ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കിലിയൻ എംബാപെ, ലാമിൻ യമാൽ തുടങ്ങി വമ്പൻ താരനിര നോർത്ത് അമേരിക്കൻ ലോകകപ്പിൽ പോരട്ടത്തിനിറങ്ങുമ്പോൾ ടച്ച് ലൈനിൽ ചരിത്രത്തിലെ ശക്തരായ കോച്ചിങ് നിരയുടെ യുദ്ധം കൂടിയാണ് നടക്കുന്നത്. ക്ലബ് ഫുട്ബോളിൽ യൂറോപ്പിനെ കീഴടക്കിയ ഇതിഹാസ പരിശീലകരും, ലോകകപ്പും നാഷണൽ ടൂർണമെന്റുകളും നേടിയ തന്ത്രജ്ഞരും, മുൻകാല സൂപ്പർ താരങ്ങളുമായ കോച്ചുമാരുമെല്ലാം ഇത്തവണ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.
ബ്രസീലിന്റെ പരിശീലകനായ കാർലോ ആൻസലോട്ടി ലോക ഫുട്ബോളിലെ ഏറ്റവും വിജയകരമായ കോച്ചുമാരിൽ ഒരാളാണ്. റയൽ മാഡ്രിഡ്, എസി മിലാൻ, പിഎസ്ജി, ചെൽസി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച 66 കാരൻ അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ ലീഗ് കിരീടം നേടിയ ഏക പരിശീലകനുമാണ്. 2002 ലോകകപ്പിനുശേഷമുള്ള 24 വർഷത്തെ കാത്തിരിപ്പിന് അന്ത്യമിടാനായാണ് ബ്രസീൽ വിഖ്യാത പരിശീലകനെ ദൗത്യം ഏൽപിച്ചത്.
ഇംഗ്ലണ്ടിനെ 60 വർഷത്തെ ലോകകപ്പ് വരൾച്ചയിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് തോമസ് ടുച്ചേലിനുള്ളത്. ചെൽസി, ബയേൺ മ്യൂണിക്ക്, പിഎസ്ജി, ബൊറൂസിയ ഡോർട്മുണ്ട് എന്നീ ടീമുകളെ പരിശീലിപ്പിച്ച ടുച്ചേലിന് ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി 11 മേജർ കിരീടങ്ങളുടെ ചരിത്രമുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ എട്ട് മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് അമേരിക്കിയിലെത്തുന്നത്.
ആതിഥേയരായ അമേരിക്കയുടെ പ്രതീക്ഷകളുമായി വരുന്നത് ചെൽസി, പിഎസ്ജി, ടോട്ടൺഹാം ടീമുകളെ പരിശീലിപ്പിച്ച മൗറിസിയോ പൊച്ചറ്റിനോയാണ്. ജർമ്മനിയുടെ ജൂലിയൻ നാഗൽസ്മാനും ചില്ലറക്കാരനല്ല. ബയേൺ മ്യൂണികിന് 2021 മുതൽ 23 വരെ തുടർച്ചയായി ബാക് ടു ബാക് ബുണ്ടസ്ലീഗ് കിരീടം നേടിക്കൊടുത്ത പ്രഗൽഭനാണ്. ഇപ്പോഴും മുപ്പതുകളുടെ അവസാനത്തിൽ പോലും എത്താത്ത പ്രായത്തിൽ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം യുവത്വവും ആക്രമണാത്മക ശൈലിയും ചേർത്താണ് ജർമ്മനിയെ മുന്നോട്ട് നയിക്കുന്നത്.
ഫ്രാൻസിന്റെ ദിദിയർ ദെഷാംപ്‌സും അർജന്റീനയുടെ ലയണൽ സ്‌കലോണിയുമാണ് നിലവിലെ ലോകകപ്പ് ജേതാക്കളായ പരിശീലകർ. 2018ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കിയ ദെഷാംപ്‌സ് തന്റെ അവസാന ലോകകപ്പിനാണ് എത്തുന്നത്. 2022 ഖത്തർ ലോകപ്പിൽ ഫ്രാൻസ് റണ്ണറപ്പുമായിരുന്നു. 2022ൽ അർജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച സ്‌കലോണി രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും നേടിയിട്ടുണ്ട്. ലയണൽ മെസിയുടെ അവസാന ലോകകപ്പാകാൻ സാധ്യതയുള്ള ടൂർണമെന്റിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാനാണ് സകലോണിയുടെ മാസ്റ്റർ പ്ലാൻ.
സ്പെയിനിനെ യൂറോ 2024 കിരീടത്തിലേക്ക് നയിച്ച ലൂയിസ് ഡി ലാ ഫുവെന്റെയും ഐവറി കോസ്റ്റിനെ ആഫ്രിക്കൻ ചാമ്പ്യന്മാരാക്കിയ എമേഴ്‌സ് ഫായെയും പരിശീലക വിഭാഗത്തിലെ അതികായൻമാരാണ്. ഉറുഗ്വെയുടെ മാർസെലോ ബിയെൽസ, കാനഡയുടെ ജെസ്സി മാർഷ്, നെതർലൻഡ്സിന്റെ റൊണാൾഡ് കോമാൻ, പോർച്ചുഗലിന്റെ റോബർട്ടോ മാർട്ടിനെസ് എന്നിവരെല്ലാം ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർക്ക് സുപരിചിതരാണ്.
സ്പെയിൻ ദേശീയ ടീമിനേയും റയൽ മാഡ്രിഡിനേയും പരിശീലിപ്പിച്ച ഖത്തർ കോച്ച് ജൂലൻ ലോപ്പറ്റേഗിയും ഓസ്ട്രിയയുടെ പരിശീലകനായി റാൽഫ് റാങ്നിക്കും സ്കോട്ട്ലൻഡിന്റെ സ്റ്റീവ് ക്ലാർക്കും യോറോപ്യൻ ക്ലബുകളിലെ പരിശീലക കുപ്പായം ധരിച്ചിരുന്നു. ചെൽസിയിലെയും വെസ്റ്റ് ഹാമിലെയും നിരാശകൾക്കു ശേഷം സ്വീഡനെ ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ഗ്രഹാം പോട്ടറും ചില്ലറക്കാരനല്ല.
കുറസാവോയെ ആദ്യമായി ലോകകപ്പിലെത്തിച്ച 78 കാരനായ ഡിക് അഡ്വൊക്കാറ്റാണ് ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ പരിശീലകൻ. ക്രൊയേഷ്യയുടെ സ്ലാറ്റ്കോ ഡാലിച്ച് തുടർച്ചയായ മൂന്നാം ലോകകപ്പിനാണ് ടീമിനെ നയിക്കുന്നത്. 2018ൽ ഫൈനലിലും 2022ൽ സെമിയിലും എത്തിയ ക്രൊയേഷ്യയുടെ വിജയങ്ങൾക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ഡാലിച്ചാണ്. മെക്സിക്കോയുടെ ഹാവിയർ അഗ്വിറെ, ജപ്പാന്റെ ഹാജിമെ മൊറിയാസു, അൾജീരിയയുടെ വ്‌ളാഡിമിർ പെറ്റ്‌കോവിച്ച്, ഇറാഖിന്റെ ഗ്രഹാം ആർണോൾഡ് എന്നിവരും ലോകകപ്പ് വേദിയിലെ പരിചിത മുഖങ്ങളാണ്.
എന്നാൽ ഇവരിൽ ഏറ്റവും ശ്രദ്ധേയൻ ഘാനയുടെ കാർലോസ് ക്വിറോസാണ്. അഞ്ച് തുടർച്ചയായ ലോകകപ്പുകളിൽ പരിശീലകനായി പങ്കെടുക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ വ്യക്തിയാകും കാർലോസ്. ലോകകപ്പ് നേടിയ താരവും പരിശീലകനുമായ അപൂർവ നേട്ടമുള്ള ദിദിയർ ദെഷാംപ്‌സി നൊപ്പം മറ്റൊരു ലോകകപ്പ് ജേതാവും പരിശീലകനായി എത്തുന്നുണ്ട്. 2006ൽ ഇറ്റലിയെ ലോകചാമ്പ്യന്മാരാക്കിയ നായകൻ ഫാബിയോ കന്നവാരോയാണ് ആ പേര്. ഉസ്ബെക്കിസ്ഥാനെ ചരിത്രത്തിലാദ്യമായി ലോകകപ്പിലെത്തിച്ചാണ് തനിക്ക് കളിക്കാൻ മാത്രമല്ല, കോച്ചാകാനും അറിയാമെന്ന് കന്നവാരോ കാണിച്ചുകൊടുത്തത്. അതേസമയം മുൻ ഇറ്റാലിയൻ താരം വിഞ്ചെൻസോ മൊണ്ടെല്ല തുർക്കിയെ 24 വർഷത്തിന് ശേഷം ലോകകപ്പിലെത്തിച്ചാണ് ശ്രദ്ധ നേടിയത്.
English Summary: The 2026 FIFA World Cup will feature not only a star-studded player lineup but also one of the strongest collections of coaches in tournament history. Elite managers such as Carlo Ancelotti, Thomas Tuchel, Mauricio Pochettino and Julian Nagelsmann will lead some of the title favourites in North America. World Cup-winning coaches Didier Deschamps and Lionel Scaloni, along with several continental champions and renowned club managers, add further depth to the sidelines.