ജറുസലേം നഗരം പിടിച്ചടക്കിയതിന്റെയും കൂട്ടിച്ചേര്‍ത്തതിന്റെയും വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്രായേലില്‍ നടന്ന മാര്‍ച്ചില്‍ 'അറബികള്‍ക്ക് മരണം', 'നിങ്ങളുടെ ഗ്രാമങ്ങള്‍ കത്തിനശിക്കട്ടെ', 'ഗാസ ഒരു ശ്മശാനമാണ്' തുടങ്ങിയ വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇസ്രായേലി ദേശീയവാദികള്‍. മാര്‍ച്ച് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ജറുസലേമിന് മേലുള്ള ജൂത നിയന്ത്രണം ഉറപ്പിക്കാനായി വര്‍ഷം തോറും നടത്തുന്ന ഈ പ്രകടനം സമീപകാലത്ത് കൂടുതല്‍ അക്രമാസക്തമായി മാറിയിട്ടുണ്ട്. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വീര്‍ മാര്‍ച്ചിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. കൂടാതെ നഗരത്തിലെ ഇസ്ലാമിക ആരാധന കേന്ദ്രമായ അല്‍-അഖ്സ മസ്ജിദിന് മുന്നില്‍ ഇസ്രായേലി പതാക ഉയര്‍ത്തുകയും ചെയ്തു.
മാര്‍ച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ മിക്ക പലസ്തീനികളും തങ്ങളുടെ കടകള്‍ അടച്ച് വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാല്‍, നഗരത്തില്‍ അവശേഷിച്ചിരുന്ന പലസ്തീനികളും തീവ്ര വലതുപക്ഷ ജൂത ഗ്രൂപ്പുകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരുവിഭാഗവും കസേരകള്‍ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. പിന്നീട് വലിയ തോതില്‍ പോലീസ് സന്നാഹം എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
'ഇത് ഞങ്ങളുടെ നഗരമാണെന്ന് ലോകത്തെ കാണിക്കാനാണ് ഞാന്‍ വന്നത്. ഇത് പുണ്യഭൂമിയാണ്. ദൈവം ഈ രാജ്യവും നഗരവും ഞങ്ങള്‍ക്ക് നല്‍കിയതാണ്,' മാര്‍ച്ചില്‍ പങ്കെടുത്ത 19-കാരനായ ഏരിയല്‍ അമിചായ് പറഞ്ഞു. 'പലസ്തീനികള്‍ ഇവിടെ നിന്ന് പോകണം. ഇത് ഞങ്ങളുടെ രാജ്യമാണ്. അവര്‍ക്ക് ഇവിടെ താമസിച്ച് ഞങ്ങളെ കൊല്ലാന്‍ കഴിയില്ല' എന്നും അമിചായ് കൂട്ടിച്ചേര്‍ത്തു.
1967-ല്‍ നഗരത്തിന്റെ കിഴക്കന്‍ പ്രദേശം പിടിച്ചെടുത്തതിന്റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ജറുസലേം ദിനത്തില്‍ മാത്രമേ ജൂതന്‍മാര്‍ക്ക് ദമാസ്‌കസ് ഗേറ്റ് വഴി മുസ്ലിം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നാണ് ജറുസലേമില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള മോദിയിനില്‍ നിന്നെത്തിയ അമിചായ് വിശ്വസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്രായേലി ജൂതന്മാരും പലസ്തീനികളും ഈ കവാടം ദിവസേന ഉപയോഗിക്കുന്നുണ്ട്.
സര്‍ക്കാര്‍ പിന്തുണയോടെയുള്ള പ്രകോപനം
ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അധിനിവേശ വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്റുകളില്‍ നിന്നും മാര്‍ച്ചിലേക്ക് ആളുകളെ എത്തിച്ചിരുന്നു. ഇതിനുള്ള ധനസഹായം നല്‍കിയത് ജറുസലേം മുനിസിപ്പാലിറ്റിയും വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുമാണ്. ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ഉള്‍പ്പെടെയുള്ള പ്രമുഖരും മാര്‍ച്ചില്‍ പങ്കെടുത്തു. പലസ്തീനികള്‍ പഴയ നഗരത്തില്‍ നിന്ന് പോയതിനുശേഷം മാര്‍ച്ചില്‍ പങ്കെടുത്തവരും പലസ്തീന്‍ നിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ എത്തിയ 'സ്റ്റാന്‍ഡിംഗ് ടുഗദര്‍' എന്ന ജൂത കൂട്ടായ്മയും തമ്മിലായി സംഘര്‍ഷം. പലസ്തീനികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ 400 സന്നദ്ധപ്രവര്‍ത്തകാരാണ് പഴയ ജറുസലേം നഗരത്തില്‍ എത്തിയത്.
'പലസ്തീനികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ നഗരത്തിന്റെ എല്ലാ കോണുകളിലും ഞങ്ങള്‍ നിലയുറപ്പിച്ചു. ഞങ്ങള്‍ക്കും ഇത് അപകടമാണെന്ന് അറിയാം. എന്നാല്‍ ഇവിടെ ജീവിക്കുന്ന പലസ്തീനികള്‍ നേരിടുന്ന അപകടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെകാര്യം ഒന്നുമല്ല', സ്റ്റാന്‍ഡിംഗ് ടുഗെദര്‍ സംഘാടകനായ സൂഫ് പാറ്റിഷി പറഞ്ഞു.
മാര്‍ച്ചിനെ എതിര്‍ത്ത് എത്തിയവരില്‍ തീവ്ര യാഥാസ്ഥിതിക ജൂത മതവിശ്വാസികളും ഉണ്ടായിരുന്നു. 'എന്റെ സമുദായത്തിലുള്ളവരുടെ അക്രമാസക്തമായ പെരുമാറ്റത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. ദൈവനാമത്തിലാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്, അത് ദൈവനിന്ദയാണ്. അതിനെ പ്രതിരോധിക്കുക എന്നത് ഒരു വിശ്വാസി എന്ന നിലയില്‍ എന്റെ കടമയാണ്.' വടക്കന്‍ ഇസ്രായേലില്‍ നിന്നെത്തിയ ഡേവിഡ് എന്ന വിശ്വാസി പറഞ്ഞു.
അല്‍-അഖ്സ മസ്ജിദ് പരിസരത്ത് എത്തിയ മന്ത്രി ബെന്‍-ഗ്വീര്‍ തന്റെ അനുയായികള്‍ക്കൊപ്പം ഇസ്രായേലി പതാക വീശുകയും 'ടെംപിള്‍ മൗണ്ട് നമ്മുടെ കൈകളിലാണ്' എന്ന് പാടി നൃത്തം ചെയ്യുകയും ചെയ്തു. കിഴക്കന്‍ ജറുസലേമും വെസ്റ്റ് ബാങ്കും ഇസ്രായേല്‍ പിടിച്ചെടുത്തതു മുതല്‍ നിലനില്‍ക്കുന്ന 59 വര്‍ഷത്തെ 'സ്റ്റാറ്റസ് കോ' (മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് അല്‍-അഖ്‌സയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനുള്ള വിലക്ക്) നിയമത്തെ വെല്ലുവിളിക്കാനുള്ള പ്രചാരണത്തിന് ബെന്‍-ഗ്വീര്‍ നേതൃത്വം നല്‍കിവരികയാണ്.
'ജറുസലേം വിമോചനത്തിന്റെ 59 വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ ടെംപിള്‍ മൗണ്ടില്‍ (അല്‍-അഖ്സ പരിസരം) ഇസ്രായേല്‍ പതാക ഉയര്‍ത്തി. നമുക്ക് ഇപ്പോള്‍ അഭിമാനത്തോടെ പറയാം, നമ്മള്‍ ടെംപിള്‍ മൗണ്ടില്‍ ഭരണം തിരികെ കൊണ്ടുവന്നിരിക്കുന്നു', മാര്‍ച്ചിന് ശേഷം ബെന്‍-ഗ്വീര്‍ തന്റെ ടെലിഗ്രാം ചാനലില്‍ കുറിച്ചത് ഇങ്ങനെയാണ്.
English Summary: Israeli nationalists participating in the annual Jerusalem Day march shouted racist slogans against Palestinians while marching through occupied East Jerusalem. According to reports, the event received government support and saw the participation of far-right leaders, including Israeli National Security Minister Itamar Ben-Gvir. The incident has intensified concerns over rising extremism, communal tensions, and the future status of East Jerusalem.