Analysis

കാലാവസ്ഥാ വ്യതിയാനവും രാജ്യങ്ങളുടെ അതിര്‍ത്തി രാഷ്ട്രീയവും; ദക്ഷിണേഷ്യ നേരിടുന്ന 'ഹിമാലയന്‍' ഭീഷണി

ഒരു പ്രളയസാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ അത്യാവശ്യമായ ടിബറ്റന്‍ പീഠഭൂമിയിലെ ഹിമാനികളെയും നദികളെയും കുറിച്ചുള്ള വിവരങ്ങള്‍ തന്ത്രപ്രധാനമായ രഹസ്യങ്ങളായാണ് ചൈന കണക്കാക്കുന്നത്.

Madism Desk

ഓഗസ്റ്റ് 26-ന് നിമിഷനേരം കൊണ്ടാണ് നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന പ്രധാന അതിര്‍ത്തി മേഖലകളായ റസൂവാഗഢിയും ഗൈറോങും ഹിമപാതത്തിലും പ്രളയത്തിലും തകര്‍ന്നടിഞ്ഞത്. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ഗ്രാമങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയി. തീര്‍ഥാടകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ദുരന്തം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ എത്രപേര്‍ മരിച്ചുവെന്ന പൂര്‍ണ കണക്ക് വ്യക്തമാകാന്‍ ദിവസങ്ങളെടുക്കും. മാത്രമല്ല, ടിബറ്റിലെ വിവര കൈമാറ്റത്തില്‍ ചൈന പുലര്‍ത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ കാരണം, യഥാര്‍ത്ഥ നാശനഷ്ടങ്ങള്‍ എത്രത്തോളമുണ്ടെന്ന് പുറംലോകം ഒരിക്കലും അറിയാതിരിക്കാനും സാധ്യതയുണ്ട്.

സ്വതന്ത്ര നയതന്ത്രവും പുതിയ ഭരണകൂടവും

അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ നേതൃത്വത്തിലുള്ള പുതിയ നേപ്പാള്‍ സര്‍ക്കാരിന് മുന്നിലെ വലിയൊരു പരീക്ഷണമാണ് ഈ ദുരന്തം. ഇതിനകം തന്നെ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നേപ്പാളിന്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം രാജ്യം പുനര്‍നിര്‍മിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യ, ചൈന, അമേരിക്ക എന്നീ വന്‍ശക്തികളുമായി തുല്യമായ അകലം പാലിച്ചും സ്വതന്ത്രമായ നയതന്ത്ര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍, 1950-51 കാലഘട്ടത്തില്‍ ചൈന ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്നു എന്നത് പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കുന്നതില്‍ നേപ്പാളിന് വലിയ തടസ്സമാകുന്നുണ്ട്.

സൈനികവല്‍ക്കരിക്കപ്പെട്ട അതിര്‍ത്തി

ചൈനയുമായി നല്ല നയതന്ത്രബന്ധം പുലര്‍ത്തുകയും ഏക ചൈന നയം പിന്തുടരുകയും ചെയ്യുന്ന രാജ്യമാണ് നേപ്പാള്‍. എന്നാല്‍ ടിബറ്റ് മേഖലയെ ഒരു സൈനിക അതിര്‍ത്തിയായാണ് ചൈന കാണുന്നത്. അതുകൊണ്ട് തന്നെ ടിബറ്റില്‍ ചൈന നടത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. പെര്‍മിറ്റുകളും ക്ലിയറന്‍സുകളും വഴി മാത്രമാണ് അതിര്‍ത്തിവഴി പ്രവേശനം സാധ്യമാകുക. സായുധ പൊലീസിന്റെയും സൈന്യത്തിന്റെയും കര്‍ശന നിരീക്ഷണത്തിലാണ് ഈ പ്രദേശം. വിദേശ മാധ്യമപ്രവര്‍ത്തകര്‍, സ്വതന്ത്ര ഗവേഷകര്‍, നയതന്ത്രജ്ഞര്‍ എന്നിവരെ പോലും ഇവിടേക്ക് പ്രവേശിപ്പിക്കാറില്ല. യഥാര്‍തത്തില്‍ വിവരലഭ്യത പൂര്‍ണ്ണമായും തടയപ്പെട്ട ഒരു 'ഇരുണ്ട ലോകമായി' ടിബറ്റിനെ മാറ്റി എന്നു പറയാം.

നേപ്പാളില്‍ പതിനായിരത്തിലധികം ടിബറ്റന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടിബറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴിയാണ് നേപ്പാള്‍ എന്നിരിക്കെ ഈ മേഖല എപ്പോഴും ചൈനയുടെ സുരക്ഷാ ആശങ്കകളില്‍ ഉള്‍പ്പെടാറുണ്ട്. ഈ ഭീതി കാരണം അഭയാര്‍ഥികളെ തടയാനും അതിര്‍ത്തി സുരക്ഷ കര്‍ശനമാക്കാനും ചൈന നേപ്പാളിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്താറുണ്ട്.

വിവര കൈമാറ്റത്തിലെ വീഴ്ചയും പ്രകൃതിദുരന്തങ്ങളും

ഒരു പ്രളയസാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ അത്യാവശ്യമായ ടിബറ്റന്‍ പീഠഭൂമിയിലെ ഹിമാനികളെയും നദികളെയും കുറിച്ചുള്ള വിവരങ്ങള്‍ തന്ത്രപ്രധാനമായ രഹസ്യങ്ങളായാണ് ചൈന കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ടിബറ്റന്‍ ഭാഗത്തെ ഹിമതടാകങ്ങളിലും നദികളിലും സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ നേപ്പാളിന് സംവിധാനമില്ല. വിവരങ്ങള്‍ നല്‍കാന്‍ ചൈന വിസമ്മതിക്കാറുണ്ടെന്ന് നേപ്പാള്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും ആരോപിച്ചിട്ടുമുണ്ട്. അപകടസാധ്യതയുള്ള 'സിറെന്‍മാകോ' തടാകം മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് നിരീക്ഷിക്കുന്നത്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ഹിമപാതങ്ങളെ തടയാന്‍ ഈ സംവിധാനത്തിന് ശേഷിയില്ല.

ലങ്താങ് ലിരുങ് കൊടുമുടിക്ക് സമീപം നേപ്പാള്‍ ഭാഗത്താണ് അടുത്തിടെയുണ്ടായ ഹിമപാതം സംഭവിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ദുരന്ത മുന്നറിയിപ്പ് ലഭിച്ചില്ല. തങ്ങള്‍ക്ക് ഇതേക്കുറിച്ച് 'ഒരു സൂചനയും ഇല്ലായിരുന്നു' എന്നാണ് നേപ്പാളിലെ രസൂവ ജില്ലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പ്രളയജലത്തിന്റെ വേഗത കാരണം മുന്നറിയിപ്പ് നല്‍കാന്‍ സമയം ലഭിക്കാതിരുന്നതും നിരീക്ഷണ കേന്ദ്രങ്ങങ്ങള്‍ ഒലിച്ചുപോയതും കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മറ്റൊന്ന് ഈ അതിര്‍ത്തി മേഖലയില്‍ തത്സമയം മുന്നറിയിപ്പുകള്‍ കൈമാറാന്‍ ഒരു സ്ഥിരം സംവിധാനമില്ല. മുന്നറിയിപ്പ് നല്‍കാന്‍ സഹായിക്കുന്ന ഭൂരിഭാഗം വിവരങ്ങളും ചൈന സ്വന്തം സുരക്ഷയ്ക്ക് മാത്രം മുന്‍ഗണന നല്‍കി സൂക്ഷിച്ചിരിക്കുകയാണ്.

2016-ല്‍ ടിബറ്റിലെ ഹിമതടാകം തകര്‍ന്ന് നേപ്പാളിലെ ഭോട്ടെ കോശി നദിയില്‍ പ്രളയമുണ്ടായപ്പോഴും യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. തങ്ങളുടെ അതിര്‍ത്തിയിലുള്ള ഹിമതടാകങ്ങളെക്കുറിച്ചുള്ള 'അത്യാവശ്യ' വിവരങ്ങള്‍ പങ്കുവെക്കാന്‍ ചൈന വര്‍ഷങ്ങളായി തയ്യാറായിട്ടില്ലെന്ന് നേപ്പാളിലെ ജലശാസ്ത്ര ഉദ്യോഗസ്ഥര്‍ പിന്നീട് ആരോപിച്ചിരുന്നു. അതേസമയം, ദുരന്ത വ്യാപ്തി കൂട്ടുന്നതില്‍ നേപ്പാളിന്റെ സ്വന്തം വീഴ്ചകളും പങ്കുവഹിക്കുന്നുണ്ട്. വികസനത്തിന്റെ പേരിലുള്ള അശാസ്ത്രീയ റോഡ്-അണക്കെട്ട് നിര്‍മാണങ്ങളും അഴിമതിയും സ്വന്തമായി കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതും ഓരോ ദുരന്തത്തിലും നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

പ്രാദേശിക സഹകരണം കാലഘട്ടത്തിന്റെ ആവശ്യം

ഇന്ത്യയുടെ ഹിമാലയന്‍ അതിര്‍ത്തികള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ദുരന്ത നിവാരണത്തേക്കാള്‍ സുരക്ഷാ മേഖലകളായാണ് കണക്കാക്കപ്പെടുന്നത്. 2025-ല്‍ കാശ്മീരിലെ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഡാറ്റ പങ്കുവെക്കുന്നത് തടയുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം കാലവര്‍ഷക്കെടുതി ഉണ്ടായപ്പോള്‍, ഡാറ്റ ലഭിക്കാത്തത് സ്ഥിതി വഷളാക്കിയെന്ന് പാക്കിസ്താന്‍ ആരോപിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാലയന്‍ മേഖല വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാം. ഇതിന് പരിഹാരം കാണണമെങ്കില്‍ അതിര്‍ത്തികള്‍ തര്‍ക്കമേഖലയായി കാണാതെ, പങ്കുവെക്കപ്പെട്ട ഒരു പരിസ്ഥിതി മേഖലയായി കണ്ട് സംരക്ഷിക്കണം. അതിര്‍ത്തി കടന്നുള്ള വിവരശേഖരണവും മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നത് ഭൂകമ്പങ്ങള്‍, ഉരുള്‍പൊട്ടലുകള്‍, പ്രളയങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണസംഖ്യ കുറയ്ക്കാന്‍ സഹായിക്കും.

അയല്‍രാജ്യങ്ങളുടെ സുരക്ഷാ ഉത്കണ്ഠകള്‍ക്ക് സ്വന്തം ജനങ്ങളുടെ ജീവന്‍ പണയം വെക്കാതിരിക്കുക എന്നതിലായിരിക്കും നേപ്പാളിന്റെ യഥാര്‍ത്ഥ നയതന്ത്ര വിജയം. വെള്ളപ്പൊക്കവും ഭൂകമ്പങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും വീണ്ടും വീണ്ടും സംഭവിക്കും. അതിര്‍ത്തി സുരക്ഷയേക്കാള്‍ ജനങ്ങളുടെ ജീവന് മുന്‍ഗണന നല്‍കാനും പരസ്പരം സഹകരിക്കാനും ഈ മേഖലയിലെ രാജ്യങ്ങള്‍ക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.

The recent floods and landslides along the Nepal-China border highlight how climate change and geopolitical tensions are increasing disaster risks across the Himalayas. The lack of real-time information sharing from Tibet, strict border controls and limited access to the region can prevent Nepal from receiving timely warnings about glacial floods and landslides. Nepal also faces internal challenges, including unsafe infrastructure development and weak disaster-warning systems. As extreme weather events become more frequent, South Asian countries need stronger cross-border data sharing, early-warning mechanisms and regional cooperation, with human lives taking priority over border-security concerns.