Art and Literature

മാതംഗലീല: ജാതിരാഷ്ട്രീയത്തിൻ്റെ പകർന്നാട്ടങ്ങൾ

''ജാതിരാഷ്ട്രീയവും ശരീരരാഷ്ട്രീയവുമായുള്ള അഭേദ്യബന്ധം വെളിപ്പെടുത്തുന്ന 'മാതംഗലീല' ജാതിയെന്നത് അദൃശ്യമായ ആശയമോ വിശ്വാസമോ മാത്രമല്ലെന്നും അതു ശരീരത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണെന്നും സ്ഥാപിക്കുന്നു,'' ലക്ഷ്മി പ്രിയ എസ് എസ് എഴുതുന്നു

Lakshmi Priya S S

നവോത്ഥാനമൂല്യങ്ങൾ സമൂഹത്തിലുടനീളം വ്യാപകമായി എന്നവകാശപ്പെടുമ്പോഴുo ജാതിരാഷ്ട്രീയം പ്രകടവും ശക്തവുമായി നിലനിൽക്കുന്നുണ്ട്. സാമൂഹികപദവി, അധികാരം, അവസരങ്ങൾ എന്നിവയെയെല്ലാം ജാതിരാഷ്ട്രീയം കൃത്യമായി സ്വാധീനിക്കുന്നുമുണ്ട്. ഫ്യൂഡലിസം തകർക്കപ്പെട്ടുവെന്ന് അഹങ്കരിക്കുമ്പോഴും മുഴച്ചുനിൽക്കുന്ന ജാതിരാഷ്ട്രീയം സമൂഹത്തിലും മനുഷ്യജീവിതത്തിലും വരുത്തുന്ന ചലനങ്ങൾ സാഹിത്യകൃmതികളുടെ മുഖ്യ പ്രമേയമായി കടന്നുവരാറുണ്ട് . കാൾ മാർക്സും ഫ്രഡറിക് ഏംഗൽസും വർഗരഹിത സമൂഹം (classless society) വിഭാവനം ചെയ്തിരുന്നുവെങ്കിലും ജാതിസമവാക്യങ്ങളും സാമൂഹിക അസമത്വങ്ങളും ശക്തമായി നിലനിൽക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

ബാലകൃഷ്ണൻ എന്ന മനുഷ്യൻ്റെ ആനയിലേക്കുള്ള പരിണാമം പ്രതിപാദ്യവിഷയമായ 'മാതംഗലീല' എന്ന നോവൽ സമൂഹത്തിൽ നിലനിൽക്കുന്ന തുല്യതയില്ലായ്മയിലേക്കുള്ള ആഴത്തിലുള്ള അന്വേഷണമാണ്. പാലക്കാടൻ ഭൂമിക കേന്ദ്രമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഫാൻ്റസി ത്രില്ലറിൻ്റെ ഉള്ളിലായി ശക്തമായ രാഷ്ട്രീയവിമർശനം ഉൾചേർത്തിരിക്കുന്നു. ഒരു മെറ്റാമോഡേണിസ്റ്റ് നോവലിൻ്റെ സവിശേഷതകൾ കൃത്യമായി ഉൾക്കൊള്ളുമ്പോഴും തീക്ഷ്ണമായ നിരവധി വിഷയങ്ങൾ പ്രമേയമായി വരുമ്പോഴും ജാതിരാഷ്ട്രീയം നോവലിൻ്റെ പ്രധാന പ്രമേയമായി മുന്നിട്ടുനിൽക്കുന്നുണ്ട്.

സോഷ്യൽ റിയലിസവും പൊളിറ്റിക്കൽ അലിഗറിയുടേതായ പ്രത്യേകതകളും ചേർത്ത് സാമൂഹിക വിമർശനപരമായാണ് നോവലിസ്റ്റ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്.

ജാതിരാഷ്ട്രീയവും ശരീരരാഷ്ട്രീയവുമായുള്ള അഭേദ്യബന്ധം വെളിപ്പെടുത്തുന്ന ഈ നോവൽ ജാതിയെന്നത് അദൃശ്യമായ ആശയമോ വിശ്വാസമോ മാത്രമല്ലെന്നും അതു ശരീരത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണെന്നും സ്ഥാപിക്കുന്നു. ജാതിയുടെയും ശരീരത്തിൻ്റെയും മേൽ അധികാരവ്യവസ്ഥിതി എങ്ങനെ പ്രവർത്തിക്കുന്നുവെന്നതു കഥാപാത്രങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും തുറന്നുകാണിക്കുന്നു.

സന്തോഷ് ഏച്ചിക്കാനം

കീഴ്‌ജാതിക്കാരായി മുദ്രകുത്തപ്പെട്ടവരുടെ ശരീരത്തിൽ ദാരിദ്ര്യം, തൊഴിലിൻ്റെ കാഠിന്യം, അവർ അനുഭവിക്കുന്ന അയിത്തം എന്നിവ ശാരീരിക മാറ്റങ്ങളായി പ്രകടമാകാം. ഒരു വ്യക്തിയുടെ ജാതി അവരുടെ ജനനം മുതൽ മരണം വരെ ശരീരത്തോട് ചേർത്തുവെക്കപ്പെടുന്ന ഒന്നാണെന്നും അതിൽ നിന്നും അവർക്ക് ഒളിച്ചോടാൻ കഴിയില്ലെന്നുമുള്ള യാഥാർത്ഥ്യം നോവൽ വെളിപ്പെടുത്തുന്നു.

ഫ്യൂഡലിസത്തിൻ്റെയും കമ്യൂണിസത്തിൻ്റെയും അപചയം നോവലിസ്റ്റ് കൃത്യമായി അവതരിപ്പിക്കുന്നു. മണ്ണൂർ ശങ്കുണ്ണിയെപ്പോലുള്ളവർ പൂർണമായും ജാതിമാറ്റം സാധ്യമാകുമെന്നു വിശ്വസിക്കുകയും അതിനുവേണ്ടി സ്വന്തം ജീവിതം പോലും നഷ്ടപ്പെടുത്തുകയും ചെയ്തവരാണ്. എന്നാൽ മറ്റു പല വിപ്ലവചിന്താഗതികളെയും പോലെ ഇതും ക്രമേണ അപചയത്തിനു വിധേയമായി
ലക്ഷ്മി പ്രിയ എസ് എസ്

ജാതിനിർമ്മാർജനത്തിനായാണ് തെച്ചോരൻ ചിത്തിര സെൽവിയുടെ ശരീരത്തെ പാർവതിയെന്ന നമ്പൂതിരി സ്ത്രീയുടെ ശരീരത്തിലേക്ക് ഒടിവിദ്യയിലൂടെ പരകായ പ്രവേശം ചെയ്യിക്കുന്നത്. എന്നാലത് ജാതിയുടെ പുനരുജ്ജീവനത്തിലേക്കും തെച്ചോരൻ്റെ മരണത്തിലേക്കുമാണു നയിക്കുന്നത്. കമ്മ്യൂണിസ്റ്റ് സർക്കാർ ജാതി ഉന്മൂലത്തിനായി ശ്രമിച്ചെങ്കിലും ജാതിയെ ഒരു വർഗീയവിഷയം മാത്രമായി കണക്കാക്കുകയും അതിൻ്റെ ആഴത്തിലുള്ള മാനസികവും സാമൂഹികവുമായ പ്രാധാന്യത്തെ അവഗണിക്കുകയും ചെയ്തു. പലപ്പോഴും ഉന്നത വർഗാധിപത്യത്തെ (upper caste hegemony) നിശ്ശബ്ദമാക്കാൻ കഴിഞ്ഞുവെങ്കിലും ഇത് രാഷ്ട്രീയമായ പദാവലിയിൽ അധികാരത്തിനും പദവിയ്ക്കുമായി പുതിയ പല നയസ്വീകരണങ്ങൾക്കും വഴിതെളിച്ചു. ഭൗതികമായ ശക്തികൊണ്ടുമാത്രമല്ല സാംസ്കാരികവും ആശയപരവുമായ സ്വാധീനം ഉപയോഗിച്ചും തങ്ങളുടെ മൂല്യങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ഇവർക്കു കഴിഞ്ഞു. ജാതിസ്വത്വത്തെ (Caste identity) രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലൂടെ (Political identity) മാറ്റാൻ ശ്രമിച്ചപ്പോൾ അതൊരു വിഭാഗം ജനങ്ങളെ കടുത്ത നിരാശയിലേക്കെത്തിക്കുകയും ഒരു സാമൂഹിക സംവിധാനത്തിൻ്റെ തന്നെ പരാജയത്തിലേക്കു നയിക്കുകയും ചെയ്തു.

തെച്ചോരൻ ഒടിവിദ്യയിലൂടെ പരകായ പ്രവേശം ചെയ്യുന്നുണ്ടെങ്കിൽ പോലും അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ഉളളിലുള്ള പേടികളെ, അവരുടെ ചരിത്രപരമായ ഓർമയെ മാറ്റാൻ കഴിയുന്നില്ല. തെച്ചോരൻ്റെ പരീക്ഷണം നിരാശാജനകമാംവണ്ണം പരാജയപ്പെടുകയും ചിത്തിര ശെൽവി സ്വത്വനഷ്ടത്തിലൂടെ കടന്നു പോകുകയും ചെയ്യുന്നു. ഫ്യൂഡലിസത്തിൻ്റെയും കമ്യൂണിസത്തിൻ്റെയും അപചയം നോവലിസ്റ്റ് കൃത്യമായി അവതരിപ്പിക്കുന്നു. മണ്ണൂർ ശങ്കുണ്ണിയെപ്പോലുള്ളവർ പൂർണമായും ജാതിമാറ്റം സാധ്യമാകുമെന്നു വിശ്വസിക്കുകയും അതിനുവേണ്ടി സ്വന്തം ജീവിതം പോലും നഷ്ടപ്പെടുത്തുകയും ചെയ്തവരാണ്. എന്നാൽ മറ്റു പല വിപ്ലവചിന്താഗതികളെയും പോലെ ഇതും ക്രമേണ അപചയത്തിനു വിധേയമായി.

മാതംഗലീല നോവൽ കവർ

ജൂഡിത്ത് ബട്ട്ലറുടെ ലിംഗസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീശരീരം സമൂഹം നിർമിച്ച അധികാര ബന്ധങ്ങളുടെയും നിയന്ത്രണങ്ങളുടെയും കേന്ദ്രമാണ്. സ്ത്രീകൾ ജാതിയുടെയും പിതൃ ആധിപത്യത്തിന്റെയും ഇരട്ട അടിച്ചമർത്തലിനു വിധേയരാകുന്നു. ആര്യാ അന്തർജ്ജനമെന്ന കഥാപാത്രം ജാതിരാഷ്ട്രീയത്തിൻ്റെ സങ്കീർണാവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഉയർന്നതെന്നു കണക്കാക്കപ്പെടുന്ന ജാതിയിലായിരുന്നിട്ടുകൂടി പുരുഷാധിപത്യത്തിൻ്റെയു൦ ജാതിനിയന്ത്രണങ്ങളുടെയും ഇരയാണവൾ. ജാതിവ്യവസ്ഥ പിന്നാക്കാവസ്ഥയിലുള്ള മനുഷ്യരെ അടിച്ചമർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതുപോലെ ജാതിഭേദമെന്യേ സ്ത്രീകളെ നിയന്ത്രിക്കുന്നു.

നരവംശശാസ്ത്ര സമീപനത്തിലൂടെ (Anthropological approach ) കഥാപാത്രങ്ങളെ സാമൂഹികഘടനയുടെ ഉൽപ്പന്നങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യൻ്റെ പോരാട്ടത്തിൻ്റെയും നിലനിൽപ്പിൻ്റെയും ദൈന്യാവസ്ഥകൾ, ജാതീയതയുടെ രൗദ്രത, ചെറുത്തുനിൽപ്പിനുള്ള ശ്രമങ്ങൾ... ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒടിവിദ്യയിലൂടെ ആനയായി മാറേണ്ടി വന്ന ബാലകൃഷ്ണൻ്റെ പ്രതികാര കഥയാണ് ഉപരിതലത്തിലുള്ളതെങ്കിലും തെച്ചോരൻ എന്ന കരുത്തുള്ള കഥാപാത്രമാണു നോവലിനെ നിയന്ത്രിക്കുന്നത്. തെച്ചോരൻ ജാതി ഉന്മൂലനത്തിനായി ശ്രമിക്കുന്നുവെങ്കിലും അത് നടപ്പിലാക്കാൻ കഴിയുന്നില്ല. നവോത്ഥാന കാലഘട്ടത്തിൽ പോലും മനുഷ്യനിലെ ജാതീയതയ്ക്ക്, ഭ്രഷ്ടിന് ഒന്നും തന്നെ കാര്യമായി മാറ്റം വന്നിട്ടില്ലെന്നതു നിരവധി കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നു. മാർക്സിസ്റ്റ് ലിറ്റററി തിയറിയനുസരിച്ച് ഭൂപരിഷ്‌കരണവും സാമൂഹ്യമാറ്റങ്ങളും ഒടിവിദ്യ പോലെയാണെന്നും സമൂഹത്തിൽ സമ്പൂർണ മാറ്റം സാധ്യമല്ലെന്നും മനസ്സിലാക്കാവുന്നതാണ്. അംബേദ്കറുടെ' Annihilation of Caste ' എന്ന പുസ്‌തകത്തിൽ പരാമർശിക്കുന്ന പൂർണമായു ജാതി ഉന്മൂലനം അസാധ്യമായിത്തീരുന്നു.

കാൾ യുങ്ങിൻ്റെ മിത്തോളജിക്കൽ ക്രിട്ടിസിസമനുസരിച്ച് ഒടിയനെന്നത് ഒരു മനുഷ്യൻ്റെ ഉള്ളിലുള്ള ആഗ്രഹങ്ങളുടെ, ആക്രമണോത്സുകതയുടെ, അനിശ്ചിതാവസ്ഥകളുടെയൊക്കെ പ്രകടനമാണ്. സൈക്കോ അനലിറ്റിക്കൽ ക്രിട്ടിസിസവും ഇതു തന്നെയാണ് പ്രതിപാദിക്കുന്നത്. സാമ്പ്രദായിക വിശ്വാസങ്ങളുടെ, ശക്തിഘടനകളുടെ പ്രത്യേകതകളെല്ലാം ഈ നോവലിൽ ഉൾച്ചേർന്നിട്ടുണ്ട്. പോസ്റ്റ് കൊളോണിയൽ പഠനങ്ങളിലുള്ള അപരവത്കരണം (Othering )എത്രമാത്രം ശക്തമാണെന്ന് ഈ നോവൽ വ്യക്തമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട (subaltern) മനുഷ്യരെയും അവരുടെ ജീവിത യാഥാർത്ഥ്യങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന, സാമ്പ്രദായിക രീതികളെ തിരുത്തിയെഴുതുന്ന ഈ നോവൽ ഒടിവിദ്യയെ ഒരു മിത്തായിട്ടല്ല, മറിച്ച് നിലനിൽപ്പിനുവേണ്ടിയുള്ള ഉപകരണവും രാഷ്ട്രീയ പ്രതിരോധവുമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

സാമൂഹ്യ -സാമ്പത്തിക പുരോഗതിക്കായി ഇടതുപക്ഷം നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമത്തെ അപനിർമിക്കുകയാണ് 'മാതംഗലീല' ചെയ്യുന്നത്. ഭൂപരിഷ്കരണത്തെത്തുടർന്നു വന്ന സാമ്പത്തിക നയങ്ങൾ മാറിയെങ്കിലും ജാതിയുമായി ബന്ധപ്പെട്ട അധികാര സമവാക്യങ്ങൾ (power dynamics )മാറിയിട്ടില്ല. ആനയെ കാലിൽ ചങ്ങലയിട്ട് തളയ്ക്കുന്നപോലെ അദൃശ്യവും നിശ്ശബ്ദവുമായ രീതികളിലൂടെ എങ്ങനെയാണ് തൊഴിലാളിവർഗത്തെ അടിച്ചമർത്തുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു
ലക്ഷ്മി പ്രിയ എസ് എസ്

ഒടിവിദ്യ ഒരു പരിചയയായും തെച്ചോരൻ പ്രതിരോധത്തിൻ്റെ ഒരു കേന്ദ്രമായും വർത്തിക്കുന്നു. ജാതി ഉന്മൂലനം അസാധ്യമാണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തുന്നതോടൊപ്പം അടിയാള ശരീരത്തെ ചൂഷണത്തിനുള്ള വെറുമൊരു ഉപകരണം മാത്രമായാണ് മേലാളർ കണക്കാക്കിയിരുന്നതെന്നും ശരീരം മാറ്റിയാലും ആത്മാവിനുള്ളിൽ പോലും ജാതീയമായ അടിച്ചമർത്തൽ സാധ്യമാണെന്നും ചിത്തിര ശെൽവിയിലൂടെ രേഖപ്പെടുത്തുന്നു. അധികാര സമവാക്യങ്ങളെ (power dynamics)തുടർന്നുണ്ടായ സാംസ്‌കാരിക ഉത്കണ്ഠയിലൂടെ ചിത്തിര ശെൽവി കടന്നുപോകുന്നുണ്ട് . അതുകൊണ്ടാണ് പാർവതിക്ക് അവളുടെ ആത്മാവിനെ അടിച്ചമർത്താൻ വളരെ വേഗം കഴിയുന്നത്.

സന്തോഷ് ഏച്ചിക്കാനം

മാർട്ടിനിക്കൻ ചിന്തകനും മനശ്ശാസ്ത്രജ്ഞനുമായ ഫ്രാൻസ് ഫാനൺ മുന്നോട്ടുവച്ച ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാനോണിയൻ സൈക്കോളജിക്കൽ ട്രാപ്പ്. നിയമങ്ങളുടേയോ സാമൂഹിക വ്യവസ്ഥകളുടെയോ പിന്തുണയോടെ ഒരു കൂട്ടം ആളുകളെ അധികാരത്തിൽനിന്നും വിഭവങ്ങളിൽനിന്നും മാറ്റിനിർത്തി വ്യവസ്ഥാപിതമായി അടിച്ചവർത്തി രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നത് (systemic oppression) അവരുടെ സ്വാഭാവികമായ മാനസികാവസ്ഥയെ തകർക്കുകയും വളരെ ആഴത്തിലുള്ള സംഘർഷഭരിതമായ മാനസികാവസ്ഥയിലേക്കു നയിക്കുകയും ചെയ്യുമെന്നാണ് ഫാനൻ അഭിപ്രായപ്പെടുന്നത്. ചിത്തിര ശെൽവിയുടെ മനസ് പാർവതിയുടെ ശരീരത്തിലേക്കു പ്രവേശിപ്പിച്ചപ്പോൾ ഇത്തരത്തിലുള്ള ഒരു ഫനോണിയൻ സൈക്കോളിക്കൽ ട്രാപ്പിലേക്കാണ് അത് പ്രവേശിപ്പിക്കപ്പെട്ടത്. അടിച്ചമർത്തപ്പെടുന്നവർ തങ്ങളുടെ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ അറിയാതെ തന്നെ അടിച്ചമർത്തുന്നവരുടേതായ ആശയങ്ങളെയും തീരുമാനങ്ങളെയും ആശ്രയിക്കുകയും അതിലൂടെ വീണ്ടും അവരുടെ തന്നെ നിയന്ത്രണത്തിലാവുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി അടിച്ചമർത്തപ്പെടുന്നവർ സ്വന്തം സംസ്‌കാരത്തെയും ഭാഷയെയും അപകർഷതാബോധത്തോടെ വീക്ഷിക്കുകയും തങ്ങളുടെ യഥാർത്ഥമായ സ്വാതന്ത്ര്യമോ വ്യക്തിത്വമോ വീണ്ടെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

വിഖ്യാതമായ കാന്തപ്പുര എന്ന നോവലിൽ രാജാറാവു അവതരിപ്പിച്ച " The idea of Caste is engraved in people's minds and thus this idea has become a myth which cannot be broken" എന്ന യാഥാർത്ഥ്യമാണ് 'മാതംഗലീല'യും മുന്നോട്ടുവവെക്കുന്നത്. ജാതിയെ ആട്ടിയകറ്റിയെന്ന് അവകാശപ്പെടുമ്പോഴും നിഷ്‌കാസിതരുടെ ഉള്ളിൽ നടക്കുന്ന യുദ്ധങ്ങൾ പരിഹരിക്കാൻ കഴിഞ്ഞോ എന്ന ചോദ്യം ഈ നോവൽ ഉന്നയിക്കുന്നു
ലക്ഷ്മി പ്രിയ എസ് എസ്

സാമൂഹ്യ -സാമ്പത്തിക പുരോഗതിക്കായി ഇടതുപക്ഷം നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമത്തെ അപനിർമിക്കുകയാണ് ഈ നോവൽ ചെയ്യുന്നത്. ഭൂപരിഷ്കരണത്തെത്തുടർന്നു വന്ന സാമ്പത്തിക നയങ്ങൾ മാറിയെങ്കിലും ജാതിയുമായി ബന്ധപ്പെട്ട അധികാര സമവാക്യങ്ങൾ (power dynamics )മാറിയിട്ടില്ല. ആനയെ കാലിൽ ചങ്ങലയിട്ട് തളയ്ക്കുന്നപോലെ അദൃശ്യവും നിശ്ശബ്ദവുമായ രീതികളിലൂടെ എങ്ങനെയാണ് തൊഴിലാളിവർഗത്തെ അടിച്ചമർത്തുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. പിന്നോക്കക്കാർ നിരവധി പ്രസ്ഥാനങ്ങളിലൂടെ മുൻനിരയിലക്കു വരാൻ ശ്രമിച്ചുവെങ്കിലും വിപ്ലവകരമായ നക്സലൈറ്റ് രീതികൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെട്ടവർക്ക് അനുകൂലമായിരുന്നുവെങ്കിലുo മേലാളർ അതിനെ പലവിധത്തിൽ ആന്തരികമായി അടിച്ചമർത്തി. ബാലകൃഷ്ണൻ്റെയും തെച്ചോരൻ്റെയും ഉയിർപ്പ് വഴികൾ പലവിധത്തിൽ പരാജയപ്പെടുന്നത് ഇതിനുദാഹരണമാണ് . ജാതീയമായ തുല്യത ഇപ്പോഴും പൂർണമായും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലയെന്നും പലരൂപങ്ങളിൽ, പല രീതിയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശ്രമങ്ങൾ ഒരു പരിധിവരെയെങ്കിലും പരാജിതമായ ഉട്ടോപ്യൻ ആശയമായി മാറി എന്നും എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നു.

'മാതംഗലീല'യെ ബോഡി പൊളിറ്റിക്സ്, ട്രോമ സ്റ്റഡീസ്, കാസ്റ്റ് സ്റ്റഡീസ് എന്നിങ്ങനെ നിരവധി ചട്ടക്കൂടുകളിൽ വായിക്കുന്നത് മാനസികവും ശാരീരികവും രാഷ്ട്രീയവുമായ സങ്കീർണതകളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യാൻ സഹായിക്കും. ശരീരമെന്നതു നിരവധി രേഖപ്പെടുത്തലുകളുടെ ഇടമാണ്. ട്രോമ തിയറി അനുസരിച്ച് ആഘാതങ്ങൾ നേരിട്ട് ഭാഷയിലൂടെ പ്രകടമാകാറില്ല. അവ ശരീരത്തിലൂടെയും ഓർമ്മകളിലൂടെയും ആണ് തിരിച്ചുവരുന്നത്.

സ്വപ്നവും യാഥാർത്ഥ്യവും കോർത്തിണക്കിയുള്ള അവതരണതരീതി ഈ പുസ്തകത്തിൻ്റെ മാറ്റുകൂട്ടുന്നു. ഭൂപരിഷ്കരണത്തിലൂടെ സമൂഹഘടനയിൽ മാറ്റങ്ങൾ വന്നെങ്കിലും കീഴാളശരീരത്തോടുള്ള അവജ്ഞ മാത്രം മാറിയില്ല. 'മാതംഗ 'എന്ന പദം സൂചിപ്പിക്കുന്ന പോലെ ചരിത്രപരമായും സാമൂഹ്യപരമായും അടിച്ചമർത്തപ്പെട്ടവൻ്റെ ആത്മാവിൻ്റെ ആഴങ്ങളിൽനിന്ന് ഇപ്പോഴും നിലവിളികൾ കേൾക്കാം. വിഖ്യാതമായ കാന്തപ്പുര എന്ന നോവലിൽ രാജാറാവു അവതരിപ്പിച്ച " The idea of Caste is engraved in people's minds and thus this idea has become a myth which cannot be broken" എന്ന യാഥാർത്ഥ്യമാണ് ഈ നോവലും മുന്നോട്ടുവവെക്കുന്നത്. ജാതിയെ ആട്ടിയകറ്റിയെന്ന് അവകാശപ്പെടുമ്പോഴും നിഷ്‌കാസിതരുടെ ഉള്ളിൽ നടക്കുന്ന യുദ്ധങ്ങൾ പരിഹരിക്കാൻ കഴിഞ്ഞോ എന്ന ചോദ്യം ഈ നോവൽ ഉന്നയിക്കുന്നു. ജാതീരാഷ്ട്രീയത്തിൻ്റെ കപടമുഖം തുറന്നുകാണിക്കുന്നത് കൊണ്ടുതന്നെ ഈ കൃതി സമകാലിക രാഷ്ട്രീയ ലോകത്ത് ഏറെ പ്രാധാന്യമർഹിക്കുന്നു.

Lakshmi Priya S. S. reviews Santhosh Aechikkanam's novel Mathangaleela as a politically charged fantasy novel that examines the enduring realities of caste politics despite claims of social progress and Renaissance values. Through the story of Balakrishnan's transformation into an elephant and Thechoran's failed attempt to eradicate caste through mystical body transformation, the novel argues that caste is deeply embedded in both the body and the psyche, making its complete annihilation nearly impossible.

The review explores the novel through multiple critical frameworks, including caste studies, body politics, trauma studies, Marxist literary theory, postcolonial criticism, and Fanonian psychology. It contends that while feudalism and communist land reforms altered social structures, they failed to dismantle caste-based power relations. Ultimately, the reviewer praises Mathangaleela as a powerful contemporary political novel that exposes the persistence of caste oppression and questions whether true social equality has ever been achieved.