ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് ഇന്ന് 51 വര്‍ഷം തികയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആത്മാവിനെത്തന്നെ തകര്‍ത്ത ആ ഇരുണ്ട നാളുകള്‍ക്ക് തുടക്കമിട്ടത് 1975 ജൂണ്‍ 25-നായിരുന്നു. അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയില്‍, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. പിന്നീട്, രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ട, ഭീതി നിറഞ്ഞ 21 മാസങ്ങളാണ് (625 ദിനരാത്രങ്ങള്‍) പിന്നീട് ഇന്ത്യയ്ക്ക് കാണേണ്ടിവന്നത്.
അടിയന്തരാവസ്ഥയിലേക്ക് നയിച്ച കാരണങ്ങള്‍
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന ഔദ്യോഗിക വാദമുയര്‍ത്തിയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ടത്. എന്നാല്‍, ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തിപരമായ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു.1 971-ലെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇന്ദിരയ്‌ക്കെതിരെ എതിരാളി രാജ്‌നാരായണ്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ അവധിക്കാല ബെഞ്ച് ഭാഗികമായ സ്റ്റേ മാത്രമാണ് നല്‍കിയത്. വിശാല ബെഞ്ചിന്റെ അന്തിമ വിധി വരുന്നത് വരെ ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെങ്കിലും പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനോ സംസാരിക്കാനോ ഉള്ള അവകാശം കോടതി വിലക്കി. ഈ വിധി പ്രതിപക്ഷത്തിന് വലിയ ആയുധമായി.
ജയപ്രകാശ് നാരായണന്റെ (ജെപി) നേതൃത്വത്തില്‍ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. 1975 ജൂണ്‍ 25-ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജെപി ഒരാഴ്ച നീളുന്ന സത്യാഗ്രഹം പ്രഖ്യാപിച്ചു. സര്‍ക്കാറിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് അദ്ദേഹം സൈന്യത്തോടും പൊലീസിനോടും ആഹ്വാനം ചെയ്തു. പ്രശസ്ത കവി രാംധാരി സിംഗ് ദിന്‍കറുടെ 'സിംഘാസന്‍ ഖാലി കരോ കേ ജന്‍താ ആതാ ഹേ' (സിംഹാസനം ഒഴിഞ്ഞുതരിക, ജനങ്ങള്‍ വരുന്നുണ്ട്) എന്ന വരികള്‍ ആ വേദിയില്‍ മുഴങ്ങിക്കേട്ടു. ഈ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി കണ്ടെത്തിയ മാര്‍ഗമായിരുന്നു അടിയന്തരാവസ്ഥ.
ജനാധിപത്യത്തിന്റെ നാല് തൂണുകളും തകര്‍ന്നപ്പോള്‍
ക്യാബിനറ്റ് മന്ത്രിമാരോട് പോലും മുന്‍കൂട്ടി ആലോചിക്കാതെയാണ് ഇന്ദിരാഗാന്ധി ഈ തീരുമാനമെടുത്തത്. ജൂണ്‍ 25 രാത്രി മുതല്‍ തന്നെ പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ജൂണ്‍ 26 രാവിലെ എട്ട് മണിക്ക് ദൂരദര്‍ശനിലൂടെ ഇന്ദിര രാജ്യത്തെ അഭിസംബോധന ചെയ്തു. 'രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആരും ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല...' എന്ന് തുടങ്ങിയ പ്രസംഗത്തിലൂടെ തനിക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ജനാധിപത്യത്തിന്റെ കാവലാളുകളായ എല്ലാ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടു.
ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയ്, ചന്ദ്രശേഖര്‍, ജ്യോതിബസു, മധു ദന്തവതെ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ജയിലിലടയ്ക്കപ്പെട്ടു. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, ആനന്ദമാര്‍ഗി തുടങ്ങിയ സംഘടനകള്‍ നിരോധിക്കപ്പെട്ടു. പത്രസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഇല്ലാതായി. ഡല്‍ഹിയിലെ പ്രധാന പത്രങ്ങളുടെയെല്ലാം വൈദ്യുതി ബന്ധം വിച്ഛേദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. ഹിമ്മത്ത്, സെമിനാര്‍, മെയിന്‍ സ്ട്രീം, ജനത, ക്വസ്റ്റ്, ഫ്രീഡം ഫസ്റ്റ്, ഫ്രോണ്ടിയര്‍, സാധന, തുഗ്ലക്ക്, സ്വരാജ്യ, നിരീക്ഷക് എന്നിവയുള്‍പ്പെടെയുള്ള മാസികകളും ജേണലുകളും സെന്‍സര്‍ ചെയ്യുകയും നിരോധിക്കുകയും ചെയ്തു.
'ഇന്ത്യന്‍ എക്‌സ്പ്രസ്', 'സ്റ്റേറ്റ്‌സ്മാന്‍' എന്നീ പത്രങ്ങള്‍ തങ്ങളുടെ എഡിറ്റോറിയല്‍ കോളം ശൂന്യമായി ഇട്ടുകൊണ്ട് ഈ ഫാസിസ്റ്റ് നടപടിയോട് പ്രതിഷേധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലേഖകരെ രാജ്യാതിര്‍ത്തി കടത്തിവിട്ടു. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചതിന് 'ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ ലേഖകനായിരുന്ന കുല്‍ദീപ് നയ്യാരെ ജയിലിലടച്ചു. യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ പാടാന്‍ വിസമ്മതിച്ച പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാറിന് ആകാശവാണിയില്‍ വിലക്കേര്‍പ്പെടുത്തി. ഗുല്‍സാറിന്റെ 'ആന്ധി', 'കിസാ കുര്‍സി കാ', ശബാനാ ആസ്മി അഭിനയിച്ച 'ജനത' എന്നീ സിനിമകള്‍ നിരോധിക്കപ്പെട്ടു. കോടതികളുടെ അധികാരം പരിമിതപ്പെടുത്തി. മൗലികാവകാശങ്ങള്‍ക്കായി കോടതിയെ സമീപിക്കാനുള്ള അവകാശം പോലും റദ്ദാക്കപ്പെട്ടു. ഇതിനെതിരെ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഏക ജഡ്ജി ജസ്റ്റിസ് എച്ച്ആര്‍ ഖന്നയായിരുന്നു. പൗരനെ അനിശ്ചിതകാലത്തേക്ക് തടവിലിടാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു.
സഞ്ജയ് ഗാന്ധിയുടെ സമാന്തര ഭരണവും ക്രൂരതകളും
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. 'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ബറുവ ഉയര്‍ത്തിയ ആ കാലത്ത് അധികാരം മുഴുവന്‍ ഒരു കേന്ദ്രത്തിലേക്ക് ചുരുങ്ങി. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ടാര്‍ഗെറ്റുകള്‍ നല്‍കി നാസി വംശശുദ്ധീകരണത്തെ ഓര്‍മ്മിപ്പിക്കുംവിധം സഞ്ജയ് ഗാന്ധി നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണ പരിപാടി ലക്ഷക്കണക്കിന് സാധാരണക്കാരായ ദളിതരെയും ദരിദ്ര മുസ്ലിങ്ങളെയും ഇരകളാക്കി. ഇതിനൊപ്പം നടന്ന ചേരി നിര്‍മ്മാര്‍ജ്ജനവും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലെ ചേരികള്‍ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 150-ഓളം പേര്‍ കൊല്ലപ്പെടുകയും എഴുപതിനായിരത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു.
തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ
സ്വേച്ഛാധിപത്യ നടപടികള്‍ക്ക് പുറമെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. 1971-ലെ ബംഗ്ലാദേശ് യുദ്ധം വരുത്തിവെച്ച വന്‍ സാമ്പത്തിക ബാധ്യതയും അഭയാര്‍ത്ഥി പ്രവാഹവും ഇന്ത്യയെ തളര്‍ത്തിയിരുന്നു. ഇതിന് പുറമെ 1972-73 കാലത്തെ കടുത്ത വരള്‍ച്ച കാര്‍ഷിക മേഖലയെ തകര്‍ത്തു. വ്യവസായങ്ങള്‍ പൂട്ടുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തു. 1973-ലെ ആഗോള ഊര്‍ജ പ്രതിസന്ധി സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കി. അസംസ്‌കൃത എണ്ണവില നാലിരട്ടിയായി വര്‍ദ്ധിച്ചതോടെ നാണ്യപ്പെരുപ്പം നിയന്ത്രണാതീതമായി. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ദിര ഐഎംഎഫിന്റെ സഹായം തേടി. ഈയൊരു സന്ദര്‍ഭത്തിലാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പിന്തുണയോടെയുള്ള പ്രതിപക്ഷ ഭീഷണിയും രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി രാഷ്ട്രസുരക്ഷയെ മുന്‍നിര്‍ത്തി ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തുടര്‍ന്നങ്ങോട്ട് കോര്‍പ്പറേറ്റ് സൗഹൃദ സാമ്പത്തിക നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയേയും അവരുടെ വര്‍ഗതാല്‍പര്യത്തേയും സംരക്ഷിക്കുന്നതിനായിരുന്നു അടിയന്തരാവസ്ഥ എന്ന് പിന്‍കാലത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളും രക്തസാക്ഷിത്വങ്ങളും
ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മിസ (MISA), ഡിഫന്‍സ് ഓഫ് ഇന്ത്യ റൂളുകള്‍ പ്രകാരം രാജ്യത്തുടനീളം 1,10,806 പേരെയാണ് വിചാരണ കൂടാതെ തടങ്കലിലാക്കിയത്. മുപ്പധിലധികം പാര്‍ലമെന്റ് അംഗങ്ങള്‍ ജയിലിലായി. ജിഡിപി വളര്‍ച്ച 0.9 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ആ കാലത്ത് ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ക്രൂരമായ മൂന്നാംമുറകളാണ് പൊലീസ് പുറത്തെടുത്തത്. ചികിത്സയ്ക്കായി പരോള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരിയും നടിയുമായ സ്‌നേഹലത റെഡ്ഡി ജയിലില്‍ വെച്ച് മരണമടഞ്ഞു. കേരളത്തില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നോവായി മാറിയ ഈരാറ്റുപേട്ട സ്വദേശി രാജന്‍, വര്‍ക്കല വിജയന്‍ എന്നിവര്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സഹോദരന്‍ ലോറന്‍സ് ഫെര്‍ണാണ്ടസിനെ പൊലീസ് അതിക്രൂരമായി പീഡിപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് മൃണാള്‍ ഗോറയെ മാനസികരോഗിക്കും കുഷ്ഠരോഗിക്കുമൊപ്പം ഒരേ സെല്ലിലാണ് തടവിലിട്ടത്. ഇന്ദിരയുടെ ഉപദേഷ്ടാവായിരുന്ന പിഎന്‍ ഹക്‌സറുടെ കുടുംബാംഗങ്ങളെപ്പോലും ഭരണകൂടം വെറുതെവിട്ടില്ല.
ഭരണഘടനയോട് ചെയ്തത്
അടിയന്തരാവസ്ഥക്കാലത്ത് ജുഡീഷ്യറിയെയും പാര്‍ലമെന്റിനെയും അപ്രസക്തമാക്കിക്കൊണ്ട് 38 മുതല്‍ 42 വരെയുള്ള ഭരണഘടനാ ഭേദഗതികള്‍ ഓര്‍ഡിനന്‍സുകളിലൂടെ പാസ്സാക്കിയെടുത്തു. 38-ാം ഭേദഗതി, അടിയന്തരാവസ്ഥാ പ്രഖ്യാപനങ്ങളും ഓര്‍ഡിനന്‍സുകളും ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കുന്നത് തടഞ്ഞു. തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതിയില്‍ നിന്നും വരാന്‍ സാധ്യതയുള്ള വിധിയില്‍ നിന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതായിരുന്നു 39-ാം ഭരണഘടനാ ഭേദഗതി. ഇത് ജുഡീഷ്യല്‍ റിവ്യൂന് പുറത്താക്കി ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി.
41-ാം ഭേദഗതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കെതിരെ അവര്‍ പദവിയിലരിക്കുമ്പോഴോ അതിന് ശേഷമോ യാതൊരു ക്രിമിനല്‍ നടപടിയും പാടില്ലെന്ന് വ്യവസ്ഥ ചെയ്തു. ഭരണഘടനയില്‍ മാറ്റം വരുത്താനുളള അനിയന്ത്രിതമായ അധികാരം പാര്‍ലമെന്റിന് നല്‍കുന്നതും ഭരണഘടനയുടെ മൗലികഘടന മാറ്റാന്‍ പാടില്ലെന്ന കേശവാനന്ദഭാരതി കേസിലെ സുപ്രീം കോടതി വിധി റദ്ദാക്കുന്നതുമായിരുന്നു 42-ാം ഭേദഗതി. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരലത്തിലെത്തിയ ജനതാ സര്‍ക്കാരാണ് 42, 43 ഭേദഗതികള്‍ കൊണ്ടുവന്ന് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സംഭവിച്ച ഹാനി ഇല്ലാതാക്കിയത്.
ജനാധിപത്യത്തിന്റെ പുനര്‍ജനനം
പൂര്‍ണ്ണ പിന്തുണയോടെ കൂടെനിന്ന സിപിഐയും, 'വലതുപക്ഷ ഉപജാപങ്ങള്‍ക്കെതിരെയുള്ള പ്രഹരം' എന്ന് വിശേഷിപ്പിച്ച സോവിയറ്റ് യൂണിയനും ഇന്ദിരയെ പിന്തുണച്ചപ്പോള്‍, ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. യുഎസിലും യുകെയിലും 'ഫ്രീ ജെപി' ക്യാമ്പയിനുകള്‍ നടന്നു. ഒടുവില്‍ കടുത്ത ആഭ്യന്തര-അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 1977 ജനുവരി 18-ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. 1977 മാര്‍ച്ച് 23-ന് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിച്ചു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത തങ്ങളുടെ ജനാധിപത്യ ബോധം തെളിയിച്ചു. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ഇതര കോണ്‍ഗ്രസ് സഖ്യം (ജനതാ പാര്‍ട്ടി) കേന്ദ്രത്തില്‍ അധികാരത്തിലേറി. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ 43, 44 ഭേദഗതികളിലൂടെ ഭരണഘടനയുടെ മൗലികാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും പുനസ്ഥാപിച്ചു.
June 25, 2026, marks 51 years since the declaration of the National Emergency in India, one of the darkest chapters in the country's democratic history. The Emergency was imposed on June 25, 1975, by then Prime Minister Indira Gandhi, leading to 21 months (625 days) of suspended civil liberties, censorship, political repression, and authoritarian rule. The immediate trigger was the political crisis following the Allahabad High Court verdict invalidating Indira Gandhi's 1971 election victory. Amid growing opposition protests led by Jayaprakash Narayan, the government declared an Emergency citing threats to national security.