''കണ്ണേ കരളേ വിഡിഎസ്സേ.. ഞങ്ങളുടെ സ്വന്തം നേതാവേ...'' ജനങ്ങളുടെ സ്വന്തം വി.ഡി, ജനങ്ങളാഗ്രഹിച്ചത് പോലെ തന്നെ അവരുടെ നായകനാകുന്നു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരത്തിലേക്ക്.
കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് കളിയും ഈഗോ ക്ലാഷും വൈകിപ്പിച്ച മുഖ്യമന്ത്രി ചർച്ചകൾക്കൊടുവിൽ എന്തുകൊണ്ട് വി.ഡി തന്നെ എത്തി എന്നതിനുത്തരമാണ്, ''കണ്ണേ കരളേ വിഡിഎസ്സേ.. എന്ന മുദ്രാവാക്യം മുഴക്കി അദ്ദേഹത്തിനായി കേരളത്തിലൂടനീളം തെരുവിറങ്ങിയ ജനക്കൂട്ടം.
ഒരു ഘട്ടത്തിൽ കെ സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാവും എന്ന നിലയിൽനിന്നാണ് കേരളജനത കോൺഗ്രസിനെ തിരുത്തിയത്. അഥവാ സതീശനുവേണ്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ അവഗണിച്ചു മുന്നോട്ടുപോകാൻ കഴിയില്ലെന്ന സ്ഥിതിയിലായി കോൺഗ്രസ് ദേശീയനേതൃത്വം. ദേശീയ നേതൃത്വം എംഎൽഎമാരുടെ തലയെണ്ണാൻ ഇറങ്ങിയപ്പോൾ 'പടനയിച്ചവൻ കേരളം നയിക്കട്ടെ' എന്ന പോസ്റ്ററുകൾ കേരളം നിറഞ്ഞു. അതെ, നടന്നുവന്ന വഴികളിലെ നിശ്ചയദാർഢ്യവും ലക്ഷ്യബോധവും തീർച്ചയായും വി ഡി സതീശൻ എന്ന നേതാവിനെ അവഗണിക്കാൻ ആവില്ലെന്ന് ഹൈക്കമാൻഡിനും ബോധ്യപ്പെടിരിക്കുന്നു.
ഈ പ്രതിഷേധം മറികടന്ന് കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ, ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ സാധാരണ കോൺഗ്രസ് പ്രവർത്തകരിൽനിന്ന് ഉയർന്ന പ്രതിഷേധ സ്വരം പാർട്ടി നേതൃത്വത്തെ പോലും ഭയപ്പെടുത്തി. ജനം തിരുത്തിച്ചിട്ടാണെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം ഒരുതരത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിൽ നിർണായകമാണെന്ന് ഉറപ്പായും പറയാം.
1964 മെയ് 31നു കൊച്ചിയിലെ നെട്ടൂർ എന്ന ഗ്രാമത്തിൽ ലെഫ്റ്റനന്റ് കെ. ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായാണ് വി ഡി സതീശന്റെ ജനനം. പനങ്ങാട് ഹൈസ്‌കൂൾ, തേവര എസ്.എച്ച്, രാജഗിരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കേരള ലോ അക്കാഡമി ലോ കോളജിൽനിന്ന് എൽഎൽബിയും തിരുവനന്തപുരം ലോ കോളജിൽനിന്ന് എൽഎൽഎമ്മും നേടി. നെട്ടൂരിലെ വീട്ടിൽനിന്ന് നാലു കിലോമീറ്റർ നടന്നാണ് സതീശൻ പനങ്ങാട് ഹൈസ്കൂളിലേക്ക് പോയിരുന്നത്.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായും എം.ജി, കേരള സർവകലാശാല യൂണിയൻ കൗൺസിലറായും തിളങ്ങി. 1986-87 കാലയളവിൽ എം.ജി സർവകലാശാലാ വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന സതീശൻ, എറണാകുളം ജില്ലയിലെയും കേരളത്തിലെ തന്നെയും കോൺഗ്രസിന്റെ പ്രമുഖ സാന്നിധ്യമാകാൻ അധികകാലം വേണ്ടിവന്നില്ല.
അറുപത്തി രണ്ടുകാരനായ സതീശൻ 2001ൽ പറവൂരിൽനിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. അതിനു മുൻപ് 1996-ൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2001നുശേഷം 2006, 2011,2016, 2021,2026 വർഷങ്ങളിൽ തുടർച്ചയായി വിജയം. അതേസമയം, ഇത്തവണ കേരളം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും സതീശന്റ ഭൂരിപക്ഷം അൽപ്പം കുറഞ്ഞു.
2021 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായിരുന്നു ഈ സ്ഥാനലബ്ധി. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് വീണ്ടും വൻ തിരിച്ചടി നേരിട്ടതാണ് പ്രതിപക്ഷനേതാവ് സ്ഥാനം സതീശന്റെ കൈകളിലെത്തിച്ചത്. പാർട്ടി നേതൃത്വത്തിന്റെ ആ തീരുമാനം തെറ്റിയില്ലെന്നതാണ് യുഡിഎഫിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ ഇപ്പോഴത്തെ വിജയം തെളിയിക്കുന്നത്.
കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമാകുന്ന കാഴ്ചയാണ് വി.ഡി സതീശൻ പ്രതിപക്ഷനേതാവായിരുന്ന കാലയളവിൽ കണ്ടത്. പിണറായി സർക്കാരിന്റെ ഭരണപോരായ്മകളും അഴിമതിയും അദ്ദേഹം നിരന്തരം സഭയിലുന്നയിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ജനമനസ്സിൽ സംശയമില്ലാത്ത സാഹചര്യം സൃഷ്ടിച്ചു.
ആരെയും ആകർഷിക്കുന്ന സംഭാഷണശൈലിയും കാര്യങ്ങൾ പഠിച്ചു വ്യക്തമായി പറയുന്ന പ്രസംഗപ്രാവീണ്യവും സതീശന്റെ പ്രത്യേകതയാണ്. ഇത് പാർട്ടിയിലും അനുബന്ധപ്രവർത്തനങ്ങളിലും നേട്ടമായി. വാക്ചാതുര്യം ഉന്നതനേതൃത്വത്തിന്റെയും ശ്രദ്ധയാകർഷിച്ചു.
ശുദ്ധമായ രാഷ്ട്രീയ ഇമേജും വ്യക്തമായ നിലപാടുകളും വി.ഡിയെ കോൺഗ്രസിലെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ പ്രധാന നേതാക്കളിൽ ഒരാളായി ഉയർത്തുന്നു. ഭാര്യ ആർ ലക്ഷ്മിപ്രിയ. മകൾ ഉണ്ണിമായ.
English Summary:
From Devaragam to the CM Chair-VD Satheeshan's political career in a glance. Known for his articulate speeches and strong policy positions, VDS has established himself as a key opposition voice. In 2021, he assumed office as the Leader of the Opposition in the Kerala Legislative Assembly, playing a crucial role in challenging the ruling Communist Party of India (Marxist)-led government and shaping the state’s political discourse.