Art and Literature

സഞ്ചാരവും സാഹിത്യവും 'ട്രാവലിറ്റ് 26'; യാത്രാസാഹിത്യോത്സവം പെരിന്തൽമണ്ണയിൽ

ബെന്യാമിൻ ക്യൂറേറ്റ് ചെയ്യുന്ന 'ട്രാവലിറ്റ് 26' യാത്രാസാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

Madism Desk

അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ട്രാവലിറ്റ് 26' യാത്രാസാഹിത്യോത്സവം നവംബർ 14ന് പെരിന്തൽമണ്ണ ടൗൺ ഹാളിൽ നടക്കും. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിലൊന്നായ യാത്രകളെയും സാഹിത്യത്തെയും സംവാദങ്ങളെയും മുൻനിർത്തിയാണ് ഈ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. ബെന്യാമിൻ ക്യൂറേറ്റ് ചെയ്യുന്ന പരിപാടിയിൽ സാംസ്കാരിക രംഗത്തെയും യാത്രാസാഹിത്യ മേഖലയിലെയും പ്രമുഖർ പങ്കെടുക്കും.

രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കും. വള്ളുവനാടൻ സാംസ്കാരിക വേദി ചെയർമാൻ അഡ്വ. പി.എ. നിഷാദ് സ്വാഗതം പറയുന്ന ചടങ്ങിൽ ബെന്യാമിൻ അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ പച്ചീരി സുരയ്യ ഫാറൂഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്‌മ തബ്ഷിറ, ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

രാവിലെ 10:15ന് 'മലയാളിയുടെ യാത്രകൾ' എന്ന വിഷയത്തിൽ സക്കറിയ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 'സുഹ്റ കണ്ട എവറസ്റ്റ്' എന്ന സെഷനും, നിസാർ ഇൽത്തുമിഷ്, ശ്രുതിൻ ലാൽ, സൂരജ് രാജേഷ് ചേലാട്ട് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'വ്ലോഗേഴ്സ് കാണുന്ന പുതുലോകങ്ങൾ' എന്ന ചർച്ചയും അരങ്ങേറും. ഉച്ചയ്ക്ക് ശേഷം സജി മാർക്കോസിന്റെ 'ഗുലാഗ് കഥകൾ', സ്വപ്ന ഇബ്രാഹിം, ഹിബ ചേലാട്ട്, മൈന ഉമൈബാൻ എന്നിവർ പങ്കെടുക്കുന്ന 'സോളോ യാത്രകൾ' എന്നീ സെഷനുകളും ഉണ്ടാകും.

തുടർന്ന് നടക്കുന്ന 'സാഹിത്യ സഞ്ചാരികൾ' എന്ന സെഷനിൽ ഇ. സന്തോഷ് കുമാറും ജി.ആർ. ഇന്ദുഗോപനും, ലിജീഷ് കുമാറും സംസാരിക്കും. ഡോ. നിഷ പി.ആറിന്റെ 'സർക്കസ് തമ്പുകളിലൂടെ ഒരു ആഗോളയാത്ര', മുസഫർ അഹമ്മദുമായി ബെന്യാമിൻ നടത്തുന്ന സംഭാഷണം എന്നിവയും മേളയുടെ പ്രധാന ആകർഷണങ്ങളാണ്.

വൈകുന്നേരം 5:45ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാംദാസ് ആലിപ്പറമ്പ് അധ്യക്ഷത വഹിക്കും. വി. മുസഫർ അഹമ്മദിനുള്ള ആദരം സക്കറിയ നിർവഹിക്കും. റഫീക്ക് അഹമ്മദ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി. രാമൻ എന്നിവർ പുസ്തക പ്രകാശനം നിർവഹിക്കും. അനിൽ വേങ്കോട് പുസ്തക പരിചയം അവതരിപ്പിക്കുന്ന ചടങ്ങിൽ ബെന്യാമിൻ നന്ദി രേഖപ്പെടുത്തും. സമാപനത്തോടനുബന്ധിച്ച് രാത്രി 7 മണിക്ക് 'മഴയുടെ ഗസൽ സന്ധ്യ' അരങ്ങേറും.

Travelit 26, a travel literature festival curated by Benyamin, will be held at Perinthalmanna Town Hall on November 14. Organised by Angadipuram Valluvanadan Cultural Forum, the event will feature discussions, talks and sessions by prominent writers, travellers and vloggers, concluding with a musical programme titled Mazhayude Ghazal Sandhya