India

സ്ത്രീയുടെ ശരീരത്തിലും തിരഞ്ഞെടുപ്പുകളിലും പുരുഷാധിപത്യം തുടരുന്നത് എന്തുകൊണ്ട്? ചോദ്യവുമായി സുപ്രീം കോടതി

സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനത്തിനെതിരായ നിയമങ്ങൾ, തൊഴിൽസ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരായ നിയമങ്ങൾ തുടങ്ങി നിയമപരമായ നിരവധി ഇടപെടലുകൾ ഉണ്ടായിട്ടും അസമത്വം അവസാനിക്കുന്നില്ലെന്നു കോടതി

Madism Desk

വ്യക്തി സ്വാതന്ത്ര്യത്തിനുമേൽ കൈകടത്തുന്ന രീതിയിൽ സ്ത്രീകളുടെ ജീവിതത്തിലും ശരീരത്തിലും തിരഞ്ഞെടുപ്പുകളിലും പുരുഷാധിപത്യ നിയന്ത്രണം ഇന്നും ഇത്രയും ആഴത്തിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സുപ്രീം കോടതി. നിയമപരമായും ഭരണഘടനാപരമായും നിരവധി മുന്നേറ്റങ്ങൾ കൈവരിച്ച സമൂഹമായിട്ടുപോലും വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്ന പുരുഷാധിപത്യത്തിനു മാറ്റമില്ലെന്നും കോടതി നിരീക്ഷിച്ചു.

2011-ൽ രാജസ്ഥാനിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടാണ് സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ മനോഭാവത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കോട്ടിസ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പരാമർശങ്ങൾ നടത്തിയത്.

ലിംഗസമത്വവും വിവേചനമില്ലാത്തതുമായ ജീവിതവും ഉറപ്പുനൽകുന്നതാണ് നമ്മുടെ ഭരണഘടന. എന്നാൽ, ഇത്തരത്തിലുള്ള കേസുകളിലൂടെ വ്യക്തമാവുന്നത് സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ഇപ്പോഴും പൂർണമായി ലഭിക്കുന്നില്ലെന്നതാണെന്നും ഏപ്രിൽ നാലിനു പുറപ്പെടുവിച്ച വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധന നിരോധന നിയമം (1961), ഗാർഹിക പീഡനത്തിനെതിരായ നിയമങ്ങൾ, തൊഴിൽസ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരായ നിയമങ്ങൾ തുടങ്ങി നിയമപരമായ നിരവധി ഇടപെടലുകൾ ഉണ്ടായിട്ടും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം അവസാനിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. മുത്തലാഖ് നിയമം റദ്ദാക്കൽ, വ്യഭിചാര നിയമം എടുത്തുകളയൽ, സായുധസേനയിലും പാരമ്പര്യാവകാശങ്ങളിലും സ്ത്രീകൾക്ക് തുല്യ അവസരം നൽകൽ തുടങ്ങിയ സുപ്രധാന വിധികളെക്കുറിച്ചും കോടതി പരാമർശിച്ചു.

സാമൂഹ്യനീതിക്കായുള്ള നിയമങ്ങളും വിധികളും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നത് ആശങ്കാജനകമെന്ന് കോടതി അഭിപ്രായപ്പെട്ടു.ഭരണകൂടത്തിന്റെ വിവിധ ഘടകങ്ങളിൽനിന്ന് നിരന്തര ഇടപെടലുകൾ ഉണ്ടായിട്ടും സമൂഹത്തിലെ സാഹചര്യങ്ങൾ തൃപ്തികരമല്ലെന്നും വിധിയിൽ പരാമർശിച്ചിട്ടുണ്ട്.

2023-ൽ മാത്രം സ്ത്രീകൾക്കെതിരായി രാജ്യത്ത് നടന്നത് 4.48 ലക്ഷത്തിലധികം കുറ്റകൃത്യങ്ങളാണ്. കൂടാതെ, ഓരോ വർഷവും 6000-ത്തിലധികം സ്ത്രീകൾക്കു സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങൾക്ക് ഇരയായി ജീവൻ നഷ്ടപ്പെടുന്നു. സമൂഹത്തിൽ തുടരുന്ന നിയമവിരുദ്ധമായ പ്രവണതകളുടെ തെളിവാണ് ഈ കണക്കുകളിലൂടെ വ്യക്തമാവുന്നതെന്നും കോടതി വിലയിരുത്തി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികളിലൊന്ന് ഗാർഹിക പീഡന കേസുകളാണ്. സുരക്ഷിത സ്ഥലമാകേണ്ട സ്വന്തം വീടുകൾ തന്നെ പല സ്ത്രീകൾക്കും അപകടസ്ഥലമായി മാറുന്നതൊരു വിരോധാഭാസമാണ്. രാജ്യത്ത് വിദ്യാഭ്യാസവും സാമ്പത്തിക വളർച്ചയും ഉയരുകയും സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും പുരുഷാധിപത്യ മനോഭാവം ഇന്നും ശക്തമായി നിലനിൽക്കുന്നു. വീട്ടിലെ അധികാരം ഇപ്പോഴും പുരുഷന്മാരുടെ കൈകളിലാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം പലപ്പോഴും നിബന്ധനാപൂർണവും നിയന്ത്രിതവുമാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകൾക്കെതിരായി നടക്കുന്ന ക്രൂരകൃത്യങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി പരിഗണിക്കരുത്. മറിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ തന്നെ തുടരുന്ന പല പ്രശ്നങ്ങളുടെ നേർക്കാഴ്ചയാണ്. ഭാര്യയെ തീകൊളുത്തുന്നതുപോലുള്ള അതിക്രമങ്ങൾ ഒരിക്കലും നിസ്സാരമായി കാണാൻ സാധിക്കില്ല, ഇത്തരം പ്രവണതകൾ ആരോഗ്യകരമായ സാമൂഹിക വ്യവസ്ഥയുടെ ലക്ഷണങ്ങളല്ലെന്നും കോടതി പറഞ്ഞു.

English Summary: The Supreme Court questioned the deep-rooted patriarchal control over women’s bodies and choices in India, despite legal and constitutional protections. The observation came while upholding a life sentence in a domestic violence murder case, highlighting the gap between laws and social reality.