

'നിങ്ങളുടെ ബോയ്ഫ്രണ്ട് നിങ്ങളെ എന്ന് ഉപേക്ഷിച്ച് പോകും'? ഇൻസ്റ്റയിൽ ഈ ചോദ്യം ദിവസേന കാണുന്നവരാകും നമ്മളെല്ലാവരും. കൌതുകത്തിന്റെ പുറത്ത് ഒന്ന് ടാപ്പ് ചെയ്ത് നോക്കിയാലോ, ഭാവി പ്രവചിക്കാനായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമും.
'ഇന്ത്യാസ് മോസ്റ്റ്- ലവ്ഡ് ആസ്ട്രോളജി പ്ലാറ്റ്ഫോം' ആയി സ്വയം വിശേഷിപ്പിക്കുന്ന ആസ്ട്രോടോക്കിനെ പറ്റിയാണ് പറഞ്ഞുവരുന്നത്.
ഇസ്റ്റഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സ്. രൺബീർ കപൂർ, ശ്രദ്ധാ കപൂർ തുടങ്ങി നമ്മുടെ മലയാളത്തിൽ നിന്ന് അപർണാ ബാലമുരളി, മംമ്താ മോഹൻദാസ് വരെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഓരോ ഫിലിം ഇൻഡസ്ട്രിയിലെയും യൂത്ത് ഐക്കണുകൾ. ഇമോഷണലി വൾനറബിൾ ആയ ഒരു കൂട്ടം ആളുകളെ വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്ന, ഒരു ടിപ്പിക്കൽ ബിസിനസ്സ്.
കഴിഞ്ഞ വർഷം മാത്രം 1215 കോടിയുടെ റെവന്യൂ ആണ് ആസ്ട്രോടോക്കിനുണ്ടായിരിക്കുന്നത്. പരസ്യം കാണിക്കാൻ വേണ്ടി മാത്രം ദിവസം ഒരു കോടിയിലധികം ചിലവഴിക്കും. ഈ വലിയ സംഖ്യ മുന്നിൽക്കണ്ട് തന്നെയാണ് പുനീത് ഗുപ്ത എന്ന മിഡിൽക്ലാസുകാരൻ 2017ൽ ഒരു സ്റ്റാർട്ടപ്പായി ആസ്ട്രോടോക്ക് തുടങ്ങിയതും. ആയിരങ്ങൾ മാത്രം മുതൽമുടക്കി തുടങ്ങിയ ആ സ്റ്റാർട്ടപ്പിന് ഇന്ന് ഇന്ത്യയിലെ മറ്റേത് ബിസിനസ് ബ്രാൻഡിനെയും വെല്ലുന്ന അതിഭീകര വളർച്ചയുണ്ട്.
ധനികയായ കാമുകി, സാമ്പത്തിക അസ്ഥിരതയുടെ പേരിൽ തന്നെ ഉപേക്ഷിച്ചതിന്റെ പ്രതികാരനടപടിയെന്നോണമാണ് പുനീത് ആസ്ട്രോടോക്കിന് തുടക്കമിടുന്നത്. ഇന്ത്യയിൽ ഏത് മേഖലയിലാവും ഏറ്റവും കൂടുതൽ പൈസയുണ്ടാക്കാനാവുക എന്നതിന് മറ്റൊരു മേഖലയെ കുറിച്ചും പുനീതിന് ചിന്തിക്കേണ്ടി വന്നില്ല.
മാധ്യമപ്രവർത്തകരെ, അധ്യാപകരെ എന്തിന് ഡോക്ടർമാരെ പോലും നിരന്തരം ചോദ്യം ചെയ്യുന്ന ഇന്ത്യയിൽ ഒരു വിമർശനമോ സംശയത്തിന്റെ ഒരു നോട്ടമോ നീളാത്ത ഒരേയൊരു മേഖലയുണ്ടെങ്കിൽ അത് വിശ്വാസത്തെ കേന്ദ്രീകരിച്ച് മാത്രമായിരിക്കും എന്നത് പുനീതിന് ഉറപ്പായിരുന്നു. വിശ്വാസം പോലെ, ഇമോഷണൽ ഡിപൻഡൻസി ഉള്ള മേഖലയിൽ ആളുകൾ കൂടുതലായി എത്തുമെന്നും പുനീത് മുന്നിൽക്കണ്ടു... അത് തെറ്റിയതുമില്ല.
കരിയർ, എജ്യുക്കേഷൻ, വൈവാഹിക ജീവിതം എന്നിങ്ങനെ യുവാക്കളെ അലട്ടുന്ന പ്രശ്നങ്ങൾ തന്നെ ടാർഗറ്റ് ചെയ്ത് ഒരു തലമുറയെ ഒന്നാകെ വരുതിയിലാക്കാൻ ആസ്ട്രോടോക്കിന് സാധിച്ചു. കല്യാണം എന്നുണ്ടാകും, അറേഞ്ച്ഡ് മാര്യേജ് ആകുമോ, ജോലി കിട്ടുമോ എന്നിങ്ങനെ ഭാവി അപ്പാടെ ആസ്ട്രോടോക്കിനെ ഏൽപ്പിച്ച് കാത്തിരിക്കുകയാണ് ജെൻസി ഉൾപ്പടുന്ന യുവതലമുറ.
പ്രണയം, പ്രേമബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ആസ്ട്രോടോക്കിലേക്ക് 60 ശതമാനം ചോദ്യങ്ങളുമെത്തുന്നത്. ബന്ധം നല്ല നിലയിൽ കൊണ്ടുപോകാൻ നിർദേശങ്ങളടക്കം ഓൺലൈൻ ജ്യോതിഷികൾക്ക് മുന്നിലിവർ വയ്ക്കും.ജ്യോതിഷം എന്നത് ആവശ്യകാര്യങ്ങൾക്ക് മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലത്ത് നിന്ന്, സാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളുമറിയുന്ന ഒരു തലമുറ ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും അതിനെ ആശ്രയിക്കുന്നു, തീരുമാനങ്ങൾ പൂർണമായി വിട്ടുകൊടുക്കുന്നു.
പുതുതലമുറയുടെ പേടിയും പ്രതീക്ഷയുമൊക്കെയാണ് ആസ്ട്രോടോക്കിന്റെ വളർച്ചയ്ക്ക് പിന്നിൽ. കവിളിലെ മറുക്, കൈയിലെ തടിപ്പ് എന്നിവയൊക്കെ പറഞ്ഞ് വിശ്വാസം കയ്യിലെടുത്താൽ പിന്നെ വരച്ച വരയിൽ നിർത്താനുള്ള വിദ്യയൊക്കെ ഈ ഓൺലൈൻ ജ്യോതിഷികളുടെ കയ്യിലുണ്ട്. പുറമെ കോടിക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റീസിന്റെ പ്രമോഷനും.
വീട്ടുപടിക്കൽ റോബോട്ടെത്തി നിൽക്കുന്ന വളർച്ചയിലേക്ക് മറ്റ് രാജ്യങ്ങൾ കുതിക്കുമ്പോഴാണ് ലോകത്തിലെ അതിവേഗ വളർച്ചയുള്ള ഇക്കോണമി ആയി കണക്കാക്കുന്ന ഇന്ത്യയുടെ പുറകോട്ടുള്ള വളർച്ച. അത് വിശ്വാസമല്ലേ, വിശ്വസിക്കുന്നവരുടെ കാര്യമല്ലേ എന്ന് തള്ളിക്കളയാനാവുന്ന സ്റ്റേജില്ലല്ല ഇന്ന് ആസ്ട്രോടോക്ക് ഉള്ളത്. വിശ്വാസം വിൽക്കുന്ന കോടികളുടെ ബിസിനസ്സ് ആയി അത് മാറിക്കഴിഞ്ഞു.
ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പോംവഴി, മതം, ജ്യോതിഷം, വിശ്വാസം എന്നിവയിലുണ്ടെന്ന ഒരു ഫോൾസ് ഹോപ്പ് നൽകി, നമ്മുടെ കുട്ടികളുടെ ക്യാലിബറിനെ തന്നെ തകർക്കുകയാണ് ആസ്ട്രോടോക്ക്. കഴിവല്ല, വിശ്വാസവും മതവുമാണ് പ്രധാനമെന്ന ചിന്ത അവരിൽ വീണ്ടും വീണ്ടും കുത്തിനിറയ്ക്കപ്പെടുകയാണ്.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഇന്ത്യയിൽ എന്തും വിൽക്കാമെന്ന കോൺഫിഡൻസ് തന്നെയാണ് ആസ്ട്രോടോക്കിനെ മുന്നോട്ട് നയിക്കുന്നത്. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നുറക്കെ പറയുന്ന, അമ്പലം പണിയാമെന്ന ഉറപ്പിൽ വോട്ടുകൾ കീശയിൽ നിറയ്ക്കുന്ന സമൂഹം ഇവിടെയുള്ളിടത്തോളം ആസ്ട്രോടോക്ക് ഇനിയും മുന്നോട്ട് പോവുക തന്നെ ചെയ്യും.
English Summary: With 2.4 million followers on Instagram, AstroTalk's advertisements feature youth icons from various film industries — including Ranbir Kapoor and Shraddha Kapoor, as well as Malayalam stars Aparna Balamurali and Mamta Mohandas. Today, AstroTalk operates as a typical business that, critics argue, exploits a group of emotionally vulnerable people under the guise of trust and belief.