‘മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ തിരക്കഥാകൃത്താണ് വിപിൻ ദാസ്. 2024-ൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത 'വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്' എന്ന ചിത്രം പുതിയൊരു ഫ്രാഞ്ചൈസിക്ക് തുടക്കമിടുകയും ബോക്സ് ഓഫീസിൽ തരംഗമാവുകയും ചെയ്തു. ഇതിന് പിന്നാലെ വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' റിലീസ് ദിനം മുതൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മുന്നേറുന്നത്.
ഈ വിജയങ്ങളുടെ തുടർച്ചയായി പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രത്തിന്റെ മൂന്നാം ഭാഗമായ 'വാഴ 3: ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, ഈ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളും സജീവമാവുകയാണ്.
ആദ്യ രണ്ട് ഭാഗങ്ങളും നൽകിയ വമ്പിച്ച വിജയത്തിന് പിന്നാലെ ‘വാഴ 3’ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ലഭിച്ച സ്വീകാര്യത ചെറുതല്ല. എന്നാൽ ഈ സ്നേഹപ്രവാഹങ്ങൾക്കിടയിലും ചില കോണുകളിൽ നിന്ന് ഉയർന്നുവന്ന വെറുപ്പിന്റെ സ്വരങ്ങൾ ഭയാനകമാണ്. ആദ്യ രണ്ട് ചിത്രങ്ങളെയും വാനോളം പുകഴ്ത്തിയവർ തന്നെ ഇപ്പോൾ കടുത്ത വിമർശകരായി മാറിയിരിക്കുന്നു.
ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിന് താഴെ വിദ്വേഷം കലർന്ന കമന്റുകളും അവഹേളനപരമായ പരാർശശങ്ങളും നിറയുകയാണ്. ഈ ‘വെറുപ്പിന്’ പിന്നിലെ കാരണം വ്യക്തമാണ്: ‘വാഴ 3 – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പെൺകുട്ടികളുടെ കഥയാണ് പറയുന്നത് എന്നത് തന്നെ.സിനിമയിലെ തമാശകൾക്കും സൗഹൃദങ്ങൾക്കും ആൺ-പെൺ വ്യത്യാസമുണ്ടോ എന്ന ഗൗരവകരമായ ചോദ്യമാണ് ഈ സൈബർ ആക്രമണങ്ങൾ ഉയർത്തുന്നത്.
മാർവെൽ സിനിമ യൂണിവേഴ്‌സ് അധഃപതിച്ചത് സ്ത്രീ കഥ ഉദ്ധരിക്കാൻ തുടങ്ങിയപ്പോഴാണ്, പിന്നെ ഗതി പിടിച്ചിട്ടില്ല. നേരത്തെയുള്ള വിവാഹം, ജീവിതം, കുറെ മൂഡ് സ്വിങ്ങ്സും ആർത്തവവും, പ്രസവവും അല്ലാതെ വേറെന്താണ് പറയാനുള്ളത്, പടം പൊട്ടും എന്നിങ്ങനെ തുടങ്ങി കേട്ടാൽ അറക്കുന്ന കാര്യങ്ങളാണ് കുറച്ച് സിനിമാ ശാസ്ത്രജ്ഞരും നിസ്സാരമായ 'ഈഗോ' പ്രകടിപ്പിക്കുന്ന സാംസ്‌കാരിക കേരളത്തിലെ ആണുങ്ങളും ചേർന്ന് പുലമ്പുന്നത്.
ബ്രഹ്മയുഗം പോലൊരു വീടും സ്കൂളും അപ്പുറത്തെ കടയുമല്ലാതെ എന്ത് ജീവിതമാണ് ഈ പെണ്ണുങ്ങൾക്കൊക്കെ ഉള്ളതെന്ന പരിഹാസം ഉയർത്തുന്നവർ, യഥാർത്ഥത്തിൽ സ്വന്തം പുരുഷകേന്ദ്രീകൃതമായ ലോകബോധത്തെയാണ് പൊതുയിടത്തിൽ പ്രദർശിപ്പിക്കുന്നത്. സ്ത്രീകളുടെ ലോകത്തെ വീടിന്റെയും അടുക്കളയുടെയും നാലു ചുവരുകൾക്കുള്ളിൽ മാത്രം തളച്ചിടാൻ ശ്രമിക്കുന്നവർക്ക് അവരുടെ പോരാട്ടങ്ങളും സ്വപ്നങ്ങളും സൗഹൃദങ്ങളും ഇന്നും അന്യമാണ്. സ്ത്രീകളുടെ കഥകൾ പറയാൻ അർഹതയില്ലാത്തതാണോ അതോ അവരുടെ ജീവിതം ഇവിടുത്തെ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന് പ്രസക്തമല്ലാത്തതാണോ എന്ന ഗൗരവകരമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ഓരോ പെൺജീവിതത്തിന് പിന്നിലും പുരുഷന്മാർ കാണാത്ത, അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കാത്ത വലിയൊരു ലോകമുണ്ട്. ആൺസൗഹൃദങ്ങളുടെ ഗൃഹാതുരത പാടിപ്പുകഴ്ത്തുന്നവർ പെൺസൗഹൃദങ്ങളെ വെറും കുശുമ്പും കുന്നായ്മയുമായി മാത്രം ചുരുക്കിക്കാണാൻ ശ്രമിക്കുന്നത് അജ്ഞതയാണ്. പെണ്ണുങ്ങളുടെ ജീവിതം കേവലം വീടിനും സ്കൂളിനും ഇടയിലല്ലെന്ന് തിരിച്ചറിയാൻ കഴിയാത്തത് സിനിമയുടെ പരാജയമല്ല, മറിച്ച് അത്തരം ചിന്താഗതികൾ പേറുന്നവരുടെ മനോഭാവത്തിന്റെ പ്രശ്നമാണ്.
സിനിമയുടെ എല്ലാ കാലഘട്ടങ്ങളിലും, അത് പുരുഷകേന്ദ്രീകൃതമായ ഇതിവൃത്തമാണെങ്കിൽ പോലും, ഒരു കല എന്ന നിലയിൽ സിനിമയെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ളത് സ്ത്രീകളാണ്. തങ്ങളുടെ ജീവിതാനുഭവങ്ങളോ രാഷ്ട്രീയമോ അനുഭവങ്ങളോ ഒന്നും പ്രതിനിധീകരിക്കാത്ത കഥകളെപ്പോലും അവർ സ്നേഹത്തോടെ സ്വീകരിക്കുകയും പ്രിയപ്പെട്ട നായകന്മാരുടെ സിനിമകൾക്കായി തിയേറ്ററുകളിലേക്ക് ഒഴുകുകയും ചെയ്തിട്ടുണ്ട്
മലയാളി കണ്ടുശീലിച്ച കണ്ണുനീർ സീരിയലുകളുടെ ചട്ടക്കൂടിലേക്ക് സ്ത്രീജീവിതങ്ങളെ കെട്ടിയിടാനാണ് പലരും ഇന്നും ശ്രമിക്കുന്നത്. ലോകത്തെ നയിച്ച, മാറ്റങ്ങൾ കൊണ്ടുവന്ന കരുത്തുറ്റ സ്ത്രീകളെ മനഃപൂർവ്വം വിസ്മരിച്ചുകൊണ്ട് അവർക്ക് കേവലം വീടിനുള്ളിലെ 'സെന്റിമെന്റ്‌സുകൾ' മാത്രമാണ് ജീവിതമെന്ന് ഇക്കൂട്ടർ ഉറച്ചു വിശ്വസിക്കുന്നു. "ആൺകുട്ടികളുടെ കഥ തന്നെ മതിയായിരുന്നു, ഇതിനി സെന്റിമെന്റ്‌സിലൂടെ വൃത്തികേടാവും" എന്ന തരം കമന്റുകൾ തുറന്നുകാണിക്കുന്നത് ഒരു വലിയ വിഭാഗം പുരുഷന്മാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാപം പിടിച്ച ജീവിതരീതിയെയാണ്. അവിടെ ഇരയാക്കപ്പെടുന്നത് സ്ത്രീകളല്ല, മറിച്ച് പുരുഷന്മാരാണ് എന്നതാണ് വാസ്തവം.
"ആണുങ്ങൾ കരയാൻ പാടില്ല" എന്ന വ്യവസ്ഥാപിത സങ്കൽപ്പത്തിന്റെ ഭാരം പേറുന്നവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ദൗർബല്യമാണെന്ന് കരുതുന്ന ഈ ചിന്താഗതി, യഥാർത്ഥത്തിൽ പുരുഷന്റെ സ്വാഭാവികമായ വികാരങ്ങളെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. എന്നാൽ രസകരമായ ഒരു വസ്തുതയുണ്ട്; 'വാഴ'യുടെ ആദ്യ രണ്ട് ഭാഗങ്ങളിലും നായകന്മാർ അവരുടെ നിസ്സഹായമായ സാഹചര്യങ്ങളിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ട് തീയേറ്ററിലെ കാണികളും അവരോടൊപ്പം കരയുന്നുണ്ടായിരുന്നു. ആണുങ്ങൾ കരയുന്നത് സ്ക്രീനിൽ കണ്ട് കയ്യടിച്ചവർ തന്നെ, പെൺകുട്ടികളുടെ കഥ വരുമ്പോൾ അതിനെ 'സെന്റിമെന്റ്‌സ്' എന്ന് പുച്ഛിക്കുന്നത് ഇരട്ടത്താപ്പാണ്.
വികാരങ്ങൾ എന്നത് ലിംഗഭേദമില്ലാതെ എല്ലാവർക്കുമുള്ളതാണ്. പുരുഷന്റെ സങ്കടം സിനിമയും സ്ത്രീയുടെ സങ്കടം സീരിയലുമായി കാണുന്ന ഈ കാഴ്ചപ്പാടാണ് മാറേണ്ടത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ മണ്ടത്തരങ്ങൾ കാണിക്കാനും, തകര്ന്നുപോകുമ്പോൾ കരയാനും, വീണ്ടും എഴുന്നേൽക്കാനും അവകാശമുണ്ട്. ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇവിടുത്തെ യഥാർത്ഥ 'സെന്റിമെന്റൽ' പ്രശ്നം.
ആദ്യ രണ്ട് ഭാഗങ്ങളും ശരാശരി ജീവിതവുമായി ബന്ധപ്പെടുത്തി കാണാൻ സാധിച്ചവർക്ക് വരാനിരിക്കുന്ന പെൺസിനിമയോട് ഇപ്പോഴേ മുഖം തിരിക്കാൻ സാധിക്കുന്നത് സ്ത്രീകൾക്കും മുൻനിരയിൽ സ്ഥാനവും ലഭിക്കുന്നത് കാണുമ്പോഴുള്ള അസ്വസ്ഥയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുള്ളതുപോലെ തന്നെ ചിരിയും, കലഹവും, സ്വപ്നങ്ങളും, വേദനയും, ആഗ്രഹങ്ങളും, കൂട്ടുകാരുമെല്ലാം ഉണ്ടാകാമെന്ന സത്യത്തെ അംഗീകരിക്കാൻ പലർക്കും ഇന്നും പ്രയാസമാണ്. ഒരു കാര്യം വ്യക്തമാണ് ഇവരാരും സ്ത്രീകളുടെ ജീവിതത്തെ അടുത്ത് നിന്നും അറിഞ്ഞവരല്ല. മനസിലാക്കിയവരല്ല. അതിന് ശ്രമിക്കാൻ താല്പര്യമുള്ളവരുമല്ല.
യഥാർത്ഥത്തിൽ ഇവിടെ പ്രശ്നം കഥയുടേതല്ല; മറിച്ച് സമഗ്രമായും സ്വതന്ത്രമായും ചിരിക്കുന്നവരായും തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നവരായും സ്ത്രീകൾ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത് ഇന്നും പലരിലും വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു എന്നതാണ് സത്യം. ആൺബോധം കൽപ്പിച്ചുനൽകിയ പരിമിതികൾക്കുള്ളിൽ നിൽക്കാതെ, സ്വന്തം വ്യക്തിത്വം പ്രഖ്യാപിക്കുന്ന സ്ത്രീരൂപങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സമൂഹത്തിന്റെ അരക്ഷിതാവസ്ഥയാണ് ഇത്തരം എതിർപ്പുകളിലൂടെ പുറത്തുവരുന്നത്. പെണ്ണുങ്ങൾ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതും ചിരിക്കുന്നതും ആഘോഷിക്കുന്നതും കാണുന്നത് പോലും തങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഇക്കൂട്ടർ ഭയപ്പെടുന്നു
English Summary: The announcement of Vaazha 3 – Biopic of a Billion Girls has sparked backlash and exposed underlying misogyny among sections of the audience. The article քնն explores how resistance to women-led narratives reflects discomfort with women occupying central, complex roles in cinema.