(സ്പോയിലറുള്ള രണ്ട് ഖണ്ഡികകളുടെ തുടക്കവും ഒടുക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രം കാണാത്തവര്‍ അത് ഒഴിവാക്കുന്നതാകും ഉചിതം.)
സിനിമയില്‍ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കാണികൾക്ക് ആവശ്യമായ പശ്ചാത്തല വിവരങ്ങള്‍ (കാലം, കഥാലോകത്തിന്റെ പ്രത്യേകതകള്‍, നിലവിലുള്ള സാഹചര്യങ്ങള്‍) നല്കുന്നതിനെയാണ് Exposition (വിശദീകരണം) എന്ന് വിളിക്കുന്നത്.
സിനിമ ദൃശ്യാവിഷ്കാരത്തിനും കാഴ്ചയ്ക്കും പ്രാധാന്യമുള്ള മാധ്യമമായതിനാല്‍ കഥയുടെ ഒഴുക്കിന് തടസ്സമാകാതെയും കൃത്രിമത്വം തോന്നിക്കാതെയും ഈ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇക്കാര്യത്തിൽ ആഖ്യാതാവ് നേരിടുന്ന പ്രധാന വെല്ലുവിളി.
ദൃശ്യാഖ്യാനത്തിലൂടെ (കാണിക്കുക, പറയുകയല്ല) അവതരിപ്പിക്കുന്നതാണ് ഏറ്റവും കൃത്യമായ രീതി എന്നുവെച്ചാല്‍... പ്രൊഡക്ഷൻ ഡിസൈൻ, പ്രോപ്പുകൾ, വേഷവിധാനങ്ങൾ, കഥാപാത്രങ്ങളുടെ പെരുമാറ്റം എന്നിവയിലൂടെ വിവരങ്ങള്‍ കൈമാറുക. കഥാപാത്രങ്ങൾ ആവശ്യത്തിന് സംസാരിക്കുകയും ആ സംഭാഷണങ്ങളില്‍ സബ്ടെക്സ്റ്റ് കൊണ്ടുവരികയും ചെയ്യുക. കഥാലോകത്തിലേക്ക് പുതുതായി എത്തുന്ന കഥാപാത്രം അല്ലെങ്കില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു കഥാപാത്രത്തെ കഥയില്‍ അവതരിപ്പിക്കുകയും മറ്റുള്ളവര്‍ ആ പുതിയ ആളോട് കാര്യങ്ങളും നിയമങ്ങളും വിശദീകരിക്കുമ്പോള്‍, ഒപ്പം തന്നെ പ്രേക്ഷകരും ആ വിവരങ്ങള്‍ മനസ്സിലാക്കുന്നതാണ് ഏറെ തിരക്കഥാകൃത്തുക്കളും പിന്തുടരുന്ന രീതികളിലൊന്ന്.
എക്സ്പൊസിഷനില്‍ മികച്ച സങ്കേതങ്ങളുള്ളതുപോലെ തന്നെ മോശം രീതികളുമുണ്ട്. "നിനക്കറിയാമല്ലോ.." എന്നെല്ലാം തുടങ്ങുന്ന കൃത്രിമ സംഭാഷണങ്ങള്‍... പ്രേക്ഷകരെ അറിയിക്കാന്‍ വേണ്ടി മാത്രം, രണ്ട് കഥാപാത്രങ്ങൾക്കും നേരത്തെ അറിയാവുന്ന കാര്യങ്ങള്‍ പരസ്പരം പറയുന്ന രീതികളെല്ലാമാണ് മോശം എക്സ്പൊസിഷന്റെ ചില ഉദാഹരണങ്ങള്‍. പൊതുവെ ടെലിവിഷൻ സീരിയലുകൾ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സമ്പ്രദായമാണിത്.
എക്സ്പൊസിഷൻ വേണ്ടതിലേറെ വന്നാൽ ആഖ്യാനം വല്ലാതെ വിരസവും കൃത്രിമവുമാകും. കഥാപാത്രങ്ങൾ പരസ്പരം വിശദീകരിക്കുമ്പോൾ സന്ദർഭം സ്വാഭാവികമല്ലാതായി മാറുന്നു. ഇത് കാണികളെ അസ്വസ്ഥരാക്കും. കഥ മുന്നോട്ട് പോകാതെ, വിവരങ്ങൾക്കായി സമയം കളയുമ്പോൾ സിനിമയുടെ പേസിങിനെ ബാധിക്കുകയും കണ്ടിരിക്കുന്നവർക്ക് ബോറടിക്കുകയും ചെയ്യും.
എക്സ്പൊസിഷൻ ഇനി കുറഞ്ഞാല്‍ എന്ത് സംഭവിക്കും? ആശയക്കുഴപ്പമുണ്ടാകും. കഥ നടക്കുന്ന ലോകം എങ്ങനെയുള്ളതാണെന്നോ, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എങ്ങിനെയാണെന്നോ, നിലവിലെ പ്രശ്നം എന്താണെന്നോ എന്നൊന്നും പ്രേക്ഷകർക്ക് മനസ്സിലാകാതെ വരും. ഗ്രഹിക്കാൻ പ്രയാസമുള്ള ആശയങ്ങൾ കൃത്യമായ അടിത്തറയില്ലാതെ അവതരിപ്പിച്ചാൽ പ്രേക്ഷകർക്ക് സിനിമയോടുള്ള താൽപര്യം പോലും നഷ്ടപ്പെടാൻ ഇടവരുത്തിയെന്നും വരാം.
മികച്ചൊരു സിനിമയിൽ കാണികൾക്ക് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ വളരെ സ്വാഭാവികമായിട്ടാകും ഈ വിവരങ്ങളെല്ലാം കോർത്തിണക്കിയിട്ടുണ്ടാവുക; കഥ ഒഴുക്കോടെ മുന്നോട്ട് പോവുകയും ചെയ്യും.
ഭൌമ എന്ന ചിത്രത്തിനെ കുറിച്ച് ചില അഭിപ്രായങ്ങൾ കണ്ടതിനെ വിശദീകരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഇത്രയും എഴുതിയത്. സാധാരണ ജനപ്രിയ സിനിമയുടെ രീതിയിൽ എക്സ്പൊസിഷനുള്ള സിനിമയല്ല ഭൌമ. എന്നാൽ, ആ ചിത്രത്തിന്റെ നിഗൂഢത, ഉള്ളടക്കത്തിലെ അനിശ്ചിതത്വം എന്നിവയെല്ലാം കാണികളെ രസിപ്പിക്കാൻ സാധ്യതയുള്ളതാണ്. ആ സിനിമ ആസ്വദിക്കാൻ വേണ്ടതായ വിശദീകരണങ്ങൾ ചിത്രത്തിലുണ്ടെന്ന് പറയാം. അതിസാധാരണമായ പാസീവായ കാഴ്ചയിൽ അത് കിട്ടണമെന്നില്ല എന്നേയുള്ളു...
സിനിമാകാഴ്ചയിൽ കാണികൾക്ക് സങ്കീർണ്ണത അനുഭവിക്കേണ്ടി വരുന്ന ഒരു ഭാഗം ഒന്നിലേറെ കാലങ്ങൾ (timelines) വരുമ്പോഴാണ്. അപ്പോൾ മനസ്സിലാക്കാനുള്ള എളുപ്പവഴി ആ ആഖ്യാനത്തിൽ എത്ര കാലങ്ങളുണ്ടെന്ന് തിരിച്ചറിയുകയാണ്. ഭൌമയിൽ മൂന്ന് വ്യത്യസ്തമായ കാലങ്ങളുണ്ട്. ഒരു കുടുംബം റോസ് വില്ലയിൽ താമസിക്കുന്നതാണ് ഏറ്റവും പഴയ കാലം (മധുപാല്‍ - ലെന എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അവരുടെ മക്കളും). പാട്ടുകാരിയായ സെലിനും പങ്കാളി ജേക്കബും തമ്മിലുള്ള ജീവിതത്തിന്റെ കാലമാണ് രണ്ടാമത്തേത്. അതിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞ് ഈശോ എന്ന പോലീസുദ്യോഗസ്ഥൻ കേസന്വേഷണം നടത്തുന്ന ഇപ്പോഴത്തെ കാലം.
<spoiler warning>
സിനിമയുടെ ആദ്യരംഗം മുതൽ തുടർച്ചയായി ആവർത്തിക്കുന്ന ഒന്നാണ് സാമുവല്‍ (വിനീത്) ലോഹങ്ങള്‍ തമ്മില്‍ ഉരയ്ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം മറ്റുള്ളവരെല്ലാം ഏതോ ശക്തിയുടെ ഇംഗിതത്തിന് അടിപ്പെടുന്നതായി കാണുന്നത്. അതായത് സാത്താന് വര്‍ഷിപ്പാണ് സിനിമയുടെ കേന്ദ്രബിന്ദു.
ആദ്യത്തെ ടൈംലൈനിൽ പതിമൂന്ന് പേരുടെ മരണശേഷം രണ്ടുപേർ മാത്രമേ അവശേഷിക്കുന്നുള്ളൂ, സാമുവലും സെലിനും. സെലിൻ തന്റെ പൂർവ്വികരിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് രണ്ടാമത്തെ ടൈംലൈനിൽ സംഭവിക്കുന്നത്. അതായത് സാമുവലിലേക്ക് മകൾ സെലിൻ തിരികെയെത്തുന്നു. സെലിൻ മകളാണെന്ന് വ്യക്തമാകുന്നത് റോസ് വില്ലയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള പിയാനൊ സീക്വൻസിലാണ്. സാത്താൻ വർഷിപ്പ്, നിയന്ത്രണം പുതിയ ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് മൂന്നാമത്തെ ടൈംലൈനിൽ സംഭവിക്കുന്നത്.
</spoiler warning>
കാലത്തിൽ ക്രമപ്പെടുത്തിയാൽ (chronological order) മനസ്സിലാകാതെ പോകുന്ന ഒരു കഥയും ലോകത്തിലില്ല... ഭൌമയിൽ എക്സ്പൊസിഷൻ കുറച്ചുകൂടി വലുതാകേണ്ടിയിരുന്നുവെന്ന വ്യക്തിപരമായ അഭിപ്രായമുണ്ട്. അത് തിരക്കഥാകൃത്ത് - ചിത്രസംയോജകൻ - സംവിധായകൻ എന്നിവരുടെ തെരെഞ്ഞെടുപ്പാണെങ്കിൽ പോലും...
(ടൈം പാസ് സിനിമയല്ല. നൂറ് ശതമാനവും മുതിര്‍ന്നവര്‍ക്കുള്ള സിനിമയാണ്.)
Malayalam movie Bhouma, beginning with an overview of 'exposition' in cinema—the technique of conveying background information without disrupting the narrative flow. The author notes that Bhouma avoids spoon-feeding the audience through conventional exposition, requiring active viewing to decode its mystery. The film's non-linear narrative is split into three distinct timelines: the oldest featuring a family at Rose Villa, the second following a singer named Celine and her partner Jacob, and the present timeline focusing on Police Officer Eesho's investigation. The review also touches upon the film's core theme of Satan worship, explaining how the dark legacy and control are passed down across these timelines. The author concludes that while the story makes perfect sense chronologically, a bit more exposition might have helped, emphasizing that it is a serious, strictly adult-only film.