International

ട്രംപിന്റെ മരുമകന് വേണ്ടി ആഡംബര ടൂറിസം പ്രോജക്ട്, വൻ അഴിമതി; അൽബേനിയയും കത്തുന്നു, വിദ്യാർഥികൾ തെരുവിൽ

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങളുടെ നിർണായക സമയത്താണ് അൽബേനിയയിലെ പ്രക്ഷോഭങ്ങൾ

Madism Desk

അൽബേനിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം തുടർച്ചയായ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതൽ സാമ്പത്തിക സഹായം, പ്രധാനമന്ത്രി എഡി രാമയുടെ രാജി എന്നിവ ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ രംഗത്തിറങ്ങിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നറുമായി ബന്ധപ്പെട്ട ആഡംബര ടൂറിസം പദ്ധതിയെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളെ തുടർന്ന് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മാസങ്ങളായി തുടരുകയാണ് അൽബേനിയയിൽ. ഇതിന്റെ ഭാഗമായാണ് നിലവിലെ പ്രക്ഷോഭങ്ങളും നടക്കുന്നത്. . രാമ സർക്കാരിനെതിരെയുള്ള വിശാലമായ പ്രക്ഷോഭത്തോടൊപ്പം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തങ്ങളുടെ സ്വന്തം പരാതികളും വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്.

എന്നാൽ, എന്തുവന്നാലും രാജി വയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി രാമ. ജനാധിപത്യ പ്രക്രിയയിലൂടെയാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും വിപ്ലവങ്ങളിലൂടെയല്ലെന്നാണ് രാമയുടെ ഭാഗം.

എന്തിനാണ് പ്രക്ഷോഭം?

സർവ്വകലാശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിന് ദൈനംദിനമെന്നോണം ഏറുന്ന ചെലവ്, ബിരുദപഠനത്തിന് ശേഷമുള്ള തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചാണ് വിദ്യാർത്ഥികൾ പ്രധാനമായും ആശങ്കകൾ ഉന്നയിച്ചിരിക്കുന്നത്.

ഒക്ടോബർ 13 ചൊവ്വാഴ്ച അൽബേനിയൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലായിരുന്നു പ്രതിഷേധങ്ങൾക്ക് തുടക്കം.. തുടർന്ന് തൊട്ടടുത്ത ദിവസം ഇത് കൂടുതൽ ശക്തിപ്പെട്ടു. ബി.ബി.സി. റിപ്പോർട്ട് അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസ്, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുൾപ്പെടെ ടിറാനയിലെ നിരവധി സർക്കാർ കെട്ടിടങ്ങൾക്ക് നേരെ പ്രക്ഷോഭകർ ആക്രമണം നടത്തി. വിദ്യാഭ്യാസ മന്ത്രാലയ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് തീയിടുകയും ചെയ്തു.

അഴിമതി ആരോപണങ്ങളും സുതാര്യതയില്ലായ്മയും ഉന്നയിച്ച് രാമ സർക്കാരിനെതിരെ മാസങ്ങളായി നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി പ്രസ്ഥാനവും രംഗത്തുവന്നിരിക്കുന്നത്.

തുടക്കം കുഷ്‌നറിൽ

'ഫ്ളമിംഗോ റവല്യൂഷൻ' എന്നറിയപ്പെടുന്ന വിശാലമായ ഈ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത് കുഷ്‌നറുമായി ബന്ധപ്പെട്ട ആഡംബര ടൂറിസം വികസന പദ്ധതിയാണ് എന്ന് സൂചിപ്പിച്ചല്ലോ. അൽബേനിയയുടെ തെക്കൻ തീരത്ത് ആഡംബര റിസോർട്ട് നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി നിയമപരമായ അനേകം വെല്ലുവിളികൾ നേരിടുന്നുണ്ട്

സർക്കാരിന്റെ വികസന പദ്ധതികൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള എതിർപ്പുകൾക്കും അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും ഈ പദ്ധതി ആക്കം കൂട്ടി.. വികസനത്തിനായി, തങ്ങളുടെ ഭൂമി തെറ്റായ രീതിയിൽ വിറ്റഴിച്ചതായി പ്രദേശവാസികൾ ജൂലൈയിൽ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.

ഈ വിവാദം സർക്കാരിനെതിരെയുള്ള നിലവിലെ അസംതൃപ്തി വർധിപ്പിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങളെ മുൻനിർത്തി പ്രക്ഷോഭകർ കൂടുതൽ വിശാലമായ രാഷ്ട്രീയ മാറ്റങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയാണ്.

പ്രതിപക്ഷവും പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന യോഗത്തിൽ അൽബേനിയൻ ഡെമോക്രാറ്റിക് പാർട്ടി നേതാവായ സാലി ബെരിഷ വിദ്യാർത്ഥികളെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു.

എന്നാൽ, വിദ്യാഭ്യാസച്ചെലവ് വർധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പൊതുസ്ഥാപനങ്ങൾക്കെതിരായ അക്രമം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശരിയായ മാർഗ്ഗമല്ലെന്നാണ് വാദിക്കുന്നത്. ഭരണം ഉപേക്ഷിക്കുന്നത്, യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായുള്ള ചർച്ചകൾ പൂർത്തിയാക്കാൻ പിന്തുണച്ച വോട്ടർമാരെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങളുടെ നിർണായക സമയത്താണ് അൽബേനിയയിലെ പ്രക്ഷോഭങ്ങൾ എന്നതാണ് ശ്രദ്ധേയം. മോണ്ടെനെഗ്രോയ്ക്കൊപ്പം, വെസ്റ്റേൺ ബാൽക്കൺ മേഖലയിൽ നിന്ന് യൂണിയനിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള പ്രധാന രാജ്യങ്ങളിലൊന്നാണ് അൽബേനിയ. 2028-ഓടെ അംഗത്വം നേടാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

യൂറോപ്യൻ യൂണിയൻ അംഗത്വം തന്റെ രാഷ്ട്രീയ അജണ്ടയുടെ കേന്ദ്രബിന്ദുവായി രാമ മാറ്റിയിട്ടുമുണ്ട്. അഴിമതി തടയണമെന്നും അക്രമസംഭവങ്ങൾ രാജ്യത്തിന്റെ യൂറോപ്യൻ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകരുതെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

Student-led protests in Albania have entered their third consecutive day, with students demanding better education, increased financial aid, and the resignation of Prime Minister Edi Rama.