുടെ തീരത്താണ് ബ്യൂഫോ സ്ഥിതി ചെയ്യുന്നത്. അറബിയിൽ ഇത് ഖലാത്ത് അൽ-ഷകീഫ് (എന്നും അറിയപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാരാണ് ഈ കോട്ട നിർമ്മിച്ചത്. ഫ്രഞ്ച് ഭാഷയിൽ 'മനോഹരമായത് എന്നാണ് 'ബ്യൂഫോ' എന്ന വാക്കിന്റെ അർത്ഥം.

നൂറ്റാണ്ടുകളിലൂടെ കുരിശുയുദ്ധക്കാരും, സലാഹുദ്ദീൻ അയ്യാദിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ഭരണാധികാരികളും, നൈറ്റ്സ് ടെംപ്ലർ വിഭാഗവും മാറിമാറി ഈ കോട്ട പിടിച്ചെടുത്തിട്ടുണ്ട്.

1982-ലെ ലെബനൻ യുദ്ധത്തെ തുടർന്ന് ഇസ്രായേൽ സൈന്യം ഈ കോട്ട പിടിച്ചെടുക്കുകയും 2000-ൽ പിൻവാങ്ങുന്നതുവരെ തങ്ങളുടെ താവളമായി ഉപയോഗിക്കുകയും ചെയ്തു. അതിനുശേഷം വർഷങ്ങളോളം ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലായിരുന്ന ഈ തന്ത്രപ്രധാനമായ കോട്ടയാണ് ഇന്നലെ ഇസ്രായേൽ പ്രതിരോധ സേന വീണ്ടും പിടിച്ചെടുത്തിരിക്കുന്നത്.

ലെബനനിലെ സൈനികനടപടിക്കിടെയുള്ള നാടകീയ വഴിത്തിരിവാണ് കോട്ടയുടെ പിടിച്ചടക്കൽ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്ർറെ പ്രതികരണം. "ഞങ്ങൾ ബ്യൂഫോ കോട്ടയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇത്തവണ പക്ഷേ ചെറിയൊരു മാറ്റമുണ്ട്. കൂടുതൽ ശക്തരും നിശ്ചയദാർഢ്യമുള്ളവരും ഐക്യമുള്ളവരുമായാണ് ഞങ്ങളുടെ തിരിച്ചുവരവ്. ഭയത്തിന്ർറെ എല്ലാ അതിരുകളും ഞങ്ങൾ ലംഘിച്ചു കഴിഞ്ഞു. സിറിയ, ഗസ, ലെബനൻ... എല്ലായിടത്തും ഞങ്ങൾ പോരാടുകയാണ്". നെതന്യാഹു പറയുന്നു.

ആവശ്യമെങ്കിൽ കൂടുതൽ ഉള്ളിലേക്ക് നടപടി വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ സേനാവക്താവ് അവിചായ് ആഡ്രേയും പ്രതികരിച്ചിട്ടുണ്ട്.

English Summary: Israel has advanced into key strategic areas of Lebanon in its campaign against Hezbollah, capturing the historic Beaufort Castle. This marks the first time Israel has targeted the 900-year-old fortress since withdrawing from southern Lebanon and ending its occupation in 2000.

A strategically important medieval stronghold, Beaufort Castle sits atop rocky cliffs about 717 meters above sea level. Its elevated position offers a commanding view of large parts of southern Lebanon and northern Israel, making it a significant military vantage point.