

വിനായക ചതുർഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഹിന്ദുമത വിശ്വാസികൾ. വടക്കേ ഇന്ത്യ ആഘോഷപൂർവം കൊണ്ടാടുന്ന ഗണേശ് ചതുർഥി അടുക്കവേ, മഹാരാഷ്ട്രയിൽ ഡിജെ സിസ്റ്റത്തിന്റെ ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ആഘോഷങ്ങളിൽ ഉച്ചത്തിൽ വയ്ക്കുന്ന പാട്ടുകളും മറ്റും കാരണം എല്ലാം വർഷവും മാറിത്താമസിക്കേണ്ടി വരുന്നുവെന്ന, പൂനെയിലെ പിമ്പ്രി-ചിഞ്ച്‌വാഡ് സ്വദേശിയായ യുവതിയുടെ പരാതിയാണ് ചർച്ചകൾക്കാധാരം. ഡിജെ പാട്ടുകളുടെ ശല്യം കാരണം ഒരു തവണ വീടുമാറേണ്ടി വന്നപ്പോൾ, തക്കസമയത്ത് ചികിത്സ കിട്ടാതെ പിതാവ് മരണപ്പെട്ടതും യുവതി ചൂണ്ടിക്കാട്ടിയതോടെ ചേരിതിരിഞ്ഞാണ് ചർച്ച കനക്കുന്നത്.
ആഘോഷങ്ങളിൽ ഡിജെ സിസ്റ്റം ഉപയോഗിക്കുന്നത് മൂലം തനിക്കും കുടുംബത്തിനും വലിയ വില നൽകേണ്ടി വരുന്നു എന്നാണ് വർഷ ഗണേശ് എന്ന യുവതിയുടെ പക്ഷം. മോശി നഗരത്തിൽ ഇവർ താമസിക്കുന്ന ഫ്ളാറ്റിന് തൊട്ടുതാഴെയാണ് സിസ്റ്റം വയ്ക്കുക. കഴിഞ്ഞ പത്ത് വർഷമായി ഇതുമൂലം കുടുംബം വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ഇവർ പറയുന്നു. ഇത്തരം ഉച്ചത്തിലുള്ള പാട്ടുകൾ കേട്ട് അഞ്ച് വയസ്സ് മുതൽ അപസ്‌മാരം നേരിടുകയാണ് വർഷയുടെ മകൻ. 12ാം ക്ലാസിലെത്തിയിട്ടും ഇതിന് മാറ്റമില്ല. പാട്ടുകൾ വയ്ക്കുമ്പോൾ തന്നെ വീടും പരിസരവും കുലുങ്ങാൻ തുടങ്ങുമെന്നും ഉത്സവസമയങ്ങളിൽ വീട് മാറുക പതിവാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം, വർഷയുടെ അച്ഛൻ രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമായതെന്ന് കുടുംബം ആരോപിക്കുന്നു. ഓക്സിജന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന്, ഡിജെയുടെ ശബ്ദം കുറയ്ക്കാനോ അല്ലെങ്കിൽ അത് മറ്റൊരിടത്തേക്ക് മാറ്റാനോ താൻ സംഘാടകരോടും കമ്മിറ്റി അംഗങ്ങളോടും അഭ്യർത്ഥിച്ചിരുന്നതായി വർഷ പറയുന്നു. പക്ഷേ സംഘാടകർ തയ്യാറായില്ല. തുടർന്ന് ബാരാമതിക്ക് സമീപമുള്ള ഗ്രാമത്തിലേക്ക് പിതാവിനെ മാറ്റേണ്ടതായി വന്നു.
എന്നാൽ ഗ്രാമത്തിലേക്കുള്ള വഴി ദുർഘടം പിടിച്ചതായതിനാൽ യാത്രമധ്യേ, പിതാവ് മരിച്ചു. മരണവാർത്തയറിഞ്ഞിട്ടും പാട്ട് നിർത്തിവയ്ക്കാനോ അനുശോചനമറിയിക്കാനോ പോലും കമ്മിറ്റിക്കാർ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. സിസ്റ്റത്തിന്റെ സൌണ്ട് കുറയ്ക്കാൻ പറയുമ്പോഴെല്ലാം മതത്തിന് എതിരായി സംസാരിക്കുന്നു എന്ന രീതിയിലേക്ക് ചർച്ച വഴിതിരിച്ചുവിടുകയാണെന്നാണ് ഇവരുടെ പരാതി. പല തവണ പൊലീസിൽ പരാതി നൽകിയെങ്കിലും കണക്കിലെടുത്തില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗണേശോത്സവത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലുടനീളം ഡിജെ സിസ്റ്റങ്ങളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് വർഷയുടെ കുടുംബത്തിന്റെ ആരോപണം പുറത്തുവരുന്നത്.
ഉയർന്ന ശബ്ദമുള്ള ഡിജെ സിസ്റ്റങ്ങൾ നിയന്ത്രിക്കുന്നതിൽ ധാരണയിലെത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും പരമ്പരാഗത ആഘോഷരീതികളിലേക്ക് മടങ്ങണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്. ശബ്ദമലിനീകരണത്തിന് കാരണമാകുന്ന സംവിധാനങ്ങൾക്കെതിരെ പ്രചാരണം നടത്തുന്ന പുണെയിലെ സാമൂഹിക പ്രവർത്തകൻ വിദ്യാകാന്ത് ബാപ്പറ്റിന് നേരെ ഉണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ഉത്സവങ്ങളിൽ ഡിജെ, ലൗഡ്‌സ്പീക്കറുകൾ എന്നിവയുടെ ഉപയോഗത്തെ എതിർത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാപ്പറ്റിന് നേരെ ആക്രമണമുണ്ടായത്.
ഉത്സവങ്ങൾ ഒരു പൊതു ശല്യമാകുന്നതിന് പകരം സന്തോഷം നൽകുന്നവയാകണമെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, ബാപ്പറ്റിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. ശബ്ദമലിനീകരണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സോളാപ്പൂരിൽ ഡിജെ സിസ്റ്റങ്ങൾക്കും ലേസർ ലൈറ്റുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫഡ്‌നാവിസ് വ്യക്തമായ നിലപാടെടുക്കാതെ, അവിടെയും ഇവിടെയും തൊടാത്ത പ്രതികരണങ്ങൾ നൽകുകയാണെന്നാണ് വിമർശനം. ശബ്ദ സംവിധാനങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പൂനെയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നുണ്ടെന്ന് വാദിച്ച റാവത്ത് പിംപ്രി-ചിഞ്ച്‌വാഡിലെ കുടുംബത്തിന്റെ സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
എന്നാൽ, ഹിന്ദു ഉത്സവങ്ങളിലെ ശബ്ദം തടയില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കുന്നത്. ഇതാണ് സർക്കാരിന്റെയും ശിവസേനയുടെയും നിലപാടെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കഴിഞ്ഞ വർഷം ഡിജെ ശബ്ദം കാരണം തന്റെ ബന്ധു മരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ സഹമന്ത്രി മേഘ്ന ബോർഡിക്കർ നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഛത്രപതി സംഭാജിനഗർ രക്ഷാധികാരി മന്ത്രി സഞ്ജയ് ശിർസാത്തും ശബ്ദ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനെ പിന്തുണച്ചു. തന്റെ ജില്ലയിൽ ഡിജെ സിസ്റ്റങ്ങൾ അനുവദിക്കില്ലെന്നും ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഉപകരണം കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുനെയിൽ, 31 പ്രമുഖ ഗണപതി മണ്ഡലങ്ങൾ അടുത്തിടെ 'ഡിജെ രഹിത' ആഘോഷത്തിനായി ഒന്നിച്ച് അണിനിരന്നിരുന്നു. ഉയർന്ന ശബ്ദ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി പ്രതിഷേധവും സംഘടിപ്പിച്ചു.
ചർച്ച ദേശീയ മനുഷ്യാവകാശ കമ്മീഷനിലും എത്തിയിട്ടുണ്ട്. ഗണേശോത്സവത്തിൽ, അനുവദനീയമായ പരിധിക്കപ്പുറമുള്ള ഹൈ-പവേർഡ് ഡിജെ, ഡോൾബി സിസ്റ്റങ്ങൾ, ലൗഡ്‌സ്പീക്കറുകൾ എന്നിവയുടെ ഉപയോഗം ആരോപിച്ചുള്ള പരാതിയെത്തുടർന്ന് മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഉത്തർപ്രദേശിലും സമാനരീതിയിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾ ഉടലെടുക്കുന്നുണ്ട്. ബറേലിയിലെ അലിഗഞ്ചിൽ ഒരു ക്ഷേത്രത്തിന് സമീപം വെച്ച് ഹൃദയാഘാതം സംഭവിച്ച് കമലാ ദേവിയെന്ന സ്ത്രീ മരിച്ചിരുന്നു. ക്ഷേത്രത്തിലെ ഡിജെ സിസ്റ്റത്തിൽ നിന്നുള്ള അതിശക്തമായ ശബ്ദവും അതിന്റെ പ്രകമ്പനവുമാണ് അവരുടെ മരണത്തിന് കാരണമായതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇവരുടെ കുടുംബം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. ഉച്ചത്തിലുള്ള ഡിജെ ഘോഷയാത്രകൾക്ക് സമീപം ആളുകൾ കുഴഞ്ഞുവീഴുമ്പോൾ, അവരുടെ കുടുംബങ്ങൾ ആ ശബ്ദത്തെ തന്നെയാണ് മാരകമായ ഹൃദയാഘാതത്തിന് കാരണമായി കുറ്റപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, ഈ കുടുംബങ്ങൾ നുണ പറയുകയാണോ അതോ ദുഃഖം കാരണം അതിശയോക്തി കലർത്തി പറയുകയാണോ എന്നതല്ല ഇവിടെ പ്രസക്തമായ ചോദ്യം. മറിച്ച്, ഉച്ചത്തിലുള്ള ശബ്ദങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാക്കാൻ കഴിയുമോ, അതിന്
ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ എന്നതാണ് അന്വേഷിക്കേണ്ട വിഷയം.
പെട്ടെന്നുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദം, ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് കാർഡിയോളജി രംഗത്തെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 'ജേണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി'യിൽ പ്രശസ്ത കാർഡിയോളജിസ്റ്റ് തോമസ് മുൻസെലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഇതിന്റെ ശാസ്ത്രീയ വശങ്ങൾ വ്യക്തമാക്കുന്നുണ്ട്
ഉച്ചത്തിലുള്ള ശബ്ദം ശരീരത്തിലെ സ്‌ട്രെസ് റിയാക്ഷനുകളെ ഉണർത്തുകയും കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുടെ സ്രവണം കൂട്ടുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾ ചുരുങ്ങാനും, രക്തസമ്മർദ്ദം പെട്ടെന്ന് ഉയരാനും, ഹൃദയമിടിപ്പിന്റെ നിരക്ക് വളരെ വേഗത്തിലാകാനും കാരണമാകുന്നു. ഹൃദയധമനീ വ്യവസ്ഥ ശബ്ദത്തോട് കൂടുതൽ സെൻസിറ്റീവ് ആയി മാറുകയാണ് ചെയ്യുന്നത്.
രണ്ടാമത്തെ തെളിവ് വരുന്നത് 2024-ലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ അവതരിപ്പിച്ച 'DECIBEL-MI' പഠനത്തിൽ നിന്നാണ്. ജർമ്മനിയിലെ ബ്രെമനിൽ 50 വയസ്സോ അതിൽ താഴെയോ പ്രായമുള്ള, ഹൃദയാഘാതം സംഭവിച്ച 430 രോഗികളിൽ അവർ വസിക്കുന്ന ഇടങ്ങളിലെ ശബ്ദവ്യതിയാനങ്ങൾ താരതമ്യം ചെയ്താണ് ഈ പഠനം നടത്തിയത്. വളരെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിൽ ഉയർന്നുവന്നത്. രാത്രികാലങ്ങളിൽ ശബ്ദത്തിലുണ്ടാകുന്ന ഓരോ 10 ഡെസിബെൽ വർധനവും ഗുരുതരമായ ഹൃദയാഘാത സാധ്യത 25 ശതമാനം വരെ വർധിപ്പിക്കുന്നു.
വായുമലിനീകരണവും സാമ്പത്തിക-സാമൂഹിക ഘടകങ്ങളും മാറ്റിവെച്ചു നോക്കിയാലും ഈ നിരക്ക് ശരിയാണെന്ന് വ്യക്തമായി. ശബ്ദം എന്നത് നഗരജീവിതത്തിലെ വെറുമൊരു അസ്വസ്ഥത മാത്രമല്ല, മറിച്ച് കൊളസ്ട്രോൾ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന യഥാർത്ഥ അപകട ഘടകമാണെന്ന് ഗവേഷകർ നേരിട്ട് തന്നെ വ്യക്തമാക്കുന്നു.
പ്രായമായവരിൽ ഈ വേർതിരിവ് വളരെ പ്രധാനമാണ്. പ്രായം കൂടുന്നതിനനുസരിച്ച്, പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ കൊറോണറി ആർട്ടറി രോഗസാധ്യതകൾ വർദ്ധിക്കുന്നു. അതിനാൽ പ്രായമായവർക്കോ ഹൃദ്രോഗമുള്ളവർക്കോ കല്യാണങ്ങളിലോ മതപരമായ ചടങ്ങുകളിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള ഉച്ചത്തിലുള്ള ശബ്ദം വെറുമൊരു അസ്വസ്ഥതയായി തള്ളിക്കളയാനാവില്ല. അത് ഹൃദയ വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു സമ്മർദ്ദഘടകമാണ്.
Hindu devotees are preparing to welcome Vinayaka Chaturthi. As Maharashtra gears up for the grand Ganesh Chaturthi celebrations, a debate over the use of DJ systems is intensifying. The discussion began after a woman from Pimpri-Chinchwad, Pune, claimed that loud music during the festivities forces her family to relocate every year. She also said that when they had to move once due to the DJ noise, her father died after failing to receive timely medical treatment, further intensifying the debate.