പൊടിപറക്കുന്ന തെരുവുകളിലാണ് ആ സ്വപ്നം ജനിച്ചത്. അനാവശ്യമായ ബഹളങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ, വെറുമൊരു ടെന്നീസ് ബോളും തടിക്കഷ്ണവും കൈയിലേന്തി നടന്ന ഒരു പത്തുവയസ്സുകാരന്‍ പയ്യന്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും പവിത്രമായ ജേഴ്‌സി അണിയാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാന്റെ മണ്ണില്‍ നിന്ന്, പ്രതിഭകളുടെ വന്‍മതിലുകള്‍ ഭേദിച്ച്, അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മനാവ് സുതാര്‍ എന്ന 23-കാരന്റെ യാത്ര വെറുമൊരു കരിയര്‍ ഗ്രാഫല്ല; മറിച്ച്, ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രം കണ്ണുവെച്ച ഒരു മനുഷ്യന്റെ ക്ഷമയുടെയും അതിജീവനത്തിന്റെയും കഥയാണ്.
തെരുവിലെ പാഠശാല
ക്രിക്കറ്റ് എന്നത് മനാവിന്റെ കുടുംബത്തിന് ഒരു വിനോദമായിരുന്നില്ല, മറിച്ച് ഒരു വികാരമായിരുന്നു. അച്ഛനൊപ്പം ഇരുന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ ഇന്ത്യന്‍ താരങ്ങള്‍ പൊരുതുന്നത് നോക്കിക്കണ്ട ആ ബാല്യമാണ് അവനിലെ ക്രിക്കറ്ററെ ഉണര്‍ത്തിയത്. താമസിയാതെ അവന്‍ കളിക്കളത്തിലേക്ക് ഇറങ്ങിഅക്കാദമികളുടെ പച്ചപ്പുല്ലിലേക്കല്ല, നാട്ടിലെ ഇടുങ്ങിയ തെരുവുകളിലേക്ക്.
തന്റെ ചുവടുകളെക്കുറിച്ച് മനാവ് ഓര്‍ക്കുന്നത് ഇങ്ങനെയാണ്:
സുഹൃത്തുക്കളോടൊപ്പം തെരുവില്‍ കളിച്ചാണ് ഞാന്‍ കളി പഠിച്ചത്. ബാറ്റ് എങ്ങനെ പിടിക്കണമെന്നും ബോള്‍ എങ്ങനെ ചെയ്യണമെന്നുമുള്ള അടിസ്ഥാന കാര്യങ്ങള്‍ ആ തെരുവ് കളികളാണ് എന്നെ പഠിപ്പിച്ചു തന്നത്.അവിടെ കൃത്യമായ നിയമങ്ങളോ അമ്പയര്‍മാരോ ഉണ്ടായിരുന്നില്ല. പക്ഷേ, ഏത് ദിശയില്‍ നിന്നും വരുന്ന പന്തുകളെ പ്രതിരോധിക്കാനുള്ള ചടുലതയും, ചെറിയ ഇടങ്ങളില്‍ പോലും കൃത്യതയോടെ പന്തെറിയാനുള്ള ഏകാഗ്രതയും ആ തെരുവുകള്‍ അവനെ പഠിപ്പിച്ചു. പന്ത്രണ്ടാം വയസ്സില്‍ പ്രൊഫഷണല്‍ അക്കാദമിയുടെ ഭാഗമായതോടെ, കോച്ചുമാരായ ധീരജ് സാറിന്റെയും വിനോദ് സാറിന്റെയും കീഴില്‍ ആ പ്രതിഭയ്ക്ക് കൂടുതല്‍ മിഴിവേകി. രാജസ്ഥാന്റെ അണ്ടര്‍-14 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്, വിനോദത്തിനപ്പുറം ഇതൊരു ജീവിതമാര്‍ഗ്ഗമാക്കാമെന്ന ആത്മവിശ്വാസം ആ മനസ്സിനുണ്ടായത്.
ക്രിക്കറ്റിന് എന്ത് സ്‌കോപ്പാണുള്ളത്?
കോടിക്കണക്കിന് മനുഷ്യര്‍ ഒരേയൊരു കായികവിനോദത്തെ നെഞ്ചിലേറ്റുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത്, ആകെ ലഭ്യമായ 11 സീറ്റുകളിലേക്ക് നടന്നു കയറുക എന്നത് ഹിമാലയം കീഴടക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ്. സ്വാഭാവികമായും, മനാവിന് ചുറ്റുമുള്ള സമൂഹവും അവനെ നിരുത്സാഹപ്പെടുത്താന്‍ മടിച്ചില്ല.
'ക്രിക്കറ്റില്‍ എന്ത് സ്‌കോപ്പാണുള്ളത്? വെറുതെ സമയം കളയാതെ പഠനത്തില്‍ ശ്രദ്ധിക്ക്...'ചുറ്റുമുള്ളവര്‍ ഒരേ സ്വരത്തില്‍ ഉപദേശിച്ചു. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് ഇത്തരം ഉപദേശങ്ങള്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുക. എന്നാല്‍, അനാവശ്യമായ ആകുലതകള്‍ക്ക് കാതോര്‍ക്കാന്‍ മനാവ് തയ്യാറായിരുന്നില്ല.തന്റെ ലക്ഷ്യത്തില്‍ നിന്ന് അവന്‍ ഒരടി പോലും പിന്നോട്ട് പോയില്ല. ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍, മനാവ് തന്റെ പന്തുകളുടെ വേഗതയിലും സ്പിന്നിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരോ ആഭ്യന്തര സീസണിലും അവന്‍ വിയര്‍പ്പൊഴുക്കി. ഇന്ത്യ എ ടീമിലേക്കും എമര്‍ജിങ് ടീമിലേക്കുമുള്ള വിളി വന്നപ്പോഴും അവന്‍ അഹങ്കരിച്ചില്ല. കഠിനാധ്വാനം ഒരിക്കലും നിഷ്ഫലമാകില്ലെന്ന ഉറപ്പില്‍ അവന്‍ ക്ഷമയോടെ കാത്തിരുന്നു.
അക്കങ്ങള്‍ സംസാരിക്കുമ്പോള്‍
മനാവിന്റെ കന്നി ഇന്ത്യന്‍ കോള്‍-അപ്പ് ഒരു അദ്ഭുതമല്ല, മറിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ കുറിച്ച സമാനതകളില്ലാത്ത റെക്കോര്‍ഡുകളുടെ സ്വാഭാവികമായ പരിണാമം മാത്രമാണ്. 2022-23 റഞ്ജി ട്രോഫി സീസണില്‍ വെറും ആറ് മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് താരം ആദ്യമായി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഈ സമീപകാല 2025-26 സീസണില്‍ കളിച്ച വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം അവന്‍ കൊയ്തത് 18 വിക്കറ്റുകളാണ്. ഇതില്‍ ഛത്തീസ്ഗഡിനെതിരെ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 8 വിക്കറ്റുകള്‍ പിഴുത മാച്ച് വിന്നിങ് പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇതുവരെ 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 129 വിക്കറ്റുകള്‍ ഈ ഇടംകയ്യന്‍ സ്പിന്നര്‍ സ്വന്തമാക്കി കഴിഞ്ഞു. ബോളിങ്ങില്‍ മാത്രമല്ല, ലോവര്‍ ഓര്‍ഡറില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറികളുമായി ബാറ്റിങ്ങിലും താന്‍ വിശ്വസ്തനാണെന്ന് മനാവ് തെളിയിച്ചു.ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ താരം, ഈ 2026 സീസണില്‍ നാല് മത്സരങ്ങളില്‍ കളത്തിലിറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കഠിനാധ്വാനമെല്ലാം ഒടുവില്‍ ലക്ഷ്യത്തിലെത്തി നില്‍ക്കുന്നു.
ആ ഫോണ്‍ കോള്‍
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയെന്ന ഔദ്യോഗിക വാര്‍ത്ത വരുമ്പോള്‍ മനാവ് തന്റെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. സഹോദരിയാണ് ആ വാര്‍ത്ത അവനെ വിളിച്ച് അറിയിക്കുന്നത്.
'ചേച്ചി വിളിച്ച് ഇന്ത്യന്‍ ടീമില്‍ എന്റെ പേര് വന്ന കാര്യം പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു, ഇത് ഒഫീഷ്യല്‍ ആണോ എന്ന്. 'അതെ' എന്ന് പറഞ്ഞപ്പോള്‍ വീട്ടിലെല്ലാവരും കരയുകയായിരുന്നു. അച്ഛനും അമ്മയും എല്ലാവരും വിളിച്ചു. ആ നിമിഷം വാക്കുകളാല്‍ വിവരിക്കാന്‍ എനിക്ക് കഴിയില്ല. വര്‍ഷങ്ങളോളം നിങ്ങള്‍ ഒരു കാര്യത്തിനായി മാത്രം കഠിനാധ്വാനം ചെയ്യുകയും, ഒടുവില്‍ രാജ്യം നിങ്ങള്‍ക്കായി വാതില്‍ തുറക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി... അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫീലിംഗ് ആണ്.
ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ കളിശൈലിയെയും ആര്‍. അശ്വിന്റെ തന്ത്രപരമായ ബോളിങ് വൈവിധ്യങ്ങളെയും ആരാധിക്കുന്ന ഈ 23-കാരന്‍, ഇന്ന് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തുന്നത് കളി പഠിച്ച തെരുവിന്റെ അതേ ലളിതമനസ്സോടെയാണ്. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ചിന്താപരമായ വ്യക്തതയും കളിക്കാരിലുള്ള വിശ്വാസവും തനിക്ക് അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ തിളക്കങ്ങളിലേക്ക് നടന്നു കയറുമ്പോഴും മനാവ് സുതാര്‍ എന്ന ചെറുപ്പക്കാരന്‍ അടിവരയിടുന്നത് ഒന്നുമാത്രം-പ്രതിഭ എത്രത്തോളമുണ്ടെങ്കിലും, കഠിനാധ്വാനവും ക്ഷമയും ഇല്ലെങ്കില്‍ ആര്‍ക്കും ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. തെരുവില്‍ നിന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പച്ചപ്പുല്ലിലേക്ക് മനാവ് സുതാര്‍ നടന്നു കയറുമ്പോള്‍, അത് കേവലം ഒരു താരത്തിന്റെ ഉദയമല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിക്കാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് തെരുവ് ക്രിക്കറ്റുകാര്‍ക്കുള്ള വലിയൊരു പ്രത്യാശ കൂടിയാണ്.
English Summary: Born on dusty streets with nothing more than a tennis ball and a piece of wood, Manav Suthar nurtured a dream that has now taken him to the doorstep of Indian cricket's highest honor. The 23-year-old left-arm spinner from Rajasthan has been selected for India's squad for the one-off Test against Afghanistan. His journey from humble beginnings to the national team is a story of perseverance, dedication, and unwavering focus. Breaking through intense competition and overcoming numerous challenges, Suthar's rise reflects the rewards of hard work and resilience in pursuit of a lifelong dream.