Explainer

'ഒറ്റ ക്ലിക്കില്‍ കിട്ടുന്ന പണം', അഥവാ ലോണ്‍ ആപ്പുകളുടെ മരണക്കെണി; അപകടം മുന്‍പേ തിരിച്ചറിയാന്‍ മാർഗ്ഗങ്ങളുണ്ട്

സാധാരണയായി വായ്പകൾ ലഭിക്കുന്നതിന് ആവശ്യമായ പേപ്പര്‍ കടമ്പകൾ ഒന്നുമില്ലാതെ തന്നെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം

Madism Desk

അത്യാവശ്യ സമയത്ത് ബാങ്ക് അക്കൌണ്ടിലെ സീറോ ബാലന്‍സ് നോക്കി നിസ്സഹാരായി നില്‍ക്കാത്ത വളരെ ചുരുക്കം മധ്യവർഗ്ഗ കുടുംബങ്ങളെ കേരളത്തിലുണ്ടാവൂ!. അസുഖം, വിദ്യഭ്യാസം, വിവാഹം, അപകടങ്ങള്‍ തുടങ്ങി നിരവധി ജീവിത സാഹചര്യങ്ങളില്‍ പണം ഒരു അനിവാര്യതയാണ്. ഗോള്‍ഡ് ലോണും ബാങ്ക് ലോണും കടന്ന് നിലവില്‍ ലോണ്‍ ആപ്ലിക്കേഷനുകളെയാണ് പുതിയ കാലത്ത് ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ പലരും ആശ്രയിക്കുന്നത്. എന്നാല്‍ ഈ പ്രവണത മറ്റെന്തിനെക്കാളും നമ്മുടെ ജീവന്‍ വരെ അപഹരിച്ചേക്കാവുന്ന കെണിയാണ്. ഇത്തരം ആപ്ലിക്കേഷനുകള്‍ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി 50ലധികം പേർ ആത്മഹത്യ ചെയ്തുവെന്നത് ഞെട്ടലുണ്ടാക്കുന്ന കണക്കുകളാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തിയിരുന്നെങ്കിലും ആപ്പുകള്‍ ഇന്നും നമുക്ക് ചുറ്റും സുലഭമാണ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിഥിനും ലോണ്‍ ആപ്ലിക്കേഷനില്‍നിന്ന് ഭീഷണി നേരിട്ടിരുന്നു.

ലോണ്‍ ആപ്പുകളുടെ മരണക്കെണി

സമൂഹ മാധ്യമങ്ങളും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകാരെ ലഭിക്കുന്നതിന് ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രവർത്തിക്കുന്നത്. 'പത്ത് മിനുട്ടിൽ പണം' എന്നിങ്ങനെ അത്യാവശ്യ ഘട്ടങ്ങളിലേക്കായി പണം ആവശ്യമുള്ളവരെ കുടുക്കുന്ന വാഗ്ദാന വാചകങ്ങളുള്ള പരസ്യങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. 'റമ്മി സർക്കിള്‍' പോലെയുള്ള ആപ്ലിക്കേഷനുകളുടെ അപരന്മാരെയും നിരവധി ചൂതാട്ട വെബ്‌സൈറ്റുകളെയും ഇവർ ഉപയോഗപ്പെടുത്തുണ്ട്. ഇവയില്‍ പണം നഷ്ടപ്പെടുന്ന ഉപയോക്താക്കളിലേക്ക് പണം കടം തരാമെന്ന വാഗ്ദാനവുമായി സ്പാം ആപ്പുകൾ ബന്ധപ്പെടുന്നു. ഒരുപക്ഷെ ഗെയിമിംഗ് ആപ്പുകളും ലോൺ ആപ്പുകളും നേരിട്ട് ബന്ധമുള്ളവയായിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഓണ്‍ലൈന്‍ പരസ്യങ്ങള്‍, എസ്എംഎസ്, കോളുകൾ, ഇമെയില്‍ പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തിയും ഇരകളിലേക്ക് എത്തുന്നുണ്ട്.

ലളിതമായ നിബന്ധനകൾ

സാധാരണയായി വായ്പകൾ ലഭിക്കുന്നതിന് ആവശ്യമായ പേപ്പര്‍ കടമ്പകൾ ഒന്നുമില്ലാതെ തന്നെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം. പക്ഷെ നിബന്ധന കുറയുന്നതിന് അനുസരിച്ച് സ്വന്തം സ്വകാര്യത പണയം വെക്കപ്പെടലാണ് ഇവിടെ സംഭവിക്കുന്നത്. ഇവിടെ ഇത്തരം ആപ്പുകൾ വഴി പണമെടുക്കുന്നവര്‍ ആണെങ്കിൽ പലിശ നിരക്കിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാറുമില്ല. 25 മുതല്‍ 35 ശതമാനം വരെ പലിശ ഈടാക്കുന്നവരും സ്പാം ആപ്പുകളുടെ കൂട്ടത്തിലുണ്ട്. ആവശ്യപ്പെടുന്ന പണം അത് പലിശയുമുൾപ്പെടെ എത്ര വലുതാണെങ്കിലും കൃത്യമായി തിരിച്ചടക്കാൻ സാധിച്ചാല്‍ എളുപ്പം രക്ഷപ്പെടാം അല്ലാത്തപക്ഷം കളി മാറും.

പണം തിരിച്ചുപിടിക്കാൻ വധഭീഷണിയും മോർഫിങ്ങും

പണം തിരികെ വാങ്ങാന്‍ എത്ര അധഃപതിച്ച മാർഗ്ഗങ്ങളായാലും സ്വീകരിക്കാൻ ഇത്തരം ആപ്ലിക്കേഷനുകള്‍ തയ്യാറാവും. പണം സ്വീകരിച്ച വ്യക്തിയെ മാനസികമായി കടന്നാക്രമിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ ഇടപെടുന്നത്. ഉപയോക്താക്കളുടെ മൊബൈല്‍ ഫോണില്‍ നിന്നും കോണ്‍ടാക്ടുകള്‍, ചിത്രങ്ങള്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്താനും അപമാനിക്കനുമായി ഉപയോഗിക്കുന്നു. ലോൺ എടുത്ത വ്യക്തിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അവരുടെ കോണ്ടാക്ടിലുള്ളവർക്ക് അയക്കുന്നതടക്കം ഏറ്റവും ഹീനമായ പ്രവർത്തികളാണ് തുടരുന്നത്.

സൂക്ഷിക്കുക കെണി ഹൈടെക് ആണ്

വ്യക്തമായ പദ്ധതികളോടെ ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും മനസിലാക്കിയതിന് ശേഷമാണ് ഇത്തരം ആപ്പുകള്‍ ഒരോരുത്തരേയും ബന്ധപ്പെടുന്നത് വ്യക്തമാകുന്നതാണ് ഓരോ ഘട്ടവും. AI അടക്കമുള്ള ആധുനിക വിവര വിശകലന സാങ്കേതിക വിദ്യകളടക്കം ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഒരു വ്യക്തിക്ക് പണം ആവശ്യമുണ്ടെന്ന വസ്തുത മനസിലാക്കി തന്നെയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ സമീപിക്കുന്നത്. ആമസോൺ, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയിടങ്ങളിൽ വ്യക്തിഗത പരസ്യങ്ങള്‍ കാണുന്നത് പോലെ, നിലവില്‍ ഫോണില്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ക്ക് നൽകിയിരിക്കുന്ന പെർമിഷൻസ് ഉപയോഗപ്പെടുത്തി ശേഖരിച്ച വിവരങ്ങളില്‍ നിന്നും ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു. തുടർന്ന് ആവശ്യം മനസിലാക്കി തുക വരെ നിശ്ചയിച്ച് ഇടപെടുന്നു.

ഇത്തരം പണമിടപാട് ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കിൽ, അവ ഫോണില്‍ നിന്നും അനധികൃതമായി ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറയും മൈക്കും ഉൾപ്പെടെ ദൂരെ നിന്നും അനധികൃതമായി പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനങ്ങളും ആപ്ലിക്കേഷനുകൾക്കുണ്ട്. മറ്റുള്ളവരെ സന്ദേശം അയച്ച് ലോൺ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നത് ഒരു പക്ഷെ സഹിക്കാൻ സാധിക്കുന്നവർക്ക് പക്ഷെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യന്നത് ഉണ്ടാക്കാൻ സാധ്യതയുള്ള പ്രയാസങ്ങളെ കുറിച്ച് ധാരണയുള്ളത് കൊണ്ട് തന്നെയാണ് അതേ ഭീഷണികൾ തന്നെ ഉപയോഗിക്കുന്നതും.

നിങ്ങളുടെ ലോൺ ആപ്പ് നിയമാനുസൃതമാണോ? എങ്ങനെ അറിയാം

ഇത്തരം ആപ്പുകള്‍ അംഗീകൃതമാണോയെന്നറിയാൻ മാർഗമുണ്ട്. www.rbi.org.in എന്ന വെബ്‌സൈറ്റില്‍ 'സിറ്റിസന്‍സ് കോര്‍ണര്‍' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിന് താഴെ DLA's deployed by Regulated Entities എന്ന മെനു തുറക്കുക. അവിടെ അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നീ വിവരങ്ങളും ലഭ്യമായിരിക്കും. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാനുള്ള സംവിധാനവുമുണ്ട്.

നിങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തി വേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ, 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാൻ സാധിക്കും. ആത്മഹത്യ ഒരു പരിഹാരമല്ലെന്നും മനസിലാക്കുക.

English Summary: This article explains how illegal loan apps trap users with instant cash offers, exploit personal data, and use harassment tactics like threats and morphed images. It also highlights how to verify RBI-approved apps and seek help in case of fraud.