ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയെ ലോകം മുമ്പെങ്ങുമില്ലാത്ത പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കിയത്. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും അതിനിർണായകമായ ഒരു ഘട്ടത്തിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി അരങ്ങേറിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും, ഇസ്രായേൽ ഉൾപ്പെട്ട പശ്ചിമേഷ്യൻ യുദ്ധങ്ങളും, റഷ്യ-ഉക്രൈൻ പ്രതിസന്ധിയും ലോകത്തെ കലുഷിതമാക്കിയിരിക്കുന്ന ഈ വേളയിൽ, ഒരു ബഹുധ്രുവ ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് ഗ്ലോബൽ സൗത്തിന്റെ ശക്തമായ ശബ്ദമായി ബ്രിക്സ് മാറി എന്നതാണ് സമാപിച്ച ബ്രിക്സ് ഉച്ചകോടിയുടെ രാഷ്ട്രീയ പ്രാധാന്യം. ഇരുപത് വർഷത്തെ ചരിത്രമുള്ള ഈ കൂട്ടായ്മയ്ക്ക് ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോൾ, ആഗോള ക്രമത്തിൽ ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും പ്രാധാന്യവും വീണ്ടും ഉറപ്പിക്കപ്പെട്ടു എന്നൊരു പ്രാധാന്യം കൂടി ഈ ഉച്ചകോടിക്കുണ്ട്.
ബ്രിക്സ് കൂട്ടായ്മ: ചരിത്രവും പരിണാമവും
2006-ൽ ജിം ഒ നീൽ എന്ന സാമ്പത്തിക വിദഗ്ധൻ മുന്നോട്ടുവെച്ച ഒരു ആശയത്തിൽ നിന്നാണ് ഈ കൂട്ടായ്മയുടെ തുടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകൾ മാന്ദ്യത്തിലോ സാവധാനത്തിലുള്ള വളർച്ചയിലോ ആയിരുന്നപ്പോൾ, ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ അതിവേഗം വളരുകയായിരുന്നു. ഈ രാജ്യങ്ങളുടെ ആഭ്യന്തര വളർച്ചയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടണമെങ്കിൽ അമേരിക്കയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിടിയിൽ നിന്ന് മുക്തമാകുന്ന നിലയിൽ ഇവരുടേതായ ഒരു കൂട്ടായ്മ അനിവാര്യമാണെന്ന് ജിം ഒ നീൽ വിവിധ കണക്കുകളും സ്ഥിതി വിവരങ്ങളും നിരത്തി അഭിപ്രായപ്പെട്ടു.
ലോക സാമ്പത്തിക ക്രമവും അന്താരാഷ്ട്ര സ്ഥാപനങ്ങളും പ്രധാനമായും അമേരിക്കയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന ബോധ്യം ഈ പരാമർശിക്കപ്പെട്ട രാജ്യങ്ങൾക്ക് നേരത്തെ തന്നെയുണ്ടായിരുന്നു. ഈ തിരിച്ചറിവും, ലോക ജനസംഖ്യയുടെ വലിയൊരു പങ്കും എണ്ണയും ധാതുക്കളും കാർഷികോത്പന്നങ്ങളും അടക്കമുള്ള വലിയൊരു പങ്ക് പ്രകൃതി വിഭവങ്ങളും തങ്ങളുടെ രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന യാഥാർത്ഥ്യവും ഇവരെ ഒരുമിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതാണ് ബ്രിക് എന്ന മൂന്നാം ലോക രാഷ്ട്ര കൂട്ടായ്മ രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ രൂപപ്പെടുത്തിയത്.
ലോകത്തിന്റെ ഉത്പ്പാദനത്തിലും ജിഡിപിയിലും വലിയൊരു പങ്കുവഹിക്കുന്ന ഈ രാജ്യങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയിൽ സാമ്പത്തിക സഹകരണങ്ങൾ ഉണ്ടാക്കാൻ പുതിയ കൂട്ടായ്മയിലൂടെ സാധിച്ചു.
2009ൽ റഷ്യയിലെ യെക്കാറ്റിറിൻ ബർഗിൽ വെച്ചാണ് ബ്രിക്കിന്റെ ആദ്യ ഔദ്യോഗിക ഉച്ചകോടി നടന്നത്. 2010ൽ ഈ കൂട്ടായ്മയിലേക്ക് ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെ സംഘടനയുടെ പേര് ബ്രിക്സ് (BRICS) എന്നായി മാറി. തുടക്കത്തിൽ സാമ്പത്തിക വളർച്ചയും അതിന്റെ സൂചികകളും മാത്രമായിരുന്നു ലക്ഷ്യമെങ്കിലും കാലക്രമേണ ഇത് മൂന്നാംലോക രാജ്യങ്ങളുടെ ശക്തമായ രാഷ്ട്രീയ, സാമ്പത്തിക വേദിയായി വികസിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഈ കൂട്ടായ്മ വിപുലീകരിക്കപ്പെടുകയും ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കൂടി അംഗങ്ങളാവുകയും ചെയ്തതോടെ ലോക ജനസംഖ്യയുടെയും ജിഡിപിയുടെയും സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന വൻ ശക്തിയായി ബ്രിക്സ് മാറി.
പരമ്പരാഗത അന്താരാഷ്ട്ര ബാങ്കുകളുടെ നിബന്ധനകളില്ലാതെ, അംഗരാജ്യങ്ങൾക്കും മറ്റ് വികസ്വര രാജ്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നൽകുന്നതിനായി ബ്രിക്സ് ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിച്ചും അമേരിക്കയുടെ മാത്രം മേധാവിത്വമുള്ള ഒരു ലോകക്രമത്തിന് പകരം, പല ശക്തി കേന്ദ്രങ്ങളുള്ള ഒരു ലോകം എന്ന ആശയത്തിന് ശക്തി പകർന്നുമാണ് ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നത്. ഡോളറിനെ മാത്രം ആശ്രയിച്ചുള്ള അന്താരാഷ്ട്രാ വ്യാപാരം ക്രമേണ കുറയ്ക്കാനും അംഗ രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം സ്വന്തം പ്രാദേശിക കറൻസികളിൽ നടത്താനുമുള്ള ചർച്ചകൾക്ക് ബ്രിക്സ് ഉച്ചകോടികൾ പ്രാധ്യാനം കൊടുക്കുന്നുണ്ട്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം, വ്യാപാര നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഈ കൂട്ടായ്മയ്ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ഡൽഹി പ്രഖ്യാപനം' ഇക്കാര്യങ്ങൾ അടിവരയിടുന്നു. പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന സ്വിഫ്റ്റ് (SWIFT) ശൃംഖലയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ 'ബ്രിക്സ് പേ' (BRICS Pay) പോലുള്ള ഡിജിറ്റൽ സങ്കേതങ്ങൾ ശക്തിപ്പെടുത്താനാണ് ഉച്ചകോടിയുടെ സുപ്രധാന തീരുമാനം.
രാഷ്ട്രീയവും സമകാലിക പശ്ചാത്തലവും
ലോകം ഗുരുതരമായ പല യുദ്ധ ഭീഷണികളെയും നേരിട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ബ്രിക്സ് ഉച്ചകോടി നടന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല വൈര്യവും, ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളും പശ്ചിമേഷ്യയെ ആകമാനം വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. അമേരിക്കയുടെ ഏകാധിപത്യ, ഏകധ്രുവലോക സങ്കല്പങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്ന ആഗോള പ്രതിസന്ധികളുടെ യഥാർത്ഥ കാരണമെന്ന് ലോകം മുഴുവൻ തിരിച്ചറിയുന്നു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഊർജ്ജ പ്രതിസന്ധിയും ആഗോള വിപണിയെ ഗുരുതരമായ നിലയിൽ ബാധിച്ചിട്ടുണ്ട്. ഇസ്രായേൽ താത്പര്യങ്ങൾക്ക് വേണ്ടി ലോക രാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട് കൊണ്ടിരിക്കുന്ന അമേരിക്കൻ നിലപാടുകൾക്കെതിരെ ലോകം മുഴുവൻ അമർഷം പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലം കൂടി ഉച്ചകോടി നടന്ന സാഹചര്യങ്ങൾക്കുണ്ട് എന്നത് ഇതിന്റെ പ്രസക്തി വർധിപ്പിക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും നേരിടുന്ന റഷ്യയും അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏകപക്ഷീയമായ ആക്രമണങ്ങളെ ഒറ്റയ്ക്ക് നിന്ന് ചെറുക്കുന്ന ഇറാനും സജീവമായി പങ്കെടുത്തു എന്നത് ഈ ഉച്ചകോടിയുടെ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒരു രാഷ്ട്രീയ പ്രാധ്യാനമാണ്. അമേരിക്കൻ നേതൃത്വത്തിലുള്ള ഏകധ്രുവ ആഗോള വ്യവസ്ഥയ്ക്ക് പകരമായി ഒരു ബഹുമുഖ ലോകക്രമം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിക്കപ്പെട്ട ഒരു കൂട്ടായ്മയിലാണ് ഇതൊക്കെ നടക്കുന്നതെന്നതാണ് മറ്റൊരു സുപ്രധാനമായ കാര്യം. ഇത്തരം സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാനും സ്വന്തം നാണയങ്ങളിൽ വ്യാപാരം നടത്താനും ലക്ഷ്യമിട്ട് കൊണ്ട് രൂപീകരിക്കപ്പെട്ട ഒരു സംഘടനയുടെ ഉച്ചകോടി ഇന്ത്യ ആതിഥേയത്വം നൽകിക്കൊണ്ട് നടത്തപ്പെട്ടതിന് ഇന്നത്തെ ലോക സാഹചര്യങ്ങളിൽ അതീവ പ്രാധാന്യമുണ്ട് എന്നാണ് പൊതുവേ വീക്ഷിക്കപ്പെട്ടത്.
'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത' എന്നതായിരുന്നു ഈ വർഷത്തെ ഉച്ചകോടിയുടെ മുഖ്യമായ പ്രമേയം. പ്രാദേശിക കറൻസികൾ പകരം വെച്ചുള്ള വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്താനും ഡിജിറ്റൽ കറൻസി സംവിധാനങ്ങൾ കൊണ്ടു വരുന്നതിനും ഉച്ചകോടി മുൻഗണന നൽകി. യുദ്ധക്കെടുതികൾ മൂലം തടസ്സപ്പെട്ട ആഗോള വിതരണ ശൃംഖലയെയും ഊർജ്ജ സുരക്ഷയെയും സംരക്ഷിക്കാൻ കൂട്ടായ നയങ്ങൾ രൂപീകരിക്കണമെന്നതും ഉച്ചകോടിയുടെ ഒരു പ്രധാന ചർച്ചാ വിഷയമായിരുന്നു. യുഎൻ രക്ഷാസമിതി അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്നും ബ്രിക്സ് ആവശ്യപ്പെടുന്നു.
അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെ ഉപരോധങ്ങളെയും ആഗോള തലത്തിലെ യുദ്ധാന്തരീക്ഷങ്ങളെയും പ്രതിരോധിച്ചുകൊണ്ട് വികസ്വര രാജ്യങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒന്നായി ഡൽഹി ബ്രിക്സ് ഉച്ചകോടി മാറിയെന്നാണ് ഗ്ലോബൽ ടൈംസ്, അൽജസീറ പോലെയുള്ള അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭിന്നതകൾ പലതുണ്ടെങ്കിലും, ലോകത്തിന് സമാധാനത്തിന്റെയും സാമ്പത്തിക സ്ഥിരതയുടെയും ഒരു പുതിയ ദിശാബോധം നൽകാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും താല്പര്യങ്ങൾക്ക് ബ്രിക്സ് ഉയർത്തുന്ന വെല്ലുവിളികൾ
ബ്രിക്സ് രാജ്യങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിന് പകരം പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും, പെയ്മെന്റ് സിസ്റ്റങ്ങളുടെ ഏകോപനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനെ അമേരിക്ക ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ഡൽഹി പ്രഖ്യാപനം' ഇക്കാര്യങ്ങൾ അടിവരയിടുന്നു. പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന സ്വിഫ്റ്റ് (SWIFT) ശൃംഖലയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ 'ബ്രിക്സ് പേ' (BRICS Pay) പോലുള്ള ഡിജിറ്റൽ സങ്കേതങ്ങൾ ശക്തിപ്പെടുത്താനാണ് ഉച്ചകോടിയുടെ സുപ്രധാന തീരുമാനം. ഡോളറിന്റെ മേധാവിത്വത്തിന് പകരമായി ബ്രിക്സ് രാജ്യങ്ങൾ സ്വന്തമായി ഒരു പൊതു കറൻസിയോ ഡോളറിന് ബദലായ പണമിടപാട് സംവിധാനമോ കൊണ്ടുവരാൻ ശ്രമിച്ചാൽ, അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന അവരുടെ ഉൽപ്പന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുന്നതാണ് ഈ ഭീഷണി.
ബ്രിക്സ് കൂട്ടായ്മയെ അമേരിക്കയുടെ സാമ്പത്തിക താല്പര്യങ്ങൾക്കും ആഗോള മേധാവിത്വത്തിനും എതിരായ ഒരു ആന്റി അമേരിക്കൻ സഖ്യമെന്നാണ് ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരും വിശേഷിപ്പിക്കുന്നത്. ബ്രിക്സ് ഒരു പ്രസക്തിയുമില്ലാത്ത, വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചെറിയൊരു കൂട്ടായ്മ മാത്രമാണ് എന്ന അമേരിക്കയുടെ അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അംഗരാജ്യങ്ങളുടെ എണ്ണം വർധിപ്പിച്ച് കൊണ്ട് ഇന്ത്യയിൽ വെച്ച് വിപുലമായ നിലയിൽ അത് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഉക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവയിൽ പാശ്ചാത്യ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൗദ് പെസെഷ്‌കിയനും സംഭാഷണത്തിലൂടെയുള്ള പരിഹാരങ്ങൾ മുന്നോട്ടുവെച്ചതും പാശ്ചാത്യ രാജ്യങ്ങൾക്ക് അതൃപ്തി ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് റഷ്യയുടെ കാര്യത്തിൽ. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ ബ്രിക്സ് ഒരു സുരക്ഷിത താവളമായി മാറുന്നു എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വലിയ ഒരാരോപണം. ഇന്ത്യയെപ്പോലെയുള്ള ചില രാജ്യങ്ങളെ പാശ്ചാത്യ ചേരിയോട് ചേർത്തുനിർത്താൻ ശ്രമിച്ചും ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയുമാകും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇനി ബ്രിക്സിനെതിരെയുള്ള അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുക.
അതായത്, ബ്രിക്സിനെ പൂർണ്ണമായും തള്ളിക്കളയാതെ തന്നെ അതിനകത്തെ ഭിന്നതകൾ ഉപയോഗപ്പെടുത്താൻ സാധ്യമായതെല്ലാം അവർ ചെയ്യും. ഇതെല്ലാം പരിഗണിച്ച് കൊണ്ട്, ലോക രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിനായുള്ള ഒരു സൂചനയായി ബ്രിക്സ് ഉച്ചകോടിയെ നോക്കിക്കാണുമ്പോഴും അമേരിക്കയെയും മറ്റ് പാശ്ചാത്യൻ രാജ്യങ്ങളെയും വെല്ലുവിളിച്ച് കൊണ്ട് ഗ്ലോബൽ സൗത്തിന് എത്രത്തോളം മുന്നോട്ട് പോകാൻ സാധിക്കുമെന്നുള്ള ആശങ്കകളും പങ്ക് വെക്കപ്പെടുന്നുണ്ട്.
ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സ്വന്തം ദേശീയ കറൻസികളിൽ വ്യാപാരം നടത്താനുമുള്ള 'ബ്രിക്സ് പേ' പോലുള്ള സംവിധാനങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പൊതുവിൽ ഒരുണർവേകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഇന്ത്യയുടെ നിലപാടും സന്തുലിത നയതന്ത്രവും
ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോഴും ഇന്ത്യ വളരെ സന്തുലിതമായ ഒരു നയതന്ത്ര സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരേസമയം റഷ്യയും ചൈനയുമായി ബ്രിക്സ് വേദിയിൽ ഒത്തുകൂടുമ്പോഴും, അമേരിക്കയോടും പടിഞ്ഞാറൻ രാജ്യങ്ങളോടുമുള്ള തന്ത്രപരമായ ബന്ധം ഇന്ത്യ കൈവിടുന്നില്ല.
അമേരിക്കൻ വിരുദ്ധ ചേരിയുണ്ടാക്കുക എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും, മറിച്ച് അപ്രതീക്ഷിതമായ പാശ്ചാത്യ ഉപരോധങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയെയും രൂപയെയും സംരക്ഷിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-പസഫിക് മേഖലയിലെ പ്രതിരോധ പങ്കാളിത്തത്തിലും ക്വാഡ് കൂട്ടായ്മയിലും ഇന്ത്യ യുഎസിന് അത്യന്താപേക്ഷിത ഘടകമായതിനാൽ, ഡൽഹി ഉച്ചകോടിയിലെ തീരുമാനങ്ങൾ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തില്ലെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തൽ.
ഡൽഹിയിൽ എത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകൾ പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ഇന്ത്യയുടെ ആഗ്രഹത്തെയാണ് കാണിക്കുന്നത്. യുദ്ധമല്ല, ചർച്ചകളാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗമെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കുന്നു. കൂടാതെ, ഏഴ് വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ആശാസ്യകരമല്ലാത്ത നിലയിലാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡൻ്റുമായി നടന്ന ചർച്ചകൾ അതിർത്തിയിലെ സമാധാനശ്രമങ്ങൾക്കും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനും വഴിതെളിക്കുമെന്ന് കരുതപ്പെടുന്നു.
വികസ്വര രാജ്യങ്ങളുടെയും സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെയും ഉച്ചകോടിക്ക് നേതൃത്വം വഹിച്ചതിലൂടെ ഇന്ത്യക്ക് അന്താരാഷ്ട്ര വേദിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്. കാരണം, മറ്റ്ബ്രിക്സ് രാജ്യങ്ങളുമായി വലിയ അളവിൽ ചരക്കു വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതി പണമിടപാടുകൾ വേഗത്തിലാക്കുന്നതിനും, രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പുതിയ അന്താരാഷ്ട്രാ വിപണികൾ തുറന്നുകിട്ടുന്നതിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പൊതുവിൽ ഒരുണർവേകുന്നതിനുമൊക്കെ ഈ ഉച്ചകോടിയും അതിന്റെ ആതിഥേയ സ്ഥാനവും ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സ്വന്തം ദേശീയ കറൻസികളിൽ വ്യാപാരം നടത്താനുമുള്ള 'ബ്രിക്സ് പേ' പോലുള്ള സംവിധാനങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പൊതുവിൽ ഒരുണർവേകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഇന്ത്യയുടെ കൂടിക്കാഴ്ച ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത കൂട്ടുകെട്ടിനെ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുന്നതാണ്. അടുത്തിടെ ബ്രിക്സിൽ അംഗങ്ങളായ യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി ഇന്ത്യ നടത്തിയ ചർച്ചകൾ പശ്ചിമേഷ്യൻ മേഖലയിലെ ഊർജ്ജ സുരക്ഷയും വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി നടത്തിയ ചർച്ചകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും മറ്റ് വികസ്വര മേഖലകളിലെയും രാജ്യങ്ങളുമായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ പങ്കാളിത്തം കൂട്ടാൻ ഇന്ത്യക്ക് സാധിക്കുന്നതാണ്.
ഇതെല്ലാം മുൻ നിർത്തി പരിശോധിക്കുമ്പോൾ ഈ ഉച്ചകോടി വെറുമൊരു രാഷ്ട്രീയ ഒത്തുകൂടലെന്നതിലുപരി, ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്കും ആഗോളതലത്തിലെ നയതന്ത്ര മേധാവിത്വത്തിനും മുതൽക്കൂട്ടാകുന്ന ഒരു നിർണായക ചുവടുവെപ്പാണ്.
ഇന്ത്യൻ ഭരണകൂടത്തിന്റെ പരിമിതികളും ദൗർബല്യങ്ങളും
ഇന്ത്യ ആതിഥേയത്വം നൽകിക്കൊണ്ട് നടത്തപ്പെട്ട ബ്രിക്സ് ഉച്ചകോടി രാജ്യത്തിന് മുന്നിൽ വലിയ അവസരങ്ങൾ തുറന്നിടുമ്പോഴും, ഇന്ത്യൻ ഭരണകൂടത്തിന് അതെത്രത്തോളം ഗുണപരമായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് കണ്ടറിയണം. ഒരു വികസ്വര രാജ്യമെന്ന നിലയിൽ ചൈനയുടെ സാമ്പത്തിക കുത്തകയെ പ്രതിരോധിക്കേണ്ട ബാധ്യതയും ഇന്ത്യക്കുണ്ട്.
ഒരുവശത്ത് ബ്രിക്സിൽ അംഗമായിരിക്കുമ്പോൾ തന്നെ മറുവശത്ത് ക്വാഡ് വഴി അമേരിക്കയുമായും ജപ്പാനുമായും ഓസ്ട്രേലിയയുമായും ഇന്ത്യ തന്ത്രപരമായ മറ്റൊരു സഖ്യത്തിലാണ് എന്നൊരു വൈരുദ്ധ്യം കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്. ഇതൊരു തരം ട്രിപ്പീസ് കളി പോലെയുള്ള നയതന്ത്രമാണ്. ഏത് നിമിഷവും നിലം പതിക്കാൻ സാധ്യതയുള്ള ഒരു നിലപാടാണിത്. അമേരിക്കയെ തീർത്തും പിണക്കിക്കൊണ്ട് ബ്രിക്സിന്റെ കടുത്ത ആന്റിവെസ്റ്റ് നിലപാടുകളുമായി എത്രത്തോളം മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്. മുന്നോട്ട് പോകുമ്പോൾ പല കരാറുകളിലും ഒപ്പുവെക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് സാധിക്കാത്ത സാഹചര്യമുണ്ടാകും. ഒന്നുകിൽ ബ്രിക്സ് അല്ലെങ്കിൽ അമേരിക്ക എന്നൊരു തെരഞ്ഞെടുപ്പ് നടത്തേണ്ട രാഷ്ട്രീയ സാഹചര്യത്തിൽ നിലവിലെ ഇന്ത്യൻ ഭരണകൂടം എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല.
കടുത്ത ആഭ്യന്തര സമ്മർദ്ദങ്ങൾ നേരിടുന്ന ഒരു ഭരണകൂടമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. രാജ്യത്തിനകത്തെ സാമ്പത്തിക അസമത്വങ്ങളും തൊഴിലില്ലായ്മയും കോർപ്പറേറ്റ് പ്രീണനങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു സർക്കാരിന്റെ ഇത്തരം നിർണായകമായ തീരുമാനങ്ങൾക്ക് എത്രത്തോളം ആഭ്യന്തര സ്വീകാര്യത നേടാൻ കഴിയുമെന്ന വലിയൊരു പ്രതിസന്ധി കൂടി ഭരണകൂടത്തിന് മുന്നിലുണ്ട്. ഇന്ത്യൻ ഭരണകൂടം ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം നൽകുകയും നേതൃത്വം നൽകുകയും ചെയ്തത് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാടോടെയും പാശ്ചാത്യ രാജ്യങ്ങളുടെ തിട്ടൂരങ്ങൾക്ക് കീഴ്പ്പെടാതെയും സ്വന്തം അസ്തിത്വം ഉയർത്തിപ്പിടിച്ചുമാണെങ്കിൽ അത് പൂർണമായ പിന്തുണയർഹിക്കുന്ന ഒരു തീരുമാനമാണ്. ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപരവുമായ വളർച്ചയ്ക്ക് വേണ്ടിയുള്ള ഒരു പാലം എന്ന നിലയിൽ അതിനെ കാണാവുന്നതാണ്. ശക്തമായ ആഭ്യന്തര വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ആഗോള ജിയോപൊളിറ്റിക്സിൽ ഇന്ത്യയുടെ വിലപേശൽ ശേഷി വർധിപ്പിക്കാൻ ഈ ഉച്ചകോടി ഭരണകൂടത്തിന് ഒരു പരിധിവരെ സഹായകമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
The 18th BRICS Summit, concluded at Bharat Mandapam in New Delhi, positioned the coalition as a powerful voice for the Global South pushing toward a multipolar world order amid rising global conflicts. The "Delhi Declaration" prioritized reducing global reliance on the US dollar. Member nations aim to conduct bilateral trade in local currencies and strengthen digital payment alternatives like "BRICS Pay" to bypass the Western-controlled SWIFT network. These financial shifts have provoked unease in Washington. Donald Trump issued direct warnings, threatening to impose 100% import tariffs on goods from any country attempting to dethrone the US dollar.