കേരളത്തിൽ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, പാമ്പുകൾ എന്തുകൊണ്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുക എന്നത് പ്രധാനമാണ്. പാമ്പും അന്തരീക്ഷ താപനിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില വസ്തുതകൾ പരിശോധിക്കാം.
മനുഷ്യരും പാമ്പുകളും: താപനിലയിലെ വ്യത്യാസം മനുഷ്യർ ഉഷ്ണരക്ത ജീവികളാണ്. അന്തരീക്ഷത്തിൽ ചൂട് കൂടിയാലും കുറഞ്ഞാലും നമ്മുടെ ശരീര താപനില ഒരു നിശ്ചിത അളവിൽ നിലനിർത്താൻ നമുക്ക് സാധിക്കും. ചൂട് കൂടുമ്പോൾ വിയർപ്പിലൂടെ ശരീരം തണുപ്പിക്കാനും തണുക്കുമ്പോൾ വിറയലിലൂടെ ചൂട് ഉൽപ്പാദിപ്പിക്കാനും മനുഷ്യർക്ക് കഴിയും. എന്നാൽ പാമ്പുകൾ അങ്ങനെയല്ല. അവ ശീതരക്ത ജീവികളാണ് (Ectothermic). ചുറ്റുപാടുമുള്ള താപനിലയ്ക്ക് അനുസരിച്ചായിരിക്കും ഇവയുടെ ശരീരത്തിലെ ചൂടും മാറിക്കൊണ്ടിരിക്കുക.
കാറ്റ് കൊള്ളാൻ ഇറങ്ങുന്നതല്ല
ചൂട് കൂടുമ്പോൾ വിയർത്ത് കുളിച്ച് കാറ്റ് കൊള്ളാനായി പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുകയല്ല ചെയ്യുന്നത്. പകരം, മസിലുകൾ സജീവമാകാൻ ആവശ്യമായ ചൂട് ലഭിക്കുന്നതിനായി രാവിലെ വെയിൽ കായാൻ (Basking) ഇവ പുറത്തിറങ്ങാറുണ്ട്. എന്നാൽ ഉച്ചസമയത്തെ കടുത്ത ചൂട് ഇവയ്ക്കും പ്രശ്നമാണ്. അമിതമായി ചൂട് കൂടുമ്പോൾ നേരിട്ട് വെയിലടിക്കാത്ത തണലുള്ള ഇടങ്ങൾ, ഇലകൾക്ക് അടിയിലുള്ള വിടവുകൾ, മാളങ്ങൾ എന്നിവടങ്ങളിൽ അവ വിശ്രമിക്കുകയാണ് പതിവ്.
ഭക്ഷണവും വെള്ളവും തേടിയുള്ള യാത്ര
ഇപ്പോൾ പാമ്പുകളെ പുറത്ത് കൂടുതലായി കാണുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
തണുപ്പ് തേടി: അന്തരീക്ഷം വല്ലാതെ വരണ്ട് കിടക്കുമ്പോൾ തണുപ്പും ഈർപ്പവുമുള്ള ഇടങ്ങൾ തേടി പാമ്പുകൾ എത്തും. നമ്മുടെ വീടിന്റെ പരിസരത്തുള്ള ഈർപ്പമുള്ള സ്ഥലങ്ങൾ, നനവുള്ള ടൈലുകൾക്കിടയിലുള്ള വിടവുകൾ എന്നിവ ഇവയെ ആകർഷിക്കും.
ഭക്ഷണം: എലി, പല്ലി, തവള തുടങ്ങിയ ഇരകളെ തേടിയാണ് പാമ്പുകൾ പലപ്പോഴും വീടിനുള്ളിലേക്ക് എത്തുന്നത്. ചുറ്റുമുള്ള കുറ്റിക്കാടുകളും മറ്റും ഉണങ്ങിക്കിടക്കുമ്പോൾ ഇരകൾ വീടിനോട് ചേർന്നുള്ള ഭാഗങ്ങളിലേക്ക് മാറുന്നതിനൊപ്പം പാമ്പുകളും അവിടെയെത്തുന്നു.
പ്രജനന കാലം: പാമ്പുകളുടെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന സമയമാണിത്. ഇവ ഭക്ഷണത്തിനായി പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാൻ കൂട്ടം തെറ്റി ദൂരേക്ക് നീങ്ങും. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾക്കും ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായ വിഷം ശരീരത്തിലുണ്ടാകുമെന്നതിനാൽ ഈ സമയത്ത് അതീവ ജാഗ്രത ആവശ്യമാണ്.
ചുരുക്കത്തിൽ, വിയർത്ത് കുളിച്ച് കാറ്റ് കൊള്ളാനല്ല, മറിച്ച് അതിജീവനത്തിന് ആവശ്യമായ തണപ്പും ഭക്ഷണവും വെള്ളവും തേടിയാണ് പാമ്പുകൾ നമ്മുടെ പരിസരങ്ങളിലേക്ക് എത്തുന്നത്. വീടിന് ചുറ്റും കാടുകൾ വളരാതെ സൂക്ഷിക്കുകയും ഇരകൾ എത്താനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ പാമ്പുകളെ ഒരു പരിധി വരെ അകറ്റി നിർത്താം.
(കടപ്പാട്: എന്റമോളജിസ്റ്റും വ്ലോഗറുമായ വിജയകുമാർ ബ്ലാത്തൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്)
English Summary: Vijayakumar Blathur explains that snakes are ectothermic (cold-blooded) animals, and their movement is not solely due to rising temperatures. They come out in search of cooler environments, food, water, and suitable habitats. His note clarifies misconceptions amid rising snakebite incidents in Kerala.