Technology

ആന്ത്രോപിക് ഉപയോഗിക്കാന്‍ പൗരത്വം തെളിയിക്കേണ്ടി വരുമോ? യുഎസില്‍ എഐ മോഡലുകള്‍ക്ക് വിലക്ക്; ലോകമെമ്പാടും സേവനം നിര്‍ത്തി കമ്പനി

ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫേബിള്‍ 5 (Fable 5), മിത്തോസ് 5 (Mythos 5) എന്നിവയുടെ സേവനം വിദേശികള്‍ക്ക് നല്‍കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Madism Desk

തങ്ങളുടെ ഏറ്റവും അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മോഡലുകള്‍ വിദേശ പൗരന്മാര്‍ക്ക് നല്‍കുന്നത് തടയാന്‍ യുഎസ് സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെ എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള സേവനം അടിയന്തിരമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫേബിള്‍ 5 (Fable 5), മിത്തോസ് 5 (Mythos 5) എന്നിവയുടെ സേവനം വിദേശികള്‍ക്ക് നല്‍കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

യുഎസ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കയറ്റുമതി നിയന്ത്രണ നിര്‍ദേശം (Export Control Directive) പുറപ്പെടുവിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ നടപടിക്ക് പിന്നിലെ കൃത്യമായ ദേശീയ ആശങ്കകളെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ കമ്പനിയ്ക്ക് നല്‍കിയിട്ടില്ലെന്ന് ആന്ത്രോപിക് പ്രസ്താവനയില്‍ പറഞ്ഞു. സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്തുന്നതിന് ഫേബിള്‍ 5-ല്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ കവചങ്ങളെ മറികടക്കാന്‍ സാധിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ടെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നതായാണ് തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ഭാവിയില്‍ വന്നേക്കാവുന്ന വളരെ ചെറിയൊരു സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വാക്കാലുള്ള തെളിവുകള്‍ മാത്രമാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് ആന്ത്രോപിക് അറിയിച്ചു. 'ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു വാണിജ്യ മോഡല്‍ തിരിച്ചുവിളിക്കാന്‍, വളരെ ചെറിയൊരു സുരക്ഷാ വീഴ്ചയുടെ സാധ്യത മാത്രം കാരണമായി കാണിക്കുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല', കമ്പനി വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ആന്ത്രോപിക്കും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത ഉത്തരവ് വരുന്നത്.

ആഭ്യന്തര നിരീക്ഷണങ്ങള്‍ക്കും യുദ്ധമുഖത്ത് ലക്ഷ്യങ്ങളെ തിരിച്ചറിയാനും തങ്ങളുടെ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ യുഎസ് സൈന്യത്തെ അനുവദിക്കില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കിയതോടെയാണ് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായത്. തുടര്‍ന്ന് ആന്ത്രോപിക്കിനെ ഒരു 'സപ്ലൈ ചെയിന്‍ റിസ്‌ക്' ആയി അടയാളപ്പെടുത്തി ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അതേസമയം, അപകടസാധ്യതകളുള്ള മോഡലുകളെ തടയാനുള്ള അധികാരം ഉള്‍പ്പെടെയുള്ള ശക്തമായ യുഎസ് മേല്‍നോട്ടം എഐ മേഖലയ്ക്ക് ആവശ്യമാണെന്ന് കഴിഞ്ഞ ബുധനാഴ്ച പോലും ആന്ത്രോപിക് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ചയുണ്ടായ സര്‍ക്കാര്‍ നടപടി അന്യായമാണെന്ന് കമ്പനി പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് പെന്റഗണിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിര്‍സ്റ്റണ്‍ ഡേവിസ് എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. 'വരുമാനത്തിനും ക്ലിക്ക് ബൈറ്റുകള്‍ക്കും പ്രീ-ഐപിഒ മൂല്യനിര്‍ണ്ണയം എന്നിവയേക്കാള്‍ പ്രാധാന്യമുള്ള ചില കാര്യങ്ങളുണ്ട്. എപ്പോഴും അമേരിക്കയ്ക്കാണ് പ്രഥമ പരിഗണന,' ഡേവിസ് കുറിച്ചു. പൊതു വിപണിയില്‍ പ്രവേശിക്കാനുള്ള മത്സരത്തില്‍ തങ്ങളുടെ എതിരാളികളായ ഓപ്പണ്‍എഐയെക്കാള്‍ (OpenAI) മുന്നിലെത്തിയ ആന്ത്രോപിക് കഴിഞ്ഞ മാസം യുഎസില്‍ രഹസ്യമായി ഐപിഒയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സൈബര്‍ ആക്രമണ ഭീഷണി

ഈ ആഴ്ചയുടെ തുടക്കത്തിലാണ് ആന്ത്രോപിക് 'ക്ലോഡ് ഫേബിള്‍ 5' (Claude Fable 5) എന്ന പേരില്‍ പുതിയൊരു എഐ മോഡല്‍ പുറത്തിറക്കിയത്. 'മിത്തോസ് ക്ലാസ്' എന്ന് കമ്പനി വിളിക്കുന്ന അത്യാധുനിക കഴിവുകളുള്ള എഐ ആണിത്. സൈബര്‍ സുരക്ഷ പോലുള്ള അപകടസാധ്യതയുള്ള മേഖലകളില്‍ ഇത് ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇത് 'വളരെ കര്‍ശനമാണെന്ന്' ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ആന്ത്രോപിക് പറഞ്ഞു.

ബാങ്കിങ് പോലുള്ള സങ്കീര്‍ണ്ണവും പരസ്പരം ബന്ധിപ്പിച്ചതുമായ സാങ്കേതിക സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളില്‍, മിത്തോസ് മോഡലുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അത് മാരകമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫേബിള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി തങ്ങള്‍ യുഎസ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി സുരക്ഷാ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എതിരാളികളായ മറ്റ് എഐ കമ്പനികളുടെ മോഡലുകളും കോഡിംഗിലെ ചെറിയ പിഴവുകള്‍ കണ്ടെത്താന്‍ ഫേബിളിനോട് സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആന്ത്രോപിക് പറഞ്ഞു.

'നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഫേബിള്‍ 5, മിത്തോസ് 5 എന്നിവ നിര്‍ത്തിവെക്കുകയാണ്', കമ്പനി വ്യക്തമാക്കി. ഇവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മോഡലുകളിലേക്കുള്ള ആക്‌സസ് എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരികയാണെന്നും ആന്ത്രോപിക് അറിയിച്ചു. ഈ മാനദണ്ഡം വ്യവസായത്തിലുടനീളം നടപ്പാക്കുകയാണെങ്കില്‍, അത് പ്രമുഖ എഐ കമ്പനികളുടെ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ആഗോള ഉപയോക്താക്കളെ ബാധിക്കും

എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ മോഡലുകളിലേക്കുള്ള ആക്‌സസ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ആന്ത്രോപിക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമസോണിന്റെ ക്ലൗഡ് വിഭാഗമായ എഡബ്ല്യുഎസ് അറിയിച്ചു. ഇതോടെ അമേരിക്കന്‍ പൗരന്മാരല്ലാത്ത ആഗോളതലത്തിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സേവനം നഷ്ടമാകും. യുഎസിനുള്ളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് പോലും ഇനിമുതല്‍ ഈ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ പൗരത്വം തെളിയിക്കേണ്ടി വരുമെന്ന് യുഎസ് സര്‍ക്കാരിന്റെ 'എഐ ആക്ഷന്‍ പ്ലാനില്‍' പങ്കാളിയായിരുന്ന മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ഡീന്‍ ബോള്‍ വെളിപ്പെടുത്തി.

ആന്ത്രോപിക്കിന്റെ സഹ ഉടമ ക്രിസ് ഓല, എഐ ഗവേഷകന്‍ ആന്‍ഡ്രെജ് കര്‍പതി, ഫിലോസഫര്‍ അമാന്‍ഡ ആസ്‌കെല്‍ എന്നിവരുള്‍പ്പെടെയുള്ള കമ്പനിയിലെ പ്രധാനപ്പെട്ട പല ജീവനക്കാരും അമേരിക്കയ്ക്ക് പുറത്ത് ജനിച്ചവരാണ്. ഇവരുടെ പൗരത്വ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. ഇത്തരം ജീവനക്കാര്‍ക്ക് എഐ മോഡല്‍ ഉപയോഗിക്കാനുള്ള അനുമതി നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ച് ആന്ത്രോപിക് പ്രതികരിച്ചിട്ടില്ല.

AI company Anthropic has temporarily suspended access to its advanced AI models, Fable 5 and Mythos 5, after the US government ordered restrictions on providing the technology to foreign nationals. The directive, issued under US export control regulations, reportedly stems from national security concerns and fears that the models' safeguards could potentially be bypassed for malicious cyber activities