Inside Focus

ഇന്ത്യ @80: വടക്കിന് യുവത്വം, തെക്കിന് വാർധക്യം; മാറുന്ന ഇന്ത്യയുടെ ജനസംഖ്യാ ചിത്രം വിരൽചൂണ്ടുന്നത് എങ്ങോട്ട്?

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, വളരെ കുറവാണെന്നതും ഒരു യാഥാർത്ഥ്യമാണ്.

Madism Desk

സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ട് പതിറ്റാണ്ടുകളോട് അടുക്കുമ്പോഴും ലോകത്തെ പല വികസിത രാജ്യങ്ങൾക്കും അസൂയ തോന്നുന്ന തരത്തിലുള്ള ജനസംഖ്യാഘടനയാണ് ഇന്ത്യയ്ക്കുള്ളത്. 146 കോടി ജനസംഖ്യയും വെറും 29.2 വയസ് ശരാശരി പ്രായവുമുള്ള ഇന്ത്യ, ഇന്ന് വലിയ സാമ്പത്തിക അവസരങ്ങളുടെ ഒരു സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനത്തോളം(ഏകദേശം 100 കോടി ജനങ്ങൾ) പതിനഞ്ചിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണ്. അതായത്, ഇന്ത്യയെ വേഗത്തിൽ വളർത്താൻ സഹായിക്കുന്നത് നമ്മുടെ ചെറുപ്പക്കാരാണ്. അവർ ജോലി ചെയ്തും പണം ചെലവാക്കിയും രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നു.

എന്നാൽ, ഇന്ത്യയിൽ എല്ലായിടത്തും ഈ യുവജനതയുടെ എണ്ണം ഒരുപോലെയല്ല. തെക്കേ ഇന്ത്യയിൽ പ്രായമായവരുടെ എണ്ണം കൂടുമ്പോൾ, വടക്കേ ഇന്ത്യയിലാണ് ജോലി ആവശ്യമുള്ള യുവാക്കൾ കൂടുതലുള്ളത്. കൂടാതെ, ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണവും വളരെ കുറവാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, വളരെ കുറവാണ്. ഈ പ്രവണതകളെല്ലാം ചേർന്ന് ജനസംഖ്യാപരമായ വലിയൊരു വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിൽ ഉയർത്തുന്നത്. ചുരുക്കത്തിൽ, വലിയൊരു തൊഴിൽ സേന ഇന്ത്യയ്ക്കുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായി അത് തുല്യമായി വിതരണം ചെയ്യപ്പെട്ടിട്ടില്ല. ഒപ്പം, ലിംഗഭേദമന്യേ ഈ മാനുഷിക വിഭവശേഷി പൂർണ്ണമായി പ്രയോജനപ്പെടുത്താനും നിലവിൽ നമുക്ക് കഴിയുന്നില്ല.

കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ശാന്തമായ ന​ഗരങ്ങളിലും ​ഗ്രാമങ്ങളിലും പ്രായമായവരുടെ എണ്ണം പെരുകുമ്പോൾ, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരുവുകളിൽ എങ്ങനെയെങ്കിലും ഒരു തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തുനിൽക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ തിരക്കാണ് കാണാൻ കഴിയുന്നത്. വെറുമൊരു ഭൂമിശാസ്ത്രപരമായ വേർതിരിവ് എന്നതിലുപരി, ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഭാവിയെത്തന്നെ മാറ്റിമറിക്കാൻ പോന്ന സങ്കീർണമായ ഒരു ജനസംഖ്യാശാസ്ത്രപരമായ വിടവാണിത്.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി വിദ്യാഭ്യാസ, ആരോ​ഗ്യ മേഖലകളിൽ ദ​ക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച മികച്ച നേട്ടങ്ങൾ അവരുടെ ജനസംഖ്യാ വള‍ർച്ചാ നിരക്ക് ​ഗണ്യമായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റവും മികച്ച കുടുംബാസൂത്രണ പദ്ധതികളും ജനനനിരക്ക് കുറച്ചു. ഇതോടൊപ്പം മികച്ച ആരോ​ഗ്യ സംവിധാനങ്ങൾ കാരണം ആയുർദൈർഘ്യവും വർധിച്ചു. ഇതിന്റെ ഫലമായി കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോലി ചെയ്യാൻ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം അതിവേഗം വർധിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ന് വളർച്ചയുടെ പാതയിലാണെങ്കിലും, വ്യവസായ ശാലകളിലും നിർമ്മാണ മേഖലകളിലും ഐടി അനുബന്ധ സേവനങ്ങളിലും പണിയെടുക്കാൻ ആവശ്യമായ യുവജനങ്ങളുടെ കടുത്ത ക്ഷാമം ഈ സംസ്ഥാനങ്ങൾ അനുഭവിക്കുന്നുണ്ട്. ഉയർന്ന സാമ്പത്തിക വളർച്ച നിലനിർത്താൻ സ്വന്തമായി മനുഷ്യവിഭവശേഷി ഉത്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് ഇന്ത്യയുടെ തെക്ക്.

നേരമറിച്ച്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യയിലെ ഭൂരിഭാ​ഗവും ഇപ്പോഴും യുവാക്കളാണ്. ഉദാഹരണത്തിന്, ബിഹാറിലെ ശരാശരി പ്രായം 23 വയസിന് താഴെ നിൽക്കുമ്പോൾ, അവിടത്തെ പ്രത്യുൽപാദന നിരക്ക് 2.8നും 3.0നും ഇടയിലാണ്. 2050 വരെ ഇന്ത്യയിലെ തൊഴിൽ സേനയിലുണ്ടാകുന്ന വളർച്ചയുടെ സിംഹഭാഗവും ഇത്തരം വടക്കൻ സംസ്ഥാനങ്ങളിൽ നിന്നായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ യുവത്വത്തിന്റെ ഊർജ്ജം ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള തൊഴിലവസരങ്ങളോ വ്യാവസായിക വളർച്ചയോ ഈ സംസ്ഥാനങ്ങളിൽ ഇല്ല എന്നതാണ് വലിയ ദുരന്തം.

നല്ല വിദ്യാഭ്യാസവും ആവശ്യമായ പരിശീലനവും ലഭിക്കാത്തതിനാൽ, ഇന്നത്തെ കാലത്തെ ജോലികൾ ചെയ്യാൻ ഈ യുവാക്കൾക്ക് കഴിയാതെ വരുന്നു. മാത്രമല്ല, ഇത് വലിയൊരു സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കും കൂടിയാണ് വഴിയൊരുക്കുന്നത്. ഒരു വശത്ത് വടക്കൻ സംസ്ഥാനങ്ങൾ ലക്ഷക്കണക്കിന് യുവ തൊഴിലന്വേഷകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ, മറുഭാഗത്ത് ദക്ഷിണേന്ത്യയിലെ വ്യവസായ കേന്ദ്രങ്ങൾ യുവ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടേണ്ടി വരും.

ഈ രണ്ട് പ്രശ്ന​ങ്ങളും രാജ്യത്തിനകത്ത് വലിയൊരു കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്. ജോലി തേടി ലക്ഷക്കണക്കിന് യുവാക്കളാണ് ഇപ്പോൾ ഉത്തരേന്ത്യൻ ​ഗ്രാമങ്ങളിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് വരുന്നത്. ദക്ഷിണേന്ത്യയിലെ കൃഷി, നിർമ്മാണം, വ്യവസായം എന്നീ മേഖലകളെ പ്രധാനമായും താങ്ങിനിർത്തുന്നത് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന ഈ അന്യസംസ്ഥാന തൊഴിലാളികളാണ്. ഇതുകൊണ്ട് രണ്ട് ഗുണങ്ങളുണ്ട്, ദക്ഷിണേന്ത്യയിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കപ്പെടുന്നു, ഒപ്പം ഉത്തരേന്ത്യക്കാർക്ക് ജീവിക്കാൻ ഒരു വരുമാനവും ലഭിക്കുന്നു. എന്നാൽ, സാമ്പത്തികമായ ഈ നേട്ടങ്ങൾക്കപ്പുറം, പലപ്പോഴും നാട്ടുകാരും കുടിയേറ്റ തൊഴിലാളികളും തമ്മിലുള്ള സാംസ്കാരിക പ്രശ്നങ്ങൾക്കും അതൃപ്തിക്കും ഇത് കാരണമാകാറുണ്ട്. ഭാവിയിൽ ഇത്തരം വലിയ കുടിയേറ്റങ്ങൾ പ്രാദേശികമായ പ്രശ്നങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും വഴിവെച്ചേക്കാം.

ഒഴിവാക്കപ്പെടുന്ന പകുതി: സ്ത്രീകൾ

നമ്മുടെ രാജ്യത്തെ ജനസംഖ്യാ പ്രശ്നം സംസ്ഥാനങ്ങൾ തമ്മിലുള്ളത് മാത്രമല്ല, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസവും ഇതിലൊരു പ്രധാന ഘടകമാണ്. ജോലിക്ക് പോകുന്ന പുരുഷന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. സർക്കാർ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ജോലിക്ക് പോകുന്ന സ്ത്രീകൾ ഏകദേശം 33 ശതമാനം മാത്രമാണ്. നഗരങ്ങളിൽ ഈ വ്യത്യാസം വളരെ വലുതാണ്. നഗരങ്ങളിൽ 75 ശതമാനത്തിലധികം പുരുഷന്മാർ ജോലി ചെയ്യുമ്പോൾ, വെറും 25 ശതമാനം സ്ത്രീകൾക്ക് മാത്രമേ ജോലി ചെയ്യാൻ കഴിയുന്നുള്ളൂ.

​ഗ്രാമങ്ങളിലെ സ്ത്രീകൾ കൃഷിയിലും കുടുംബത്തിന്റെ മറ്റ് വരുമാന മാർ​ഗങ്ങളിലും കൂടുതലായി പങ്കെടുക്കുന്നുണ്ട്. എന്നാൽ ​ന​ഗരങ്ങളിലെ സ്ത്രീകൾക്ക് പുറത്തുപോയി ജോലി ചെയ്യുന്നതിന് വലിയ തടസങ്ങളുണ്ട്. സുരക്ഷയെക്കുറിച്ചുള്ള പേടി, ശമ്പളമില്ലാത്ത വീട്ടുജോലികളുടെ അമിതഭാരം, കുട്ടികളെ നോക്കാനുള്ള സൗകര്യക്കുറവ്, സമയക്രമീകരണം സാധ്യമാകുന്ന ജോലികളുടെ അഭാവം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ചുരുക്കത്തിൽ, ലക്ഷക്കണക്കിന് ആളുകൾ ജോലി തേടുന്ന ഈ സമയത്ത്, രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീകളുടെ കഴിവുകൾ നമ്മൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നില്ല.

ലോകത്ത് മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത് 47 ശതമാനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ, അത് വലിയ മാറ്റങ്ങളുണ്ടാക്കും. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഓരോ വർഷവും 1.5 മുതൽ 2 ശതമാനം വരെ വർധിക്കുമെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളറുകൾ കൂടുതലായി എത്തുമെന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

ഇതിനെല്ലാം പുറമെ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ ജനസംഖ്യാ വ്യത്യാസം രാജ്യത്ത് വലിയ സാമ്പത്തിക-രാഷ്ട്രീയ തർക്കങ്ങൾക്ക് ഇപ്പോൾ തന്നെ കാരണമാകുന്നുണ്ട്. ജനസംഖ്യ നന്നായി നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിലവിൽ കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറവാണ് ലഭിക്കുന്നത്. എന്നാൽ, ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക ലഭിക്കുന്നുമുണ്ട്. മാത്രമല്ല, ഭാവിയിൽ ലോക്‌സഭാ സീറ്റുകൾ പുനർനിർണ്ണയിക്കുമ്പോൾ ദക്ഷിണേന്ത്യയുടെ സീറ്റുകൾ കുറയുമെന്നും, പകരം ഉത്തരേന്ത്യയ്ക്ക് കൂടുതൽ സീറ്റുകളും സ്വാധീനവും ലഭിക്കുമെന്നും വലിയ ആശങ്കയുണ്ട്. ചുരുക്കത്തിൽ, രാജ്യത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുകയും മികച്ച വികസനം നേടുകയും ചെയ്ത തങ്ങളെ, ജനസംഖ്യ കുറഞ്ഞതിന്റെ പേരിൽ രാഷ്ട്രീയമായി ഒതുക്കുകയാണെന്ന തോന്നൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഇത് ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഈ ജനസംഖ്യാ അനുകൂല സാഹചര്യം എല്ലാകാലവും നിലനിൽക്കില്ല. 2041 ആകുമ്പോഴേക്കും ഇന്ത്യയിൽ ജോലി ചെയ്യുന്ന യുവാക്കളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലാകും. അതിനുശേഷം, പ്രായമായവരുടെ എണ്ണം കൂടുകയും ജോലി ചെയ്യുന്ന യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യും. അതായത്, മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കും. ഈ വലിയ അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്ക് മുന്നിൽ ഇനി ഏകദേശം 15 വർഷം മാത്രമാണുള്ളത്. അതിനാൽ, ഈ സമയം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇന്നത്തെ യുവാക്കളെ മികച്ച നൈപുണ്യമുള്ള തൊഴിലാളികളാക്കി മാറ്റുക എന്നതാണ് നമുക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

വടക്കേ ഇന്ത്യയിലെ യുവാക്കളും ദക്ഷിണേന്ത്യയിലെ തൊഴിലവസരങ്ങളും തമ്മിലുള്ള വിടവ് നികത്താനും, കൂടുതൽ സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാനും, ലക്ഷക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കാനും നമുക്ക് കഴിയണം. ഇതിൽ വിജയിച്ചാൽ, ഈ വലിയ യുവജനത രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നൽകുന്ന സംഭാവന ചരിത്രമാകും. എന്നാൽ പരാജയപ്പെട്ടാൽ, ഇതേ ജനസംഖ്യ രാജ്യത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്ന വലിയൊരു ബാധ്യതയായി മാറും.

As India approaches 80 years of independence, it is witnessing a profound demographic divide. Southern states like Kerala and Tamil Nadu, having achieved better health and educational outcomes, are now facing an ageing population and severe labor shortages. In stark contrast, Northern states such as Uttar Pradesh and Bihar have a booming youth population that is grappling with massive unemployment and a lack of skill development. This imbalance is driving large-scale internal migration from North to South. If not managed with proper economic planning, skill-building, and fair political representation, this North-South demographic shift could lead to severe socio-economic and political friction in the near future.