പൊതുജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും വളർത്തുന്നതിനും ആളുകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് ആത്മഹത്യയിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതിനും സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന വിമർശനം പൊതുവേ നാം കേട്ടിട്ടുളളതാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ്, വിവിധ വിദേശരാജ്യങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടികളും സ്വീകരിച്ചുവരികയാണ്.
കുട്ടികളുടെ സുരക്ഷയും ഉപയോക്താക്കളുടെ സ്വകാര്യതയും ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഭരണകൂടങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഗുരുതരമായ വീഴ്ചകൾക്ക് കടുത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഇരട്ടി ശ്രദ്ധയാണ് പുലർത്തുന്നത്.
എന്നാൽ, ഇന്ത്യയിലെ സ്ഥിതി ഇതിന് നേർവിപരീതമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ മെറ്റ, ഇന്ത്യയിൽ വിദ്വേഷ പ്രചാരണം ഉൾപ്പെടെയുള്ള ദോഷകരമായ ഉള്ളടക്കങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ആഗോള വിപണികളിൽ വിദ്വേഷ പ്രചാരണ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിന് മെറ്റ കാണിക്കുന്ന താൽപര്യവും പ്രാധാന്യവും ഇന്ത്യയിൽ കാണിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉപയോക്താക്കൾ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അവ സ്വമേധയാ കണ്ടെത്തി നടപടിയെടുക്കുന്ന മെറ്റയുടെ പ്രൊആക്ടീവ് മോഡറേഷൻ സംവിധാനം ആഗോളതലത്തെ അപേക്ഷിച്ച് ഇന്ത്യയിൽ വളരെ ദുർബലമാണ്. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വിദ്വേഷപ്രചാരണം നടത്തുന്ന പോസ്റ്റുകളിൽ ഇൻസ്റ്റഗ്രാമിൽ വെറും 30 ശതമാനത്തിലും ഫെയ്സ്ബുക്കിൽ 32.95 ശതമാനത്തിലും മാത്രമാണ് മെറ്റ സ്വമേധയാ നടപടി സ്വീകരിച്ചത്. എന്നാൽ ഇതേ കാലയളവിൽ ആഗോളതലത്തിൽ ഇൻസ്റ്റഗ്രാമിലെ 83.9 ശതമാനം പോസ്റ്റുകൾക്കെതിരെയും ഫെയ്സ്ബുക്കിലെ 74 ശതമാനം പോസ്റ്റുകൾക്കെതിരെയും മെറ്റ പ്രൊആക്ടീവായി നടപടി സ്വീകരിച്ചിരുന്നു.
ആഗോളതലത്തിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും മെറ്റ വലിയ പ്രാധാന്യം നൽകുമ്പോൾ, ഇന്ത്യയിൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന് ശേഷം മാത്രം നടപടി സ്വീകരിക്കുന്ന റിയാക്ടീവ് മോഡറേഷൻ രീതിയാണ് കൂടുതലായി ഫോളോ ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രത്യേകിച്ച് വിദ്വേഷപ്രചാരണം, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, അക്രമം, പ്രകോപനം എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യയിൽ മെറ്റയുടെ പ്രകടനം മോശമാകുന്നത്.
അതേസമയം, നഗ്നത, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ഭീകരവാദം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ ഹാനികരമായ ഉള്ളടക്കങ്ങൾ ഇന്ത്യയിലും ആഗോളതലത്തിലും ഒരുപോലെ ഉയർന്ന തോതിൽ പ്രൊആക്ടീവായി കണ്ടെത്തി തടയാൻ മെറ്റയ്ക്ക് സാധിക്കുന്നുണ്ട്. അതായത്, ചില വിഭാഗങ്ങളിലെ ഉള്ളടക്കങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമ്പോഴും വിദ്വേഷപ്രചാരണം, ഉപദ്രവിക്കൽ, അക്രമപ്രേരണ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ കാര്യമായ വീഴ്ചയാണ് സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ വിദ്വേഷപ്രചാരണം, ഉപദ്രവിക്കൽ, അക്രമപ്രേരണ എന്നിവയ്ക്കെതിരെയുള്ള മെറ്റയുടെ പ്രൊആക്ടീവ് നടപടികൾ 2025 ജൂലൈ മുതൽ ഗണ്യമായി കുറഞ്ഞുവരികയാണ്. ഇൻസ്റ്റഗ്രാമിൽ വിദ്വേഷപ്രചാരണത്തിനെതിരായ പ്രൊആക്ടീവ് നടപടി 2025 ജൂണിൽ 82.2 ശതമാനമായിരുന്നത്, 2026 ജൂണിൽ 22.3 ശതമാനമായി കുത്തനെ കുറഞ്ഞു. ഭീഷണിപ്പെടുത്തലിനും ഉപദ്രവിക്കലിനുമെതിരായ നടപടികളും ഇതേ കാലയളവിൽ 85.8 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായി ഇടിഞ്ഞു. മാത്രമല്ല, 2026 മേയിൽ ഇന്ത്യയിലെ ഇൻസ്റ്റഗ്രാം വിദ്വേഷപ്രചാരണ ഉള്ളടക്കങ്ങൾക്കെതിരായ മെറ്റയുടെ സ്വമേധയാ നടപടികൾ വെറും എട്ട് ശതമാനമായി താഴ്ന്നിരുന്നു.
വിദ്വേഷ പ്രചാരണ ഉള്ളടക്കങ്ങൾ സമൂഹത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾക്കും വർഗീയ കലാപങ്ങൾക്കുംവരെ കാരണമാകാൻ സാധ്യതയുണ്ട്. രാജ്യത്ത് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യത്തിനും സാഹോദര്യത്തിനും ഇത്തരം ഉള്ളടക്കങ്ങൾ വലിയ ഭീഷണിയാണ്. എന്നാൽ സമൂഹത്തിൽ അകൽച്ചയും സംഘർഷവും സൃഷ്ടിക്കാൻ സാധ്യതയുള്ള ഇത്തരം സോഷ്യൽ മീഡിയ ഇടപെടലുകൾ നിയന്ത്രിക്കുന്നതിൽ മെറ്റ ഇന്ത്യയിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്ത് മെറ്റയുടെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയായിരിക്കെ, ആഗോളതലവുമായി താരതമ്യം ചെയ്യുമ്പോൾ നിയമലംഘനങ്ങൾ തടയുന്നതിലും ദോഷകരമായ ഉള്ളടക്കങ്ങൾ സ്വമേധയാ കണ്ടെത്തി നീക്കം ചെയ്യുന്നതിലും ഇന്ത്യയിൽ ഇത്ര വലിയ വീഴ്ച സംഭവിക്കുന്നത് ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
It is widely argued that social media plays a significant role in fostering rivalry and hatred among the public and in adversely affecting people’s mental health, potentially leading to suicide and criminal activities. Recognising this reality, several countries around the world have, in recent years, taken stringent measures against social media platforms, including Meta.