Analysis

'രാഷ്ട്രീയം കുടുംബസ്വത്തല്ല', പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അണ്ണാമലൈ; എന്താണ് വ്യക്തിപൂജ രാഷ്ട്രീയം?

'ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കും. അതിനായി തയ്യാറെടുക്കേണ്ടതുണ്ട്'

Madism Desk

ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ബിജെപിയില്‍നിന്ന് ഔദ്യോഗികമായി രാജിവെച്ച കെ. അണ്ണാമലൈ സ്വന്തമായി ഒരു 'പാര്‍ട്ടി'യ്ക്ക് തുടക്കം കുറിച്ചു. ഭാവിയില്‍ ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റി അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അണ്ണാമലൈയുടെ പദ്ധതി. 'അണ്ണാമലൈ മക്കള്‍ ഇയക്കം' (എഎംഐ) എന്നാണ് പ്രസ്ഥാനത്തിന്റെ പേര്. 'വ്യക്തിപൂജ രാഷ്ട്രീയ' (Cult Politics) ത്തിനുമപ്പുറം സധാരണക്കാരന്റെ രാഷ്ട്രീയം പറയാനുള്ളതാണ് തന്റെ പ്രസ്ഥാനം എന്നാണ് തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്റെ നിലപാട്.

''ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കും. അതിനായി തയ്യാറെടുക്കേണ്ടതുണ്ട്,'' അണ്ണാമലൈ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

തന്റെ പുതിയ സംഘടനയുടെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള ചില സൂചനകളും അദ്ദേഹം പങ്കുവെച്ചു. ''രാഷ്ട്രീയം ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രം സ്വത്തല്ല. സ്ഥിരമായി നേതാക്കളും എംപിമാരും എംഎല്‍എമാരും ആകുന്ന രീതി ഞങ്ങള്‍ തകര്‍ക്കും. നമുക്ക് വ്യക്തിപൂജാ രാഷ്ട്രീയത്തില്‍നിന്ന് പുറത്തുകടന്ന് സാധാരണക്കാരന്റെ രാഷ്ട്രീയം കൊണ്ടുവരേണ്ടതുണ്ട്,'' തമിഴ്നാട്ടില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അണ്ണാമലൈ പറഞ്ഞു.

എന്താണ് വ്യക്തിപൂജ രാഷ്ട്രീയം?

നിശ്ചിത രാഷ്ട്രീയ പാര്‍ട്ടിയിലോ പ്രത്യയശാസ്ത്രത്തിലോ നയങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് അല്ലെങ്കില്‍ ആ വ്യക്തിയുടെ വ്യക്തിപ്രഭാവത്തെ മുന്‍നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെയാണ് വ്യക്തിപൂജ രാഷ്ട്രീയം (Cult Politics) എന്ന് വിളിക്കുന്നത്. ഇങ്ങനെയുള്ള രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പാര്‍ട്ടിയുടെ മുഴുവന്‍ തീരുമാനങ്ങളും അധികാരങ്ങളും ഒരു വ്യക്തിയിലേക്കു മാത്രമായി ചുരുങ്ങും. ആ നേതാവ് എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ പോലും ചോദ്യം ചെയ്യപ്പെടാത്ത വിധം അദ്ദേഹം വിമര്‍ശനാതീതനായി മാറുകയും ചെയ്യുന്നു.

അണികള്‍ രാഷ്ട്രീയ ആശയങ്ങളോടല്ല, മറിച്ച് ആ വ്യക്തിയോടായിരിക്കും അന്ധമായ കൂറുപുലര്‍ത്തുക. ഇത് പലപ്പോഴും ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് തടസ്സമാകാനും അധികാരം ഒരു കുടുംബത്തിലേക്കോ അല്ലെങ്കില്‍ സ്ഥിരമായി കുറച്ചു നേതാക്കളിലേക്കോ മാത്രം കേന്ദ്രീകരിക്കപ്പെടാനും കാരണമാകുന്നു. വിമര്‍ശകരെ രാജ്യവിരുദ്ധരായോ ശത്രുപക്ഷക്കാരായോ ചിത്രീകരിക്കുന്ന സമീപനവും കള്‍ട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായേക്കാം. ചുരുക്കത്തില്‍, സാധാരണക്കാരായ ആളുകളുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് പകരം ഒരു വ്യക്തിയുടെ ഇമേജിന് മാത്രം മുന്‍ഗണന നല്‍കുന്ന രീതിയാണിത്.

ഇന്ത്യയില്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ പാര്‍ട്ടികളുടെയും നേതാക്കളുടെയും ചുറ്റുപാടില്‍ ഇത്തരത്തിലുള്ള വ്യക്തിപൂജാ രാഷ്ട്രീയം വളര്‍ന്നിട്ടുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് നേതാവിനോടുള്ള ജനങ്ങളുടെ സ്വാഭാവിക വിശ്വാസത്തിന്റെയും ജനപിന്തുണയുടെയും പ്രകടനമാണെന്നാണ് അനുയായികള്‍ വാദിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, അതിനുശേഷം 'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്ന മുദ്രാവാക്യത്തിലേക്ക് നയിച്ച ഇന്ദിര ഗാന്ധിയുടെ ഭരണം എന്നിവ വ്യക്തിപൂജ രാഷ്ട്രീയത്തിന്റെ ആദ്യകാല ഉദാഹരണങ്ങളാണ്. സമകാലിക രാഷ്ട്രീയത്തില്‍, നയങ്ങളേക്കാളും പാര്‍ട്ടിയേക്കാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇമേജിനെ മുന്‍നിര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകളെ നേരിടുന്നതും ജനപിന്തുണ നേടുന്നതും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വ്യക്തിപൂജ അതിന്റെ പരകോടിയിലെത്തിയത്. തമിഴ്നാട്ടില്‍ എംജിആര്‍, ജയലളിത, കരുണാനിധി, ഇപ്പോള്‍ വിജയ് എന്നിവരെയും ആന്ധ്രാപ്രദേശില്‍ എന്‍ടി രാമറാവുവിനെയും ജനങ്ങള്‍ വെറുമൊരു രാഷ്ട്രീയ നേതാവെന്നതിനപ്പുറം ദൈവതുല്യമായിട്ടാണ് ആരാധിക്കുന്നത്. ഇപ്പോഴും തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ രീതി ശക്തമാണ്. വ്യക്തിപൂജ രാഷ്ട്രീയത്തിന്റെ സ്വാഭാവികമായ ഒരു പരിണാമമാണ് കുടുംബാധിപത്യം. ഒരു ജനപ്രിയ നേതാവിനോടുള്ള അന്ധമായ ആരാധന പിന്നീട് അവരുടെ കുടുംബത്തോടുള്ള കൂറായി മാറുന്നു. കോണ്‍ഗ്രസ് (ഗാന്ധി കുടുംബം), ഡിഎംകെ (കരുണാനിധി കുടുംബം), ആര്‍ജെഡി (ലാലു പ്രസാദ് യാദവ് കുടുംബം), എസ്പി (മുലായം സിങ് യാദവ് കുടുംബം) തുടങ്ങിയ പാര്‍ട്ടികള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ബിജെപിക്കൊപ്പമുള്ള തുടക്കവും മടക്കവും

കര്‍ണാടകയില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന അണ്ണാമലൈ 2019-ലാണ് ജോലി രാജിവെച്ച് 'വി ദ ലീഡേഴ്‌സ് ഫൗണ്ടേഷന്‍' (We The Leaders Foundation) എന്ന സംഘടന ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ പ്രസ്ഥാനത്തിലെ ഭൂരിഭാഗം സന്നദ്ധപ്രവര്‍ത്തകരും ഈ സംഘടനയില്‍നിന്നുള്ളവരായിരിക്കാനാണ് സാധ്യത.

2020-ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സംസ്ഥാന അധ്യക്ഷനായി നിയമിതനായി. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ തീവ്രമായ പ്രചാരണങ്ങളും പദയാത്രയും തമിഴ്നാട്ടില്‍ ബിജെപിയുടെ സാന്നിധ്യം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. തമിഴ്നാട്ടില്‍ അടിത്തറയുണ്ടാക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം അത് നിര്‍ണ്ണായകമായ ഒരു കാലഘട്ടമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം അണ്ണാമലൈയുമായി ഭിന്നതയ്ക്ക് കാരണമായി. ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിലായിരുന്നു അണ്ണാമലൈ.

ഈ ആഴ്ച ആദ്യം ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍ എന്നിവരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് അണ്ണാമലൈയുടെ രാജി പ്രഖ്യാപനം ഉണ്ടായത്. തമിഴ്നാട്ടിലെ രാഷ്ട്രീയ തന്ത്രങ്ങളെച്ചൊല്ലി പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് അണ്ണാമലൈ തന്റെ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചത്.

ഭാവി പദ്ധതികള്‍ വ്യക്തമാക്കി അണ്ണാമലൈ

തന്റെ വീഡിയോ സന്ദേശത്തില്‍ പാര്‍ട്ടിയോടുള്ള അതൃപ്തി തുറന്നുപറയാന്‍ അണ്ണാമലൈ മടിച്ചില്ല. ''തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിലും മറ്റു തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ജെപി നദ്ദയോട് സംസാരിച്ചിരുന്നു,'' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപിയിലായിരുന്നിട്ടും തന്റെ 'തമിഴ് സ്വത്വം' പണയപ്പെടുത്തിയിട്ടില്ലെന്നും അണ്ണാമലൈ അടിവരയിട്ടു പറഞ്ഞു.

ബിജെപി വിടാനുള്ള തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്നാണ് അണ്ണാമലൈ പറയുന്നത്. '2025 ഡിസംബര്‍ നാലിന് തന്നെ ഞാന്‍ പാര്‍ട്ടി വിടുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ തുടര്‍ന്നത്,'' അദ്ദേഹം പറഞ്ഞു. തന്റെ പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടത്തെക്കുറിച്ചും അണ്ണാമലൈ വിശദമായി സംസാരിച്ചു.

അണ്ണാമലൈയുടെ ഈ നീക്കത്തിന്റെ സമയം വളരെ നിര്‍ണായകമാണ്. നടന്‍ വിജയ്ന്റെ ടിവികെ പാര്‍ട്ടിയുടെ ഉദയം തമിഴ്നാട്ടില്‍ ദ്രാവിഡ കക്ഷികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും അപ്പുറം ഒരു രാഷ്ട്രീയ ഇടമുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ടിവികെയുടെ ഈ വളര്‍ച്ചയായിരിക്കാം അണ്ണാമലൈയെ സ്വന്തമായി ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.

English Summary: Former Tamil Nadu BJP president K. Annamalai has officially resigned from the BJP and launched a new political movement called Annamalai Makkal Iyakkam (AMI), with plans to contest the next Tamil Nadu Assembly elections. Announcing the initiative through a video message, Annamalai said politics should not remain the preserve of a few families or leaders and called for an alternative to “cult politics”.