

125 സിസി സ്പോർട്ടി ബൈക്ക് സെഗ്മെന്റിൽ മത്സരം കടുപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്പ്. എക്സ്ട്രീം 125R ആണ് മുഖം മിനുക്കി എത്തുന്നത്. പുപുതിയ ഫീച്ചറുകളുമായി എത്തുന്ന മോഡലിന്റെ ചിത്രങ്ങൾ ലോഞ്ചിന് മുന്നോടിയായി പുറത്തുവന്നതോടെയാണ് വാര്‍ത്ത വൈറലായത്. ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് പുതിയ എക്സ്ട്രീം 125ആറിന്റെ പ്രധാന ആകർഷണങ്ങളാകുക.
ടിഎഫ്ടി സ്ക്രീനും ടിപിഎംഎസും
പുതിയ ഹീറോ എക്സ്ട്രീം 125ആറിൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിച്ചേക്കുമെന്ന് ഓട്ടോ ജേണലായ റഷ്‌ലെയ്ൻ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ മോഡലിൽ 4.2 ഇഞ്ച് കളർ LCD സ്ക്രീനാണ് നൽകിയിരിക്കുന്നത്. പുതിയ TFT സ്ക്രീനിൽ കൂടുതൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം മികച്ച ഗ്രാഫിക്സും ആധുനിക ഡിസൈനും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇതിന് പുറമെ ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റവും പുതിയ ബൈക്കിൽ ലഭിച്ചേക്കും. ടയറുകളിലെ വായുമർദ്ദം തത്സമയം നിരീക്ഷിക്കാൻ ഈ സംവിധാനം റൈഡറെ സഹായിക്കും. എന്നാൽ TFT ഡിസ്പ്ലേയും TPMS-ഉം ഉയർന്ന വേരിയന്റിൽ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് സൂചന.
നിലവിൽ തന്നെ നിരവധി ഫീച്ചറുകൾ
ഹീറോ എക്സ്ട്രീം 125ആറിൽ ഇതിനകം തന്നെ നിരവധി ആധുനിക ഫീച്ചറുകൾ ലഭ്യമാണ്. സ്പ്ലിറ്റ് സീറ്റ്, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ്, പൂർണ എൽഇഡി ലൈറ്റിങ്, വിവിധ റൈഡ് മോഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഇതിന് പുറമെ 120 സെക്ഷൻ പിൻ ടയർ, മോണോഷോക്ക് സസ്പെൻഷൻ, റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ, ക്രൂയിസ് കൺട്രോൾ എന്നിവയും ബൈക്കിലുണ്ട്. TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും TPMS-ഉം കൂടി എത്തുന്നതോടെ എക്സ്ട്രീം 125ആറിന്റെ ഫീച്ചർ പട്ടിക കൂടുതൽ സമ്പന്നമാകും.
എൻജിനിൽ മാറ്റമില്ല
പുതിയ ഫീച്ചറുകൾ എത്തുന്നുണ്ടെങ്കിലും എക്സ്ട്രീം 125ആറിന്റെ എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. നിലവിലെ 125 സിസി സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും പുതുക്കിയ മോഡലിലും തുടരുക. 11.4 ബിഎച്ച്പി കരുത്തും 10.5 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിനൊപ്പം 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, 120 സെക്ഷൻ പിൻ ടയർ, പൂർണ എൽഇഡി ലൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളും പുതിയ മോഡലിലും തുടരുമെന്നാണ് പ്രതീക്ഷ.
വില കൂടിയേക്കും
നിലവിൽ ഹീറോ എക്സ്ട്രീം 125ആറിന്റെ എക്സ്-ഷോറൂം വില 91,500 രൂപ മുതൽ 1.08 ലക്ഷം രൂപ വരെയാണ്. TFT സ്ക്രീൻ, TPMS തുടങ്ങിയ അധിക ഫീച്ചറുകൾ എത്തുന്നതോടെ പുതിയ ടോപ്പ് വേരിയന്റിന് നിലവിലെ മോഡലിനേക്കാൾ വില കൂടാൻ സാധ്യതയുണ്ട്.
പുതിയ ഫീച്ചറുകൾ ടോപ്പ് വേരിയന്റിൽ ഉൾപ്പെടുത്തിയാൽ 125 സിസി വിഭാഗത്തിലെ കൂടുതൽ ഫീച്ചറുകളുള്ള സ്പോർട്ടി ബൈക്കുകളിലൊന്നായി എക്സ്ട്രീം 125ആർ മാറിയേക്കും. ടിവിഎസ് റൈഡർ 125, ബജാജ് പൾസർ 125, ഹോണ്ട CB125 ഹോർനെറ്റ് തുടങ്ങിയ മോഡലുകൾക്കെതിരെ കൂടുതൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനും പുതിയ അപ്ഡേറ്റ് ഹീറോയെ സഹായിച്ചേക്കും.