ബഹിരാകാശ ആധിപത്യത്തിനുവേണ്ടി വൻ ശക്തികളുടെ പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയാണ് ലോകം. അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയും ജപ്പാനും യൂറോപ്യൻ യൂണിയനും പ്രധാന സ്ഥാനം കയ്യാളുന്ന ഈ രംഗത്തേക്ക് സ്പേസ് എക്‌സും ടെസ്‌ലയും ബ്ലൂ ഒറിജിനും ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകളും വലിയ തോതിൽ വരവറിയിച്ചുകഴിഞ്ഞു. ഇന്ത്യയിൽ, ഐഎസ്ആർഒയുടെ കുത്തകയായിരുന്ന ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യവൽക്കരണത്തിനു വാതിൽ തുറന്നുകഴിഞ്ഞു.
ഇത്തരത്തിൽ മത്സരം മുറുകുമ്പോൾ ബഹിരാകാശത്ത് സംഭവിക്കാവുന്ന മാറ്റങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും വർധിക്കുകയാണ്. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ പുതുതായി 10 ലക്ഷം ഉപഗ്രഹങ്ങളും പ്രകാശം പ്രതിഫലിക്കുന്ന കൂറ്റൻ കണ്ണാടികളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾക്ക് അരങ്ങൊരുങ്ങുന്നതാണ് ശാസ്ത്രസമൂഹത്തിന്റെ ആശങ്കൾക്കു കാരണം.
വെളിച്ചം പ്രതിഫലിപ്പിക്കുന്ന വലിയ കണ്ണാടികൾ ഘടിപ്പിച്ച ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിലെ പ്രത്യേക പ്രദേശങ്ങളിലേക്ക് സൂര്യപ്രകാശം തിരിച്ചുവിടാനുള്ള പദ്ധതികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ രാത്രി സമയത്ത് തന്നെ പ്രകാശം എത്തിച്ച് ആകാശത്തെ അസാധാരണമായി തിളക്കമുള്ളതാക്കാൻ കഴിയും.
അഞ്ച്-ആറ് കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം സൂര്യപ്രകാശം എത്തിക്കാനുള്ള പദ്ധതിയാണ് റിഫ്ലെക്റ്റ് ഓർബിറ്റൽ എന്ന സ്റ്റാർട്ടപ്പ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്. പൂർണചന്ദ്രന്റെ പ്രകാശനിലയിൽനിന്ന് ഉച്ചവെളിച്ചം വരെ ക്രമീകരിക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ, സൗരോർജ ഉൽപ്പാദനം വൈകുന്നേരം വരെ നീട്ടാനും നിർമാണപ്രവർത്തനങ്ങൾ, ദുരന്തനിവാരണം, കൃഷി എന്നിവയ്ക്ക് സഹായകരമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ചൈനയും ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ 10 ലക്ഷം ഉപഗ്രഹങ്ങൾ വിന്യസിക്കുന്ന ഭീമൻ പദ്ധതിയാണ് സ്പേസ് എക്സ് മുന്നോട്ടുവെച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങൾക്കായി സൗരോർജ്ജ അധിഷ്ഠിത കമ്പ്യൂട്ടിങ് ശൃംഖല സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭൂമിയിലെ ഡേറ്റ സെന്ററുകളുടെ വൈദ്യുതി ഉപഭോഗവും മറ്റ് ആവശ്യങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് കമ്പനി വാദിക്കുന്നത്.
രാത്രികാല ആകാശത്തിന്റെ സ്വഭാവം മാറാൻ ഇടയാക്കുന്നതാവും കണ്ണാടി ഉപഗ്രഹ പദ്ധതിയെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാൽ മനുഷ്യരുടെ 24 മണിക്കൂർ ആന്തരിക ജൈവഘടികാര(സർക്കാഡിയൻ റിഥം)ത്തെ ദോഷകരമായി ബാധിക്കും. ഇരുളും വെളിച്ചവും അടിസ്ഥാനമാക്കി മസ്തികം ക്രമീകരിക്കുന്ന ഈ ജൈവഘടികാരം ഉറക്കം, ഉണർവ്, ഹോർമോൺ ഉത്പാദനം, ദഹനം, ശരീര താപനില എന്നിവയുടെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
കണ്ണാടി ഉപഗ്രഹം സൃഷ്ടിക്കുന്ന വലിയ തോതിലുള്ള വെളിച്ചം പ്രകൃതിദത്തമായ ഇരുട്ടും പ്രകാശവും തമ്മിലുള്ള സമതുലിതാവസ്ഥ തകരാൻ ഇടയാക്കിയേക്കും. അത് മനുഷ്യാരോഗ്യത്തെയും ജീവജാലങ്ങളെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കാനിടയുണ്ടെന്നതാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. പ്രകൃതിദത്തമായ ഇരുട്ടിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നത് ഉറക്ക തകരാറുകൾ, ഹോർമോൺ അസന്തുലനം, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവയ്ക്ക് കാരണമാകാം. കാലക്രമേണ ക്ഷീണം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയുടെ സാധ്യതയും വർധിക്കാമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
പുതിയ പദ്ധതികൾ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കു സൃഷ്ടിക്കുന്ന വിപത്ത് ചൂണ്ടിക്കാട്ടി മുപ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള 2,500 ഗവേഷകരെ പ്രതിനിധീകരിക്കുന്ന നാല് അന്താരാഷ്ട്ര ശാസ്ത്ര സമൂഹങ്ങളുടെ പ്രസിഡന്റുമാർ യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷന് (എഫ് സി സി) കത്തയച്ചു.
യൂറോപ്യൻ ബയോളജിക്കൽ റിഥംസ് സൊസൈറ്റി (ഇ ബി ആർ എസ്), സൊസൈറ്റി ഫോർ റിസർച്ച് ഓൺ ബയോളജിക്കൽ റിഥംസ്, ജാപ്പനീസ് സൊസൈറ്റി ഫോർ ക്രോണോബയോളജി, കനേഡിയൻ സൊസൈറ്റി ഫോർ ക്രോണോബയോളജി എന്നീ സംഘടനകളുടെ പ്രസിഡന്റുമാർ, ഈ ഉപഗ്രഹ വിന്യാസം ഭൂമിയിലെ സ്വാഭാവിക രാത്രി പ്രകാശ പരിസ്ഥിതിയിൽ ഗ്രഹതലത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
പുതിയ പദ്ധതിയിലേക്കു കടക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവർ ഇരുത്തിച്ചിന്തിക്കണമെന്നു ലെസ്റ്റർ സർവകലാശാലയിലെ ജനിതകശാസ്ത്രജ്ഞനും ഇ ബി ആർ എസ് പ്രസിഡന്റുമായ പ്രൊഫ. ചരലാംബോസ് കിറിയാക്കോ അഭ്യർഥിച്ചു. പദ്ധതി ഭക്ഷ്യസുരക്ഷ പോലുള്ള ആഗോള വിഷയങ്ങളെ ബാധിക്കാൻ സാധ്യത ഉണ്ടെന്നും സസ്യങ്ങൾക്ക് രാത്രി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. മിറോസ്ലാവ് കോസിഫാജിന്റെ പഠനങ്ങൾ പ്രകാരം, ഉപഗ്രഹങ്ങൾ രാത്രി ആകാശത്തെ രണ്ട് രീതിയിൽ ബാധിക്കുന്നു. ഒറ്റയൊറ്റ ഉപഗ്രഹങ്ങൾ ദൂരദർശിനി ചിത്രങ്ങളിൽ വെള്ള വരകൾ സൃഷ്ടിക്കുമ്പോൾ, വലിയ തോതിലുള്ള ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും ചേർന്ന് ആകാശത്തെ മൊത്തത്തിൽ പ്രകാശിതമാക്കുന്നു. നിലവിൽ ഒരു ചതുരശ്ര മീറ്ററിന് 3 മുതൽ 8 വരെ മൈക്രോകാൻഡല പ്രകാശ വർധനയാണ് രേഖപ്പെടുത്തുന്നത്. 2035ഓടെ ഇത് 5 മുതൽ 19 മൈക്രോകാൻഡല വരെ ഉയരുമെന്നാണ് പ്രവചനം. ഇത് ജ്യോതിശാസ്ത്രപരമായി അംഗീകരിച്ച സ്വാഭാവിക ഇരുട്ടിന്റെ പരിധിയോട് അടുത്തതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഈ പ്രതിഭാസം ആഗോളതലത്തിൽ ബാധിക്കുമെന്നും ഭൂമിയിലെ എത്ര വിദൂര പ്രദേശങ്ങളിലേക്കു പോയാലും ഇതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നുമാണ് ഡോ. കോസിഫാജ് നൽകുന്ന മുന്നറിയിപ്പ്. നിലവിലെ ഉപഗ്രഹ വിക്ഷേപണ പ്രവണത തുടരുകയാണെങ്കിൽ അടുത്ത ദശകത്തിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭ്രമണപഥത്തിലുള്ള നിലവിലുള്ള ഉപഗ്രഹങ്ങൾ തന്നെ രാത്രി ആകാശത്തിന്റെ തെളിച്ചം ഏകദേശം 10 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നതെന്നു ഡാർക്ക്‌സ്‌കൈ ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് റസ്‌കിൻ ഹാർട്ട്‌ലി ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ചില സ്ഥലങ്ങളിൽ നക്ഷത്രങ്ങളെക്കാൾ ഉപഗ്രഹങ്ങൾ കൂടുതലായി കാണാനിടയുണ്ടെന്നും ഇത് നക്ഷത്രങ്ങളെ ആശ്രയിച്ച് സഞ്ചരിക്കുന്ന പക്ഷികൾക്കും മറ്റു ജീവികൾക്കും പ്രശ്നമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പ്രകാശത്തിന്റെ തീവ്രതയേക്കാൾ ജൈവ സംവിധാനങ്ങൾ അതിനെ തിരിച്ചറിയുന്ന ശേഷിയാണ് നിർണായകമെന്നു കനേഡിയൻ ക്രോണോബയോളജി സൊസൈറ്റി പ്രസിഡന്റായ ടാമി മാർട്ടിനോ പറയുന്നു. മനുഷ്യർ കരുതുന്നതിലും വളരെ കുറഞ്ഞ പ്രകാശത്തോട് തന്നെ സർക്കാഡിയൻ സംവിധാനം പ്രതികരിക്കുന്നു. അതിനാൽ വരാനിരിക്കുന്ന മാറ്റം ആവാസവ്യവസ്ഥയിലുടനീളം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന ആശങ്ക അദ്ദേഹം പങ്കുവെയ്ക്കുന്നു.
ഭൂമിയിലെ വിവിധ ഭാഗങ്ങളിൽ രാത്രി പ്രകാശം എത്തിക്കുന്ന പദ്ധതികളും ഉപഗ്രഹങ്ങളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ ആവശ്യപ്പെടുന്ന അപേക്ഷകളും ഇപ്പോൾ യു.എസ്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ പരിഗണിച്ചുവരുന്നതിനിടെയാണ് ശാസ്ത്രസമൂഹം ആശങ്ക ഉയർത്തുന്നത്.
റിഫ്ലെക്റ്റ് ഓർബിറ്റലിന്റെ മിറർ പദ്ധതികൾ പുതിയ തരത്തിലുള്ള പ്രകാശ മലിനീകരണത്തിന് കാരണമാകാമെന്നു റസ്‌കിൻ ഹാർട്ട്‌ലി ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രകാശരശ്മികൾ തീവ്രമായ തിളക്കമോ അന്ധതയുണ്ടാക്കുന്ന മിന്നലുകളോ സൃഷ്ടിക്കാനിടയുണ്ട്. സിസ്റ്റം തകരാറിലാകുകയോ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്താൽ അപകടസാധ്യത കൂടും. അതിനാൽ പൂർണമായ പാരിസ്ഥിതിക പഠനം നിർബന്ധമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: New space projects using mirror satellites and massive constellations may alter night skies, raising global concerns over health, ecosystems, and light pollution.